Sunday, June 16, 2019 Last Updated 50 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jan 2018 01.06 AM

ഷഡ്‌പദം-സജില്‍ ശ്രീധര്‍ നോവല്‍

uploads/news/2018/01/185465/2.jpg

രാമു ഏറെനേരം മൗനത്തിന്റെ വാത്മീകത്തിലായിരുന്നു. ''രാമു എന്താ ഒന്നും മിണ്ടാത്തത്‌?''
ഡോക്‌ടറുടെ ചോദ്യം വീണ്ടും വര്‍ത്തമാനപരിസരത്തിലേക്ക്‌ മടക്കി.
രാമു നാടിനെക്കുറിച്ചും അബ്‌കാരി ബിസിനസിനെക്കുറിച്ചും പറഞ്ഞ്‌ തത്‌കാലം തടിതപ്പി.
അത്‌ കൂടുതല്‍ ചോദ്യങ്ങളിലേക്ക്‌ നയിച്ചു. എന്തിന്‌ ഈ നാട്ടില്‍ വന്നു? തനിച്ച്‌ വന്നു?
എല്ലാറ്റിനും തൃപ്‌തികരമായ മറുപടികള്‍ നല്‍കി രക്ഷപ്പെട്ടു. ഒടുവില്‍ ഒരു വാക്ക്‌ കൊണ്ട്‌ കൂടുതല്‍ അന്വേഷണങ്ങളെ പ്രതിരോധിച്ചു.
''വല്ലാത്ത ക്ഷീണം. എനിക്കൊന്ന്‌ മയങ്ങണം ഡോക്‌ടര്‍..''
''ആയിക്കോളൂ..''
ഡോക്‌ടര്‍ അയാളുടെ ശിരസില്‍ തലോടി.
''രാമു വിഷമിക്കണ്ട. എല്ലാം ശരിയാവും. ഞാനൊരു ഈശ്വര്‍ജി ഭക്‌തനാണ്‌. ഏത്‌ വിഷമസന്ധിയിലും അദ്ദേഹം ഒരു വഴി കാണിച്ചു തരും. താത്‌പര്യമെങ്കില്‍ വിശ്വാസപുര്‍വം പ്രാര്‍ത്ഥിച്ചുകൊളളു..''
രാമു ചിരിച്ചുവെന്ന്‌ വരുത്തി കൊണ്ട്‌ തലയാട്ടി. അനിവാര്യമായ വിധിയുടെ വൈരുദ്ധ്യങ്ങളും അത്‌ സൃഷ്‌ടിക്കുന്ന ദുരൂഹസമസ്യകളും നിഗൂഢതയും അവിശ്വസനീയമായി അയാള്‍ക്ക്‌ തോന്നി.
എല്ലാവരും അകന്ന്‌ പോയപ്പോള്‍ അയാള്‍ തനിക്ക്‌ അനുവദിച്ച മുറിയില്‍ ശാന്തമായി കിടന്നു. ഉറക്കം കണ്‍പോളകളെ വന്ന്‌ തൊട്ടു.
പിറ്റേന്ന്‌ പുലര്‍ച്ചെ പതിവ്‌ റൗണ്ട്‌സിന്‌ വന്ന ഡോക്‌ടറും സംഘവും രാമുവിന്റെ ആരോഗ്യനിലയില്‍ സാരമായ മാറ്റമുണ്ടെന്ന്‌ അറിയിച്ചു.
''മുഖത്തിന്‌ വന്ന ഈ മാറ്റമൊഴിച്ചാല്‍ മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഒരാഴ്‌ചക്കുളളില്‍ ഡിസ്‌ചാര്‍ജ്‌ ചെയ്യാം''
രാമു നിശ്ശബ്‌ദം തലയാട്ടി.
''രാമുവിന്റെ വീട്ടില്‍ അറിയിക്കണ്ടേ. നമ്പര്‍ തന്നാല്‍ ഞങ്ങള്‍ വിളിച്ചു പറയാം. ഡിസ്‌ചാര്‍ജിന്‌ വീട്ടുകാര്‍ വേണ്ടേ?''
രാമു വീണ്ടും ത്രിശങ്കുവിലായി. അയാളുടെ മൗനം കണ്ട്‌ ഡോക്‌ടര്‍ ചോദിച്ചു.
'' ആ സംഭവത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ നഷ്‌ടമായീന്ന്‌ തോന്നുന്നു. ഇവിടെയെത്തിച്ച ആളുകള്‍ ഒരു ലതര്‍ബാഗ്‌ ഏല്‍പ്പിച്ചിരുന്നു. അതില്‍ ഒരു ജോടി ഷര്‍ട്ടും കുറച്ച്‌ പണവും മാത്രമേയുളളു. ആശുപത്രിച്ചിലവിന്‌ അത്‌ മതിയാവും..എന്നാലും വീട്ടുകാരെ വിവരം അറിയിക്കണ്ടേ. അഡ്രസോ ആരുടെയെങ്കിലും നമ്പറോ ഓര്‍മ്മ കാണുമല്ലോ..''
രാമു അനിഷ്‌ടത്തോടെ ഡോക്‌ടറെ പാളി നോക്കി. പിന്നെ മൗനം മുറിച്ചു.
''ഞാന്‍..തനിയെ പൊയ്‌ക്കൊളളാം ഡോക്‌ടര്‍..''
'''അയ്യോ...അത്‌..''
രാമു പെട്ടെന്ന്‌ മുഖം തിരിച്ചു. കൂടുതല്‍ കേള്‍ക്കാന്‍ അയാള്‍ ഇഷ്‌ടപ്പെടുന്നില്ലെന്ന്‌ ഡോക്‌ടര്‍ക്ക്‌ വ്യക്‌തമായി.
''രാമു കിടന്നോളു...പിന്നെ കാണാം..''
ഡോക്‌ടറും സംഘവും തിരിഞ്ഞു നടന്നു. ഈ അന്തരീക്ഷത്തില്‍ തുടരുന്നത്‌ കൂടുതല്‍ അപകടകരമാണെന്ന്‌ രാമുവിന്‌ തോന്നി. അയാള്‍ കൂടുതലൊന്നും ആലോചിച്ചില്ല. പലായനം അയാള്‍ക്ക്‌ പുതുമയല്ലല്ലോ?
ആ രാത്രി ആശുപത്രി മുഴൂവന്‍ ഉറക്കമായ സമയത്തിന്റെ അരികുപറ്റി അയാള്‍ പതിയെ പുറത്തിറങ്ങി നടന്നു. ചാരിയിരുന്ന്‌ ഉറക്കം തൂങ്ങുന്ന സെക്യൂരിറ്റികളുടെ കണ്ണുവെട്ടിച്ച്‌ കോമ്പൗണ്ടിന്‌ പുറത്ത്‌ കടന്നു. കയ്യില്‍ ലഗേജുകള്‍ ഇല്ലാത്തതു കൊണ്ട്‌ അസമയത്തെ ആ പോക്കില്‍ ആര്‍ക്കും അസ്വാഭാവികത തോന്നിയില്ല.
ആദ്യം കണ്ട ജംഗ്‌ഷനില്‍ നിറയെ കടകളുണ്ടായിരുന്നു. കൂടുതലും ഹോട്ടലുകളും ഫാസ്‌റ്റ്ഫുഡ്‌ റസ്‌റ്റോറന്റുകളുമായിരുന്നു. അയാള്‍ അവയിലുടെ കണ്ണുകൊണ്ട്‌ ഒരു ഓട്ടപ്രദക്ഷിണം നടത്തി. കൂട്ടത്തില്‍ ഔദാര്യപുര്‍ണ്ണമായ മുഖഭാവമുളള ഒരാളോട്‌ വണ്ടിക്കൂലിക്കുളള പണം യാചിച്ചു. പകരം കയ്യിലെ വാച്ച്‌ ഊരി പണയം വയ്‌ക്കാനുളള സന്നദ്ധത അറിയിച്ചു. അയാള്‍ വാച്ചും അഡ്രസും എഴുതി വാങ്ങി പണം കൊടുത്തു.
ആദ്യം വന്ന സൂപ്പര്‍ഫാസ്‌റ്റില്‍ അയാള്‍ നാട്ടിലേക്ക്‌ തിരിച്ചു.
ഇരുട്ടിലും യാത്രക്കാരില്‍ ചിലര്‍ ഏതോ വിചിത്രജീവിയെ കണ്ടിട്ടെന്ന പോലെ തന്നെ ശ്രദ്ധിക്കുന്നത്‌ അയാള്‍ കണ്ടു. ഈ രൂപം ഒരു ഭാരവും ബാധ്യതയുമാവുകയാണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. ഉറക്കമാണ്‌ എല്ലാറ്റിനും പ്രതിവിധി. നിദ്ര എല്ലാ സങ്കടങ്ങള്‍ക്കും നിരാശകള്‍ക്കും പരിഹാസങ്ങള്‍ക്കും താത്‌കാലിക പരിഹാരമാവുന്നു.
ക്ഷീണം കൊണ്ട്‌ അയാള്‍ ബസിലിരുന്ന്‌ ഉറങ്ങി.
പുലര്‍ച്ചെ ബസ്‌ നാട്ടിലെ കവലയില്‍ വന്നു നിന്നു. കണ്ടക്‌ടര്‍ ഗ്രാമത്തിന്റെ പേര്‌ ഉച്ചത്തില്‍ വിളിച്ചുകൂവുന്നതു കേട്ട്‌ രാമു ഞെട്ടലോടെ എണീറ്റു. അയാള്‍ നാട്ടുമണ്ണിലേക്ക്‌ കാലുകുത്തേണ്ട താമസം ബസ്‌ ശീഘ്രം പാഞ്ഞുപോയി. സ്‌റ്റോപ്പില്‍ അയാള്‍ മാത്രമേ ഇറങ്ങാനുണ്ടായിരുന്നുളളു.
കടകളില്‍ പലതും തുറന്നിട്ടുണ്ടായിരുന്നില്ല. വീടുകളില്‍ പശുവിന്‍ പാല്‌ കുപ്പിയിലാക്കി കൊണ്ടു കൊടുക്കുന്ന രാജപ്പന്‍ മോപ്പഡില്‍ വന്നു പോയി. വീട്ടില്‍ പതിവായി പത്രമിടുന്ന പയ്യനും കടന്നു പോയി. പരിചയമുള്ള ചില വഴിയാത്രക്കാരും രാമുവിനെ കടന്നു പോയി. എല്ലാവരും തന്നെ കണ്ടിട്ടും കണ്ടഭാവം നടിക്കുന്നില്ല.
ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന്‌ രാമുവിന്‌ വ്യക്‌തമായി. ഒരു കണക്കിന്‌ അത്‌ നന്നായി. കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ടി വരില്ലല്ലോ? ചിലര്‍ ഏതോ ഭീകരജീവിയെ കണ്ടതു പോലെ തുറിച്ചു നോക്കുന്നുണ്ട്‌. രാമു അവര്‍ക്ക്‌ മുഖം കൊടുക്കാതെ വിരുദ്ധദിശയിലേക്ക്‌ നടന്നു.
വീട്ടില്‍ ആരുമുണ്ടാവില്ലെന്ന്‌ ഉറപ്പാണ്‌. അത്‌ വാടകയ്‌ക്ക് കൊടുത്തിട്ട്‌ നാളേറെയായി.
എന്നാലും സൗമിനിയുടെ വീട്ടിലേക്ക്‌ പോകേണ്ടത്‌ അതുവഴിയാണ്‌. ജനിച്ചുവളര്‍ന്ന ഭൂമി ഒരു നോക്ക്‌ കാണാനുളള ആഗ്രഹം മനസില്‍ മുളപൊട്ടി. രാമു കാലുകള്‍ വലിച്ചുവച്ച്‌ അതിവേഗം നടന്നു.
പത്തുമിനിറ്റിനുളളില്‍ വീട്ടുമുറ്റത്ത്‌ എത്തി. പ്രായമായ ഒരു സ്‌ത്രീ മുറ്റമടിക്കുന്നത്‌ കണ്ടു. അവര്‍ തല ഉയര്‍ത്തി നോക്കിയത്‌ അവന്റെ മുഖത്തേക്കാണ്‌. പിശാചിനെ കണ്ട ഭാവത്തോടെ അവള്‍ നിലവിളിച്ചു കൊണ്ട്‌ അകത്തേക്കോടി. പിന്നാലെ അവരുടെ ഭര്‍ത്താവെന്ന്‌ തോന്നിക്കുന്ന മനുഷ്യന്‍ പുറത്തേക്ക്‌ വന്നു. പുതിയ വാടകക്കാരാവുമെന്ന്‌ രാമു ഊഹിച്ചു. അയാള്‍ അവന്റെ അടുത്തേക്ക്‌ വന്ന്‌ മുഖത്തേക്ക്‌ സൂക്ഷിച്ചുനോക്കി. അയാളിലും ജുഗുപ്‌സയും വെറുപ്പും നിറയുന്നത്‌ രാമു ശ്രദ്ധിച്ചു.
''നിങ്ങളാരാ...എന്ത്‌ വേണം?''
''ലീലാമണിയുടെ വീടല്ലേ ഇത്‌?''
രാമു വളരെ സ്വാഭാവികമായി ചോദിച്ചു.
''അല്ല..ഞങ്ങളുടെ വീടാ..എന്തേ..?''
''നിങ്ങള്‍ വാടകയ്‌ക്കാണോ..അതോ..''
''ഇതൊക്കെ നിങ്ങളെന്തിനാ അറിയുന്നത്‌?''
അയാള്‍ സ്വരം കടുപ്പിച്ചു. രാമുവിന്‌ ഉത്തരം മുട്ടി. എന്നിട്ടും അയാള്‍ വിക്കി വിക്കി പറഞ്ഞു.
''ഞാന്‍ ലീലാമണിയമ്മയെ തിരക്കി വന്നതാ...''
''അവര്‌ മരിച്ചിട്ട്‌ വര്‍ഷം ഒന്നു കഴിഞ്ഞപ്പഴാ ഞങ്ങളീ വീടും പുരേടവും വിലയ്‌ക്ക് വാങ്ങീത്‌..''
അയാള്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.
രാമു ഒന്ന്‌ ഞെട്ടി.
അമ്മ....
അയാളുടെ കണ്‍കുഴികളില്‍ നീര്‌ പൊടിഞ്ഞു. നിശ്ശബ്‌ദമായ ഒരു തേങ്ങല്‍ തൊണ്ടയില്‍ വീണുടഞ്ഞു.
''അവരടെ ആരാ നിങ്ങള്‌..?''
അയാള്‍ ചോദിച്ചു.
''ആരുമല്ല. ഒരു പരിചയക്കാരന്‍..വരട്ടെ..''
കൂടുതല്‍ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ശേഷിയില്ലാതെ അയാള്‍ തിരിഞ്ഞു നടന്നു.
സൗമിനിയുടെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഹൃദയവ്യഥയോടെ അയാള്‍ തിരിച്ചറിഞ്ഞു. ഈ നാട്ടില്‍ ആരും തന്നെ തിരിച്ചറിയുന്നില്ല. ഏതോ അന്യഗ്രഹജീവിയെ എന്ന പോലെ അറപ്പോടും വെറുപ്പോടും കൗതുകത്തോടും അവര്‍ തന്നെ നോക്കുന്നു.
പക്ഷെ രാമുവിന്‌ നിരാശ തോന്നിയില്ല. ഏത്‌ രൂപത്തിലും ഭാവത്തിലും സൗമിനി തന്നെ തിരിച്ചറിയും. തന്റെ ശബ്‌ദം., രൂപത്തിലെ നേര്‍ത്ത സൂചനകള്‍, ശരീരത്തിലെ നേര്‍ത്ത അടയാളങ്ങള്‍, ഗന്ധം... ഒന്നും അവള്‍ക്ക്‌ മറക്കാന്‍ കഴിയില്ല. ഇനി അവള്‍ മറന്നാലും കുഞ്ഞുങ്ങള്‍...രക്‌തം രക്‌തത്തെ തൊട്ടറിയുക തന്നെ ചെയ്യും..
ആശ്രമത്തില്‍ വച്ച്‌ മിനിക്കുട്ടി അച്‌ഛാ...എന്ന്‌ വിളിച്ച നിമിഷത്തിന്റെ ഓര്‍മ്മ അയാളില്‍ പ്രതീക്ഷ നിറച്ചു. ആര്‌ അറിഞ്ഞില്ലെങ്കിലും അവള്‍ തന്നെ അറിയും. മകനേക്കാള്‍ മകള്‍ക്കായിരുന്നു തന്നോട്‌ അടുപ്പവും ഇഷ്‌ടവും...
ആലോചിച്ചു നടന്ന്‌ സൗമിനിയുടെ വീടെത്തിയത്‌ അയാള്‍ അറിഞ്ഞില്ല. വീടിന്‌ മുന്നിലെ ആള്‍ക്കൂട്ടവും ബഹളവും ഒരുക്കങ്ങളും അയാള്‍ ശ്രദ്ധിച്ചു. പരിചയമുള്ള ആരെയും കാണാനില്ല. മുറ്റത്ത്‌ പന്തല്‌ കെട്ടുന്നതിന്റെയും അലങ്കാരപ്പണികള്‍ ചെയ്യുന്നതിന്റെയും തിരക്കിലാണ്‌ എല്ലാവരും. കുട്ടികള്‍ മുറ്റത്ത്‌ ഓടിക്കളിക്കുന്നുണ്ട്‌. അക്കൂട്ടത്തിലൊന്നും മിനിക്കുട്ടിയും മകനുമില്ല.
എല്ലാറ്റിനും നേതൃത്വം നല്‍കിക്കൊണ്ട്‌ കുമാരന്റെ ജ്യേഷ്‌ഠന്‍ സുഗുണന്‍ മുന്നിലുണ്ട്‌. രാമു അയാള്‍ക്ക്‌ അരികിലേക്ക്‌ ചെന്നു. സുഗുണന്‍ അവനെ സൂക്ഷിച്ച്‌ നോക്കി. വല്ലാത്ത ഒരു അപരിചിതഭാവം ഉണ്ടായിരുന്നു അയാളുടെ കണ്ണുകളില്‍. സുഗുണനും
ആ ചോദ്യം ആവര്‍ത്തിച്ചു. ''ആരാ..?''
''രാമു...'' അവന്‍ പതിഞ്ഞ ശബ്‌ദത്തില്‍ പറഞ്ഞു.
''രാമൂന്റെ ആരാ...'' രാമുണ്ണി നടുങ്ങിത്തെറിച്ചു.
''കൂട്ടുകാരനാ...''
''സുഗുണന്‍ ചിറ്റപ്പന്‌ എന്നെ മനസിലായില്ലേ..''
അവന്‍ പേര്‌ വിളിച്ച്‌ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു.
''എന്നെ അറിയ്വോ...ഓ..രാമൂന്റൊപ്പം ഇവിടെ വന്നിട്ടുണ്ടാവുംല്ലേ..ക്ഷമിക്കണം കേട്ടോ..പെട്ടെന്ന്‌ കണ്ടിട്ട്‌ ഓര്‍മ്മ കിട്ടുന്നില്ല..അല്ലാ..മൊഖത്ത്‌ ഇത്‌ എന്ത്‌ പറ്റീതാ..അസുഖം വല്ലോം..?''
അയാള്‍ ഇതര വിഷയങ്ങളിലേക്ക്‌ കടക്കുകയാണ്‌. തന്റെ മുഖം മാത്രമല്ല, വ്യക്‌തിത്വവും സ്വത്വവും അസ്‌തിത്വവും എല്ലാം നഷ്‌ടപ്പെട്ടു കഴിഞ്ഞതായി രാമു തിരിച്ചറിഞ്ഞു. ആരുടെയും മനസില്‍ ആ പഴയ രാമു ഇല്ല. സ്വയം തെളിയിക്കാനും ബോധ്യപ്പെടുത്താനുമുളള വിഫലശ്രമങ്ങളുടെ നിരര്‍ത്ഥകത അയാള്‍ വളരെ വേഗം ഉള്‍ക്കൊണ്ടു. എന്നിട്ടും ഒരു അവസാന ശ്രമമെന്നോണം അയാള്‍ ചോദിച്ചു.
''സൗമിനി...?''
''ങ്‌ാഹാ..അവളെയും അറിയുവോ...ഓ..രാമൂന്റെ ചങ്ങായിയല്ലേ..അപ്പോ പിന്നെ അവളെ അറിയാണ്ടിരിക്കുവോ..''
''അവര്‌ അമ്പലത്തി പോയേക്കുവാ..കുമാരനും വത്സലേം പുളളാരും എല്ലാമുണ്ട്‌. ഒരു നല്ല കാര്യം നടക്കുന്ന ദെവസല്ലേ..''
മണ്ഡപം ഒരുക്കുന്ന ഭാഗത്തേക്ക്‌ നോക്കി രാമു ചോദിച്ചു.
''പന്തലൊക്കെ..ചടങ്ങ്‌ വല്ലോം..?''
''അപ്പോ കുഞ്ഞ്‌ അറിഞ്ഞില്ലേ ഒന്നും..?''
അവന്‍ ഇല്ല എന്ന മട്ടില്‍ നിന്നു. മനസിലെ ഭാവം മുഖത്ത്‌ പ്രകടമാകുന്നില്ല. മുഖം നഷ്‌ടപ്പെട്ട ഒരാള്‍ക്ക്‌ അതിന്‌ കഴിയില്ലല്ലോ? ആ മൗനം പൂരിപ്പിച്ചുകൊണ്ട്‌ സുഗുണന്‍
സംസാരിച്ചു.
''ആ ചെക്കന്‍ ചത്തിട്ട്‌ കൊല്ലം കൊറെയായില്ലേ. ഇനീം പെണ്ണിനെ ഇങ്ങനെ നിര്‍ത്തിക്കോണ്ടിരിക്കാന്‍ പറ്റുവോ. അവള്‌ ചെറുപ്പവല്ലേ. കുമാരന്റെ കൂട്ടുകാരന്റെ മകന്‍ വാസുദേവന്റെ ഒരാലോചന വന്നു. അവനും രണ്ടാംകെട്ടാ. ഭാഗ്യത്തിന്‌ പുളേളരില്ല.
അവര്‌ താത്‌പര്യം പറഞ്ഞ്‌ വന്നപ്പോ പിന്നെ ഞങ്ങളായിട്ട്‌ എതിര്‍ക്കാന്‍ പോയില്ല. അവളൊത്തിരി ഒഴിയാന്‍ നോക്കീതാ. പിന്നെ ഞങ്ങള്‌ പറഞ്ഞ്‌ സമ്മതിപ്പിച്ചു.പുളേളര്‌ പറക്കമുറ്റിയാ പിന്നെ അവക്കും കൂട്ടിന്‌ ഒരാള്‍ വേണ്ടായോ..ഏതായാലും കുരുത്തത്തിന്‌ പെണ്ണ്‌ സമ്മതിച്ചു. ഇന്ന്‌ വാക്കുറപ്പീരാ. ഏതാണ്ട്‌ ഒരു നിശ്‌ചയം പോലെ തന്നെ. പതിനൊന്ന്‌ മണിയാ ജ്യോത്സ്യന്‍ പറഞ്ഞ മുഹൂര്‍ത്തം. അവരിപ്പം ഇങ്ങെത്തും. ഒന്ന്‌ നിന്നാ കണ്ടിട്ട്‌ പോകാം. കുഞ്ഞ്‌ ചുമ്മാ എറങ്ങീതാന്നോ..''
രാമുവിന്റെ മനസില്‍ ഒരു സ്വപ്‌നക്കൊട്ടാരം ഇടിഞ്ഞുതകര്‍ന്ന്‌ ഭസ്‌മമാകുകയായിരുന്നു. അയാള്‍ ജീവനുളള ഒരു പ്രതിമ പോലെ നിന്നു. നിയതി രാമുണ്ണിയില്‍ നിന്ന്‌ എല്ലാ പ്രതീക്ഷകളും മായ്‌ച്ചുകഴിഞ്ഞിരിക്കുന്നു.
''കയറിയിരിക്കാം..'' സുഗുണന്‍ അയാളെ അകത്തേക്ക്‌ ക്ഷണിച്ചു.
''വേണ്ട..'' രാമു യാത്ര പോലും പറയാതെ തിരിഞ്ഞു നടന്നു.

Ads by Google
Sunday 21 Jan 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW