Tuesday, July 23, 2019 Last Updated 33 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jan 2018 01.17 AM

തിരശീലയ്‌ക്കു പിന്നില്‍

uploads/news/2018/01/185468/6.jpg

ഒരു ലോഹം ഉരുകി അച്ചിനകത്ത്‌ ഒഴിച്ച്‌ തണുത്തു കഴിയുമ്പോള്‍ അച്ച്‌ ആ രൂപം അതിനു കൊടുക്കുന്നതുപോലെയാണ്‌ മനുഷ്യജീവിതവും. മറ്റുള്ളവര്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നുള്ളതു ഗൗരവമായി എടുക്കേണ്ട കാര്യമാണ്‌.
ഒരു കൃഷിക്കാരന്റെ കഥ കേട്ടിട്ടുണ്ട്‌. അയാള്‍ ജോലി ചെയ്‌തിരുന്ന തന്റെ യജമാനന്റെ മകളെ സ്‌നേഹിച്ചു; അവള്‍ തിരിച്ചും, ഒടുവില്‍ പിതാവിന്റെ എതിര്‍പ്പിനെ വകവെയ്‌ക്കാതെ അവര്‍ വിവാഹിതരായി.
ഈ യുവാവിന്‌ തുടര്‍ന്നു പഠിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായി. അയാളുടെ ബുദ്ധിപരമായ ആ ആഗ്രഹത്തെ അവള്‍ പ്രോത്സാഹിപ്പിച്ചു. ജറൂസലേമിലുള്ള സര്‍വ്വകലാശാലയില്‍ ചേര്‍ന്ന്‌ അയാള്‍ പന്ത്രണ്ടു വര്‍ഷം പഠിച്ചു. വീണ്ടും പഠിക്കണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭവനത്തിലേക്ക്‌ മടങ്ങിവന്നു.
താന്‍ ഭവനത്തിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍, അകത്ത്‌ തന്റെ ഭാര്യ അയലത്തുള്ളവരോട്‌ ഇങ്ങനെ പറയുന്നതായി കേട്ടു: വേര്‍പാടിന്റെ ദുഃഖം വളരെ വലുതും അസഹനീയവുമാണെങ്കിലും അദ്ദേഹം മടങ്ങിപ്പോയി പഠിത്തം തുടരണമെന്നാണ്‌ എന്റെ ആഗ്രഹം. ഇതു കേട്ടിട്ട്‌ അദ്ദേഹം ആരോടും ഒന്നും മിണ്ടാതെ മടങ്ങിപ്പോയി അടുത്ത ഒരു പന്ത്രണ്ടു വര്‍ഷം കൂടി പഠിച്ചു!
അതിനുശേഷം അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക്‌ വീണ്ടും വന്നു. എന്നാല്‍ ഈ പ്രാവശ്യം തന്റെ ഗ്രാമവാസികളെല്ലാം തന്നെ പുകഴ്‌ത്തിപ്പാടിക്കൊണ്ട്‌ വലിയ സ്വീകരണത്തോടെ എതിരേറ്റു. തങ്ങളുടെ തലമുറയിലെ ഏറ്റവും വലിയ പണ്ഡിതന്‍ എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചു. അദ്ദേഹത്തെ സ്വീകരിപ്പാന്‍ വലിയ സ്വീകരണ കമ്മിറ്റി തന്നെ രൂപീകരിച്ചു. വലിയ തിക്കിനും തിരക്കിനും ഇടയില്‍ ഒരു സ്‌ത്രീ, തലമുടി ഒട്ടുമുക്കാലും നരച്ച്‌, ശരീരം കൂനി, മുഖത്ത്‌ ചുളിവുകള്‍ വീണ്‌, അദ്ദേഹത്തിന്റെ അടുത്തേക്കു വരുവാന്‍ നന്നേ വിഷമിക്കുന്നതുകണ്ടു. ആളുകള്‍ അവഗണിച്ച്‌, പിന്നിലേക്ക്‌ തള്ളുന്ന അകാല വാര്‍ധക്യം ബാധിച്ച ഈ സ്‌ത്രീ തന്റെ ഭാര്യയാണെന്ന്‌ അദ്ദേഹത്തിന്‌ പെട്ടെന്ന്‌ മനസ്സിലായി.
അദ്ദേഹം വിളിച്ചു പറഞ്ഞു, അവളെ കടത്തി വിടുക... നിങ്ങള്‍ ബഹുമാനിക്കേണ്ടത്‌ എന്നെയല്ല. ആ വരുന്ന എന്റെ ഭാര്യയെയാണ്‌ ഞാന്‍ പഠിക്കുന്നതിന്‌ അവള്‍ ത്യാഗം സഹിച്ചു. അവള്‍ ജോലി ചെയ്യാനും കാത്തിരിക്കാനും ത്യാഗം സഹിക്കാനും ശുശ്രൂഷിക്കുവാനും തയ്യാറായിരുന്നില്ലെങ്കില്‍, ഞാന്‍ ഇന്നും ഒരു കര്‍ഷകത്തൊഴിലാളിമാത്രമായിരുന്നേനേ...
ചിലരുടെ പിന്നണിയില്‍ നിന്നുള്ള പ്രയത്നമാണ്‌ വലിയ കാര്യങ്ങളുടെ വിജയകരമായ പൂര്‍ത്തീകരണത്തിനു പിമ്പിലുള്ളത്‌.
1920 ല്‍ മല്ലോറി എന്ന ഒരു മനുഷ്യന്‍ ഒരു കൂട്ടം ആളുകളുമായി ഹിമാലയ പര്‍വ്വതം കീഴടക്കാനായി ശ്രമമാരംഭിച്ചു. ആദ്യത്തെ ഉദ്യമം പരാജയപ്പെട്ടു. രണ്ടാമത്‌ വീണ്ടും അവര്‍ പരാജിതരായി. അവസാനം ഏറ്റവും നല്ല ഒരു ടീമായി എല്ലാ കരുതലോടും കൂടെ മൂന്നാമതും മല്ലോറിയും കൂട്ടുകാരും ഈ കൊടുമുടി കയറ്റം ആരംഭിച്ചു.
എന്നാല്‍ അപ്രതീക്ഷിതമായി ഒരു മഞ്ഞുമലയുടെ ഭാഗം ഇടിഞ്ഞു വീണു മല്ലോറിയും അദ്ദേഹത്തിന്റെ ചില സ്‌നേഹിതന്മാരും അതില്‍പെട്ടു മരിച്ചു. ചുരുക്കം ചില ആളുകള്‍ മാത്രം രക്ഷപെട്ടു. അവര്‍ തിരികെ ഇംഗ്ലണ്ടിലേക്ക്‌ മടങ്ങി പോകുകയും ചെയ്‌തു.
മല്ലോറിക്കും തന്നോടുകൂടെ മരിച്ചു പോയവര്‍ക്കും ആദരസൂചകമായി അവിടെ ഒരു മീറ്റിംഗ്‌ നടത്തി. കൂട്ടത്തില്‍ ജീവനോട്‌ മടങ്ങിവന്നവരെയും അനുമോദിച്ചു. തിരിച്ചു വന്നവരില്‍ പ്രധാനിയായ ഒരാള്‍ എഴുന്നേറ്റു നിന്ന്‌ അംഗീകാരത്തിന്റെ വാക്കുകള്‍ സ്വീകരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു.
അവസാനം ആ ആള്‍ തിരിഞ്ഞ്‌ ആ വലിയ ഹോളിന്റെ ഒരു വശത്തു തൂക്കിയിട്ടിരിക്കുന്ന അവരുടെ നേതാവായിരുന്ന മല്ലോറിയുടെ ഫോട്ടോയിലേക്കു നോക്കി. മറുവശത്ത്‌ അവര്‍ കയറുവാന്‍ ശ്രമിച്ച അത്യുന്നത കൊടുമുടിയായ ഹിമാലയ പര്‍വ്വതത്തിന്റെ ഫോട്ടോ തൂക്കിയിട്ടിരുന്നു. അവര്‍ക്കു കീഴടക്കാന്‍ കഴിയാതിരുന്ന ആ കൊടുമുടി അഹങ്കാരം നിറഞ്ഞ കണ്ണുകളോടു കൂടി അവരെ തുറിച്ചു നോക്കുന്നതുപോലെ അവനു തോന്നിച്ചു.
ആ മനുഷ്യന്‍ നിറഞ്ഞ കണ്ണുകളോടെ ഹിമാലയത്തിലെ എവറസ്‌റ്റ് കൊടുമുടിയെ നോക്കി വിരല്‍ചൂണ്ടിക്കൊണ്ടു ഇപ്രകാരം വിളിച്ചു പറഞ്ഞു. ജീവിച്ചിരിക്കുന്നതും ജനിക്കാതിരിക്കുന്നതുമായ ധീരന്മാരുടെ നാമത്തില്‍ പര്‍വ്വതമേ ഞാന്‍ നിന്നോടു പറയട്ടെ, നീ ഒരിക്കല്‍ ഞങ്ങളെ പരാജയപ്പെടുത്തി. രണ്ടാമതും മൂന്നാമതും നീ ഞങ്ങളെ പരാജയപ്പെടുത്തി. എന്നാല്‍ ഹിമാലയമേ ഞങ്ങള്‍ ഒരിക്കല്‍ നിന്നെ പരാജയപ്പെടുത്തും. നീ ഇനിയും വളരത്തില്ല; എന്നാല്‍ മനുഷ്യര്‍ വളരും.
ആ വാക്കുകള്‍ സത്യമെന്നു ചരിത്രം തെളിയിച്ചു. സമയത്തിന്റെ നീക്കത്തില്‍ വേറെ രണ്ടുപേര്‍ ഈ കൊടുമുടി കീഴടക്കി, എഡ്‌മണ്ട്‌ ഹിലാരിയും ഷെര്‍പ്പോ ടെന്‍സിംഗും പിന്നാലെ മറ്റു പലരും.
ഒരു ചിന്തകന്‍ ഇപ്രകാരം പറഞ്ഞു: മറ്റുള്ളവരുടെ നിഴലില്‍ നാം നമ്മുടെ ജീവിതങ്ങള്‍ കെട്ടിപ്പണിയുന്നു. നാം മറ്റുള്ളവര്‍ക്ക്‌ ജീവിക്കുവാനും വിജയിക്കുവാനും പ്രചോദനമാകണം. ജനിച്ചു വളര്‍ന്ന വീട്ടിലെ സാഹചര്യം, മാതാപിതാക്കളുടെ വാത്സല്യം, സഹോദരങ്ങളുടെ സ്‌നേഹം, പഠിപ്പിക്കുന്ന അദ്ധ്യാപകര്‍, സഹപാഠികള്‍, ഇവരുടെ എല്ലാം പെരുമാറ്റം, മാതൃക ഇതെല്ലാം മനുഷ്യജീവിതത്തെ സാധീനിക്കുന്നു അഥവാ നമ്മുടെ ജീവിതം മറ്റുള്ളവരാല്‍ വാര്‍ത്തെടുക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌.
നമ്മുടെ ജീവിതം ഒരു പരിധിവരെ, മറ്റുള്ളവരുടെ ജീവിതത്തിന്റെ പ്രതിഫലമാണ്‌. മറ്റുള്ളവരുടെ കീഴില്‍ നാം പരിശീലനം നേടി വളരുന്നു.

Ads by Google
Sunday 21 Jan 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW