ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഷെല്ലാക്രമണം തുടരുന്നു. വെള്ളിയാഴ്ച രാവിലെയുണ്ടായ ആക്രമത്തില്‍ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു. ജമ്മു, സാംബ ജില്ലകളിലാണ് കരാര്‍ ലംഘിച്ച് പാകിസ്താന് ഷെല്ലാക്രമണം നടത്തിയത്.
ഇന്നു രാവിലെ 6.30 ഓടെയാണ് ആര്.എസ് പുര, അര്‍ണിയ, രാംഘട്ട് എന്നിവിടങ്ങളില്‍ ശക്തമായ ഷെല്ലാക്രമണം നടന്നത്. ഗ്രാമീണരെ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്െ് ആക്രമണം. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സായ് കുര്‍ദ് സ്വദേശി ബച്നോ ദേവി (50), കൊറോട്ടാന സ്വദേശി സഹില്‍ കുമാര്‍ (25) എന്നിവരാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമാണ് 11 പേര്‍ക്ക് പരുക്കേറ്റിരിക്കുന്നത്. ഒരാളുടെ നില ഗുരുതരമാണ്. പാകിസ്താന് ആക്രമണം ശക്തമാക്കിയതോടെ അതിര്‍ത്തിയില്‍ നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്കൂളുകള്‍ അധികൃതര്‍ അടച്ചു.
മേഖലയില്‍ നിന്ന് വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നൂ. നരിയന്പുര്, ചാബ്ലിയല്, ഫത്തേവാള്, എസ്.എം പുര എന്നിവിടങ്ങളില്‍ പാകിസ്താന് തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്ന് സാംബയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറയുന്നു. ഏഴിലേറെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇതിനകം ആക്രമണമുണ്ടായി. ഇപ്പോള്‍ ഗ്രാമങ്ങളെയാണ് പാകിസ്താന് ആക്രമിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 40ഓളം ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു.
ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാനും 17 വയസ്സുകാരിയും കൊല്ലപ്പെട്ടിരുന്നു.