Monday, July 22, 2019 Last Updated 11 Min 23 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 20 Jan 2018 08.41 PM

വജ്രമാണ് ഫഹദ്

ഫഹദ് ഫാസില്‍. കഥാപാത്രങ്ങളിലേക്കു പകരുന്ന അസാധാരണ ഊര്‍ജമാണ് ഈ മനുഷ്യനെ അസൂയമാത്രം തോന്നുന്ന നടനാക്കുന്നത്. തൃഷ്ണയ്ക്കും യാഥാര്‍ഥ്യങ്ങള്‍ക്കുമിടയില്‍, മോഹത്തിനും മോഹഭംഗത്തിനുമിടയില്‍ ഭയത്തിനും സാഹസികയ്ക്കുമിടയില്‍ പകര്‍ന്നാടി നില്‍ക്കുന്ന, ഈ ചെറിയ മനുഷ്യന്റെ വലിയ പ്രകടനം ഒരിക്കല്‍കൂടി, വന്യമായ കാട്ടിന്റെ പശ്ചാത്തലത്തില്‍ കാണാനുള്ള അവസരമാണ് കാര്‍ബണ്‍. ആ പ്രകടനത്തിന് ഫുള്‍മാര്‍ക്കാണ്
Malayalam movie carbon review

കണ്ണുകൊണ്ടല്ല, കഴുത്തുകൊണ്ടു പോലും അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. കാര്‍ബണില്‍ സമീറയെ (മംമ്ത മോഹന്‍ദാസ്) പേരുവിളിക്കാതെ കഴുത്തുനീട്ടി വിളിക്കുന്നതു സമീറയ്ക്കു മാത്രമല്ല, എല്ലാവര്‍ക്കും മനസിലാകുന്നതും അതുകൊണ്ടാണല്ലോ. അടിമുടി നടനം പൂത്തിറങ്ങിയ ഒരു ശരീരമാണ് ഫഹദ് ഫാസില്‍. ആ നടനിലേക്ക് മനുഷ്യന്റെ ഉള്ളിലെ തൃഷ്ണയും തിരച്ചിലും കൊണ്ടുനടക്കുന്ന സിബി എന്ന പാലാക്കാരനെ കേറ്റിവിട്ടിരിക്കുകയാണ് വേണു. കാര്‍ബണ്‍ എന്ന സിനിമയുടെ വിശേഷണം ആഷസ് ആന്‍ഡ് ഡയമണ്ട്‌സ് എന്നാണ്. അതായത് കരിക്കട്ടയും വജ്രവും. എന്നാല്‍ ചാരമേതാണ് വജ്രമേതാണ് എന്നുതിരയേണ്ടത് കാഴ്ചക്കാരനാണെന്നു മാത്രം. പുറമേ ഋജുവായി തോന്നുമെങ്കിലും കഥാഘടനയിലുടനീളം മിസ്റ്റിക്ക് ആയ, കബളിപ്പിക്കുന്ന കഥാപാത്രങ്ങളും ഘടനയുമുള്ള സിനിമയായാണ് കാര്‍ബണ്‍ അനുഭവപ്പെട്ടത്.

പ്രപഞ്ചത്തിലേറ്റവും കൂടുതലുള്ള മൂലകങ്ങളിലൊന്നാണു കാര്‍ബണ്‍. മറ്റുവസ്തുക്കളുമായി അനായാസം ബോണ്ട്(ബന്ധം) ഉണ്ടാക്കാന്‍ കഴിയുന്നുവെന്നതാണ് കാര്‍ബണിന്റെ സവിശേഷത. എന്നാല്‍ വേണുവിന്റെ കാര്‍ബണിന് അങ്ങനെയൊരു സവിശേഷത അവകാശപ്പെടുവാനാവുമെന്നു തോന്നുന്നില്ല. എല്ലാത്തരത്തിലുള്ള കാഴ്ചക്കാരുമായി എളുപ്പത്തിലൊരു ബന്ധം സ്ഥാപിക്കാന്‍ അതിന്റെ ഘടനയ്ക്കു കഴിയുമെന്നു തോന്നുന്നില്ല. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് ആഖ്യാനത്തിന്റെ മറ്റൊരു തരത്തിലുള്ള അവതരണമെന്നു വേണമെങ്കിലും വിശേഷിപ്പിക്കാം. ഉള്ളിലെ നിധി കണ്ടെത്താതെ കാണാനിധി തിരിഞ്ഞിറങ്ങുന്ന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ചിന്ത, കാടുകയറിയ ചിന്ത. അതെ ചിലപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കാടുകയറിയ ചിന്തയാണ് കാര്‍ബണ്‍. സിനിമയുടെ ഏറിയപങ്കും കാട്ടിലാണ്. ഗൂഢമായ, വന്യമായ, മഞ്ഞുപുതച്ച ഇരുണ്ട കാട്. ആ കാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് ഒരു ട്രക്കിങ്ങിന്റെ സുഖമുണ്ട്. നിധിവേട്ടയുടെ ത്രില്ലുണ്ട്, സര്‍വൈവലിന്റെ ആകാംക്ഷയുണ്ട്. പക്ഷേ ഒരു മന്ദതാളം മൊത്തത്തില്‍ പൊതിഞ്ഞുനില്‍ക്കുന്നതുകൊണ്ട് സംശയങ്ങളും ചോദ്യങ്ങളും അലോസരപ്പെടുത്തുകയും ചെയ്യും.

Malayalam movie carbon review


സിബിയായാണ് ഫഹദ് ഫാസില്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. സിബിയെ കാണാനില്ലെന്നും മരതകമാണിക്യം പോലുള്ള എന്തോ 'ഉഡായിപ്പുമായിട്ട്' ഇറങ്ങിയിരിക്കുകയാണെന്നും സിബിയുടെ അച്ഛനെ കൂട്ടുകാര്‍ അറിയിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നായകനെ കാണിക്കുംമുമ്പ് അയാള്‍ ഒരു തട്ടിപ്പുകാരനും എങ്ങനെയും പണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നയാളുമാണെന്ന് നമ്മള്‍ക്കു മനസിലാകുന്നു. ആദ്യസീനില്‍ സിബി കോട്ടയത്തെ വിന്‍സര്‍ കാസിലിലെ ഹോട്ടലില്‍ ഓട്ടോയില്‍വന്നിറങ്ങി താനതുതന്നെയാണെന്ന് ഉറപ്പിക്കുന്നുണ്ട്. എളുപ്പത്തില്‍ പണക്കാരനാകാനുള്ള സിബിയുടെ ശ്രമങ്ങള്‍ക്കും ഭ്രമങ്ങള്‍ക്കുമിടയിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ആ ശ്രമങ്ങള്‍ക്കിടയിലെ ഊരാക്കുടുക്കുകള്‍ അയാളെ ചീങ്കണ്ണിപ്പാറയിലെ കാട്ടിനുള്ളിലെ ഒഴിഞ്ഞ ബംാവിലേക്ക് എത്തിക്കുന്നു. അവിടെ ഒരു ട്രക്കിങ് ടൂറിസ്റ്റ് സ്‌പോട്ട് ഒരുക്കാനാണ് അയാളെത്തുന്നതെങ്കിലും ആ പ്രദേശത്തെ ചുറ്റിവരഞ്ഞ ദുരൂഹതകള്‍ അയാളുടെ ഉള്ളിലെ വന്യമോഹങ്ങളെ ഊതിക്കത്തിക്കുന്നു. പയ്യെ അതൊരു നിധിവേട്ടയിലേക്കു പരിണമിക്കുന്നു.

Malayalam movie carbon review

ബോളിവുഡ് ഛായാഗ്രഹകനായ കെ.യു. മോഹനന്റെ ദൃശ്യങ്ങളാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളൊന്ന്. വളരെ ആഴമുള്ള, കാടിനെ തിയറ്ററിലെത്തിക്കുന്ന ഒറിജിനല്‍ വിഷ്വലുകളാണ് ഓരോ ഫ്രെയിമിലും നിറഞ്ഞുനില്‍ക്കുന്നത്. ഈ റിച്ച്‌നെസ് സിനിമയുടെ മന്ദഗതിയെ മറികടക്കാന്‍ ചെറുതായൊന്നുമല്ല സഹായിക്കുന്നത്. വളരെക്കുറച്ചു കഥാപാത്രങ്ങളെ സിനിമയിലുള്ളു. മമ്ത മോഹന്‍ദാസ്, കൊച്ചുപ്രേമന്‍, ഗപ്പിയിലെ ചേതന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണു കാട്ടിലെ രംഗങ്ങളില്‍. ഇതില്‍ കൊച്ചുപ്രേമന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. എല്ലാ കഥാപാത്രങ്ങളിലും ഒരു തരം ഭ്രമാത്മകത നിറച്ചുവച്ചിട്ടുണ്ട് വേണു. അതുകണ്ടെത്തുകയും തീര്‍ച്ചപ്പെടുത്തുകയും അത്ര എളുപ്പമല്ല. സിനിമയുടെ ആസ്വാദനത്തിലെ വെല്ലുവിളിയും അതാണ്. വേണുവാണ് തിരക്കഥയും. മുന്‍ചിത്രങ്ങളായ ദയയില്‍ എം.ടിയും മുന്നറിയിപ്പില്‍ ഉണ്ണി ആറും ആയിരുന്നു രചന നിര്‍വഹിച്ചിരുന്നതെങ്കില്‍ ഇക്കുറി വേണുവിന്റെ രചന അത്ര അനായാസമായ ദൃശ്യഭാഷയ്ക്കു വഴിയൊരുക്കുന്നതല്ല. സിനിമ രണ്ടാംപകുതിയിലേക്ക് ഒരു അഡ്വഞ്ചര്‍ ത്രില്ലര്‍ എന്ന തലത്തിലേക്കു കടക്കുന്നുണ്ടെങ്കിലും തിരക്കഥയുടെ അതിസാധാരണത്വം മുഷിപ്പിക്കുന്നു. ബീനാപോളാണ് കാര്‍ബണിന്റെ എഡിറ്റിങ്ങ്. ശരിക്കും വേള്‍ഡ് ക്ലാസ്. വിശാല്‍ ഭരദ്വാജ് സംഗീതം നല്‍കിയ പാട്ടുകളില്‍ ഒന്ന് അസ്ഥാനത്തും അസ്വാരസ്യവും സൃഷ്ടിക്കുന്നതുമായി. ബിജിപാലിന്റെ പശ്ചാത്തലസംഗീതം മികച്ചുനില്‍ക്കുന്നു.

Malayalam movie carbon review

തുടങ്ങിയിടത്തു തന്നെ അവസാനിപ്പിക്കാം, ഫഹദ് ഫാസില്‍. കഥാപാത്രങ്ങളിലേക്കു പകരുന്ന അസാധാരണ ഊര്‍ജമാണ് ഈ മനുഷ്യനെ അസൂയമാത്രം തോന്നുന്ന നടനാക്കുന്നത്. 'അല്‍പം ഭാവനയുണ്ടെങ്കിലല്ലേ, ജീവിതത്തിനൊരു ലൈഫുള്ളു ' എന്നു പറയുന്ന ഡയലോഗാണ് സിബിയുടെ ചുരുക്കം. തൃഷ്ണയ്ക്കും യാഥാര്‍ഥ്യങ്ങള്‍ക്കുമിടയില്‍, മോഹത്തിനും മോഹഭംഗത്തിനുമിടയില്‍ ഭയത്തിനും സാഹസികയ്ക്കുമിടയില്‍ പകര്‍ന്നാടി നില്‍ക്കുന്ന, ഈ ചെറിയ മനുഷ്യന്റെ വലിയ പ്രകടനം ഒരിക്കല്‍കൂടി, വന്യമായ കാട്ടിന്റെ പശ്ചാത്തലത്തില്‍ കാണാനുള്ള അവസരമാണ് കാര്‍ബണ്‍. ആ പ്രകടനത്തിന് ഫുള്‍മാര്‍ക്കാണ്. സിനിമയ്ക്കും ഹാഫ്മാര്‍ക്കും.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 20 Jan 2018 08.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW