Monday, May 27, 2019 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jan 2018 01.17 AM

എന്റെ ശരികളാണ്‌ എന്റെ സിനിമ

uploads/news/2018/01/185469/7.jpg

ഒരിക്കലുമല്ല. ആ കഥാപാത്രത്തിനു എവിടെയൊക്കയോ ഞാനുമായി സാമ്യങ്ങളുണ്ടെന്നതൊഴിച്ചാല്‍ അത്‌ ഒരു സാങ്കല്‍പിക കഥാപാത്രം മാത്രമാണ്‌. എനിക്ക്‌ പറയാനുള്ള കാര്യങ്ങള്‍ കെ. കുമാറിലൂടെ പറയാന്‍ ശ്രമിച്ചു.

? സമൂഹത്തോടു പറയാനുള്ള കാര്യങ്ങള്‍
എല്ലാം ഉള്‍പ്പെടുത്തിയോ.
ഏറെക്കുറെ. സ്‌ഥിരം ഫോര്‍മുലകളില്‍ നിന്നു വ്യത്യസ്‌തമായി ഒരു ഫാന്റസിയിലൂടെയാണ്‌ ഞാന്‍ കഥയെ സമീപിച്ചത്‌. മലയാളിയുടെ കുടുംബം എന്ന സങ്കല്‍പ്പത്തില്‍ തന്നെ കാതലായ മാറ്റംവന്നു. അവര്‍ക്കിടയിലുള്ള പരസ്‌പര ബഹുമാനത്തിന്റെയും ആശയവിനിമയത്തിന്റെയും തോത്‌ ഗണ്യമായി കുറഞ്ഞു. നമ്മുടെ സംസ്‌കാരം തന്നെ നമ്മള്‍ മറുന്നുകൊണ്ടിരിക്കുന്നു. അതിനു നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ല.

? ചിത്രം വാണിജ്യവിജയമാകും എന്ന്‌ പ്രതീക്ഷിച്ചിരുന്നോ .
തീര്‍ച്ചയായും. എന്റെ കറുത്ത ജൂതനും, മൂന്നാംനാള്‍ ഞായറാഴ്‌ച, ആദാമിന്റെ മകന്‍ അബുവും എല്ലാം ഇറങ്ങിയപ്പോള്‍ അത്‌ സാമ്പത്തികമായി വിജയിക്കില്ലെന്നു നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ആദാമിന്റെ മകന്‍ അബു ദേശീയ അവാര്‍ഡ്‌ നേടിയപ്പോള്‍ കേരളത്തിലെ സിനിമാപ്രേമികള്‍ എല്ലാവരും സി ഡിയിലൂടെയും അല്ലാതെ മറ്റ്‌ മാര്‍ഗങ്ങളിലൂടെയും ചിത്രം കണ്ടു. ആ ചിത്രം അന്ന്‌ തീയേറ്ററുകളില്‍ പോയി ആളുകള്‍ കണ്ടിരുന്നെങ്കില്‍ സാമ്പത്തിക വിജയമായേനെ. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ചിന്തിക്കാവുന്ന സരസമായ ഹാസ്യമൊന്നും വേണ്ട. അവര്‍ക്കു വേണ്ടത്‌ ദ്വയാര്‍ഥമുള്ള നാലാംകിട ഹാസ്യമാണ്‌. പണ്ട്‌ ഇങ്ങനെ ഒരു രംഗമുള്ള ചിത്രം റിലീസ്‌ ചെയ്‌താല്‍ കുടുംബപ്രേക്ഷകര്‍ ആ വഴിക്കേ പോകില്ല. എന്നാല്‍ ഇന്ന്‌ കാര്യങ്ങള്‍ ആകെമാറി. ഇന്ന്‌ ഇതുപോലെയുള്ള ചിത്രങ്ങള്‍ക്കെ ആളുകള്‍ കയറൂ.

? സിനിമയില്‍ ഒരു ബ്രേക്ക്‌ വന്നത്‌
ഏതെങ്കിലും തരത്തില്‍ ബാധിച്ചിരുന്നോ ?
എന്നെയാരും സിനിമയില്‍ നിന്നു മാറ്റിനിര്‍ത്തിയിട്ടില്ല. വ്യക്‌തിപരമായ കാരണങ്ങളാല്‍ സ്വയംമാറിനിന്നതാണ്‌. പണ്ട്‌ സിനിമ ഷൂട്ടിങ്ങിനിടെ ഒരു ഒത്തൊരുമയുണ്ടായിരുന്നു. ഒരു സീന്‍ ഷൂട്ടു ചെയ്‌തുകഴിഞ്ഞാല്‍ അതിനെക്കുറിച്ചു ആരോഗ്യപരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത്തരം കൂട്ടായ്‌മ ഇന്നില്ല. ഇന്ന്‌ ഇതുപോലെ ഒരു ഇടവേള ലഭിച്ചാല്‍ മെയിന്‍ നടന്‍മാര്‍ കാരവാനില്‍ പോയിരുന്നു അവരുടെ ലോകത്തേക്ക്‌ ഒതുങ്ങുന്നു. നടിമാരാണെങ്കില്‍ മൊബൈലില്‍ വാട്‌സ് ആപ്‌, ഫേസ്‌ ബുക്ക്‌ പോലെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ മുഴുകുന്നു.

? സലിംകുമാര്‍ എന്ന സംവിധായകനിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാനായോ.
ഞാന്‍ സംവിധാനം ചെയ്‌ത 'എന്റെ കറുത്ത ജൂതന്‍'എന്ന ചിത്രം ആരെങ്കിലും കണ്ടോ? ഇല്ല; ഇതുതന്നെയാണ്‌ അവസ്‌ഥ. രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഹൗസ്‌ഫുള്‍ ആയിരുന്നു. കഴിയുമെങ്കില്‍ പുതുമകള്‍ തേടിപ്പോകാതിരിക്കുക. ഈ നാട്ടിലുള്ളവര്‍ക്ക്‌ യാഥാസ്‌ഥിതിക സിനിമകളോടാണ്‌ താല്‍പര്യം. ആ മസാലക്കൂട്ടില്‍ അല്‍പ്പം കൂട്ടി എരിവും പുളിയും ചേര്‍ത്തു കൊടുത്താല്‍ സന്തോഷം.
? ഇനി ഒരു വാണിജ്യചിത്രത്തിന്റെ
സംവിധായകന്‍ ആകുമോ.
തീര്‍ച്ചയായും. കാലമാണ്‌ തീരുമാനിക്കേണ്ടത്‌. കാര്യങ്ങള്‍ എല്ലാം ഒത്തുവന്നാല്‍ പുതിയ ചിത്രം സംവിധാനം ചെയ്യുകതന്നെചെയ്യും. വെറും ഒരു ചിത്രം എടുക്കുന്നതിനോടു എനിക്ക്‌ താല്‍പര്യമില്ല. ഏതെങ്കിലും തരത്തിലുള്ള പുതുമ കൊണ്ടുവരാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. അങ്ങനെ ഒരു പുതുമയുള്ള സബ്‌ജക്‌ട് കിട്ടിയാല്‍ നോക്കാം.
? മകനെ കെ. കുമാറിന്റെ ഭാഗമാക്കി
മക്കള്‍ വാഴ്‌ചയുടെ ഭാഗമകുകയാണോ.
ഒരിക്കലും അല്ല. അവര്‍ ആരാണെന്നു തീരുമാനിക്കേണ്ടത്‌ അവരാണ്‌. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക്‌ ഞാന്‍ കൊടുത്തിട്ടുണ്ട്‌. മൂത്തമകനു സാഹിത്യത്തില്‍ വാസനയുള്ളയാണ്‌. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദമുള്ളയാളും. വീട്ടിലുള്ള ന്യൂജനറേഷന്‍ പ്രതിനിധിയെന്ന നിലയ്‌ക്ക് അയാളോട്‌ ചിത്രത്തിന്റെ കഥയെക്കുറിച്ചു സംസാരിച്ചിരുന്നു. ഇങ്ങനെ ഒരു ആക്ഷേപഹാസ്യം സിനിമയാക്കിയാല്‍ നന്നായിരിക്കും എന്ന്‌ അയാള്‍ പറഞ്ഞു.
മറ്റുള്ളവരുടെ മക്കള്‍ സിനിമയില്‍ വരുന്നത്‌ അവരുടെ താല്‍പര്യമാണ്‌. ഒരു നടന്റെ മകനെ ഒരു പക്ഷേ സിനിമയില്‍ എത്തിക്കാന്‍ എളുപ്പം സാധിച്ചേക്കാം എന്നാല്‍ അവിടെ പിടിച്ചുനില്‍ക്കണമെങ്കില്‍ പ്രേക്ഷകരുടെ സ്വീകാര്യത ആവശ്യമായിവരും. പിന്നെ ഡോക്‌ടറുടെ മക്കള്‍ ഡോക്‌ടര്‍ ആകുന്നതുപോലെ ഇതിനെയും അങ്ങനെ കണ്ടാല്‍ മതി.

? നന്ദിയുള്ള മേഖലയാണോ സിനിമ.
നന്ദിയും നന്ദികേടും എല്ലാ മേഖലയിലുമുണ്ട്‌. പിന്നെ സിനിമയെ സംബന്ധിച്ചിടത്തോളം വിജയം എന്നതു അനിവാര്യമായ ഘടകമാണ്‌. ഒരു നടന്റെ ചിത്രം വിജയിച്ചാല്‍ പിന്നെ അയാളുടെ പിറകെയാണ്‌ ഇന്‍ഡസ്‌ട്രി. ഒരു സംവിധായകന്റെ പടം വിജയിച്ചു, പിന്നെ അയാളുടെ പിറകെയാകും എല്ലാവരും. അല്ലാതെ നന്ദിയും നന്ദികേടും ഇവിടെ പ്രസക്‌തമാകുന്നില്ല.

? നടന്‍ എന്നതിനപ്പുറം സിനിമയിലെ മറ്റ്‌ മേഖലയില്‍
സലിം കുമാര്‍ എത്രത്തോളം വിജയമാണ്‌.
ഒരു നിര്‍മാതാവ്‌, വിതരണക്കാരന്‍ എന്നിങ്ങനെയുള്ള റോളുകളില്‍ ഞാന്‍ വന്‍ പരാജയംതന്നെയാണ്‌. എന്നാല്‍ നടന്‍ എന്നനിലയില്‍ സംസ്‌ഥാന, ദേശീയ അവാര്‍ഡുകള്‍ തേടിയെത്തുകയും, ഇത്രയും കാലം മലയാളികള്‍ക്കു മുമ്പില്‍ ഒരു നടനായി നില്‍ക്കാനും സാധിച്ചു. അത്‌ എന്നിലെ നടന്റെ വിജയമായി കണക്കാക്കാം. 'കമ്പാര്‍ട്ടുമെന്റ്‌', 'മൂന്നാംനാള്‍ ഞായറാഴ്‌ച' എന്നിവ പരാജയമായിരുന്നു. അതെല്ലാം എടുക്കുമ്പോള്‍ എനിക്കറിയാം സാമ്പത്തികമായി വിജയിക്കില്ലെന്നു. എന്നാല്‍ 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' വിജയിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.

? കഥയിലെ നായകന്‍ കെ. കുമാര്‍ ഈഴവനാണല്ലോ.
എന്താണ്‌ ഇതിലെ പുതുമ .
ഞാന്‍ എല്ലാം സമുദായങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്നയാളാണ്‌. ക്രിസ്‌ത്യന്‍, മുസ്ലീം വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍. ഹിന്ദുക്കളുടെ കഥപറയുന്ന ചിത്രങ്ങളില്‍ നായര്‍, നമ്പൂതിരി ഇതിനു താഴേക്ക്‌ ജീവിതം പ്രമേയമാകുന്നില്ല. മനപൂര്‍വം ഈഴവ കുടുംബത്തില്‍ നടക്കുന്ന കഥയാക്കിയതാണ്‌. അവരുടെ കുടുംബങ്ങളിലും ജീവിതം ഉണ്ട്‌. അവരും ഈ സമൂഹത്തിന്റെ ഭാഗംതന്നെയാണ്‌.

? മലയാള സിനിമയില്‍ ജാതിമത വേര്‍തിരുവുകള്‍ ഉണ്ടോ.
എനിക്ക്‌ അങ്ങനെ ഒന്നും തോന്നിയിട്ടില്ല. അങ്ങനെ പറഞ്ഞയാള്‍ക്ക്‌ അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അത്‌ അയാളുടെ അനുഭവത്തില്‍ നിന്നുകൊണ്ട്‌ പറഞ്ഞതാകും. ഞാന്‍ എസ്‌റ്റാബ്ലീഷാകുന്നത്‌ തെങ്കാശിപ്പട്ടണത്തോടെയാണ്‌. അതിന്റെ നിര്‍മാതാവ്‌ ക്രിസ്‌ത്യാനിയും സംവിധായകന്‍ മുസ്ലീമുമാണ്‌. എനിക്ക്‌ സംസ്‌ഥാന, ദേശീയ അവാര്‍ഡ്‌ നേടിത്തന്ന ചിത്രങ്ങളുടെ സംവിധായകരും നിര്‍മാതാക്കളും അന്യമതസ്‌തരായിരുന്നു. എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കാണാന്‍ ആഗ്രഹിക്കുന്നയാളാണ്‌ ഞാന്‍. എന്റെ വീട്ടില്‍ എല്ലാമതങ്ങളുടെയും ദൈവങ്ങളുടെ ചിത്രമുണ്ട്‌. ആരും ആരേക്കാള്‍ മുകളിലോ താഴെയോ അല്ല. എല്ലാവരെയും തുല്യരായി കാണാനാണു ഞാന്‍ ആഗ്രഹിക്കുന്നത്‌.

? ന്യൂ ജനറേഷന്‍ നടന്‍മാരുടെ വരവോടെ
താര സിംഹാസനങ്ങള്‍ക്ക്‌ ഇളക്കം തട്ടിയിട്ടുണ്ടോ .
ന്യൂ ജനറേഷന്‍ നടന്‍മാര്‍ വന്നാല്‍ ഇളകിപ്പോകുന്ന കസേരകള്‍ ഉള്ളവര്‍ അഭിനയം തുടരാതിരിക്കുന്നതാണ്‌ നല്ലത്‌. നിങ്ങള്‍ പറയുന്ന ന്യൂജനറേഷന്‍ നടന്‍മാരുടെ കാലം ആരംഭിച്ചതിനുശേഷം എത്രപേര്‍ വന്നുപോയി. നൂറുകണക്കിനു ന്യൂജന്‍ സ്‌റ്റാറുകള്‍വരെ വന്നു. എന്നാല്‍ ഇവരെല്ലാം ഇപ്പോഴും നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നുണ്ടോയെന്ന്‌ ശ്രദ്ധിക്കുക. ഇവരില്‍ നിന്നു ഒരു ഒടുവില്‍ ഉണ്ണികൃഷ്‌ണനോ, കൊച്ചിന്‍ ഹനീഫയോ, മാള അരവിന്ദനോ, കുതിരവട്ടം പപ്പുവോ ഉണ്ടായോ...ഇല്ല. ഇവിടെ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കേ ഇന്നും സാറ്റലൈറ്റ്‌ മൂല്യവും ബോക്‌സ് ഓഫീസില്‍ ടിക്കറ്റ്‌ എടുക്കാന്‍ ഇടിയുമുള്ളൂ. അതുകൊണ്ട്‌ ന്യൂ ജനറേഷന്‍ സിനിമകള്‍ അല്ല മലയാള സിനിമയെ പിടിച്ചു നിര്‍ത്തുന്നത്‌.

? 'കെ. കുമാറില്‍' മാധ്യമങ്ങളെ അടച്ച്‌
ആക്ഷേപിക്കുകയാണല്ലോ. എന്താണ്‌ ഇത്ര വിദ്വേഷം.

ഇല്ലാത്തതൊന്നും ഞാന്‍ എന്റെ സിനിമയില്‍ പറയുന്നില്ല. നിങ്ങള്‍ കാണുന്നതല്ലേ. എന്ത്‌ തോന്ന്യാസങ്ങളാണ്‌ ഇവര്‍ കാട്ടിക്കൂട്ടുന്നത്‌. മലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രം എന്റെ സിനിമ ഇറങ്ങിയ ദിവസം തന്നെ അത്‌ ഈ ഭൂമിയില്‍ ഇറങ്ങിയതില്‍ വച്ച്‌ ഏറ്റവും മോശമായ ചിത്രമാണെന്നു റിവ്യു എഴുതി. ആ പത്രത്തിനു സിനിമാ സംഘടനകള്‍ പരസ്യം കൊടുക്കാത്തതിന്റെ കെറുവ്‌ എന്നോടു കാണിക്കണോ. ഒരു വിഷയത്തെപ്പറ്റി ആത്മാര്‍ഥമായി പ്രതികരിക്കാനും വിമര്‍ശിക്കാനും ഏവര്‍ക്കും അവകാശമുണ്ട്‌. എന്നുകരുതി ഇങ്ങനെ കരുതിക്കൂട്ടി റിവ്യൂ എഴുതുന്നവര്‍ സമൂഹ്യദ്രോഹികള്‍ എന്നേ എനിക്കു പറയാനുള്ളൂ. എത്ര പേരുടെ ഉപജീവനമാര്‍ഗത്തിലാണു ഈ കൂട്ടര്‍ കല്ലുവാരിയിടുന്നത്‌.

? സലിംകുമാര്‍ എന്ന സിനിമാക്കാരന്‍
എത്രകണ്ട്‌ തൃപ്‌തനാണ്‌.
സിനിമാക്കാരന്‍ എന്ന രീതിയില്‍ ഞാന്‍ നൂറുശതമാനവും തൃപ്‌തനാണ്‌. ആരെയും വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്‌തിട്ടില്ല, പ്രേക്ഷകരെപോലും. എന്റെ നിലപാടുകള്‍ക്കും ശരികള്‍ക്കുമപ്പുറം ഞാന്‍ ഒന്നും ചെയ്‌തിട്ടുമില്ല. അതുതന്നെയാണ്‌ എന്റെ പ്രേക്ഷകരോടു എനിക്ക്‌ പറയാനുള്ളത്‌.

Ads by Google
Sunday 21 Jan 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW