Tuesday, April 23, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jan 2018 01.13 AM

തീയാട്ടിന്റെ ഉപാസന

uploads/news/2018/01/185467/5.jpg

നാലുകെട്ടുകളുടെയും കൊട്ടാരങ്ങളുടെയും അകത്തളങ്ങളില്‍ നിന്ന്‌ പുറത്തേക്കിറങ്ങാന്‍ കഴിയാതിരുന്നതാണ്‌ പരമ്പരാഗത ക്ലാസിക്‌ കലാരൂപങ്ങള്‍ പലതും ജനകീയമാകാതിരുന്നതിന്റെ പ്രധാന കാരണം.
സംസ്‌കൃതത്തിന്റെ അതിപ്രസരവും ശാസ്‌ത്രീയ മുദ്രകളും മനസിലാക്കുവാനും പഠിക്കുവാനും സാധാരണക്കാര്‍ക്ക്‌ കഴിഞ്ഞതുമില്ല. ജനകീയമല്ലാതിരുന്നതു കൊണ്ടുതന്നെ ഇവയില്‍ പലതും അന്യം നില്‍ക്കുന്ന സാഹചര്യമുണ്ടായി.
എന്നാല്‍ നാലുകെട്ടുകളുടെ പുറത്തേക്ക്‌ ക്ലാസിക്‌ കലാരൂപങ്ങളെ കൊണ്ടുവരാന്‍ ചില ശ്രമങ്ങള്‍ നടന്നു. ഇവയാകട്ടെ ഈ കലാരൂപങ്ങളെ പൂര്‍ണ വിനാശത്തില്‍ നിന്ന്‌ രക്ഷപെടുത്താനുള്ള പ്രകാശനാളങ്ങളായി മാറി.
അന്യവല്‍ക്കരണത്തിന്റെ വഴിയേ കേരളത്തിന്റെ അനുഷ്‌ഠാന കലാരൂപങ്ങളെ ജനങ്ങളിലേക്ക്‌ ഇറക്കാനുള്ള ചില ശ്രമങ്ങള്‍ വിജയം കണ്ടു. ഇത്തരത്തില്‍ ഒന്നാണ്‌ തീയാട്ടിനെ ജനകീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍.
അനുഷ്‌ഠാനമെന്ന നിലയില്‍ വരേണ്യ വര്‍ഗത്തിന്റെ മാത്രം സമ്പത്തായി കണ്ട ഭദ്രകാളി തീയാട്ടിന്‌ ജനകീയ മുഖം നല്‍കിയത്‌ കണ്ണമംഗലം സുബ്രഹ്‌മണ്യന്‍ സ്വാമിയാണ്‌. പൂര്‍ണമായും അന്യം നില്‍ക്കുന്ന സ്‌ഥിതിയില്‍ നിന്ന്‌ ഭദ്രകാളി തീയാട്ടിനെ മാറ്റിയെടുക്കുകയാണ്‌ ഇദ്ദേഹം.
അച്‌ഛനായ വാസുദേവശര്‍മയില്‍ നിന്ന്‌ സുബ്രഹ്‌മണ്യന്‍ സ്വാമി ഭദ്രകാളി തീയാട്ട്‌ അഭ്യസിക്കുന്നത്‌. വാസുദേവശര്‍മയാകട്ടെ അദ്ദേഹത്തിന്റെ പിതാവായ നാരായണനുണ്ണിയില്‍ നിന്നാണ്‌ ഇത്‌ അഭ്യസിച്ചത്‌. തികച്ചും പരമ്പരാഗതമായി പകര്‍ന്നു ലഭിച്ച കലാരൂപം വിസ്‌മൃതിയിലാകാരുതെന്ന ആഗ്രഹമാണ്‌ തീയാട്ടിനെ ജനകീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ പിന്നില്‍.
ഐതിഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പാരമ്പര്യമാണ്‌ സുബ്രഹ്‌മണ്യന്‍ സ്വാമിയുടേത്‌. ഭദ്രകാളി ഉപാസകരായ കുടുംബത്തിന്റെ പാരമ്പര്യം ഇന്നും ഇവര്‍ നിലനിര്‍ത്തുന്നു. തറവാടുകള്‍ക്ക്‌ പല കൈവഴികള്‍ ഉണ്ടായെങ്കിലും കുടുംബാംഗങ്ങള്‍ പൂര്‍ണമായും ഇന്നും ഭദ്രകാളി ഉപാസകരാണ്‌.
തീയാട്ട്‌ അഭ്യസിപ്പിക്കാന്‍ 1960 കളില്‍ ചില ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി രണ്ടു വിദ്യാലയങ്ങള്‍ ആരംഭിച്ചു. ശ്രീഭദ്രാ കലാവിദ്യാലയം എന്ന പേരില്‍ ആരംഭിച്ച സ്‌ഥാപനങ്ങള്‍ക്ക്‌ തൃക്കരിയൂര്‍ പി.വി.നാരായണ സ്വാമി, ദേവസ്വം കമ്മിഷണറായിരുന്ന കൃഷ്‌ണശര്‍മ എന്നിവരാണ്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചത്‌.
ഇടുക്കി ജില്ലയിലെ തൊടുപുഴയിലും ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടുമാണ്‌ വിദ്യാലയങ്ങള്‍ സ്‌ഥാപിച്ചത്‌. ആദ്യകാലത്ത്‌ സജീവമായിരുന്ന വിദ്യാലയം ഏകദേശം 20 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നാമാവശേഷമായി. ഇതിനു ശേഷം തീയാട്ടിനെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ അപൂര്‍വം മാത്രമായി.
ഈ സമയത്താണ്‌ താന്‍ അഭ്യസിച്ച കലയെ കൂടുതലായി ജനങ്ങളിലേക്ക്‌ ഇറക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സുബ്രഹ്‌മണ്യന്‍ സ്വാമി ആരംഭിച്ചത്‌. ദേവസ്വം ബോര്‍ഡില്‍ ക്ലാസ്‌ഫോര്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴും കുട്ടിക്കാലം മുതല്‍ താന്‍ പരിശീലിച്ച അനുഷ്‌ഠാനത്തെ ഹൃദയത്തോട്‌ ചേര്‍ത്തു പിടിക്കുകയായിരുന്നു ഇദ്ദേഹം ചെയ്‌തത്‌. ജോലിത്തിരക്കുകള്‍ക്കിടയിലും തീയാട്ട്‌ അവതരിപ്പിക്കാനും അതിനെ ജനകീയമാക്കാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നു.
1984 ല്‍ ശബരിമലയില്‍ ജോലിയില്‍ പ്രവേശിച്ച്‌ മാവേലിക്കര കണ്ണമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്ന്‌ വിരമിക്കുമ്പോഴും ഈ ഭദ്രകാളി ഉപാസകന്‌ ഭദ്രകാളി തീയാട്ട്‌ ഉപാസന തന്നെയായിരുന്നു. ജോലിയില്‍ നിന്ന്‌ വിരമിച്ച ശേഷം പൂര്‍ണമായും തീയാട്ടിനായി ജീവിതം മാറ്റിവച്ചു.
നാലുകെട്ടകങ്ങളില്‍ മാത്രമല്ല മണ്ണിലേക്കും അതുവഴി മനുഷ്യ മനസിലേക്കും തീയാട്ടിന്‌ കടന്നുചെല്ലാന്‍ കഴിയുമെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. ദേവീപൂജ, സംഗീതം, ചിത്രകല, വാദ്യമേളങ്ങളിലെ അറിവ്‌ എന്നിവ അറിഞ്ഞിരുന്നാല്‍ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാന്‍ കഴിയൂ എന്ന്‌ ഇദ്ദേഹം പറയുന്നു.
അതിനായി സമര്‍പ്പിക്കാന്‍ കഴിയുന്ന ഒരു തലമുറ ഉണ്ടായാല്‍ മാത്രമേ ഈ അനുഷ്‌ഠാന കലരൂപത്തെ അതേ തനിമയോടെ നിലനിര്‍ത്തി മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിയൂ എന്ന ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഏതൊരു അനുഷ്‌ഠാനത്തെയും പോലെ പുരാണ കഥയാണ്‌ തീയാട്ടിന്റെയും ഇതിവൃത്തം. കൈലാസത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ തീയാട്ട്‌ അവതരിപ്പിക്കുന്നത്‌. അസുരനായ ദാരികന്റെ ശല്യം സഹിക്കാതെയായപ്പോള്‍ ദേവന്മാര്‍ കൈലാസത്തിലെത്തി മഹാദേവനോട്‌ സങ്കടം പറഞ്ഞു. മഹാദേവന്‍ തൃക്കണ്ണില്‍ നിന്ന്‌ ഭദ്രകാളിയെ സൃഷ്‌ടിച്ചു.
പാര്‍വതീ ദേവിയുടെ അവതാരം തന്നെയാണ്‌ കാളി. എല്ലാ അനുഗ്രഹങ്ങളും നല്‍കി ദാരിക നിഗ്രഹത്തിനായി മഹാദേവന്‍ ഭദ്രകാളിയെ അയയ്‌ക്കുന്നു. ദാരികവധം കഴിഞ്ഞ്‌ ഭദ്രകാളി ദാരിക ശിരസുമായി കൈലാസത്തിലെത്തി.
ആര്‍ത്തട്ടഹസിച്ച്‌ കോപാകുലയായി വരുന്ന കാളിയെ ശാന്തയാക്കാന്‍ മഹാദേവന്‍ ഭദ്രകാളിയുടെ രൂപംതന്നെ നിലത്ത്‌ വരപ്പിക്കുന്നു.
ഈ സമയം ഭൂതഗണങ്ങള്‍ വിവിധ കോലങ്ങള്‍ കെട്ടി ഉറഞ്ഞാടുന്നു. ഭദ്രകാളി ഇതുകണ്ട്‌ ശാന്തയാവുകയും ശിരസ്‌ പിതാവിന്‌ സമര്‍പ്പിച്ച്‌ ദാരികവധം പിതാവിനെ അറിയിക്കുന്നു.
ഈ രൂപത്തില്‍ തന്നെ കുടിയിരുന്ന്‌ ഭക്‌തജനങ്ങളുടെ അഭീഷ്‌ടം സാധിച്ചും ശത്രുസംഹാരവും ഭൂത-പ്രേതാദി ബാധകളെ അകറ്റി ഭൂമിയില്‍ കുടി കൊള്ളാന്‍ അനുഗ്രഹിച്ച്‌ യാത്രയാക്കുന്നു. ഈ കഥാപരിസരമാണ്‌ തീയാട്ടില്‍ അവതരിപ്പിക്കുന്നത്‌. പഞ്ചവര്‍ണപ്പൊടി കൊണ്ട്‌ കളമെഴുതിയാണ്‌ തീയാട്ട്‌ നടത്തുന്നത്‌.
ദാരികവധത്തിനു ശേഷമുള്ള രൗദ്രരൂപിയായ ഭദ്രകാളിയുടെ രൂപമാണ്‌ കളമെഴുതുന്നത്‌. നെല്ല്‌, അരി, നാളികേരം, വിളക്കുകള്‍ എന്നിവ ഉപയോഗിച്ച്‌ കളം അലങ്കരിക്കുന്നു. സന്ധ്യയാകുമ്പോള്‍ സന്ധ്യക്കൊട്ട്‌ നടത്തി തീയാട്ടുണ്ടെന്ന്‌ അറിയിക്കുന്നു. തീയാട്ടിലെ പ്രധാന വാദ്യം പറയാണ്‌. മേളക്കൊഴുപ്പിന്‌ വേണ്ടി ചെണ്ടയും മറ്റും ഉപയോഗിക്കുന്നു.
പിന്നീട്‌ ദേവീചൈതന്യം കളത്തിലേക്ക്‌ ആവാഹിക്കുന്നു. തുടര്‍ന്ന്‌ കളംപൂജ നടത്തി ദേവീസ്‌തുതികള്‍ പാടും. തീയാട്ടമാടുന്നയാള്‍ ദേവീചൈതന്യം സ്വശരീരത്തിലേക്ക്‌ ആവാഹിച്ച്‌ രൗദ്രരൂപിയായ ഭദ്രകാളിയുടെ വേഷം കെട്ടും. പിന്നീട്‌ കളം മായ്‌ച്ച് രംഗത്തുവന്ന്‌ ദാരിക ശിരസ്‌ പിതാവായ മഹാദേവന്‌ സമര്‍പ്പിച്ച്‌ ദാരികവധം കഥ നൃത്താഭിനയത്തില്‍ കൂടി അറിയിച്ച്‌ തീയാട്ട്‌ അവസാനിപ്പിക്കും.
പന്തം കത്തിച്ച്‌ തെള്ളിപ്പൊടി എറിഞ്ഞ്‌ ഭൂത-പ്രേതാദി ബാധകളെ അകറ്റി മുടി അഴിച്ച്‌ ഉഴിഞ്ഞാണ്‌ ചടങ്ങ്‌ അവസാനിപ്പിക്കുന്നത്‌. തെയ്യമാ(ദൈവം)യി ആടുന്നതു കൊണ്ടാണ്‌ തീയാട്ടെന്നും പന്തം ഉഴിച്ചിലിന്‌ പ്രാധാന്യമുള്ളതു കൊണ്ടാണ്‌ തീയാട്ടെന്ന പേര്‌ ഉണ്ടായതെന്നുമാണ്‌ ഐതിഹ്യം. മധ്യകേരളത്തിലെ പ്രധാന അനുഷ്‌ഠാന കലാരൂപങ്ങളില്‍ ഒന്നാണ്‌ ഭദ്രകാളി തീയാട്ട്‌. കോട്ടയം കോടിമത പള്ളിപ്പുറത്ത്‌കാവ്‌ ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്‌ തീയാട്ടാണ്‌. ഇന്നാകട്ടെ തീയാട്ടിന്‌ ജനകീയ മുഖം വന്നതോടെ മധ്യകേരളത്തിലെ ക്ഷേത്രങ്ങളിലും പൈതൃക മേളകളിലും ഈ അനുഷ്‌ഠാന കലാരൂപം അവതരിപ്പിക്കപ്പെടുന്നുണ്ട്‌.
ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക്‌ ദുര്‍ഗാപ്രസാദം വീട്ടില്‍ തീയാട്ടിനെ കുറിച്ചുള്ള കൂടുതല്‍ പഠനത്തിനും മനനത്തിനുമായി സമയം കണ്ടെത്തുകയാണ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി.
തീയാട്ടിനെ ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ 2017 ല്‍ ഫോക്‌ലോര്‍ പുരസ്‌കാരം ലഭിച്ചു. ഇതുകൂടാതെ നിരവധി വേദികളില്‍ ഈ കലാകാരന്‍ ആദരിക്കപ്പെട്ടു. ഭാര്യ കവിതാകുമാരിയും മക്കളായ സവിതയും സന്ധ്യയും ഒപ്പം തീയാട്ടിന്‌ സഹായവുമായി ഒരുകൂട്ടം ചെറുപ്പക്കാരും കണ്ണമംഗലം സുബ്രഹ്‌മണ്യന്‍ സ്വാമിയ്‌ക്കൊപ്പമുണ്ട്‌. അരങ്ങില്‍ വാദ്യങ്ങള്‍ ഒരുക്കാന്‍ പത്തിയൂര്‍ മഹേഷ്‌, പത്തിയൂര്‍ രാജേഷ്‌ എന്നിവരും പാട്ടുമായി ചെട്ടികുളങ്ങര റെജി, ചെട്ടികുളങ്ങര ശിവരാജന്‍ എന്നിവരുമുണ്ട്‌. സജിത്ത്‌ സംഘമിത്രയാണ്‌ വിവരണം നല്‍കുന്നത്‌.
പുതിയ തലമുറ തീയാട്ടിനെ സ്വീകരിക്കുമെന്നും പൂര്‍ണമായി ഈ കല തിരസ്‌കരിക്കപ്പെടില്ലെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ്‌ തീയാട്ട്‌ കലാകാരനായ കണ്ണമംഗലം സുബ്രഹ്‌ണ്യന്‍ സ്വാമിയും അദ്ദേഹത്തിനൊപ്പമുള്ളവരും.

അനില്‍ ചെട്ടികുളങ്ങര

Ads by Google
Sunday 21 Jan 2018 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW