Sunday, April 21, 2019 Last Updated 13 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jan 2018 01.04 AM

മലാഖമാരുടെ തോട്ടം

uploads/news/2018/01/185464/1.jpg

ഇരുമ്പുഗെയ്‌റ്റ് കടന്നുചെല്ലുമ്പോള്‍ മുന്നില്‍കണ്ട കൊച്ചുമാവില്‍ നിറഞ്ഞുനിന്ന മാമ്പൂക്കള്‍ കാറ്റില്‍ ഇളകിയാടി.
വാല്‍സല്യത്തോടെ പരിചരിക്കുന്നവരെ കണ്ടപ്പോഴുള്ള സ്‌നേഹപ്രകടനം പോലെ. തൊട്ടപ്പുറത്തുനിന്ന തെങ്ങ്‌ ചൊട്ടയിട്ടത്‌ ചൂണ്ടിക്കാട്ടി സന്തോഷം പങ്കിട്ട സിസ്‌റ്റര്‍ ലിസി റോസ്‌ പക്ഷേ, നിലംപൊത്തിയ കുലച്ച ഏത്തവാഴകള്‍ക്കരികിലെത്തിയപ്പോള്‍ മൗനിയായി. നട്ടുനനച്ച്‌ വളര്‍ത്തി വലുതാക്കിയിട്ട്‌ കാറ്റു ചതിച്ചതിന്റെ വിഷമം ആ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.
മാവില്‍ താഴ്‌ന്നു കിടന്ന മാങ്ങകളിലൊന്ന്‌ പൊട്ടിച്ചെടുക്കുമ്പോള്‍ മനസുകൊണ്ട്‌ അവരിപ്പോഴും കുഞ്ഞാണെന്നു തോന്നി. കൈകളിലേക്ക്‌ മാങ്ങയുടെ ചുണങ്ങ്‌ ഒഴുകിയിറങ്ങിയതൊന്നും അവര്‍ ഗൗനിച്ചതേയില്ല.
കോളജ്‌ മെസില്‍ ഉച്ചഭക്ഷണം വിളമ്പുന്നതിനു മുമ്പുള്ള തിരക്കിനിടയിലാണ്‌ സിസ്‌റ്റര്‍ ലിസിയെ കാണുന്നത്‌. നിറഞ്ഞ ചിരിയോടെ വച്ചുനീട്ടിയ നാരങ്ങവെള്ളം കുടിച്ചതിനുശേഷം തോട്ടം കാണാനുള്ള താല്‍പര്യം അറിയിച്ചു. അത്‌ അവരുടെ മുഖത്തുവരുത്തിയ പ്രകാശം ചെറുതായിരുന്നില്ല. ആ മണ്ണിനെ അവര്‍ അത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്‌ ബോധ്യമായി. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച്‌ കോളജ്‌ പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ ഡോ: പി.വി. ലില്ലിയും തോട്ടത്തിലേക്കിറങ്ങാന്‍ മുന്നിട്ടെത്തി. പാലക്കാട്‌ നഗരഹൃദയത്തില്‍ മാലാഖമാര്‍ നട്ടുനനയ്‌ക്കുന്ന തോട്ടത്തിലേക്ക്‌ അവര്‍ക്കൊപ്പം നടന്നു.
