Monday, July 08, 2019 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jan 2018 01.12 AM

ശ്രീനാരായണ ഗുരുദേവ ചരിതാമൃതം

uploads/news/2018/01/185466/3.jpg

മലയാളഭാഷയില്‍ എറ്റവും കുടുതല്‍ കൃതികള്‍ രചിക്കപ്പെട്ടിട്ടുളളത്‌ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ അധികരിച്ചാണ്‌. വിവിധ കാഴ്‌ചപ്പാടുളള വ്യക്‌തികള്‍ വിഭിന്ന തലങ്ങളില്‍ നിന്നുകൊണ്ട്‌ അവരുടേതായ വീക്ഷണകോണുകളിലുടെ ഗുരുവിന്റെ ജീവിതവും കൃതികളും വ്യാഖ്യാനിക്കുകയും പഠനവിധേയമാക്കുകയും ചെയ്‌തു. ഗുരുവിന്റെ അടിസ്‌ഥാനാശയങ്ങളും ദര്‍ശനങ്ങളും നിലനിര്‍ത്തിക്കൊണ്ട്‌, അതേസമയം പുതിയ കണ്ടെത്തലുകളുടെ സാദ്ധ്യത ഉള്‍ക്കൊളളുന്നവയായിരുന്നു അവയില്‍ പലതും.
ഗുരുനിത്യ ചൈതന്യയതിയാണ്‌ ഗുരുദര്‍ശനങ്ങളെ ഏറ്റവും സഫലമായും ഫലപ്രദമായും വ്യാഖ്യാനിച്ചത്‌. ജി.ബാലകൃഷ്‌ണന്‍ നായര്‍, സുബ്രഹ്‌മണ്യന്‍പോറ്റി എന്നിവര്‍ ഗുരുദേവകൃതികളുടെ ആഴങ്ങള്‍ തേടുന്ന പഠനങ്ങള്‍ ജീവിതചര്യയാക്കി മാറ്റി.
പ്രമുഖ സാഹിത്യ നിരൂപകരായ ഡോ.സുകുമാര്‍ അഴീക്കോട്‌, കെ.പി.അപ്പന്‍ എന്നിവരും ശ്രീനാരായണദര്‍ശനങ്ങളുടെ അകംപൊരുള്‍ തേടിയവരാണ്‌. അപ്പന്റെ ചരിത്രത്തെ അഗാധമാക്കിയ ഗുരു അക്കാലത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ്‌. മൂര്‍ക്കോത്ത്‌ കുമാരന്‍, പ്ര?ഫ.എം.കെ.സാനു തുടങ്ങിയ പണ്ഡിതശ്രേഷ്‌ഠന്‍മാര്‍ ഗുരുവിന്റെ ജീവചരിത്ര രചനയിലുടെ ഒരു കാലഘട്ടത്തിന്റെ ദിശാമാറ്റത്തില്‍ ഗുരു വഹിച്ച നിര്‍ണ്ണായകമായ പങ്ക്‌ വളരെ ഫലവത്തായി അടയാളപ്പെടുത്തുകയുണ്ടായി.
കെ.സുരേന്ദ്രന്റെ ഗുരു എന്ന കൃതി ഗുരുവിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട മഹത്തായ നോവലാണ്‌. ഒരു സര്‍ഗാത്മകസാഹിത്യസൃഷ്‌ടിക്ക്‌ ഗുരു വിഷയമാകുകയും അത്‌ കേവലം ചരിത്രരചനയുടെ തലത്തില്‍ നിന്നും സൗന്ദര്യാത്മകമായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന അപൂര്‍വദൗത്യത്തിന്‌ ഗുരു എന്ന നോവല്‍ നിമിത്തമായി.
ഏറ്റവും ഒടുവില്‍ പെരുമ്പടവം ശ്രീധരന്‍ നാരായണം എന്ന പേരില്‍ ഗുരുവിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ തനത്‌ ശൈലിയില്‍ നോവല്‍ രചിക്കുകയുണ്ടായി. സമീപകാലത്ത്‌ ഡോ.കെ.ജയകുമാര്‍ ഐ.എ.എസ്‌ ആത്മോപദേശശതകത്തിന്‌ വ്യാഖ്യാനം രചിക്കുകയും എസ്‌.രമേശന്‍ നായര്‍ ഗുരുവിന്റെ ജീവിതം ആസ്‌പദമാക്കി കാവ്യം ഒരുക്കുകയും ചെയ്‌തു.
മുന്‍ചൊന്ന സാഹിത്യപരിശ്രമങ്ങളില്‍ നിന്നും ഏറെ വിഭിന്നമായ ഒന്നാണ്‌ എസ്‌.എസ്‌.നന്ദീശ്വരന്റെ ശ്രീനാരായണഗുരുദേവചരിതാമൃതം. ഇതിഹാസമഹാകാവ്യം എന്ന്‌ പ്രസാധകര്‍ തന്നെ വിശേഷിപ്പിക്കുന്ന ഈ കൃതി പ്രാഥമികമായി ഐതിഹാസിക മാനങ്ങളുളള ഗുരുവിന്റെ ജീവിതം കേന്ദ്രീകരിച്ച്‌ രചിക്കപ്പെട്ട മഹാകാവ്യമാണ്‌.
മൂന്ന്‌ തലങ്ങളിലാണ്‌ ഈ കൃതി ശ്രദ്ധേയമാകുന്നത്‌. വ്യാഖ്യാനങ്ങളുടെയോ വിശദീകരണങ്ങളുടെയോ അകമ്പടിയില്ലാതെ കഷ്‌ടിച്ച്‌ അക്ഷരാഭ്യാസം സിദ്ധിച്ചവര്‍ക്ക്‌ പോലും മനസിലാക്കാന്‍ പാകത്തില്‍ അതീവലളിതമായ ഭാഷയിലാണ്‌ ആഖ്യാനം നിര്‍വഹിച്ചിട്ടുളളത്‌.
ഗുരുവിന്റെ ജനനം മുതല്‍ മരണം വരെയുളള കാലഘട്ടം ഒരു കഥ പറയുന്ന ചാരുതയോടെ കാവ്യഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. കവിതകളില്‍ പതിവുള്ള ക്ലിഷ്‌ടത പാടേ ഒഴിവാക്കി ഗദ്യത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന പ്രതിപാദനരീതി എല്ലാ തരത്തിലുമുളള വായനക്കാര്‍ക്ക്‌ ഈ കൃതി പ്രാപ്യമാക്കുന്നു. ഗുരുദര്‍ശനങ്ങളെ സംബന്ധിച്ച്‌ സാമാന്യഅവബോധം സൃഷ്‌ടിക്കാനും ഗ്രന്ഥകാരന്‌ കഴിഞ്ഞിട്ടുണ്ട്‌.
ഗുരുഭക്‌തരുടെ ഭവനങ്ങളില്‍ സന്ധ്യാനേരത്തും വിശേഷാവസരങ്ങളിലും പാരായണം ചെയ്യാന്‍ പാകത്തില്‍ ഗുരുവിലെ ദൈവീകഭാവത്തിനാണ്‌ കവി ഇവിടെ മുന്‍തൂക്കം നല്‍കിയിട്ടുളളത്‌. അതേസമയം ഗുരുവിന്റെ ജീവിതം പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഉപകാരപ്രദമാംവിധം ആ മഹത്‌ജീവിതത്തെ സംബന്ധിച്ച്‌ ഒരു സമഗ്രചിത്രം നല്‍കാനും ശ്രദ്ധിച്ചിരിക്കുന്നു. ഗുരുവിന്റെ ജീവിതവും ദര്‍ശനവും അതിന്റെ പൂര്‍ണ്ണതയോടെ കാവ്യരൂപത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നത്‌ ഇതാദ്യമാണെന്ന്‌ പറയാം. സമാനസ്വഭാവമുളള രചനകള്‍ മുന്‍പും സംഭവിച്ചിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ അവയ്‌ക്കൊക്കെ ചില അപര്യാപ്‌തതകളുണ്ടായിട്ടുണ്ട്‌. ഇവിടെയാണ്‌ എസ്‌.എസ്‌.നന്ദീശ്വരന്റെ ഗുരുദേവചരിതാമൃതത്തിന്റെ പ്രസക്‌തി.
ശ്രീനാരായണഗുരുദേവചരിതാമൃതം
ഇതിഹാസ മഹാകാവ്യം
എസ്‌.എസ്‌.നന്ദീശ്വരന്‍
കോനാട്ട്‌ പബ്ലിക്കേഷന്‍സ്‌, അടിമാലി
വില 280

എസ്‌ എസ്‌ നന്ദീശ്വരന്‍

Ads by Google
Sunday 21 Jan 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW