Friday, January 18, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
അപര്‍ണ പ്രശാന്തി
Saturday 20 Jan 2018 03.44 PM

നടി എന്ന നിലയിൽ ഇനിയും മുന്നോട്ടു പോകാനുണ്ട്- നിമിഷ സജയന്‍

കോംപ്ലിമെന്റിനെ മനസ്സിൽ എടുത്തു വെക്കാതെ നടക്കുന്നത് കൊണ്ട് ടെൻഷനും ഇല്ല. അങ്ങനെ ടെൻഷൻ കയറിയാലും നമ്മുടെ അഭിനയത്തെ ബാധിക്കും. ഇതിന്റെ സന്തോഷത്തിൽ നിൽക്കും, ആളുകളുടെ അഭിപ്രായത്തോട് ബഹുമാനവും ഉണ്ട്. പക്ഷെ നടി എന്ന നിലയിൽ ഇനിയും മുന്നോട്ടു പോകാനുള്ള ശ്രമത്തിൽ മാത്രമാണ് ഞാൻ എല്ലാ ദിവസവും ശ്രദ്ധിക്കുന്നത്.
Nimisha Sajayan

രണ്ടു സിനിമകൾ കൊണ്ട് മലയാളികളെക്കൊണ്ട് നല്ല നടി എന്ന് പറയിച്ച നായിക.. അഭിനയംകൊണ്ട് സഹപ്രവർത്തകരെ അത്ഭുതപ്പെടുത്തിയ നടി.. നർത്തകി, മാർഷ്യൽ ആർട്ടിൽ മാസ്റ്റർ, വോളിവോൾ കളിക്കാരി, ചിത്രം വരക്കാരി.. നിമിഷ സജയനെ കുറിച്ച് വിശേഷണങ്ങൾ ഒരുപാടുണ്ട്. എന്തായാലും തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല നിമിഷയുടെ അഭിനയം എന്ന് തെളിയിച്ചുകൊണ്ട് ഈടയിലെ അമ്മു നിറഞ്ഞ കയ്യടി വാങ്ങി തീയ്യറ്ററുകളിൽ ഉണ്ട്. നിമിഷ സംസാരിക്കുന്നു..

രണ്ടു സിനിമകളിൽ മാത്രമാണ് നിമിഷ അഭിനയിച്ചത്. പക്ഷെ പ്രേക്ഷകരും സംവിധായകരും നിമിഷയെ മികച്ച നടി ആയി വിലയിരുത്തുന്നു.. എന്ത് തോന്നുന്നു..

ആളുകൾ നല്ലത് പറയുമ്പോൾ തീർച്ചയായും നല്ല സന്തോഷമുണ്ട്. പക്ഷെ അത് മനസ്സിൽ എടുത്ത് വെച്ച് നടക്കാറില്ല. ഏതൊരു സിനിമയിൽ കയറുമ്പോളും എന്റെ കഴിവിന്റെ മുഴുവനും പുറത്തെടുത്തു അഭിനയിക്കാൻ ആണ് ശ്രമിക്കാറ്. മികച്ച അഭിപ്രായങ്ങൾ കേട്ട് അതിൽ മുങ്ങി പോകാതിരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. അങ്ങനെ അതിൽ മാത്രം മുഴുകി ജീവിച്ചാൽ ഞാൻ ഇനിയും എന്റെ അഭിനയത്തെ നന്നാക്കാൻ ശ്രമിക്കാതെയാവും. കേൾക്കുമ്പോൾ സന്തോഷമാണ്, പക്ഷെ അത് മനസ്സിൽ എടുത്തു വെക്കാറില്ല. ആ കോംപ്ലിമെന്റിനെ മനസ്സിൽ എടുത്തു വെക്കാതെ നടക്കുന്നത് കൊണ്ട് ടെൻഷനും ഇല്ല. അങ്ങനെ ടെൻഷൻ കയറിയാലും നമ്മുടെ അഭിനയത്തെ ബാധിക്കും. ഇതിന്റെ സന്തോഷത്തിൽ നിൽക്കും, ആളുകളുടെ അഭിപ്രായത്തോട് ബഹുമാനവും ഉണ്ട്. പക്ഷെ നടി എന്ന നിലയിൽ ഇനിയും മുന്നോട്ടു പോകാനുള്ള ശ്രമത്തിൽ മാത്രമാണ് ഞാൻ എല്ലാ ദിവസവും ശ്രദ്ധിക്കുന്നത്.

Nimisha Sajayan

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ ശ്രീജ, ഈടയിലെ അമൃത..നിമിഷക്ക് സ്വന്തം വ്യക്തിത്വം കൂടുതൽ ഉണ്ട് എന്ന് തോന്നിയ കഥാപാത്രം

രണ്ടിലും ഒട്ടും ഞാൻ ഇല്ല. എനിക്ക് ഒട്ടും റിലേറ്റ് ചെയ്യാൻ പറ്റിയില്ല. അത്തരം ഒരു സാഹചര്യത്തെ എനിക്ക് ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ല. എനിക്ക് നന്നായി അറിയാം, ഒരിക്കലും അതൊന്നും ഭാവിയിലും അനുഭവിക്കേണ്ടി വരുകയും ഇല്ല എന്ന്. വേറെ ഒരു സാഹചര്യത്തിൽ വളർന്ന, തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു സാധാരണ പെൺകുട്ടി ആണ്

പെട്ടെന്നാണ് തൊണ്ടിമുതലിൽ നിന്നും ഈടയുടെ സെറ്റിലേക്ക് പോയത്. തികച്ചും വ്യത്യസ്തമായ കഥാപാത്രമായി മാറേണ്ടിയും വന്നു. ഇത് ബുദ്ധിമുട്ട് ഉണ്ടാക്കിയോ

ഇല്ല . ആക്ഷനും കട്ടിനും ഇടക്ക് ആണ് ഞാൻ അഭിനയിക്കുന്നത്. അത് കഴിഞ്ഞു കഥാപാത്രങ്ങളെ കൂടെകൊണ്ടു നടക്കാനാവില്ല എന്ന് എനിക്ക് നന്നായി അറിയാം. അത്തരത്തിൽ ഒരു ജോലി അല്ലെ ഇത്. പിന്നെ തൊണ്ടിമുതലിലെ ശ്രീജയോട് എനിക്ക് ആ സിനിമ കഴിഞ്ഞു വരുമ്പോഴും ഇപ്പോളും ഒക്കെ ഒരു പ്രത്യേക ഇഷ്ടമുണ്ട്. നമുക്ക് ശരിക്കുമുള്ള ജീവിതത്തിൽ ചില ആൾക്കാരോട് തോന്നില്ലേ അത് പോലൊരു ഇഷ്ടം.. ശ്രീജ ഫസ്റ്റ് ലവ് ആണ്.. ആ സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ട് വരാൻ കഴിയില്ല. ഐശ്വര്യയും എനിക്ക് പ്രിയപ്പെട്ട ഒരാളാണ്. അവൾ ഒരു ഫൈറ്റർ ആണ്, പ്രണയത്തിനു വേണ്ടി യുദ്ധം ചെയ്യുന്നവൾ.. ആ അവസ്ഥ എനിക്ക് ഒത്തിരി ഫീൽ ആയി. അങ്ങനെ ആണ് എനിക്ക് ഓരോ കഥാപാത്രങ്ങളോടും ഉള്ള ഇഷ്ടം. ആ ഇഷ്ടം വളരെ സ്ട്രോങ്ങ് ആണ്. പക്ഷെ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവർ ഉണ്ടാവാതിരിക്കാൻ എപ്പളും ശ്രമിക്കും. അങ്ങനെയേ അടുത്ത സിനിമയുടെ സെറ്റിൽ പോകാറുള്ളൂ

Nimisha Sajayan

രണ്ടു സിനിമകളിലെയും അഭിനയിച്ചതിൽ പ്രിയപ്പെട്ട രംഗം ഏതാണ്..

സിനിമ മുഴുവനും എനിക്ക് പ്രിയപ്പെട്ടതാണ്. ഈടയിൽ ആനന്ദ് ബാൽക്കണി ചാടി വരുമ്പോൾ നീ എന്റെ കൂടെ അല്ലേലും ജീവിച്ചിരിക്കുമല്ലോ അത് മതി ന്ന പറയുന്ന രംഗം ഉണ്ട്, ഞാൻ തന്നെ കരഞ്ഞു ആ രംഗം തീയറ്ററിൽ കണ്ടപ്പോൾ. ഒരുപാട് പേര് ആ രംഗം കണ്ടു അഭിനന്ദിച്ചു. തൊണ്ടിമുതലിൽ ഫഹദിക്കയോട് ചൂടാവുന്ന രംഗം ഉണ്ട് , എന്റെ മുഖത്ത് നോക്കി പറ നീ അല്ല മാല കട്ടേന്നൊക്കെ പറഞ്ഞ ആ രംഗം..

നൃത്തം, മാർഷൽ ആർട്സ്, ബോളിവോൾ ഇതൊക്കെ അഭിനയത്തെ സഹായിച്ചോ..

സ്പോർട്സിലും ഡാൻസിലും ഒക്കെ നമ്മൾ ഒരുപാട് മത്സരങ്ങളിൽ പങ്കെടുക്കും.. അവിടെ എല്ലായിടത്തും നമ്മൾ വിജയിക്കില്ല. അതൊക്കെ നമ്മളെ മാനസികമായി നമ്മൾ അറിയാതെ തന്നെ കുറച്ചകൂടി ധൈര്യമുള്ളവരാക്കും. തോൽവികൾ അഭിമുഖീകരിക്കാനുള്ള ധൈര്യം അവിടെ നിന്നും കിട്ടി. നാളെ എന്റെ ഒരു സിനിമ എല്ലാ അർത്ഥത്തിലും പരാജയമായാലും അതിനെ ആ അർത്ഥത്തിൽ കാണാൻ എനിക്ക് ധൈര്യം തരാൻ ഇവക്കു രണ്ടിനും സാധിക്കും. ഞാൻ 100 % ചെയ്തിട്ടുണ്ട്, അത് എനിക്കും ചുറ്റുമുള്ളവർക്കും അറിയാം, ആ ധൈര്യത്തിൽ നടന്നു പോകും . സ്പോർട്ട്സ് മാനസികമായി ധൈര്യമുള്ള വ്യക്തികളാക്കി നമ്മളെ മാറ്റും. ശരീരത്തിന് മാത്രമുള്ള വ്യായാമം അല്ല അത്. അത് ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഇപ്പഴും ധൈര്യം തരുന്നു. പിന്നെ മൂന്നും മൂന്നു തരത്തിൽ ആണ് ശരീരത്തെയും മനസിനെയും ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ നേരിട്ട് ഗുണം ചെയ്തു എന്ന് പറയാനുമാവില്ല.

അഭിനയം പഠിച്ച ഒരാളാണ്..ഇത് ജോലിയെ കൂടുതൽ എളുപ്പമാക്കുന്നുണ്ടോ

ഒരിക്കലുമില്ല. അഭിനയം ഒരാളെയും പഠിപ്പിക്കാൻ പറ്റില്ല എന്നതാണ് ഞാൻ അനുഭവത്തിലൂടെ മനസിലാക്കിയ പാഠം. അവിടെ പോയപ്പോൾ അഭിനയത്തിന്റെ സാങ്കേതിക വിദ്യകൾ ആണ് ഞാൻ പഠിച്ചത്. കാമറ, ലൈറ്റ് ഇവക്കൊക്കെ അനുസരിച്ചു എങ്ങനെ പെരുമാറണം എന്ന് ഞാൻ പഠിച്ചിട്ടുണ്ട്, ചില പ്രാഥമിക സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്നും പഠിപ്പിച്ചു. പക്ഷെ അതിനപ്പുറം അഭിനയം എന്ന കലയെ ആർക്കും പഠിപ്പിച്ചു കൊടുക്കാൻ പറ്റില്ല. അത് കൊണ്ട് തന്നെ ട്രെയിൻഡ് ആക്ട്രസ്സ് എന്ന വിളിയോട് ഞാൻ യോജിക്കുന്നില്ല

Nimisha Sajayan

നിമിഷ ഒരു ഫോട്ടോ സ്റ്റോറി ചെയ്തിരുന്നു, അമ്മയും മകളും തമ്മിൽ ഉള്ള ബന്ധത്തെ ഒക്കെ പ്രമേയമാക്കി. മലയാളത്തിൽ അധികം കാണാത്ത പരീക്ഷണമാണ് അത്

ആദ്യം ഒരു ഫാഷൻ ഫോട്ടോഷൂട്ട് ആണ് പ്ലാൻ ചെയ്തത്. പക്ഷെ എനിക്ക് അതിനോട് ഒട്ടും താത്പര്യമില്ലായിരുന്നു. ഞങ്ങളുടെ ഫോട്ടോഗ്രാഫർ സിറിൽ ഏട്ടനാണ് ഇങ്ങനെ ഒരു ആശയവുമായി വന്നത്. പക്ഷെ സ്റ്റിൽപോലെ പോസ് ചെയ്യുകയിരുന്നില്ല. ആക്ഷൻ പറഞ്ഞു അഭിനയിക്കുക തന്നെ ആയിരുന്നു. അപ്പോൾ ആണ് ക്ലിക്ക് ചെയ്തത്. ക്യാമറക്കു മുന്നിൽ അഭിനയിക്കും പോലെ തന്നെയാണ് തോന്നിയത്

അഭിനയിച്ച രണ്ടു സിനിമകളും സാമൂഹ്യ രാഷ്ട്രീയ അവസ്ഥകളെ പറ്റി പറയുന്നുണ്ട്..ഇത് നിമിഷയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തിയോ

എനിക്ക് കണ്ണൂരിലെ രാഷ്ട്രീയത്തെ പറ്റി യാതൊരു അറിവും ഇല്ലായിരുന്നു, അജിത് ഏട്ടൻ സ്ക്രിപ്റ്റ് പറഞ്ഞപ്പോൾ ചെറുതായി പറഞ്ഞു. പക്ഷെ സിനിമ കണ്ടപ്പോൾ ആണ് മനസിലായത് അവിടെ ഉള്ള സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി. പുറത്തു നിന്ന് വന്ന എന്നെ സംബന്ധിച്ച് ഇതൊക്കെ തീർത്തും പുതിയ അറിവുകളാണ്. തൊണ്ടിമുതലിലെ സാഹചര്യങ്ങളും എനിക്ക് ഒരുപാട് പുതുതതാണ്. അങ്ങനെ ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഒരുപാട് പുതിയ കാര്യങ്ങൾ ഈ രണ്ടു സിനിമകളും പഠിപ്പിച്ചു

സ്വന്തം അഭിനയത്തിന്റെ നല്ലതും ചീത്തയും പറയാൻ പറഞ്ഞാൽ..

അയ്യോ..എനിക്കറിയില്ല..ഞാൻ എന്നെ തന്നെ അങ്ങനെ കാണാറില്ല..നിങ്ങളൊക്കെ കാണുമ്പോലെ ആണ് സിനിമ കാണാറ്. മുഴുവൻ സിനിമയുമാണ് ഞാൻ കാണുന്നെ. ഞാൻ തന്നെ പറഞ്ഞാൽ ശരിയാവില്ല. സിനിമയിൽ ഞാൻ എന്റെ മുഴുവൻ കഴിവും എടുത്താണ് അഭിനയിക്കുന്നെ

Nimisha Sajayan

മറ്റു ഭാഷകളിൽ അഭിനയിക്കണം എന്ന് തോന്നിയിട്ടുണ്ടോ

തീർച്ചയായും തോന്നിയിട്ടുണ്ട്. പക്ഷെ എനിക്ക് ചെയ്യാൻ പറ്റിയ, ചെയ്യാൻ താത്പര്യം തോന്നുന്ന ഒരു റോളും ഇത് വരെ വന്നിട്ടില്ല. അങ്ങനെ ഒന്ന് വന്നാൽ തീർച്ചയായും ചെയ്യും. എനിക്ക് എല്ലാ ഭാഷകളിലും അഭിനയിക്കണം..

എന്താണ് ഒരു സിനിമ ചെയ്യുന്നതിന് മുന്നേ നോക്കുന്നത്

കഥ കേൾക്കും..മൊത്തത്തിൽ എന്താണ് ആ സിനിമ എന്ന് നോക്കും..പിന്നെ എനിക്ക് തന്ന കഥാപാത്രത്തിന് എന്താണ് ചെയ്യാൻ ഉള്ളതെന്നും. ഒരു സിനിമ മുഴുനീള വേഷം വേണം എന്ന വാശി ഒന്നും എനിക്കില്ല. പത്തു മിനുട്ട് ആണെങ്കിലും എന്തെങ്കിലും ചെയ്യാൻ വേണം ..അതെ നോക്കാറുള്ളു

സ്വന്തമായി ഡബ്ബ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ

എപ്പളും തോന്നാറുണ്ട്. മൂന്നാമത്തെ സിനിമ തൊട്ടു ചെയ്യണം എന്ന അതിയായ ആഗ്രഹമുണ്ട്. എന്റെ ഇത് വരെ ഉള്ള കഥാപാത്രങ്ങളുടെ പൂർണതക്ക് എന്റെ ശബ്ദം ഉപയോഗിച്ചാൽ ശരിയാവുമായിരുന്നില്ല. ശബ്ദത്തിലൂടെ ഒരുപാട് ചെയ്യാറുണ്ടായിരുന്നു. എന്റെ മലയാളം അത്ര ഒഴുക്കുള്ളതല്ല. ആദ്യ സിനിമയിൽ ശ്രിന്ദയും രണ്ടാം സിനിമയിൽ സ്നേഹയും ആ ജോലി അതിമനോഹരമായി ചെയ്തു. ശബ്ദമാണ് ആ കഥാപാത്രങ്ങളുടെ എല്ലാം എന്ന് തോന്നിയത് കൊണ്ട് ഡബ് ചെയ്യണം എന്ന മോഹം ഉണ്ടായില്ല. ക്ലാരിറ്റി വേണം കഥാപാത്രങ്ങൾക്ക്..ഇപ്പോൾ മലയാളം വായിക്കാനും എഴുതാനും ഒക്കെ പഠിപ്പിക്കാൻ ഒരു ടീച്ചർ വീട്ടിൽ വരുന്നുണ്ട്.

സിനിമക്കപ്പുറം എന്താണ് നിമിഷ

നിങ്ങൾ നിത്യജീവിതത്തിൽ കാണില്ലേ, കുറെ പെൺകുട്ടികൾ കോളേജിൽ പോയി വരുന്നു, വീട്ടിൽ കാര്യങ്ങൾ ചെയുന്നു..അങ്ങനെ വളരെ ചെറിയ സാധാരണ ജീവിതമുള്ള പെൺകുട്ടി. ഇപ്പോൾ അഭിനയിക്കുമ്പോൾ, കൂടെ ഡാൻസും ബോളിവോളും മാർഷ്യൽ ആർട്ട്സും പഠിക്കുമ്പോൾ ഒക്കെ വല്ലാത്ത സന്തോഷം, തൃപ്തി ഒക്കെ കിട്ടുന്നു.വരയ്ക്കാൻ ഇഷ്ടമാണ്, വരയ്ക്കുമ്പോൾ വല്ലാത്ത ആത്മ സംതൃപ്തി കിട്ടുന്നു. അത് കൊണ്ട് ഞാൻ ഇതൊക്കെ ചെയ്യുന്നു. അതിനപ്പുറം ജീവിതാവസാനം ഇവിടെ ഇങ്ങനെ ആകണം കുറെ കാലം എന്നൊന്നും പ്ലാൻ ചെയ്യാത്ത സാധാരണ പെൺകുട്ടി

ഭാവി പ്രോജെക്ടസ്

മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ, പിന്നെ സൗ സദാനന്ദന്റെ പേരിടാത്ത സിനിമ..ഇത്രയുമാണ് ഇപ്പോൾ കമ്മിറ്റ് ചെയ്ത പടങ്ങൾ..മധുപാലേട്ടന്റെ സിനിമ ഫെബ്രുവരിയിൽ ഷൂട്ട് തുടങ്ങും.

|

Ads by Google
Ads by Google
Loading...
TRENDING NOW