പാലക്കാട്‌ നഗരത്തിലെ മേഴ്‌സി കോളജിലാണ്‌ അഞ്ചര ഏക്കറോളം വരുന്ന മാലാഖമാരുടെ തോട്ടം. ഇഞ്ചി മുതല്‍ ചോളം വരെ ഇവിടെ വിളയുന്നു, രാസവളങ്ങളൊന്നുമില്ലാതെ. കുട്ടികളെ നോക്കും പോലെ നല്‍കുന്ന പരിചരണത്തിന്റെ ഫലം. 2011 ല്‍ ഹോസ്‌റ്റല്‍ മെസിന്റെ ചുമതലയിലേക്ക്‌ സിസ്‌റ്റര്‍ ലിസി റോസ്‌ എത്തുമ്പോള്‍ കാടുപിടിച്ചു കിടക്കുകയായിരുന്നു ഈ അഞ്ചരയേക്കര്‍ ഭൂമി. പേരിന്‌ ഒരു തെങ്ങുപോലും ഇല്ലാതെ.
ഇന്ന്‌ സ്‌ഥിതിമാറി. വരള്‍ച്ച പിടികൂടുംവരെ നാലുമാസക്കാലം കോളജ്‌ മെസില്‍ വിളമ്പുന്നത്‌ ഇവിടെ ഉത്‌പാദിപ്പിക്കുന്ന പച്ചക്കറി മാത്രമാണ്‌.
എന്തുംവിളയുന്ന മണ്ണാണിതെന്ന്‌ സിസ്‌റ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തും. അതുസത്യമാണെന്ന്‌ ഒരുതവണയെങ്കിലും ഇവിടെ എത്തുന്നവര്‍ക്ക്‌ ബോധ്യപ്പെടും. കാടുപിടിച്ചു കിടന്ന സ്‌ഥലത്ത്‌ കൃഷിയിറക്കാനുള്ള ആശയം മുന്നോട്ടുവച്ചത്‌ സിസ്‌റ്റര്‍ ലിസിയാണ്‌. അനുമതി ലഭിച്ചതോടെ ഗ്രൗണ്ടിനോട്‌ ചേര്‍ന്നു കിടക്കുന്ന സ്‌ഥലത്ത്‌ പണി തുടങ്ങി.
ആദ്യം 200 തെങ്ങും 250 വാഴയുമാണ്‌ നട്ടത്‌. വെള്ളവും വളവും നല്‍കിയതിനൊപ്പം മൂന്നുനേരവും സിസ്‌റ്ററുടെ സ്‌നേഹസാമീപ്യം കൂടിയായപ്പോള്‍ അവയൊക്കെ തളിര്‍ത്തുവന്നു. പുതുമണ്ണിലെ പച്ചപ്പ്‌ മനസിനു നല്‍കിയ ആവേശം ചെറുതായിരുന്നില്ലെന്ന്‌ സിസ്‌റ്റര്‍ ലിസി പറഞ്ഞു.
അങ്ങിനെ പച്ചക്കറി കൃഷിയ്‌ക്കും തുടക്കമിട്ടു. ആദ്യം കുറച്ചുഭാഗത്താണ്‌ പച്ചക്കറി കൃഷി ഇറക്കിയത്‌. ഇപ്പോള്‍ ഒരേക്കറിലധികം സ്‌ഥലത്തും പച്ചക്കറിയാണ്‌. വെണ്ട, പയര്‍, പച്ചമുളക്‌, ചുരയ്‌ക്ക, മത്തന്‍, കുമ്പളം, പാവയ്‌ക്ക, കോവയ്‌ക്ക, തക്കാളി, ഇഞ്ചി തുടങ്ങി ഒട്ടുമിക്ക ഇനങ്ങളുമുണ്ട്‌. കച്ചവട താല്‍പ്പര്യമില്ലാത്ത കൃഷിയാണിത്‌. വേനല്‍ ബാധിച്ചുതുടങ്ങുംവരെ നാലുമാസക്കാലം കോളജ്‌ ഹോസ്‌റ്റലിലെ ഇരുനൂറ്റിഅമ്പതോളം വിദ്യാര്‍ഥികള്‍ക്കു വെച്ചുവിളമ്പാന്‍ മാത്രം.
വെള്ള ക്ഷാമം തുടങ്ങുമ്പോള്‍ പച്ചക്കറി കൃഷിയ്‌ക്ക് ഇടവേള നല്‍കും. കുഴല്‍കിണറുണ്ടെങ്കിലും ഇത്രയധികം സ്‌ഥലത്ത്‌ നനച്ചെത്തില്ല. ചേന, ചേമ്പ്‌, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, മരച്ചീനി തുടങ്ങിയവയൊക്കെ തോട്ടത്തിലെ ഓരോ ഭാഗത്തായുണ്ട്‌. വിളഞ്ഞുനില്‍ക്കുന്ന ചോളവും തോട്ടത്തിന്റെ മനോഹാരിത കൂട്ടുന്നു. നേന്ത്രവാഴയും ഞാലിപ്പൂവനും ഒക്കെ നിരയായി നില്‍ക്കുന്നു. വാഴയെങ്കിലും വാണിജ്യാടിസ്‌ഥാനത്തിലാവും കൃഷിയെന്നു കരുതി ചോദിച്ചു. എല്ലാം കുട്ടികളെ ഉദ്ദേശിച്ചാണെന്ന്‌ മറുപടി. ആറുമാസത്തിലേറെ ഉപയോഗിക്കാനുള്ള അച്ചാറുണ്ടാക്കുന്നതിനു പുറമെ മാങ്ങ പഴുപ്പിക്കുകയും ചെയ്യും.
വാഴകള്‍ക്കിടയിലെല്ലാം മാവിന്‍തൈകളും തെങ്ങിന്‍തൈകളും നട്ടിട്ടുണ്ട്‌. 150 ഓളം മൂവാണ്ടന്‍ മാവും പത്തു തരത്തിലുള്ള നൂറോളം ഒട്ടുമാവുകളുമാണുള്ളത്‌. മല്‍ഗോവ, സിന്ദൂരം, കിളിമൂക്ക്‌, അല്‍ഫോണ്‍സ, വെങ്ങവല്ലി തുടങ്ങി കൊതിയൂറുന്ന വിവിധയിനം മാങ്ങകള്‍ തോട്ടത്തിലുണ്ട്‌. വാഴ കൃഷി മാവിനും തെങ്ങിനുമുള്ള കരുതലാണ്‌. സ്‌പ്രിംഗ്ലറും തുള്ളിനനയും പരീക്ഷിച്ചെങ്കിലും വിജയിച്ചില്ലെന്ന്‌ സിസ്‌റ്റര്‍ പറയുന്നു. ഇപ്പോള്‍ ഓരോ തെങ്ങിന്‍ തൈയുടെ ചുവട്ടിലും ആഴ്‌ചയിലൊരിക്കല്‍ നനയ്‌ക്കുന്നതാണ്‌ കൂടുതല്‍ ഫലപ്രദമായത്‌.
ഉപയോഗിക്കാതെ കിടന്ന ഈ മണ്ണ്‌ പുതുമയുളളതാണെന്നും വളക്കൂറുള്ളതാണെന്നും മനസിലാക്കിയാണ്‌ കൃഷി ആരംഭിച്ചതെന്ന്‌ സിസ്‌റ്റര്‍ ലിസി റോസ്‌ പറയുന്നു. കോളജില്‍ തന്നെ വളര്‍ത്തുന്ന പശുക്കളുടെ ചാണകവും ബയോഗ്യാസ്‌ മാലിന്യവുമാണ്‌ വളമായി ഉപയോഗിക്കുന്നത്‌.
ബയോഗ്യാസ്‌ മാലിന്യം ഇനി വെള്ളത്തിനൊപ്പം ഓരോ ചെടിയിലും എത്തുംവിധം ക്രമീകരണം ഏര്‍പ്പെടുത്താനാണ്‌ ശ്രമം. രാസവളങ്ങളുടെയും കീടനാശിനികളുടെയും സ്‌ഥാനം പടിക്കു പുറത്താണ്‌.
തിരിച്ചു നടക്കുമ്പോള്‍ കൂട്ടിലുള്ള റോട്‌വീലര്‍ ചെറുതായൊന്ന്‌ കിണുങ്ങി. സിസ്‌റ്റര്‍ അടുത്തെത്തിയപ്പോള്‍ അവന്‍ മുന്‍കാലുകള്‍ കൂട്ടിലെ അഴികള്‍ക്കിടയിലൂടെ നീട്ടി. അതിലൊന്നു തടവിയപ്പോള്‍ അവന്‍ മുഖംനീട്ടി, സ്‌നേഹം നിറഞ്ഞ തലോടലിനായി.

എന്‍. രമേഷ്‌

Ads by Google
Sunday 21 Jan 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW