Monday, April 22, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 20 Jan 2018 03.07 PM

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നതങ്ങളിലെത്തി; ആത്മാര്‍ത്ഥ പ്രണയം തകര്‍ന്നതോടെ അയാള്‍ വിഷാദരോഗത്തിലേക്ക് വീണു... പിന്നീടുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് ആര്‍ക്കും ഒരു പാഠം

uploads/news/2018/01/185327/Weeklymanolokam200118.jpg

മാധ്യമപ്രവര്‍ത്തകനായ ഹരിപ്രസാദ് കലാരംഗത്തും സജീവമായിരുന്നു. കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയില്‍ ഏഴുവര്‍ഷത്തെ ശ്രമഫലമായി തന്റേതായ കയ്യൊപ്പിടാന്‍ സാധിച്ച സമയത്താണ് വിഷാദരോഗം അയാളെ പിടികൂടിയത്.

സുഹൃത്ത് ബിനീഷിനൊപ്പം എന്നെക്കാണാന്‍ വന്നപ്പോള്‍ രോഗത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ രോഗിക്കുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി. വിഷാദരോഗത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ വേണ്ടി റെഫര്‍ ചെയ്ത സമയത്ത് ആ വില്ലന്‍ തന്നെ കീഴ്‌പ്പെടുത്തുമെന്ന് കരുതിയില്ലെന്ന മുഖവുരയോടെയാണ് ഹരി തന്റെ കഥ പറഞ്ഞു തുടങ്ങിയത്:

''ഗര്‍ഭാവസ്ഥയില്‍ തന്നെ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട എനിക്ക് ബാല്യത്തിലെ ഓര്‍മ്മ അമ്മയുടെ കണ്ണീരും രണ്ടാനച്ഛന്റെ പീഡനങ്ങളും മാത്രമാണ്. അമ്മ മരിച്ചതോടെ എല്ലാം സഹിച്ചവിടെ നില്‍ക്കേണ്ടതില്ലെന്ന ബോധ്യത്തോടെ ഡിഗ്രി പൂര്‍ത്തിയാക്കിയ ഞാന്‍ ചെന്നൈയ്ക്ക് വണ്ടികയറി.

കലാകാരന്മാരായ ഒരുകൂട്ടം ചെറുപ്പക്കാരെ പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി. എന്റെ കഴിവുകള്‍ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആ സുഹൃത്‌വലയം , സ്ഥിര വരുമാനം എന്നനിലയില്‍ ഒരു ലോക്കല്‍ ചാനലില്‍ ജോലിയും ശരിയാക്കിത്തന്നു.

രണ്ടുവര്‍ഷം കൊണ്ടു ഞാന്‍ തമിഴിലെ ഒരു പ്രമുഖ ചാനലില്‍ കയറിപ്പറ്റി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മലയാളിയായ അനുപമയെ പരിചയപ്പെട്ടത് അവിടെവെച്ചാണ്. ജീവിതത്തില്‍ സ്‌നേഹം എന്താണെന്നറിയാന്‍ ഭാഗ്യമില്ലാതിരുന്ന ഞാന്‍ അനുവിലൂടെയാണത് അറിഞ്ഞത്.

സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഞങ്ങളുടെ ബന്ധം അറിയാമായിരുന്നു. എന്തോ അത്യാവശ്യമാണെന്ന് പറഞ്ഞ് നാട്ടില്‍ പോയി തിരികെ എത്തിയ അനു പഴയതുപോലെ എന്നോട് മിണ്ടാതെയായി. അത്രത്തോളം ഇഷ്ടത്തിലായിരുന്ന ഒരാള്‍ മനഃപൂര്‍വം നമ്മളെ ഒഴിവാക്കുമ്പോള്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുമല്ലോ.

എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജോലിസ്ഥലമാണെന്ന് പോലും ചിന്തിക്കാതെ എന്താണവള്‍ക്ക് പറ്റിയതെന്ന് മനസിലെ ദേഷ്യം മുഴുവന്‍ വെച്ച് ഞാന്‍ ചോദിച്ചു.

കൂടുതലായൊന്നും പറയാതെ അനു തന്റെ രാജിക്കത്ത് ഏല്‍പ്പിച്ച് ആ പടിയിറങ്ങി. ഞാന്‍ കാരണമാണവള്‍ ജോലി വേണ്ടെന്നു വെച്ചതെന്ന കുറ്റബോധം ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് വഴിമാറി.

അതെന്റെ ഓഫീസിലെ പെര്‍ഫോമന്‍സിനെ വരെ ബാധിച്ചു. മീറ്റിംഗുകള്‍ക്കുപോലും സമയം പാലിക്കാതെയായി. അത്യാവശ്യങ്ങള്‍ക്കുപോലും ലീവ് എടുക്കാതിരുന്ന ഞാന്‍ ജോലിക്കുപോകാതെ ആയതോടെ അധികൃതര്‍ 'ഷോ കോസ്' നോട്ടീസ് അയച്ചു. അതിന് മറുപടികൊടുക്കാതിരുന്നതോടെ എന്റെ ജോലി പോയി.

അങ്ങനെയിരിക്കെ ഒരുദിവസം അവളുടെ വിവാഹം കഴിഞ്ഞെന്നറിഞ്ഞു. ചിരിച്ചമുഖത്തോടെ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോസും കൂടി കണ്ടപ്പോള്‍ അവളെന്നെ ഒഴിവാക്കിയതാണെന്ന് മനസിലായി.

ദിവ്യാനുരാഗം ഒന്നും അല്ലാതിരുന്ന സ്ഥിതിക്ക് അവളെയും ഓര്‍ത്ത് എന്റെ ജീവിതം കളയേണ്ടല്ലോ... ഇതെല്ലാം അറിയാമെങ്കിലും മനസ്സ് പഴയ ചിട്ടകളിലേക്ക് മടങ്ങി വരുന്നില്ല. തനിയെ ഡ്രൈവ് ചെയ്യാന്‍ ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഒപ്പം ഒരാളെ കൂട്ടിയതുപോലും.

ഒന്നിനും ഒരുത്സാഹമില്ല. രാത്രി മണിക്കൂറുകളോളം ഉറക്കം വരാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഗുളിക കഴിക്കാതെ ഉറങ്ങാന്‍ കഴിയാത്ത സ്ഥിതി. ഞാന്‍ എന്തുചെയ്യണം ഡോക്ടര്‍?''

രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളതുകൊണ്ടുതന്നെ കൗണ്‍സിലിംഗിന്റെ ആവശ്യംപോലും ഹരിക്കില്ല. അകാരണമായി പോലും വിഷാദരോഗം പിടിപെടാം. സിനിമകള്‍ മെഗാഹിറ്റായി നിന്ന സമയത്ത് ബോളിവുഡ് താരം ദീപിക പദുക്കോണിനുപോലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്.

''ഉറക്കഗുളിക കഴിക്കുന്നതങ്ങ് നിര്‍ത്തിക്കോ... നല്ല പാട്ടൊക്കെ കേട്ട് ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിച്ച് കിടന്നുനോക്ക്. താനേ ഉറക്കം വരും. സ്വന്തം മനസിന്റെ താളം നമുക്കേ അറിയാന്‍ കഴിയൂ. പലരും അത് ശ്രദ്ധിക്കാത്തതാണ് പ്രശ്‌നം. താളം തെറ്റി തുടങ്ങുന്നു എന്ന് തോന്നുമ്പോള്‍ തന്നെ ഇപ്പോള്‍ ഹരി ചെയ്തതുപോലെ ഒരു കണ്‍സല്‍റ്റേഷന്‍ നടത്തിയാല്‍ മനസിനെ വേഗം തിരികെ കൊണ്ടുവരാം.

റൂട്ട് തെറ്റി ഓടുന്ന വണ്ടിയുടെ കാര്യം പോലെയാണത്. വഴിതെറ്റിയെന്ന് എത്ര നേരത്തെ ഡ്രൈവര്‍ മനസിലാക്കുന്നോ, അത്ര സ്പീഡില്‍ ശരിയായ ദിശ തിരഞ്ഞെടുക്കാം.

ഒരു സില്ലി പ്രേമത്തിന്റെ പേരില്‍ കളയാനുള്ളതല്ല ലൈഫ് എന്ന് ഹരി തന്നെ പറഞ്ഞില്ലേ... അത് മനസ്സിനെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കണം. തനിക്കായി നിശ്ചയിക്കപ്പെട്ട ആളെ ദൈവം അതിന്റേതായ സമയത്ത് കാണിച്ചുതരും. കഷ്ടപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന കരിയര്‍ ഗ്രാഫ് എങ്ങനെ തിരിച്ചുപിടിക്കാമെന്ന് മാത്രം ചിന്തിക്ക്. പ്രതികൂല സാഹചര്യങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട ഹരിക്ക് ഇനിയും പലതും ചെയ്യാനുണ്ട്.''

ആ വാക്കുകള്‍ക്കപ്പുറം ഒരുമരുന്നും ഞാന്‍ കുറിച്ചില്ല. രാത്രി പതിവുപോലെ ഉറക്കം വരുന്നില്ലെങ്കില്‍ വീണ്ടും വന്ന് കാണാന്‍ മാത്രം പറഞ്ഞു. ഇതെന്തു ഡോക്ടര്‍ എന്ന ഭാവമായിരുന്നു സുഹൃത്തിന്റെ മുഖത്ത്.

പിറ്റേന്ന് കാലത്തു തന്നെ ഹരി എന്നെ വിളിച്ചു.
ഗുളിക കൂടാതെ സുഖമായി ഉറങ്ങിയെന്ന് പറയാന്‍.
കേരളത്തില്‍ ഒരു ചാനലില്‍ ജോലിക്കുകയറിയ ഹരി , തിരക്കുകള്‍ക്കിടയിലും എന്നെ വിളിച്ചു സംസാരിക്കുന്ന തരത്തില്‍ ഒരു സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 20 Jan 2018 03.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW