Monday, July 22, 2019 Last Updated 51 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 22 Jan 2018 02.43 PM

ജോലിയുണ്ട് കുടുംബമുണ്ട് സിനിമയുണ്ട് എല്ലാമുണ്ട്...

നടന്‍ കോട്ടയം പ്രദീപിെന്റ വിശേഷങ്ങള്‍
uploads/news/2018/01/185867/Weeklykympredeep220118.jpg

സിനിമയില്‍ വന്നിട്ട് ഏറെക്കാലമായെങ്കിലും ഡയലോഗുകള്‍ പറയാന്‍ അവസരം ലഭിച്ചത് ഈ അടുത്തകാലത്താണ്. ലോട്ടറി പോലെ വീണു കിട്ടിയ ഡയലോഗാകട്ടെ അങ്ങ് ക്ലിക്കാകുയും ചെയ്തു. ഒപ്പം പ്രദീപും സ്റ്റാറായി. ഈ ഫെബ്രുവരിയില്‍ ദുല്‍ഖറിനോടൊപ്പം അഭിനയിക്കുന്നതോടെ മലയാളത്തിലെ എല്ലാ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു എന്ന നേട്ടവും പ്രദീപിന് സ്വന്തം.

പ്രാധാന്യമേറിയ റോളുകളിലൂടെയും വേറിട്ട സംസാരശൈലിയിലൂടെയും ഇദ്ദേഹം സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായി മാറി. കോട്ടയം പ്രദീപിന്റെ സാന്നിധ്യമുണ്ടെങ്കില്‍ സിനിമ സൂപ്പര്‍ഹിറ്റാകുമെന്നാണ് നാട്ടുചൊല്ല്.

സിനിമകളില്‍ തിരക്കുകളേറിയിട്ടും തന്റെ നാടിനെയും നാട്ടുകാരെയും മറന്നില്ല പ്രദീപ്. ഷൂട്ടിംഗില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍നിന്നും മോണിംഗ്‌വോക്കിനായി ഇറങ്ങിയാല്‍ എല്ലാ പരിചയക്കാരെയും കണ്ട് അവരോട് കുശലം ചോദിക്കാത്ത ഒരു ദിവസവും പ്രദീപിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. സ്വകാര്യജീവിതത്തിലും കാര്യങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതാണ് പ്രദീപിന്റെ രീതി.

കോട്ടയംകാരന്‍ സിനിമയിലേക്ക്?


കോട്ടയം തിരുവാതുക്കലായിരുന്നു ഞാന്‍ ജനിച്ചത്. വീടിനു തൊട്ടടുത്തായി 'രാധാകൃഷ്ണ' എന്നൊരു തിയേറ്റര്‍ ഉണ്ടായിരുന്നു. സത്യന്‍, പ്രേംനസീര്‍, ഷീല, ജയഭാരതി തുടങ്ങിയ നടീനടന്മാരുടെ ഡയലോഗുകളൊക്കെ വീട്ടിലിരുന്നാല്‍ എനിക്ക് കേള്‍ക്കാം. അങ്ങനെ സംഭാഷണങ്ങള്‍ മുഴുവന്‍ കാണാതെ പഠിച്ചു. ഒരു സിനിമ തന്നെ നാലും അഞ്ചും തവണ കണ്ടിട്ടുണ്ട്.

ആദ്യം അച്ഛന്റെയും അമ്മയുടെയും കൂടെ പോകും. പിന്നെ ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ അവരോടൊപ്പം പോകും. ഞങ്ങളുടെ ഹോട്ടലില്‍ നിന്നാണ് തിയേറ്റര്‍ ഓപ്പറേറ്റര്‍ തങ്കപ്പന്‍ചേട്ടന്‍ ദിവസവും ഊണ് കഴിച്ചിരുന്നത്. അവിടെ വരുമ്പോഴൊക്കെ ഞാന്‍ ഫിലിം ചോദിക്കും. അങ്ങനെയൊരിക്കല്‍ അദ്ദേഹം അതെനിക്ക് തന്നു. പൊട്ടിയ ഫിലിമാണ് കേട്ടോ.

അതൊക്കെ ലെന്‍സ് വച്ച് നോക്കുമ്പോള്‍ നസീറിനെയും ഷീലയെയുമൊക്കെ ഭിത്തിയില്‍ വലുതായി കാണാം. കുട്ടിക്കാലം മുതല്‍ സിനിമകള്‍ കണ്ടതുകൊണ്ടാകാം എന്റെയുള്ളില്‍ സിനിമാമോഹം തിരതല്ലിയത്. എങ്കിലും ചാന്‍സുകള്‍ ചോദിച്ച് എവിടെയും പോയിട്ടില്ല. അപ്രതീക്ഷിതമായി സിനിമയിലെത്തി. അതിന് കാരണം 'രാധാകൃഷ്ണ' തിയേറ്ററാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം?


ഐ.വി.ശശി സാറിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കംകുറിച്ചതാണ്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു എന്നുപറയുമ്പോഴും എടുത്തുപറയത്തക്ക കഥാപാത്രങ്ങളൊന്നും ആയിരുന്നില്ല. മിക്കവാറും ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന വേഷങ്ങളാണ് കിട്ടുക. ഡയലോഗുകള്‍ പറയാന്‍ എത്രയോ വട്ടം കൊതിച്ചിട്ടുണ്ട്.

എന്തിനേറെ അയല്‍ക്കാരും ബന്ധുക്കളും സഹപ്രവര്‍ത്തകരുമൊക്കെ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്; 'എന്റെ പ്രദീപേ, നിങ്ങള്‍ക്ക് വേറെ ഒരു പണിയുമില്ലേ, നല്ല ഒരു ജോലി ഉണ്ടായിട്ടും എന്തിനാ സിനിമയില്‍ അഭിനയിക്കുന്നത്? അതും ഒരു ഡയലോഗുപോലും ഇല്ലാതെ'. അപ്പോഴും ഞാനെല്ലാം മൂളികേള്‍ക്കും. ഉള്ളില്‍ ഒരുപാട് സങ്കടമുണ്ടായിരുന്നെങ്കിലും പുറത്തുകാട്ടിയില്ല.

പിന്നെ ഡയലോഗില്ലെങ്കിലെന്താ, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള അവസരം കിട്ടിയത് തന്നെ ഭാഗ്യമാണ്. അപ്പോള്‍പ്പിന്നെ ഡയലോഗില്ലെങ്കിലും കുഴപ്പമില്ലെന്ന് ചിന്തിച്ചു. സിനിമയില്‍ ഡയലോഗു പറയാന്‍ അവസരം തന്നത് സംവിധായകന്‍ ഗൗതം വാസുദേവ് ആണ്.

uploads/news/2018/01/185867/Weeklykympredeep220118b.jpg

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ആ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് തന്നെ വലിയൊരനുഗ്രഹം. 'വിണ്ണൈ താണ്ടി വരുവായ' എന്ന സിനിമയില്‍ തൃഷയുടെ അമ്മാവന്റെ ക്യാരക്ടര്‍ ചെയ്യാനായി നാല്‍പ്പതോളം പേരെ ഇന്‍റര്‍വ്യൂ ചെയ്‌തെങ്കിലും ഗൗതംസാറിന് ഒന്നും തൃപ്തിയായില്ല. ആ സമയത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ നന്ദു പൊതുവാള്‍ എന്നെ വിളിച്ചു.

'ആലപ്പുഴയില്‍ ഗൗതം സാറിന്റെ ഒരു സിനിമാഷൂട്ടിംഗ് നടക്കുന്നുണ്ട്, അതില്‍ നായികയുടെ അമ്മാവന്റെ ക്യാരക്ടര്‍ ഉണ്ട്, ഇവിടേക്ക് ഒന്നു വരാമോ' എന്നുചോദിച്ചു. റോള്‍ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ഗൗതം സാറിനെ കാണാമല്ലോ എന്നോര്‍ത്ത് ഞാന്‍ ആലപ്പുഴയിലേക്ക് പോയി. ഒരു റിസോര്‍ട്ടിലേക്കാണ് ചെന്നത്.

ഗൗതംസാറെത്തി കുറച്ചുകഴിഞ്ഞപ്പോള്‍ എന്നെ അകത്തേക്ക് വിളിപ്പിച്ചു. ആദ്യം എന്തായിരിക്കും എന്നോട് ചോദിക്കുക എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു മനസ് നിറയെ. ഗൗതംസാറിന്റെ മുന്നില്‍ ചെന്നപ്പോള്‍ ഇരിക്കാന്‍ പറഞ്ഞു. എന്നോട് പേര് ചോദിച്ചു. 'എന്റെ പേര് പ്രദീപ് എന്നാണ്, ഞാന്‍ കോട്ടയത്ത് നിന്ന് വരികയാണ്'. അടുത്ത നിമിഷം 'ശരി, പൊയ്‌ക്കോളൂ' എന്ന് അദ്ദേഹം പറഞ്ഞു.

അപ്പോഴേ എന്നെ കട്ടാക്കി എന്നാണ് ഞാന്‍ കരുതിയത്. കാരണം ഇത്രയും ബിഗ്ബജറ്റായ സിനിമയില്‍ അഭിനയിക്കാനായി വരുമ്പോള്‍ 'സഭാകമ്പമുണ്ടോ? ഇതിന് മുമ്പ് അഭിനയിച്ചിട്ടുണ്ടോ? എന്നൊക്കെ ചോദിക്കേണ്ടതല്ലേ, പക്ഷേ അങ്ങനെയൊന്നും ചെയ്തില്ല. ഞാനിറങ്ങി താഴെവന്നപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ നോക്കി 'ഇത് നടക്കില്ല' എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

അപ്പോള്‍ നന്ദു അടുത്തുവന്ന് ഇവിടിരിക്ക്, ഞാനൊന്ന് ഗൗതംസാറിനോട് ചോദിക്കട്ടെ' എന്നുപറഞ്ഞു അകത്തേക്ക് പോയി. 10 മിനിറ്റ് കഴിഞ്ഞ് നന്ദു തിരികെവന്നു. എന്നിട്ട് എന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞത് ഞാനിന്നും മറന്നിട്ടില്ല. 'പ്രദീപേ, പ്രദീപിനാണ് നറുക്കുവീണത്'. കേട്ടപാടെ തലചുറ്റുന്നതുപോലെ തോന്നി. അപ്രതീക്ഷിതമെന്നൊക്കെപ്പറഞ്ഞാല്‍ ഇതാണ്.

ഈ സിനിമയിലൂടെ ഞാനും എന്റെ ഡയലോഗും അങ്ങ് ക്ലിക്കായി. ഇന്ന് എന്റെ ശബ്ദം അനുകരിക്കുന്ന കലാകാരന്മാര്‍ എന്നെ അവതരിപ്പിക്കുമ്പോള്‍ ആദ്യം പറയുന്ന ഡയലോഗ് തന്നെ 'കൊഞ്ചുണ്ട്, കരിമീനുണ്ട്' എന്നൊക്കെയല്ലേ. ഇത് കണ്ടിട്ടാണ് വിനീത് ശ്രീനിവാസന്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം തട്ടത്തിന്‍ മറയത്ത്' എന്ന സിനിമയില്‍ തന്നത്.

പിന്നീട് സിനിമകളില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ കിട്ടിത്തുടങ്ങി. ചുക്കില്ലാത്ത കഷായം ഇല്ലെന്ന് പറയുമ്പോലെ ഇപ്പോള്‍ ഞാനില്ലാത്ത സിനിമകളില്ല. അതിന് ഞാന്‍ നന്ദി പറയുന്നത് എന്റെ കുമാരനല്ലൂരമ്മയോടാണ്. സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ എന്റെ സഹോദരങ്ങള്‍ പോലും ഇപ്പോള്‍ പറയും 'എന്റെ പ്രദീപേ, അന്ന് നീ ഞങ്ങള്‍ പറയുന്നത് കേട്ട് സിനിമ ഉപേക്ഷിക്കാതിരുന്നത് നന്നായി'.

അത് കേള്‍ക്കുമ്പോള്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് മറുപടിയും കൊടുത്തു. 'ആരു പറഞ്ഞു, ഞാന്‍ സിനിമ വിടുമെന്ന്, ജീവവായുപോലെ കൊണ്ടുനടക്കുന്ന സിനിമയെ നിങ്ങളൊക്കെ പറയുന്നത് കേട്ട് കൈവിടാന്‍ എനിക്ക് പറ്റില്ല.' ഓഫീസില്‍ ചെല്ലുമ്പോഴാണ് രസം, അന്ന് എന്നെ കളിയാക്കിയവര്‍ക്കൊക്കെ ഇപ്പോള്‍ കുറ്റബോധമുണ്ട്. അതവര്‍ പറയുകയും ചെയ്തു.

uploads/news/2018/01/185867/Weeklykympredeep220118a.jpg

എന്റെ കഥാപാത്രങ്ങള്‍ കണ്ട് നല്ലതാണെങ്കില്‍ നല്ലതെന്നും അല്ലെങ്കില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ അവര്‍ പറഞ്ഞുതരാറുണ്ട്. എന്നെ സ്‌നേഹിക്കുന്നവരുടെ പിന്തുണയാണ് ഏറ്റവും വലിയ ശക്തി. എന്നിരുന്നാലും ആദ്യമായി ഡയലോഗുകള്‍ തന്നത് ഗൗതംസാറും വിനീത് ശ്രീനിവാസനുമാണ്. ആ നന്ദിയും കടപ്പാടും എന്നുമെനിക്ക് അവരോടുണ്ട്.

മമ്മൂക്ക മുതല്‍ ടൊവിനോ വരെയുള്ള എല്ലാ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചപ്പോഴും ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചില്ല എന്ന ദുഃഖം കുറച്ചുനാള്‍ മുമ്പ് വരെ ഉണ്ടായിരുന്നു. 'അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍' തുടങ്ങിയ സിനിമകള്‍ ഒരുക്കിയ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍-ബിപിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയില്‍ ദുല്‍ഖറാണ് നായകന്‍.

ആ സിനിമയുടെ തിരക്കഥയെഴുതുന്ന സമയത്ത് അവരെന്നെ വിളിച്ചു. 'ചേട്ടനെപ്പോഴും പറയില്ലേ, ദുല്‍ഖറിനൊപ്പം അഭിനയിച്ചിട്ടില്ലെന്ന്, ഇനി സങ്കടപ്പെടേണ്ട, ഞങ്ങള്‍ ചേട്ടന് പറ്റുന്ന ക്യാരക്ടര്‍ എഴുതിക്കൊണ്ടിരിക്കുകയാണ്'. അത് കേട്ടപ്പോള്‍ എനിക്കും സന്തോഷമായി. ഫെബ്രുവരിയില്‍ ഷൂട്ടിംഗ് തുടങ്ങും. അതിന്റെ ത്രില്ലിലാണ് ഞാന്‍.

കുടുംബം?


ഡയലോഗുകളില്ല എന്നുപറഞ്ഞ് ഓരോരുത്തരും കളിയാക്കിയിരുന്ന സമയത്തും പറയുന്നവരൊക്കെ പറയട്ടെ, സിനിമയോട് ചേട്ടനുള്ള ഇഷ്ടം എനിക്കറിയാമല്ലോ, എന്നു പറഞ്ഞ് എന്നെ താങ്ങിനിര്‍ത്തിയത് ഭാര്യ മായയാണ്. മക്കളും അങ്ങനെ തന്നെ. രണ്ട് മക്കളാണെനിക്ക്. മകന്‍ വിഷ്ണു, കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി വര്‍ക്ക് ചെയ്യുന്നു.

സിനിമാസംവിധായകനാകണമെന്നതാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം. മോന്‍ ഒന്നുരണ്ട് ഷോര്‍ട്ട്ഫിലിമുകളൊക്കെ സംവിധാനം ചെയ്തിരുന്നു. ഞാനതില്‍ അഭിനയിച്ചിട്ടുണ്ട്. വിഷ്ണു സംവിധാനം ചെയ്യുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്ന് അവനെപ്പോഴും പറയും. മകള്‍ വൃന്ദ കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ റവന്യൂവകുപ്പില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ വര്‍ക്ക് ചെയ്യുന്നു.

ഭാര്യയും മക്കളുമായി യാത്രകള്‍ പോകണമെന്നുണ്ടെങ്കിലും ഷൂട്ടിംഗ് തിരക്കുകളില്‍ പെട്ട് സമയം കിട്ടാറില്ല. എന്നാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലൊക്കെ ഞാന്‍ പോയി. രാവിലെ പോയി വൈകിട്ട് വരുന്ന രീതിയിലുള്ള ദേവാലയദര്‍ശനങ്ങള്‍ മാത്രമേ ഇതുവരെ കുടുംബത്തോടൊപ്പം നടത്തിയുള്ളൂ.

ടൂറിന് കൊണ്ടുപോയില്ലെന്ന പരിഭവമൊന്നും അവര്‍ക്കില്ല. അവരുടെ സപ്പോര്‍ട്ടുള്ളതുകൊണ്ടാണ് ലൊക്കേഷനില്‍ ചെന്നാലും ടെന്‍ഷനില്ലാതെ ഇരിക്കാന്‍ പറ്റുന്നത്. ഞാനെപ്പോഴും ഹാപ്പിയല്ലേ, എനിക്ക് ദേഷ്യപ്പെടാനറിയാമോയെന്ന് പലരും ചോദിച്ചിട്ടുണ്ട് (ചിരിക്കുന്നു).

ദേവിന റെജി
ഫോട്ടോഃ ജി.വിപിന്‍ കുമാര്‍

Ads by Google
Ads by Google
Loading...
TRENDING NOW