Thursday, June 20, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
ഇ. പി. ഷാജുദീന്‍
ഇ. പി. ഷാജുദീന്‍
Friday 19 Jan 2018 07.08 PM

തുംഗനാഥന്റെ നടയില്‍

ഒരു ഇഷ്ടികയുടെ കനത്തില്‍ ചെത്തിയെടുത്ത കരിങ്കല്ലുകള്‍ അടുക്കിയാണ് ക്ഷേത്രം പണിതിരിക്കുന്നത്. അയ്യായിരം വര്‍ഷം പഴക്കം കണക്കാക്കുന്ന ക്ഷേത്രമാണിത്. അയ്യായിരം വര്‍ഷം മുന്‍പ് സമുദ്രനിരപ്പില്‍ നിന്ന് 12,000 അടി ഉയരത്തില്‍ ഈ പര്‍വത മുകളില്‍ ഇത്രയും വലിയ കല്ലുകള്‍ ചെത്തിയെടുത്ത് ആരാവും ഈ ക്ഷേത്രം പണിതിരിക്കുക?
Thunganath
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ചന്ദ്രശിലയുടെ മേലേ - 6

ഒന്നുറങ്ങി ഏണിറ്റപ്പോഴേക്കും ക്ഷീണം അല്‍പം കുറഞ്ഞു. അപ്പോഴേക്കും റാണ ഭക്ഷണം ഒരുക്കിയിരുന്നു. കഞ്ഞിയും രാജ്മാ പയറുകൊണ്ടുള്ള കറിയും. ഭക്ഷണം കഴിഞ്ഞ് അമ്പലം കാണാനായി ഇറങ്ങി. താമസസ്ഥലത്തില്‍ നിന്ന് ഇരുന്നൂറു മീറ്ററോളം കയറണം അമ്പലത്തിലേക്ക്. വഴിയുടെ ഇരുവശവും ഏതാനും താമസസ്ഥലങ്ങളുണ്ട്. ചിലത് പുതിയതാണ്. മറ്റു ചിലത് ഞങ്ങള്‍ താമസിച്ചതു പോലെ പുരാതനം. എന്നാല്‍, അതിലേറെ പഴക്കമുള്ള ചില നീളന്‍ കെട്ടിടങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു. ഇവയുടെ മേല്‍ക്കൂരയാണ് ശ്രദ്ധേയം കരിങ്കല്ലുകള്‍ ഓടിന്റെ രൂപത്തില്‍ ചെത്തിയെടുത്ത് അവയാണ് മേഞ്ഞിരിക്കുന്നത്. ഹിമാലയ മേഖലയുടെ തനത് രീതിയാണിത്.

നടപ്പാതയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഏതാനും പടികള്‍ കയറിയാണ് അമ്പലത്തിലേക്ക് പോകുന്നത്. പടികള്‍ കയറിയെത്തുമ്പോള്‍ ആദ്യം ഒരു ചെറിയകെട്ടിടമാണ്. ക്ഷേത്രത്തിലെ സഹായികള്‍ താമസിക്കുന്നതാണെന്നു തോന്നുന്നു. ഏതാനും ചുവടുകള്‍ വയ്ക്കുമ്പോള്‍ മഞ്ഞനിറമുള്ള ഒരു കമാനം. അതില്‍ കൂറ്റനൊരു മണി തൂക്കിയിട്ടിരിക്കുന്നു. കമാനം കഴിഞ്ഞ് കരിങ്കല്ലു പാകിയ ചെറുതല്ലാത്ത മുറ്റം. അതില്‍ നിന്ന് രണ്ടു പടി ഉയര്‍ന്ന് തുംഗനാഥ് ക്ഷേത്രം തലയുയര്‍ത്തി നില്‍ക്കുന്നു.

Thunganath

മുറ്റത്ത് ചെരിപ്പ് ഊരി ഇടണം. തണുപ്പ് അരിച്ചു കയറുന്ന മുറ്റത്തു കൂടി നടന്ന് ക്ഷേത്രത്തിന്റെ മുന്നിലെത്തി. ഹിമാലയത്തിലെ പുരാതന ക്ഷേത്രങ്ങളുടെ നിര്‍മാണരീതിയാണ് ഇതിനും. ഒരു ചതുരസ്തംഭത്തിന്റെ രൂപം അടിവശത്ത്. ഏതാനും അടി മുകളിലേക്ക് ഉയര്‍ന്നശേഷം സ്തൂപത്തിന്റെ വീതി കുറഞ്ഞു വരുന്നു. കൃത്യമായ ചരിവിലല്ല, മറിച്ച് ഏതാണ്ട് വളഞ്ഞാണ് നാലുവശത്തു നിന്നും സ്തൂപം മുകളിലേക്ക് ഉയരുന്നത്. അടിഭാഗത്തിനു വിസ്താരം കൂടുതലും മുകളില്‍ കുറവും. ഇതാണ് പ്രധാന നിര്‍മിതി. അതിനോടു ചേര്‍ന്ന് മുന്നില്‍ ദീര്‍ഘ ചതുരത്തിലുള്ള കെട്ടിടമുണ്ട്. ഇതിന്റെ മുകളില്‍ മറ്റൊരു കല്‍ക്കെട്ടും.

ഒരു ഇഷ്ടികയുടെ കനത്തില്‍ ചെത്തിയെടുത്ത കരിങ്കല്ലുകള്‍ അടുക്കിയാണ് ക്ഷേത്രം പണിതിരിക്കുന്നത്. അയ്യായിരം വര്‍ഷം പഴക്കം കണക്കാക്കുന്ന ക്ഷേത്രമാണിത്. അയ്യായിരം വര്‍ഷം മുന്‍പ് സമുദ്രനിരപ്പില്‍ നിന്ന് 12,000 അടി ഉയരത്തില്‍ ഈ പര്‍വത മുകളില്‍ ഇത്രയും വലിയ കല്ലുകള്‍ ചെത്തിയെടുത്ത് ആരാവും ഈ ക്ഷേത്രം പണിതിരിക്കുക? ഐതീഹ്യം പറയുന്നു, പാണ്ഡവന്മാരെന്ന്. സ്തൂപത്തിന്റെ ഒരു വശത്ത് ഞാന്‍ ഏഴു കല്ലുകള്‍ എണ്ണി. ഒരേ വലിപ്പത്തിലുള്ള കല്ലുകളല്ല. ചിലതു വളരെ ചെറുത്. ചിലതാകട്ടെ വളരെ വീതിയേറിയതും. ഓരോ അടുക്കും ഇങ്ങനെ ചെറുതും വലുതുമായ ചെത്തിയെടുത്ത കല്ലുകള്‍ കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. മിക്ക അടുക്കും അഞ്ച് അല്ലെങ്കില്‍ ഏഴു കല്ലുകള്‍ കൊണ്ടുള്ളതാണ്.

Thunganath

പ്രത്യേകമായ എന്തോ കണക്ക് ആസ്പദമാക്കിയാണ് സ്തൂപം നിര്‍മിച്ചിരിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ കാണാം. ഏതാനും അടുക്ക് കല്ലുകള്‍ വച്ച ശേഷം ഒരു ചെറിയ പൊഴി തീര്‍ത്തിരിക്കുന്നു. അവിടെ നിന്നാണ് മുകളിലേക്കുള്ള വിസ്താരം ഘട്ടംഘട്ടമായി കുറയുന്നത്. ഇങ്ങനെ ഏഴു ഘണ്ഡങ്ങളുണ്ട് സ്തൂപത്തിന്. ഓരോ ഘണ്ഡത്തിലും അഞ്ചോ ഏഴോ അടുക്കുകള്‍ വീതമുണ്ട്. ഏഴാം ഘണ്ഡത്തിനു മീതേ ഒരു മകുടം. നാലു വശത്തേക്കും നാലു ജനാലകള്‍ വീതമുള്ളതാണ് ഇത്.

ക്ഷേത്രത്തിനു മുന്നിലേക്ക് നടന്നു. സ്തൂപത്തിനു മുന്നിലെ ദീര്‍ഘചതുര ഭാഗത്തിന്റെ മേല്‍ക്കൂരയില്‍ വായ തുറന്നിരിക്കുന്ന ഒരു സിംഹരൂപം കല്ലില്‍ കൊത്തിവച്ചിരിക്കുന്നു. ഏതാണ്ട് ഒരു ചെറിയ സിംഹത്തിന്റെ വലിപ്പമുണ്ട് ഇതിന്. മുന്‍ഭാഗവും കരിങ്കല്ലുകൊണ്ടു നിര്‍മിച്ചതാണ്. ഇതിന്റെ മുന്‍ വാതിലിലൂടെയാണ് ക്ഷേത്രത്തിലേക്കു കയറുന്നത്. ശിവക്ഷേത്രമായതിനാല്‍ പ്രധാന വാതിലിന്റെ തൊട്ടു വെളിയില്‍ ഉള്ളിലേക്ക്, ശ്രീകോവിലിലേക്ക്, നോക്കിയിരിക്കുന്ന രണ്ടു നന്ദികേശ പ്രതിമകളുമുണ്ട്.

Thunganath

അമ്പലത്തിന്റെ തൊട്ടു മുന്നില്‍ പ്രധാന സ്തൂപത്തിന്റെ അതേ രൂപത്തില്‍ കല്ലുകള്‍ അടുക്കു വച്ച് ഒരു കൊച്ചു സ്തൂപം. അരയാള്‍ പൊക്കം വരും അതിന്. പ്രധാന ക്ഷേത്രത്തോടു ചേര്‍ന്ന് ഒരു ചെറിയ ക്ഷേത്രം കണ്ടു. ഇതിനോടു ചേര്‍ന്ന് അഞ്ചു കുഞ്ഞു സ്തൂപ മാതൃകകള്‍ കല്ലില്‍ തീര്‍ത്തിരിക്കുന്നു. പഞ്ച കേദാരങ്ങളുടെ പ്രതിരൂപമാണ് അവ. ഉപക്ഷേത്രത്തിന്റെ മുന്നില്‍ അനേകം ഓട്ടു പാത്രങ്ങള്‍ ചിതറിക്കിടക്കുന്നു. ഭക്തര്‍ കൊണ്ടു വന്ന കാണിക്കകളാണത്.

പിന്നില്‍ പടുകൂറ്റനൊരു മല ക്ഷേത്രത്തിനു സംരക്ഷണം നല്‍കാനെന്നപോലെ നില്‍ക്കുന്നു. പരിസരത്ത് ഒന്നു രണ്ടു കെട്ടിടങ്ങളുണ്ട്. പൂജാരിമാരുടെ താമസ സ്ഥലമാണവ. ഉഖിമഠില്‍ നിന്നുള്ള ബ്രാഹ്മണരാണ് പരമ്പരാഗതമായി തുംഗനാഥിലെ പൂജാരിമാര്‍. മഞ്ഞുകാലത്ത് തുംഗനാഥിലെ പൂജ നടത്തുന്നത് ഉഖിമഠിലാണ്.

ഉച്ചകഴിഞ്ഞതിനാല്‍ തീര്‍ഥാടകരും യാത്രികരും ഒഴിഞ്ഞു തുടങ്ങിയിരുന്നു. അമ്പലത്തില്‍ വളരെ കുറച്ചു പേര്‍ മാത്രം. അപൂര്‍വമായി താഴെ നിന്ന് ചിലര്‍ കയറി വരുന്നുണ്ട്. അവരില്‍ ഭൂരിപക്ഷവും അന്ന് അവിടെ തങ്ങുന്നവരാണെന്ന് വ്യക്തം. തീര്‍ഥാടകര്‍ ഒരു സ്റ്റീല്‍ താലവുമായാണ് കയറിവരുന്നത്. താലത്തില്‍ പൂജാസാമഗ്രികളാണ്. തിളങ്ങുന്ന അലുക്കുകള്‍ കെട്ടിയ ഒരൂണക്കത്തേങ്ങ, ഒരു ചെറിയ കുപ്പി എണ്ണ, സാമ്പ്രാണിത്തിരി, പൂക്കള്‍ തുടങ്ങിയവയാണ് താലത്തില്‍. താലത്തിന്റെ വലിപ്പമനുസരിച്ചാണു വില. ക്ഷേത്രത്തില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ സ്റ്റീല്‍ പാത്രം കടയില്‍ തിരിച്ച് ഏല്‍പിക്കണം. തുംഗനാഥിലേക്ക് എത്തുമ്പോള്‍ ആദ്യകട റാണയുടേതായതിനാല്‍ ഏറ്റവും കൂടുതല്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്നത് അവിടെയാണെന്ന പ്രത്യേകതയുമുണ്ട്.

Thunganath

ഒരു ചെറിയ മുറിയുടെ വലിപ്പമേയുള്ളു ക്ഷേത്രത്തിന്റെ മുന്‍ വശത്തെ ഭാഗത്തിന്. കഷ്ടി 15 പേര്‍ക്കു നില്‍ക്കാം. മങ്ങിയവെളിച്ചമേയുള്ളു ഉള്ളില്‍. ശ്രീകോവിലിന്റെ ഭാഗമൊന്നും അത്ര വ്യക്തമായി കാണാനാനാവില്ല. കേരളത്തില്‍ നിന്ന് എത്തിയെന്നറിഞ്ഞപ്പോള്‍ അമ്പലത്തിനുള്ളിലുണ്ടായിരുന്ന ചെറുപ്പക്കാരനായ പൂജാരിക്ക് ഏറെ സന്തോഷം. അമ്പലത്തേക്കുറിച്ച് വിശേഷം പറയാന്‍ അദ്ദേഹത്തിന് ഏറെ താത്പര്യമായിരുന്നു. 50 രൂപ ദക്ഷിണ കൊടുത്തത് ഏറെ പിടിച്ചു. വൈകുന്നേരം ആരതിയുണ്ടെന്നും വരണമെന്നും പറഞ്ഞാണ് പൂജാരി വിട്ടത്.

അമ്പലത്തിനു മുന്നിലെ കരിങ്കല്‍ മുറ്റത്ത് ഇതിനിടയില്‍ ഒരു ചെണ്ടകൊട്ടു കേട്ടു. വലിയൊരു വാദ്യോപകരണം, അത് മുന്‍പ് കണ്ടു പരിചയമില്ല, കൊട്ടുകയാണ് ഒരു കാഷായവേഷധാരി. കൊട്ടിക്കഴിഞ്ഞ് തൊട്ടടുത്തു നില്‍ക്കുന്നവരോട് ദക്ഷിണ ചോദിക്കുന്നുണ്ടയാള്‍. ഇതുമൊരു പൂജയാണെന്നാണ് അയാളുടെ നിലപാട്. അമ്പലവുമായി അയാള്‍ക്ക് ബന്ധമുണ്ടെന്നു തോന്നിയില്ല. ചിലരൊക്കെ പാവം തോന്നി നല്‍കിയ ചില്ലറത്തുട്ടുകളില്‍ അയാള്‍ സന്തുഷ്ടനായി വീണ്ടു കൊട്ടു തുടര്‍ന്നു.

Thunganath

അമ്പലത്തിനു മുന്നിലെ വഴിത്താരയുടെ അപ്പുറം പുല്ലുപടര്‍ന്ന മലഞ്ചെരിവില്‍ യുവാക്കളുടെ ഒരു സംഘം തിമിര്‍ത്തു മറിയുന്നു. അവരില്‍ ചിലര്‍ കൂടാരങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അവരുടെ രാത്രി താമസം അതിനുള്ളിലാകണം. അല്‍പനേരം അമ്പല പരിസരത്തു ചുറ്റിപ്പറ്റി നിന്നിട്ട് മുറിയിലേക്ക് മടങ്ങി. അവിടെ ഞങ്ങളുടെ തൊട്ടടുത്തുള്ള മുറിയില്‍ നാലഞ്ച് പേര്‍ വന്നു കൂടിയിട്ടുണ്ട്. കണ്ടിട്ട് ഗൗരവക്കാരാണെന്നു തോന്നിയതിനാല്‍ വലിയ സമ്പര്‍ക്കത്തിനൊന്നും പോയില്ല.

പതിയെ പരിസരം വിജനമാകാന്‍ തുടങ്ങി. ഉച്ചകഴിഞ്ഞ് മലകയറിവന്നവരും മടങ്ങി. അവിടെ അവശേഷിക്കുന്നത് രാത്രി തങ്ങുന്നവര്‍ മാത്രം. 12,000 അടി ഉയരത്തില്‍ ചുറ്റുവട്ടത്ത് അധികം പേരൊന്നുമില്ലാതെ തികഞ്ഞ നിശബ്ദതയില്‍ മുഴുകിയിരുന്നു. അവിടെ ഉണ്ടായിരുന്നവരൊക്കെ ഓരോരോ ചിന്തയിലായിരുന്നുവെന്നു തോന്നും. ആരായാലും പരിസരം മറന്നിരുന്നുപോകും. ചക്രവാളം വരെ നീളുന്ന കാഴ്ചകള്‍, ഒരു മൊട്ടു സൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത, ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന കുളിര്, ചുറ്റും പച്ചപ്പിന്റെ മഹാസാഗരം, ദൂരെ മാറി മഞ്ഞുമലകളായ കാവല്‍ഭടന്മാര്‍... തുംഗനാഥ് നമ്മെ പിടിച്ചിരുത്തും.

കാഴ്ചയില്‍ മയങ്ങിയിരിക്കെ റാണ അടുത്തെത്തി. ദൂരേക്ക് കൈചൂണ്ടി ചോദിച്ചു, ആ കാണുന്നപര്‍വതങ്ങളൊക്കെ ഏതാണെന്നറിയാമോ? ഇല്ലെന്നു തലയാട്ടിയപ്പോള്‍ മറുപടിവന്നു. ഇടത്തേയറ്റം യമുനോത്രി, പിന്നെ ഗംഗോത്രി, ചൗഖംബ, കേദാര്‍നാഥ്, ബദരിനാഥ്...
പിന്നെ ഒരു കമന്റും:'' നാലു കേദാരങ്ങളും ഒരുമിച്ചു കാണാന്‍ പറ്റുന്ന ഒരേയൊരു സ്ഥലമേ ലോകത്തുള്ളു, അത് എന്റെ കടയുടെ വരാന്തയാണ്!''
ചോപ്തയില്‍ നിന്നു മലകയറ്റം തുടങ്ങിയപ്പോള്‍ ആദ്യം കണ്ട മഞ്ഞുമല ചൗഖംബയായിരുന്നു. ഗംഗോത്രിക്കു സമീപത്തെ ഏറ്റവും വലിയ കൊടുമുടി. തീര്‍ഥാടകരില്‍ പലരും കയറാന്‍ കൊതിക്കുന്ന കേദാര പര്‍വതങ്ങളായിരുന്നു വഴിനീളെ കണ്ടത്. ഭക്തിപാരവശ്യമുള്ളവരൊക്കെ ഈ കാഴ്ചകാണാന്‍ കൊതിക്കുമെന്നു പറഞ്ഞ് റാണ കേദാരങ്ങള്‍ക്കു നേരേ കൈകൂപ്പി ഏതാനും നിമിഷം പ്രാര്‍ഥനയില്‍ മുഴുകി. അല്‍പനേരം വിശ്രമിച്ചും പിന്നെ അവിടെ ചുറ്റിത്തിരിഞ്ഞും നേരം കളഞ്ഞു. സുര്യന്‍ പടിഞ്ഞാറേക്ക് ചായുമ്പോഴേക്കും റാണ വീണ്ടുമെത്തി. സൂര്യാസ്തമയം കാണേണ്ട കാഴ്ചയായിരിക്കുമെന്നു പറഞ്ഞതിനാല്‍ പുറത്തിറങ്ങി. റാണ പറഞ്ഞതു നേരായിരുന്നു. കറുപ്പ്, ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നിങ്ങനെ വിവിധ വര്‍ണങ്ങളുടെ പലതരം ഷേഡുകള്‍ കൊണ്ട് ആകാശത്തെ കിലോമീറ്ററുകള്‍ നീളുന്ന വര്‍ണത്തളികയാക്കി, അസ്തമയ സൂര്യന്‍. കറുത്ത മേഘങ്ങളുടെ അരികുകള്‍ സ്വര്‍ണവര്‍ണത്തില്‍ വെട്ടിത്തിളങ്ങി. സൂര്യന്‍ മറഞ്ഞതും ഇരുട്ടു പരന്നതും ഒരുമിച്ചായിരുന്നു.

സന്ധ്യക്ക് അമ്പലത്തില്‍ നിന്നു ആരതിയുടെ അറിയിപ്പ് വന്നപ്പോള്‍ അവിടേക്ക് വീണ്ടും നടന്നു. വളരെ കുറച്ചു പേരേ ആ പരിസരത്തുണ്ടായിരുന്നുള്ളു. ഒരു യുവപൂജാരി ആരാധന നടത്തുന്നതും കണ്ട് അല്‍പനേരം അമ്പലത്തിനുള്ളിലിരുന്നു. പിന്നെ പുറത്തിറങ്ങി. രാത്രി ഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ റാണയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. താഴ്‌വരയില്‍ അങ്ങു ദൂരെ വെളിച്ചം കാണുന്ന ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് റാണ പറഞ്ഞു, അതാണ് എന്റെ സ്ഥലം, സാരി ഗ്രാമം. അതുവഴി പോയപ്പോള്‍ തന്നെ ഞാന്‍ ശ്രദ്ധിച്ച ഒരു പേരായിരുന്നു അത്, സാരി. മേയ് മാസം ആദ്യമാകുമ്പോള്‍ ഇവിടേക്ക് വരും. പിന്നെ ഒക്‌ടോബര്‍ വരെ ഇവിടെയാണ്. നവംബര്‍ ആദ്യവാരം മഞ്ഞു വീണു തുടങ്ങും. മഞ്ഞിന്റെ പാരമ്യത്തില്‍ പന്ത്രണ്ട് അടി വരെയൊക്കെ മഞ്ഞ് കാണുമെന്ന് റാണ പറയുന്നു. മഞ്ഞു വീണു കഴിയുമ്പോള്‍ ഗ്രാമത്തില്‍ പോയി കാലി മേയ്ക്കലുമൊക്കെയായി കഴിയും. ഇത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

റാണയ്‌ക്കൊപ്പം അയാളുടെ ചെറിയച്ഛന്‍ റാവത്തും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും ഒരു റാവത്ത് ആണല്ലോ എന്നു പറഞ്ഞപ്പോള്‍ അയാളുടെ മറുചോദ്യം ''അതുകൊണ്ട് എനിക്കെന്താ പ്രയോജനം?''
ഇതിനെടെ റാണ ഒരു ചോദ്യമെറിഞ്ഞു, ''എനിക്ക് എന്തു പ്രായം തോന്നും?''
മുഖമൊക്കെ ചുക്കിച്ചുളിഞ്ഞ ഒരാളാണ്. കുറഞ്ഞത് 65 വയസ്സു തോന്നിക്കും. ഇത്രവയസ്സുണ്ടെങ്കിലും നല്ല ആരോഗ്യമാണല്ലോ എന്നു ഞാന്‍ മനസ്സില്‍ കരുതിയതുമാണ്. അയാളെ വിഷമിപ്പിക്കേണ്ടെന്നു കരുതി 55 എന്നു ഞാന്‍ പറഞ്ഞു. ചിരിച്ചു കൊണ്ട് റാണയുടെ മറുപടി വന്നു '' എനിക്ക് 45 വയസാണ്!''. ചെറിയച്ഛന് 55 വയസ്സുണ്ടെന്നു പറയാനും മറന്നില്ല.

അന്നേദിവസം തന്നെ തുംഗനാഥിന്റെ മുകളിലെത്തുന്ന വിധത്തില്‍ ഞങ്ങളുടെ യാത്ര ക്രമീകരിച്ചതിനു കാരണമുണ്ടായിരുന്നു. പൂര്‍ണചന്ദ്രന്റെ രാത്രിയാണ് അന്ന്. തുംഗനാഥിന്റെ മുകളിലെ പൂര്‍ണചന്ദ്രന്റെ കാഴ്ചയ്ക്ക് വിശദീകരിക്കാനാവാത്ത ഭംഗിയുണ്ടെന്നു പലയിടത്തു നിന്നും വായിച്ചപ്പോള്‍ മുതല്‍ ഈ രാത്രിക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

ആകാശക്കാഴ്ച വിശാലമാണ്. 360 ഡിഗ്രിയില്‍ ആ ഭൂവിഭാഗം മുഴുവന്‍ ഒറ്റവട്ടത്തില്‍ കാണാം. ആ സ്ഥിതിക്ക് സൂര്യന്‍ അസ്തമിച്ച് അധികം വൈകും മുന്‍പ് ചന്ദ്രനുദിക്കേണ്ടതാണ്. പക്ഷേ, കാത്തിരിപ്പ് ഏറെ നീണ്ടിട്ടും ചന്ദ്രനെ കാണാനില്ല. കാര്‍മേഘമാണ് കാരണമെന്ന് റാണ സമാധാനിപ്പിച്ചു.
അധിക നേരം കാത്തിരിക്കാനും വയ്യ. കാരണം, പിറ്റേന്ന് അതിരാവിലേ ഉണര്‍ന്ന് മലകയറണം, ചന്ദ്രശിലയിലേക്ക്. രാത്രി എപ്പൊഴോ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോള്‍ ആ പ്രദേശം മുഴുവന്‍ ചന്ദ്രപ്രഭയിലായിരുന്നു. എനിക്ക് അതത്ര വലിയ കാര്യമായി തോന്നിയില്ല, അതിലും മനോഹരമായ പൗര്‍ണമി രാത്രികള്‍ ഞാന്‍ അഗസ്ത്യാര്‍കൂടത്തിലും പാമ്പാടുംചോലയിലും കണ്ടിട്ടുണ്ട്.

(തുടരും)

ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

Ads by Google
ഇ. പി. ഷാജുദീന്‍
ഇ. പി. ഷാജുദീന്‍
Friday 19 Jan 2018 07.08 PM
Ads by Google
Loading...
TRENDING NOW