Sunday, February 17, 2019 Last Updated 33 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jan 2018 03.22 PM

കുട്ടികളെ ശ്രദ്ധിക്കുക അപകടങ്ങള്‍ പതിയിരിക്കുന്നു

''കയ്യില്‍ കിട്ടുന്നതെന്തും തൊട്ടറിയാനും രുചിച്ചറിയാനും വെമ്പല്‍ കൊള്ളുന്നതാണ് കുഞ്ഞുമനസ്. അതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്''
uploads/news/2018/01/184052/childcare160118.jpg

കണ്ണില്‍ കാണുന്നതെല്ലാം കാഴ്ചയുടെ കൗതുകങ്ങളാണ് കൊച്ചു കുഞ്ഞുങ്ങള്‍ക്ക്. കണ്ണൊന്നു പിഴച്ചാല്‍ കൗതുകങ്ങള്‍ക്ക് മറവിലെ അപകടങ്ങളിലേക്ക് അവര്‍ നടന്നടുത്തേക്കാം. വീട്ടിലായാലും പുറത്തായാലും കൊച്ചു കുട്ടികള്‍ക്കു ചുറ്റും പതിയിരിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്.

കയ്യില്‍ കിട്ടുന്നതെന്തും തൊട്ടറിയാനും രുചിച്ചറിയാനും വെമ്പല്‍ കൊള്ളുന്നതാണ് കുഞ്ഞുമനസ്. അതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

സാഹചര്യങ്ങള്‍ ഒഴിവാക്കുക


അപകടങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. അതായത് അപകടകരമല്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ മാത്രം കുട്ടികളെ കളിക്കാന്‍ അനുവദിക്കുക. അവിടെയും അപകടകരമായ യാതൊരു സാഹചര്യവും ഇല്ലെന്ന് ഉറപ്പുവരുത്തണം.

എങ്കിലും കൊച്ചു കുട്ടികള്‍ കളിക്കുമ്പോള്‍ മുതിര്‍ന്ന ഒരാളുടെ മേല്‍നോട്ടം ഉണ്ടാകണം. കാരണം പതിയിരിക്കുന്ന അപകടങ്ങള്‍ ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിഴുങ്ങാനോ വീഴാനോ സാധ്യതയുള്ള കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്.

കുഞ്ഞിന്റെ പ്രായത്തിനും പക്വതയ്ക്കും അനുസരിച്ചുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കണം. മൂര്‍ച്ചയുള്ള ആയുധങ്ങള്‍, ചുറ്റിക, ആണി, പിന്‍ തുടങ്ങിയ സാധനങ്ങള്‍ കുട്ടികളുടെ കളിയിടങ്ങളിലോ സമീപത്തോ ഇല്ലെന്ന് ഉറപ്പുവരുത്തണം.

വീടിനുള്ളിലെ സ്വിച്ച് ബോര്‍ഡുകളും പ്ലഗ് ബോര്‍ഡുകളും കുട്ടികള്‍ കൈ എത്തിപ്പിടിക്കരുത്. തുറന്നിരിക്കുന്ന െേവെദ്യുതിയുടെ അപകടം കുട്ടികളെ പ്രായത്തിനനുസരിച്ച് മനസിലാകുന്ന വിധം പറഞ്ഞുകൊടുക്കാം.

വീടിനു സമീപമുള്ള കുളങ്ങള്‍ക്കും കിണറുകള്‍ക്കും ഉയരമുള്ള സംരക്ഷണ ഭിത്തി കെട്ടുക. കിണറുകള്‍ ഇരുമ്പു വലകൊണ്ടു മൂടുന്നതാണ് നല്ലത്. തോടുകളും പുഴകളും ചെറിയ അരുവികളും വീടിന്റെ തൊട്ടടുത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റയ്ക്ക് ഈ പ്രദേശങ്ങളില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കണം. കത്തി, ബ്ലേഡ് പോലുള്ളവ കുട്ടികള്‍ക്ക് കളിക്കാനായി നല്‍കരുത്. കുട്ടികളുള്ള വീട്ടില്‍ സൂചി, സേഫ്ടി പിന്‍ മുതലായവ വീട്ടില്‍ അലക്ഷ്യമായി ഉപേക്ഷിക്കരുത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


കുട്ടികളെ ഒരു കാരണവശാലും റോഡിലോ റോഡിന് സമീപത്തോ കളിക്കാന്‍ അനുവദിക്കരുത്. വിഷു, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. വീടിന്റെ ടെറസില്‍ കുഞ്ഞുങ്ങളെ തനിയെ കളിക്കാന്‍ വിടരുത്.

പാചകം ചെയ്യുന്ന അടുപ്പിന്റെ അരികില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തണം. ചൂടു വസ്തുക്കള്‍ പാത്രങ്ങളിലേക്ക് പകര്‍ത്തുമ്പോഴും പകര്‍ത്തി സൂക്ഷിക്കുമ്പോള്‍ കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ ഉയരത്തിലാവരുത്.

ഗുളികകള്‍, മരുന്നുകള്‍, തീപ്പെട്ടി, ലൈറ്റര്‍ ഇവയും കുട്ടികള്‍ക്ക് കൈ എത്താത്ത തരത്തില്‍ സൂക്ഷിക്കണം. കീടനാശിനികളോ അവയുടെ കവറോ ശ്രദ്ധയില്ലാതെ കുട്ടികള്‍ എടുക്കാന്‍ ഇടയുള്ളിടത്ത് ഒരു കാരണവശാലും വയ്ക്കരുത്.

uploads/news/2018/01/184052/childcare160118b.jpg

മണ്ണെണ്ണ വെള്ളമെന്നു കരുതി കുട്ടികള്‍ കുടിച്ച് അപകടമുണ്ടാവുന്നത് അപൂര്‍വമല്ല. അതിനാല്‍ മണ്ണെണ്ണ കുപ്പി, ആസിഡ് പോലുള്ള ദ്രവകങ്ങളും കുട്ടികള്‍ കാണുന്നവിധം സൂക്ഷിക്കരുത്. ചെറിയ മുത്തുകള്‍, വിത്തുകള്‍, കല്ലുകള്‍, ബട്ടണുകള്‍ ഇവ കൊണ്ട് കുഞ്ഞുങ്ങള്‍ കളിക്കാതെ നോക്കണം. മൂക്കിലും ചെവിയിലും ഇവ തിരുകി കയറ്റാം. വിഴുങ്ങാനും സാധ്യതയുണ്ട്.

ഡൈനിംഗ് ടേബിളിനു മുകളില്‍ കൊച്ചു കുഞ്ഞുങ്ങളെ തനിയെ ഇരുത്തരുത്. നിരങ്ങി കുഞ്ഞ് താഴെ വീഴാനിടയുണ്ട്. ഉയരത്തില്‍ നിന്ന് കുഞ്ഞ് തലയിടിച്ച് വീണാല്‍ മയക്കമോ ഛര്‍ദിയോ ഉണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കരുത്.

പ്രഥമ ശുശ്രൂഷ പ്രധാനം


കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ മനസാന്നിധ്യം നഷ്ടമാകാതെ അവസരോചിതമായ ഇടപെടലാണ് വേണ്ടത്. ശരിയായ പ്രഥമ ശുശ്രൂഷ നല്‍കിയാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാനാവും.

പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കുഞ്ഞിനെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിക്കണം. പരിക്ക് ചെറുതായാലും വലുതായാലും ആശുപത്രിയിലെത്തിക്കാന്‍ മടിക്കരുത്. സ്വയം ചികിത്സയ്ക്ക് മുതിരരുത്. മുറിവില്‍ നാടന്‍ മരുന്നുപ്രയോഗം വേണ്ട.

ചെറിയ കുട്ടികള്‍ വിഷവസ്തുക്കള്‍ അറിയാതെ കുടിക്കാനും തിന്നാനും ചിലപ്പോള്‍ ഇടയാകും. വെള്ളമെന്നു ധരിച്ച് മണ്ണെണ്ണ എടുത്ത് കുടിക്കുക. ഉറക്ക ഗുളികകള്‍ അറിയാതെ കഴിക്കുക. കീടനാശിനികള്‍, പാറ്റാഗുളികകള്‍ എന്നിവ ഉള്ളില്‍ പോവുക. ചില വിഷക്കായ്്കള്‍ തിന്നുക ഇവയെല്ലാം സംഭവിക്കാം.

കഴിച്ച വിഷവസ്തു എന്താണെന്ന് ആദ്യമെ തെരഞ്ഞു കണ്ടുപിടിക്കണം. കഴിച്ച അളവ് കൃത്യമായി അറിയേണ്ടി വരും. ഉപ്പുവെള്ളം കൊടുത്ത് ഛര്‍ദിപ്പിക്കുവാന്‍ ശ്രമിക്കരുത്. ഇത് സമയനഷ്ടം വരുത്തും. ഏറ്റവും അടുത്ത് ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ കുട്ടിയെ എത്രയും വേഗമെത്തിക്കണം.

അന്യവസ്തുക്കള്‍ വിഴുങ്ങിയാല്‍


നാണയങ്ങള്‍, ബട്ടണുകള്‍, മുതലായ ചെറിയ വസ്തുക്കള്‍ കുട്ടികള്‍ വിഴുങ്ങാന്‍ സധ്യതയുണ്ട്. വസ്തു സ്വഭാവികമായി 48 മണിക്കൂറിനുള്ളില്‍ മലത്തിലൂടെ പുറത്തു പോകും. എന്നാല്‍ മൊട്ടു സൂചി, കുപ്പിച്ചില്ല്, തുറന്നു വച്ച സേഫ്റ്റിപിന്‍ എന്നിവ വിഴുങ്ങിയതായി കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം. എന്തുവസ്തുവാണ് വിഴുങ്ങിയതെന്ന് കുട്ടിയോടുതന്നെ ചോദിച്ച് അറിയാന്‍ ശ്രമിക്കണം.

വൈദ്യുതാഘാതമേറ്റാല്‍


കുഞ്ഞിന് ഇലക്ട്രിക് ഷോക്ക് അടിക്കാനുള്ള സാധ്യത ഉണ്ടാകാതെ നോക്കുകയാണ് പ്രധാനം. യാദൃച്ഛികമായി ഷോക്കേറ്റാല്‍ ഉടനടി മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. കുഞ്ഞിനെ ഉണങ്ങിയ കമ്പോ തടിക്കഷണമോ ഉപയോഗിച്ച് ഷോക്ക് തള്ളിമാറ്റുക. ശ്വാസഗതി ശരിയല്ലെങ്കില്‍ കൃത്രിമ ശാസോച്ഛ്വാസം കൊടുക്കണം. സമയം ഒട്ടും വൈകാതെ ആശുപത്രിയിലെത്തിക്കുക.

തീപ്പൊള്ളല്‍


തിളച്ച വെള്ളം, തീ, തിളച്ച് പഴുത്ത ലോഹം, ഇലക്ട്രിക് ഷോക്ക്, പടക്കം കത്തിക്കല്‍ ഇവയില്‍ നിന്നെല്ലാം തീപ്പൊള്ളലുണ്ടാകാം. വസ്ത്രങ്ങള്‍ക്ക് തീ പിടിച്ചിട്ടുണ്ടെങ്കില്‍ കുട്ടിയെ നിലത്ത് കിടത്തി തീയ്ക്കുമേല്‍ വെള്ളം കോരി ഒഴിക്കുക. കൈയ്യോ കാലോ ആണ് പൊള്ളുന്നതെങ്കില്‍ പൊള്ളിയ ഭാഗം തണുത്ത വെള്ളത്തില്‍ താഴ്ത്തിവയ്ക്കണം. ഇതിന് ഐസ് വാട്ടര്‍ വേണ്ട പച്ചവെള്ളം മതി.

പൊള്ളിയ ശരീരത്തില്‍ നിന്ന് വസ്ത്രങ്ങള്‍ വലിച്ചെടുക്കരുത്. പൊള്ളലേറ്റ ഭാഗത്തിന് മുകളില്‍ വൃത്തിയുള്ള തുണി കൊണ്ട് പൊതിയുക. ഇതിനായി പഞ്ഞി ഉപയോഗിക്കരുത്. പൊള്ളി നില്‍ക്കുന്ന കുമിളകള്‍ പൊട്ടിക്കരുത്. ശരീരോപരിതലത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം.

uploads/news/2018/01/184052/childcare160118a.jpg

പേ വിഷബാധയേറ്റാല്‍


പട്ടി, പൂച്ച, കുരങ്ങ് എന്നിവയില്‍ നിന്നെല്ലാം പേ വിഷബാധ ഉണ്ടാകാം. കടിച്ച മൃഗത്തിന് പേവിഷബാധ ഉണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ പലപ്പോഴും പ്രയാസമാണ്. കടിച്ച മൃഗത്തെ കണ്ടുപിടിക്കാനായില്ലെങ്കില്‍ പേവിഷബാധയായി കരുതി ചികിത്സ തേടണം. മുറിവ് എത്രയും വേഗം ധാരാളം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ചികിത്സ തേടണം. കടിച്ച മൃഗത്തെ അറിയാമെങ്കില്‍ പത്ത് ദിവസം നിരീക്ഷിക്കണം. പത്ത് ദിവസം കഴിഞ്ഞും മൃഗം ജീവിച്ചിരിക്കുകയാണെങ്കില്‍ പേ വിഷബാധയില്ലെന്ന് ഉറപ്പാക്കാം.

റോഡ് സുരക്ഷ


കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച് അവരെ റോഡ് നിയമങ്ങളും പഠിപ്പിക്കണം. റോഡ് മുറിച്ചു കടക്കുന്ന രീതി, നടപ്പാതയിലൂടെ നടക്കേണ്ടതിന്റെ ആവശ്യം, വാഹനങ്ങളില്‍ നിന്ന് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട കരുതലുകള്‍ ഇവയെല്ലാം പറഞ്ഞുകൊടുക്കണം. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം, ട്രാഫിക് പോലീസിന്റെ നിര്‍ദേശങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൈയും തലയും പുറത്തിടാതിരിക്കുക, പുറത്തേയ്ക്ക് തുപ്പാതിരിക്കുക തുടങ്ങിയവയും പറഞ്ഞു കൊടുക്കുക.

കുട്ടികള്‍ക്ക് വളരാന്‍ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പിരിപിരിപ്പുള്ള (എ.ഡി.എച്ച്.ഡി) ഉള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

Ads by Google
Tuesday 16 Jan 2018 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW