Friday, June 21, 2019 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jan 2018 03.00 PM

ഈ വൈദികന്‍ കഥയെഴുതുകയാണ്... വിശുദ്ധപ്രണയത്തെപ്പറ്റി

''ഭരതനാട്യം കളിച്ചും പാടിയും ചാനല്‍ ഷോകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഫാദര്‍ സെവേറിയോസ് സോഷ്യല്‍ മീഡിയകളിലും വൈറലായി കഴിഞ്ഞു.''
uploads/news/2018/01/184695/Weeklyfrcevior180118.jpg

വൈദികവൃത്തി തെരഞ്ഞെടുക്കാനുള്ള കാരണം?


പഠിക്കുമ്പോള്‍ ഡോക്ടര്‍ , പത്രപ്രവര്‍ത്തകന്‍, വക്കീല്‍ എന്നീ മൂന്ന് പ്രൊഫഷനുകളിലൊന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. സന്യാസജീവിതം സ്വീകരിക്കാന്‍ ആഗ്രഹം ജനിച്ചത് ബഥനി ആശ്രമത്തിലെ അച്ചന്മാരുമായി അടുത്തിടപഴകാന്‍ സാധിച്ചതു മുതലാണ്.

പൊളിറ്റിക്കല്‍ സയന്‍സിലും സുറിയാനി ഭാഷയിലും സോഷ്യോളജിയിലും തീയോളജിയിലും പിജി ചെയ്തതോടെ വീക്ഷണങ്ങള്‍ക്ക് ഒരുപാട് മാറ്റം സംഭവിച്ചു. മെഡിക്കല്‍ സൈക്യാട്രിയില്‍ എം.എസ്. ഡബ്ല്യു ചെയ്തതിലൂടെ ആളുകളുടെ മനസ്സ് കൂടുതലായി മനസ്സിലാക്കാന്‍ സാധിച്ചു.

പാട്ടുവന്ന വഴി?


സംഗീതത്തോടുള്ള അഭിരുചി പാരമ്പര്യമായി തന്നെ വന്നതാണ്. പപ്പ ഗാനമേളകളില്‍ പാടിയിരുന്നു. അനുജന്‍ നന്നായി ഗിത്താര്‍ വായിക്കും. കുട്ടിക്കാലത്ത് പപ്പയുടെ പെങ്ങന്മാരും കസിന്‍സുമൊക്കെ ഒത്തുചേരുമ്പോള്‍ വീടൊരു ഗാനമേള ട്രൂപ്പ് ആകുമായിരുന്നു. ആ താല്പര്യം കൊണ്ടാണ് സംഗീതത്തില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്തത്.

സുറിയാനി പഠിച്ചത് മാപ്പിളപ്പാട്ട് പാടാന്‍ ഉപകരിച്ചിട്ടുണ്ടോ?


തീര്‍ച്ചയായും. സുറിയാനിയും അറബിയും തമ്മില്‍ സമാനതകളുണ്ട്. രണ്ടും എഴുതുന്നതും വായിക്കുന്നതും ഇടത്തുനിന്ന് വലത്തോട്ടാണ്, വാക്കുകളില്‍ ഈണം ഒളിഞ്ഞു കിടക്കും.

പദ്യം ചൊല്ലുക എന്നുപറയുംപോലെ പ്രാര്‍ത്ഥന ചൊല്ലുന്നതാണ് ഇരുകൂട്ടരുടെയും രീതി. ചന്തംചാര്‍ത്തലിന്റെ പാട്ടുകള്‍ക്കൊപ്പം മാപ്പിളപ്പാട്ട് പാടുമ്പോള്‍ സ്വീകാര്യത ഉണ്ടാകുന്നത് ഈ സമാനതകള്‍കൊണ്ടാണ്. സംഗീതത്തിന് മതമില്ലെന്നതിനു വേറെ തെളിവ് വേണോ?

ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ മാപ്പിളപ്പാട്ട് പാടുന്നെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നും. എങ്ങനായിരുന്നു തുടക്കം?


ഗോള്‍ഡന്‍ ബെല്‍സ് എന്ന ട്രൂപ്പ് നടത്തിയിരുന്ന ബെന്നി ചേട്ടന്റെ കുടുംബം തലശ്ശേരിയില്‍ കുടിയേറിയവരാണ്. അതുകൊണ്ടു മലബാറിന്റെ സംസ്‌കാരത്തെയും കലകളെയും കുറിച്ച് നല്ല അറിവുണ്ടായിരുന്നു.

ചേട്ടന്‍ ക്വയറിലെ പാട്ടുകള്‍ പാടാന്‍ എന്നെയും കൂട്ടിയിരുന്നു. കൂടുതലും കല്യാണങ്ങള്‍ക്കാണ്. ഒരിക്കല്‍ പ്രോഗ്രാമിനിടയില്‍ സമയം അഡ്ജസ്റ്റ് ചെയ്യാന്‍ അറിയാവുന്ന ഏതെങ്കിലുമൊരു സിനിമാപ്പാട്ട് പാടിക്കോളാന്‍ ബെന്നി ചേട്ടന്‍ പറഞ്ഞു. എന്റെ എല്ലാമെല്ലാം അല്ലേ... എന്ന പാട്ടാണ് പാടിയത്. അത് കേട്ട് എന്റെ ശബ്ദം മാപ്പിളപ്പാട്ട് പാടാന്‍ യോജിച്ചതാണെന്ന് തിരിച്ചറിഞ്ഞത് ബെന്നി ചേട്ടനാണ്.

കണ്ണൂര്‍ ഷെരീഫ് പാടിയ 'സംകൃത പമ ഗരി' പോലുള്ള പാട്ടുകള്‍ കേട്ടുനോക്കാന്‍പറഞ്ഞ് കാസറ്റ് തന്നെങ്കിലും വാക്കുകള്‍ മനസിലായില്ല. ബെന്നി ചേട്ടന്‍ തന്നെ മാപ്പിളപ്പാട്ടുകളുടെ വരികളെഴുതിയ പുസ്തകവും വാങ്ങിത്തന്നു.

പിന്നീട് മോയീന്‍കുട്ടി വൈദ്യരുടെയും ഉബൈദ് മാഷിന്റെയുമെല്ലാം പാട്ടുകള്‍ ഞാന്‍ ഹൃദിസ്ഥമാക്കി. മലബാറിലെ മൈലാഞ്ചിക്കല്യാണങ്ങള്‍ക്കും ഒപ്പനയ്ക്കുമൊക്കെ പാടി. ബെന്നി ചേട്ടന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഗുരുസ്ഥാനത്തുള്ള അദ്ദേഹത്തെ ഓര്‍മിച്ചുകൊണ്ടേ ഞാന്‍ പാടാറുള്ളു.

ആശ്രമജീവിതം സംഗീതത്തിന് എപ്പോഴെങ്കിലും വിഘാതമായോ?


ആശ്രമത്തില്‍ കഴിയുമ്പോഴും ഞാന്‍ കാസെറ്റുകള്‍ക്കു വേണ്ടി ട്രാക്ക് പാടിയിരുന്നു. അന്ന് സുറിയാനി സഭയില്‍ കുറച്ചു പരിമിതികള്‍ നിലനിന്നിരുന്നതുകൊണ്ടുട്രാക്കായി പാടിയത് കാസറ്റില്‍ ഉള്‍ക്കൊള്ളിച്ചപ്പോഴും സ്വന്തം പേര് കൊടുക്കാന്‍ ധൈര്യപ്പെട്ടില്ല. പുതിയ ബിഷപ്പിന്റെ വരവോടെയാണ് ഈ മാറ്റം.

ഫാദര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി മതനിരപേക്ഷതയുടെ വക്താവാണ്.അദ്ദേഹത്തെ പരിചയപ്പെട്ടത് മുതലാണ് ശരിയെന്ന് തോന്നുന്നത് തന്റേടത്തോടെ ചെയ്തുതുടങ്ങിയത്. ചാനലില്‍ ഞാന്‍ പെര്‍ഫോം ചെയ്ത ഫോട്ടോ അയച്ചുകൊടുത്തപ്പോള്‍ തന്നെ ബിഷപ്പ് തന്റെ ഫേസ്ബുക് പേജില്‍ അത് പോസ്റ്റ് ചെയ്തു.

സമൂഹമാധ്യമങ്ങള്‍ താങ്കളുടെ പെര്‍ഫോമന്‍സ് ഏറ്റെടുത്തപ്പോള്‍ എന്തുതോന്നി?


യൂട്യൂബില്‍ ഞാന്‍ പാടിയ മാപ്പിളപ്പാട്ടിന്റെ വീഡിയോ വന്നപ്പോള്‍ കിട്ടിയത് നമ്മള്‍ അറിയാത്ത കുറെ ആളുകളുടെ സ്‌നേഹമാണ്. വാട്‌സാപ്പില്‍ തന്നെ ഇശല്‍ മാനസം, ഇശല്‍ അറേബ്യ , തുടങ്ങി പല മാപ്പിളപ്പാട്ട് ഗ്രൂപ്പുകളിലും സജീവമാണ്.

ഭരതനാട്യം പഠിക്കാനുണ്ടായ പ്രേരണ?


ഭാരതമുനിയുടെ നാട്യശാസ്ത്രം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം കലര്‍ന്ന താല്പര്യം തോന്നിയിരുന്നു. എം. എ . സുറിയാനി പഠിക്കുന്നതിനിടയില്‍, കോട്ടയത്തുവച്ച് കലാമണ്ഡലം പത്മിനി ടീച്ചറില്‍ നിന്നാണ് ഭരതനാട്യം അഭ്യസിച്ചത്.

വിശുദ്ധ പ്രണയമെന്നൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് കേട്ടു. വൈദികന്‍ പ്രണയിക്കുമോ?


(ചിരിക്കുന്നു) കബീര്‍ദാസിന്റെ ദോഹയിലായാലും മീരാബായ് കൃഷ്ണനെ പ്രകീര്‍ത്തിച്ചെഴുതിയ കവിതകളിലായാലും പ്രണയമാണ് വിഷയം.

എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത് എന്ന് പറഞ്ഞ് വൈദികന്റെ പ്രണയം കേന്ദ്രീകരിച്ചുള്ള ഷോര്‍ട്ട് ഫിലിം വൈറല്‍ ആയിരുന്നല്ലോ... അതിന് സമാനമായ ഒരനുഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതും എഴുതുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ ബന്ധവും എനിക്കൊരുപാട് റിലേറ്റ് ചെയ്യാന്‍ പറ്റി.

എല്ലാവരുടെ ഉള്ളിലും പ്രണയം ഉണ്ടായിരിക്കണം. പക്ഷെ, അതൊരിക്കലും തെറ്റിലേക്ക് കടക്കരുത്. നമ്മള്‍ നമ്മെത്തന്നെ കണ്ടെത്തുന്നതാകണം പ്രണയം. തണ്ടിലിരിക്കുന്ന പനിനീര്‍പുഷ്പത്തിന്റെ ഇതളുകള്‍ പൊഴിക്കാതെ തന്നെ ഗന്ധവും സൗന്ദര്യവും അറിഞ്ഞ് ചുംബിക്കുന്നതാണ് വിശുദ്ധ പ്രണയം.

പുരോഹിതന്‍മാര്‍ക്ക് കല അന്യമാണെന്ന് ധരിക്കുന്നവരുണ്ട്?


ദൈവം ആദത്തെ മണ്ണില്‍ നിന്ന് മെടഞ്ഞുണ്ടാക്കി എന്നാണ് ബൈബിളില്‍ പറയുന്നത്. അപ്പോള്‍ ദൈവം തന്നെയാണ് ഏറ്റവും വലിയ കലാകാരന്‍. അന്ധവിശ്വാസങ്ങളുടെ പേരില്‍ ഉള്ളിലുള്ള കലാവാസനകള്‍ പരിപോഷിപ്പിക്കാതെ പോകരുത്.

Ads by Google
Thursday 18 Jan 2018 03.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW