Wednesday, November 07, 2018 Last Updated 33 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jan 2018 04.19 PM

16 വര്‍ഷത്തിനിടയില്‍ ചെയ്തത് 45 സര്‍ജറികള്‍, ഒരു കൈ നഷ്ട്ടപ്പെട്ടു, എന്നിട്ടും അവള്‍ തളര്‍ന്നില്ല...

uploads/news/2018/01/184395/powlii.jpg

പ്രതിസന്ധികള്‍ വരുമ്പോള്‍ പെട്ടെന്ന് തളരുന്നവര്‍ക്ക് ഒരു ഉദാഹരമാണ് പൗലമി പട്ടേല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം. ഇരുപത്തിയെട്ടു വയസ്സായപ്പോഴേക്കും ഒരു കൈ നഷ്ടമാവുകയും 45 സര്‍ജറികള്‍ ചെയ്‌തെങ്കിലും തളരാതെ മുന്നോട്ട് പോവുകയാണ് പൗലമി ചെയ്തത്. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മീന്‍പിടിക്കാനുപയോഗിക്കുന്ന ഇരുമ്പുദണ്ഡു വച്ചു കളിക്കുകയായിരുന്നു പൗലമി. അതിനിടെ കയ്യില്‍ നിന്നും ദണ്ഡ് ജനലിലൂടെ വഴുതിപ്പോയി, അതു തിരിച്ചു പിടിക്കുന്നതിനിടെ പുറത്തു നിന്നുള്ള ഇലക്ട്രിക് വയറില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ പൗലമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാംസത്തിന്റെ ഏറെ ഭാഗവും കരിഞ്ഞു പോയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഡോക്ടര്‍മാര്‍ പൗലമിയോടു പറഞ്ഞു, പഴുപ്പു മറ്റു ഭാഗങ്ങളിലേക്കു പടരാതിരിക്കണമെങ്കില്‍ വലതുകൈ മുറിച്ചു കളഞ്ഞേ തീരൂ.

പിന്നീടുള്ള നാളുകളില്‍ ഒരു കുഞ്ഞിനെയെന്ന പോലെ പുതിയ ജീവിതം തുടങ്ങുകയായിരുന്നു അവള്‍. മാതാപിതാക്കളും സുഹൃത്തുക്കളുമെല്ലാം നെടുംതൂണായി കൂടെ നിന്ന കാലമായിരുന്നു അതെന്ന് പൗലമി ഓര്‍ക്കുന്നു. അന്നു തന്നെ കാണാന്‍ വരുന്ന ആളുകളെല്ലാം സംഭാഷണം ആരംഭിക്കുന്നതിനു മുമ്പെ തന്നോട് തമാശയെന്തെങ്കിലും പറഞ്ഞു തുടങ്ങണമെന്ന് അച്ഛന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും പൗലമി പറയുന്നു. തനിക്കു കൂടുതല്‍ ഊര്‍ജം പകരാനും വലതുകൈ നഷ്ടപ്പെട്ടാലും ജീവിതം ഇനിയും മുന്നില്‍ ബാക്കിയുണ്ടെന്ന യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാനുമായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അത് പിന്നീടുള്ള ജീവിതത്തെ വളരെയേറെ സഹായിക്കുകയും ചെയ്തു.

കൃത്രിമകൈ ഉപയോഗിച്ച് എഴുതാന്‍ പഠിക്കുകയാണ് ആദ്യം ചെയ്തത്. തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടു നേരിട്ടിരുന്നുവെങ്കിലും പതിയെ പൗലമി പേന കയ്യിലൊതുക്കാനും തുടര്‍ച്ചയായുള്ള പരിശീലനത്തിന്റെ ഭാഗമായി പഴയതുപോലെ തന്നെ മനോഹരമായി എഴുതാനും ശീലിച്ചു. ബികോമിനു ശേഷം എംബിഎ ചെയ്യുന്ന സമയത്ത് രണ്ടുവര്‍ഷം വീട്ടില്‍ നിന്നും വിട്ടുനിന്നപ്പോഴാണ് തന്റെ കുറവുകള്‍ ഒരു പ്രശ്‌നമല്ലെന്നും മറ്റു കുട്ടികളെപ്പോലെ തന്നെ തനിക്കും എല്ലാം സാധ്യമാകുമെന്നും പൗലമിക്ക് മനസ്സിലായത്. ആദ്യമൊക്കെ, വലതുകൈ കൃത്രിമകൈ ആണെന്നു തോന്നിക്കാതിരിക്കാന്‍ ഫുള്‍സ്ലീവ് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്, കാലിലെ മുറിപ്പാടുകള്‍ കാരണം ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ചിരുന്നില്ല. പതിയെ ആ മുറിപ്പാടുകളിലും കുറവുകളിലുമൊന്നും പഴിപറഞ്ഞിരിക്കാതെ അഭിമാനിക്കാന്‍ ആരംഭിച്ചു. ഭയമേതുമില്ലാതെ പോസിറ്റീവായി മുന്നേറണമെന്ന ആ തീരുമാനമാണ് തന്നെ ഇന്നത്തെ കരുത്തയായ സ്ത്രീയാക്കിയതെന്നു പൗലമി പറയുന്നു.

Ads by Google
Wednesday 17 Jan 2018 04.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW