Thursday, June 20, 2019 Last Updated 16 Min 37 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 17 Jan 2018 03.24 PM

വിവാഹം കഴിക്കാനും അമ്മയാകാനുമുള്ള മോഹം ഉപേക്ഷിച്ച് സഹോദരങ്ങള്‍ക്കായി അദ്ധ്വാനിച്ചു. പക്ഷേ വാര്‍ധക്യത്തില്‍ അവരെ കാത്തിരുന്നത് സഹോദരങ്ങളുടെ അവഗണന

''എനിക്കുളള ഭക്ഷണം മുറിയില്‍ എത്തിക്കും. അത് അവിടിരുന്ന് കഴിക്കണം. അവരെല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്.''
uploads/news/2018/01/184382/Weeklyfamilycourt170118.jpg

ക്ലയന്റുമായി സംസാരിച്ചിരിക്കുമ്പോഴാണ് പ്രായമായ ഒരു സ്ത്രീ എന്നെ കാണാന്‍ വന്നത്. ആദ്യമായിട്ടാണ് അത്രയും പ്രായമായ ഒരാള്‍ തനിച്ച് എന്റടുത്ത് വരുന്നത്. അവരുടെ പ്രശ്‌നം എന്താണെന്ന് അന്വേഷിച്ചു. കുട്ടിക്കാലം മുതലുളള അവരുടെ അനുഭവങ്ങള്‍ പറഞ്ഞു:

''അഞ്ചുമക്കളില്‍ രണ്ടാമത്തെ ആളായിരുന്നു ഞാന്‍. ഉദരത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്ന് ഇരുപതാമത്തെ വയസ്സില്‍ എന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വന്നു. അങ്ങനെ അമ്മയാകാനുളള ഭാഗ്യം ദൈവം എനിക്ക് നിഷേധിച്ചു. പിന്നീട് വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും അറിഞ്ഞുകൊണ്ട് മറ്റൊരാളുടെ ജീവിതം നശിപ്പിക്കാന്‍ ഞാന്‍ തയ്യാറായില്ല.

അതുകൊണ്ട് വിവാഹമേ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. എങ്കിലും ആ പ്രായത്തില്‍ വിവാഹം കഴിക്കണമെന്നും ഒരു കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കണമെന്നും മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു.

പിന്നീട് അടുത്തുളള കമ്പനിയില്‍ ജോലിയ്ക്ക് കയറി. സഹോദരങ്ങളെ പഠിപ്പിക്കാനും അവരെ വിവാഹം കഴിച്ച് അയയ്ക്കാനും എന്നാല്‍ കഴിയുന്ന രീതിയില്‍ അച്ഛനെയും അമ്മയെയും സഹായിച്ചു. എനിക്ക് ആരുമില്ലാത്തതുകൊണ്ട് മരിക്കുന്നതിന് മുമ്പ് അച്ഛനും അമ്മയും വീടും സ്ഥലവും എന്റെ പേരില്‍ എഴുതി വച്ചു.

അവരുടെ കാലശേഷം ഇളയ സഹോദരന്‍ അനിലും കുടുംബവും താമസം എന്റെ കൂടെയാക്കി. ഇരുപതാമത്തെ വയസ്സില്‍ ജോലിയ്ക്ക് കയറിയ ഞാന്‍ അറുപതു തികയും വരെ ആ കമ്പനിയില്‍ തന്നെ ജോലി ചെയ്തു. എനിക്ക് കിട്ടിയിരുന്ന പണം വീട്ടിലെ ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചു.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പുതിയ വീട് പണിയുന്നതിനെക്കുറിച്ച് അനില്‍ അഭിപ്രായം പറഞ്ഞു. വീടിന്റെ ആധാരം പണയപ്പെടുത്തി ലോണെടുക്കാനായിരുന്നു അവന്റെ പദ്ധതി. എനിക്ക് പ്രായമായതുകൊണ്ട് എന്റെ പേരില്‍ ലോണ്‍ കിട്ടില്ല. അതുകൊണ്ട് അവന്റെ പേരില്‍ എല്ലാം എഴുതി കൊടുത്തു. എന്റെ കാലശേഷം എല്ലാം അവനുളളതല്ലേ..., എന്നു കരുതി.

അധികം വൈകാതെ തന്നെ ലോണ്‍ ശരിയായി. നല്ലൊരു വീടും പണിതു. പിന്നീടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതുവരെ കണ്ടിരുന്ന സഹോദരനെയായിരുന്നില്ല പിന്നീട് ഞാന്‍ കണ്ടത്. അവന്റെയും ഭാര്യയുടെയും പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാന്‍ എന്തു ചെയ്താലും അവന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെടില്ല. എല്ലാത്തിനും കുറ്റം കണ്ടുപിടിച്ചു.

നേരത്തെ ചെറിയ വീടായിരുന്നപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഇപ്പോള്‍ എനിക്കുളള ഭക്ഷണം മുറിയില്‍ എത്തിക്കും. അത് അവിടിരുന്ന് കഴിക്കണം.

അവരെല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്. പക്ഷേ ഞാന്‍ ആരോട് പറയാനാണ്? എനിക്ക് വൃത്തിയില്ലെന്നും പറഞ്ഞ് മുറിയ്ക്ക് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല.

അവന് ഭാര്യ പറയുന്നതാണ് വേദവാക്യം. അവളെ എതിര്‍ത്ത് ഒരുവാക്ക് പോലും സംസാരിക്കില്ല. ആരോടും ഒന്നും മിണ്ടാന്‍ പോലും കഴിയാതെ ശരിക്കും ഞാന്‍ ഒറ്റപ്പെട്ടുപോയ നിമിഷങ്ങളായിരുന്നു പിന്നീട്. ഒരു ദിവസം സുഖമില്ലാതെ കിടന്നപ്പോള്‍ ഞാന്‍ മുറിയ്ക്കുളളില്‍ ഛര്‍ദ്ദിച്ച് പോയി.

എന്നെക്കൊണ്ട് തന്നെ അത് വൃത്തിയാക്കിച്ചു. അതിനുശേഷം എന്നെ ആ വീട്ടില്‍ നിന്നിറക്കി വിട്ടു. വിവരമറിഞ്ഞ് ഇളയ സഹോദരി കൂട്ടിക്കൊണ്ട് പോയെങ്കിലും അവളുടെ ഭര്‍ത്താവിന് അത് ഇഷ്ടമായില്ല. അത് മനസ്സിലാക്കിയ ഞാന്‍ മൂത്ത സഹോദരന്റെ വീട്ടില്‍ ചെന്നെങ്കിലും ഞാനവര്‍ക്ക് ബാധ്യതയാകുമെന്ന് നാത്തൂന്‍ സഹോദരനോട് അടക്കം പറയുന്നത് കേട്ടു.

പിന്നെ ഒരു നിമിഷം പോലും അവിടെ നിന്നില്ല, അവിടെ നിന്നിറങ്ങി. എങ്ങോട്ട് പോകണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് അകന്ന ബന്ധത്തിലുളള അമ്മായിയെ കണ്ടത്. അവരുടെ മക്കളെല്ലാവരും വിദേശത്താണ്. ഒറ്റയ്ക്കാണ് താമസം.

തല്‍ക്കാലത്തേക്ക് എനിക്ക് അവിടെ അഭയം തന്നു. അവിടെ നിന്ന് ഇറക്കി വിട്ടാല്‍ കയറി ചെല്ലാന്‍ എനിക്കൊരു ഇടമില്ല. അതുകൊണ്ട് എനിക്ക് അവകാശപ്പെട്ട വീട്ടില്‍ തന്നെ താമസിക്കാനുളള അവസരം ഉണ്ടാക്കി തരണം സാര്‍'' എന്ന് പറഞ്ഞ് ആ സ്ത്രീ നിശബ്ദയായി.

കേസും കോടതിയുമായി മുന്നോട്ട് പോയാല്‍ കാലതാമസം ഉളളതുകൊണ്ടും ആ സ്ത്രീയുടെ പ്രായം കണക്കിലെടുത്തും അനിലിനെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. ഓഫീസിലെത്തിയ അനിലുമായി മണിക്കൂറുകളോളം സംസാരിച്ചു. തെറ്റ് മനസ്സിലാക്കിയ അയാള്‍ സഹോദരിയുമായി വീട്ടിലേക്ക് മടങ്ങി.

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 17 Jan 2018 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW