Monday, February 11, 2019 Last Updated 43 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 15 Jan 2018 02.24 PM

കൂടുതലൊന്നും ചേദിക്കരുത്, ഞാനും പ്രണയിച്ചിട്ടുണ്ട്; ‘തേപ്പു’കാരി അപര്‍ണ ബാലമുരളി പറയുന്നു

''മലയാളികളുടെ പ്രിയ നായിക അപര്‍ണ ബാലമുരളി, 2018 നെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. അപര്‍ണയുടെ പുതുവര്‍ഷ സ്വപ്‌നങ്ങളും പ്രതീക്ഷകളും.''
uploads/news/2018/01/183776/aparnabalamurali150118c.jpg

ഒരു തെന്നല്‍നിലാവുപോലെ മലയാളികളുടെ മനസ് കവര്‍ന്ന മിടുക്കി, അപര്‍ണ ബാലമുരളി.

മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫറെ നോക്കി ചേട്ടന്‍ സൂപ്പറാാ എന്ന് ജിംസി പറഞ്ഞപ്പോള്‍, സിനിമ കണ്ടവരും പറഞ്ഞു ജിംസി സൂപ്പറാ.. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളായ കഥാപാത്രങ്ങളിലൂടെ, അപര്‍ണ സൂപ്പറാാ എന്ന് വീണ്ടും വീണ്ടും പറയിപ്പിക്കുകയാണ് ഈ തൃശ്ശൂരുകാരി.

അഭിനേത്രിയായും ഗായികയായും ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി മാറിയ അപര്‍ണ യുടെ പുതുവര്‍ഷ സ്വപ്നങ്ങളിലൂടെ...

വെല്‍കം 2018


റിലീസാകാനുള്ള സിനിമകളിലാണ് എന്റെ പ്രതീക്ഷ. കാമുകി റിലീസ് ആകുന്നു. രണ്ട് സിനിമകളുടെ ഷൂട്ട് നടക്കുന്നു. അതു രണ്ടും ഈ വര്‍ഷം റിലീസ് ചെയ്യും.

ന്യൂ ഇയര്‍ റെസല്യൂഷന്‍


ന്യൂ ഇയര്‍ റെസല്യൂഷനോ? എനിക്കോ? ഞാനിതുവരെ ന്യൂ ഇയര്‍ റെസല്യൂഷന്‍സ് ഒന്നും എടുത്തിട്ടില്ല.

2017


സണ്‍ഡേ ഹോളിഡേ യാണ് 2017 ന്റെ സമ്മാനം. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ആ വിജയത്തിളക്കത്തിലായിരുന്നു. ആദ്യ തമിഴ് സിനിമയ്ക്കുള്ള ഓഫര്‍ കിട്ടിയതും 2017ലാണ്. രാജീവ് മേനോന്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കുക, അതൊരു ഭാഗ്യമാണ്. 2017 വിടപറയുമ്പോഴും ആ സന്തോഷം മനസിലുണ്ട്.

ദ ആര്‍ട്ട് ഓഫ് തേപ്പ്


തേപ്പ് കിട്ടിയ നായകന്മാരുടെ രക്ഷക എന്നൊരു ഫണ്ണി ഇമേജ് ഇപ്പോള്‍ കിട്ടിയിട്ടുണ്ട്. സിനിമയില്‍ എനിക്ക് കിട്ടിയ മിക്ക കഥാപാത്രങ്ങളും അങ്ങനെ തന്നെ. പക്ഷേ തേക്കുന്ന കാമുകിമാരെക്കുറിച്ച് വ്യക്തിപരമായി എനിക്ക് ചിലത് പറയാനുണ്ട്.

സണ്‍ഡേ ഹോളിഡേയില്‍ ലളിത ചേച്ചി പറയുന്ന ഒരു ഡയലോഗില്ലേ?, എതിരെ നില്‍ക്കുന്ന ഒരു വ്യക്തിക്ക് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെന്ന് നമുക്ക് അറിയാന്‍ കഴിയില്ലല്ലഎന്നത്. അതുപോലെ തേക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ ഒരു കാരണമുണ്ടാകാം.

കാര്യമറിയാതെ ആരേയും കുറ്റപ്പെടുത്തുന്നത് ശരിയല്ലല്ലോ. എല്ലാ കാമുകിമാര്‍ക്കും ഈ ന്യായമുണ്ടെന്ന് ഞാന്‍ പറയുന്നില്ല. മഹേഷിന്റെ പ്രതികാരം വന്നശേഷമാണ് തേപ്പ് എന്ന വാക്കിന് ഇത്ര പബ്ലിസിറ്റി കിട്ടിയതെന്ന് തോന്നുന്നു.

uploads/news/2018/01/183776/aparnabalamurali150118a.jpg

ആദ്യ ഫ്ളാഷ്‌മോബ്


സോഷ്യല്‍ മീഡിയയിലൂടെ ഫ്ളാഷ്മോബിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ആദ്യമായി ഫ്ളാഷ്മോബ് ചെയ്യുന്നത് മഹേഷിന്റെ പ്രതികാരത്തിലാണ്. ക്യാമറയൊക്കെ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു.

കാണുന്നവര്‍ക്കും ഷൂട്ടിംഗാണെന്നറിയില്ല. അതുകൊണ്ടു സ്വാഭാവികമായി ചെയ്യേണ്ടി വന്നു. ആ ടെന്‍ഷനുണ്ടായിരുന്നു. ഒന്നു രണ്ട് ദിവസം ലൊക്കേഷനില്‍ പ്രാക്ടീസ് ചെയ്തെന്ന് മാത്രം.

ജിംസി മുതല്‍...


ആദ്യ സിനിമ മുതല്‍ കഥാപാത്രത്തെ വിശകലനം ചെയ്തേ അഭിനയിച്ചിട്ടുള്ളൂ. സ്‌ക്രിപ്റ്റ് വായിക്കുമ്പോഴേ കഥാപാത്രത്തെ കുറിച്ച് ധാരണ കിട്ടും. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി ഞാനുമായി ഏറെ സാമ്യമുള്ള കഥാപാത്രമാണ്. കാമുകിയിലെ അച്ചാമ്മയും അങ്ങനെ തന്നെ.

എനിക്കെന്തെങ്കിലും ചെയ്യാനുള്ള സിനിമകളേ ഞാന്‍ സെലക്ട് ചെയ്യാറുള്ളൂ, രാജീവ് സാറിന്റെ തമിഴ് സിനിമയിലാണെങ്കിലും എനിക്ക് 15 ദിവസമേ ഷൂട്ടുണ്ടായിരുന്നുള്ളു. പക്ഷേ ഓരോ സീനിലും എനിക്ക് പെര്‍ഫോം ചെയ്യാനുണ്ട്.

നായികയായേ അഭിനയിക്കൂ എന്ന വാശിയൊന്നുമില്ല, ഇപ്പോള്‍ അഭിനയിക്കുന്ന ബിടെക് എന്ന സിനിമയില്‍ ഞാനും നിരഞ്ജനയും അഭിനയിക്കുന്നുണ്ട്. പക്ഷേ കഥയില്‍ നിര്‍ണ്ണായകമായ കഥാപാത്രമാണ് എന്റേത്.

എന്റെ പ്രണയം


പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ കള്ളമാകും. പ്രണയിച്ചിട്ടുണ്ട്. പക്ഷേ അതിനെക്കുറിച്ച് കൂടുതലൊന്നും ചേദിക്കരുത്. മനോഹരമായൊരു വികാരമാണ് പ്രണയം. കഴിവതും പ്രണയത്തില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ ശ്രമിക്കുക.
uploads/news/2018/01/183776/aparnabalamurali150118.jpg

നാന്‍ ഓട്ടോക്കാരി


അഭിനയിച്ചതില്‍ ഏറ്റവും വെല്ലുവിളി തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലെ ഭാഗീരഥി യായിരുന്നു. എനിക്ക് ഓട്ടോ ഓടിക്കാന്‍ അറിയാത്തതായിരുന്നു കാരണം. ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഞാന്‍ ഓട്ടോ ഓടിച്ചു പഠിച്ചു. പിന്നെ അതിലെനിക്കൊരു ഫൈറ്റ് സീനുണ്ട്. ഷൂട്ടിനിടെ ഫൈറ്റ് സീനില്‍ കാല്‍ മുറിഞ്ഞതല്ലാതെ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

സംഗീതം പാഷനാണ്


സംഗീത കുടുംബമാണ് എന്റേത്. അച്ഛമ്മ സംഗീത അധ്യാപികയായിരുന്നു. അച്ഛന്‍ ബാലമുരളി സംഗീത സംവിധായകനാണ്, അമ്മ ശോഭ ഗായികയാണ്. പാട്ടിനെ ഞാനെപ്പോഴും കൂടെ നിര്‍ത്താറുണ്ട്. അതുകൊണ്ടാണ് സിനിമയില്‍ പാടാന്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ചത്.

ഞാന്‍ ആദ്യമായി പാടിയത് മഹേഷിന്റെ പ്രതികാരത്തിലാണ്. കൂടുതല്‍ നന്നായെന്ന് തോന്നിയത് ഒരു മുത്തശ്ശി ഗദയിലെ തെന്നല്‍ നിലാവിന്റെ എന്ന പാട്ടിലൂടെയാണ്.

സണ്‍ഡേ ഹോളിഡേയിലെ മഴ പാടും എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞാന്‍ അഭിനയിക്കാത്ത സിനിമയിലും പാടാനുള്ള ഭാഗ്യം കിട്ടി. പാവയിലെ വിണ്ണില്‍ തെളിയും മേഘമേ എന്ന പാട്ട്.

സിനിമയിലെ ഇഷ്ടപ്രണയം


ഒരുപാടുണ്ട്. പക്ഷേ പേഴ്സണല്‍ ഫേവറേറ്റ് വിണ്ണൈതാണ്ടി വരുവായയിലെ കാര്‍ത്തിക്കിന്റെയും ജെസിയുടേയും പ്രണയമാണ്. നായകനും നായികയും ഒന്നിക്കുന്നില്ലെങ്കിലും ആ കഥയില്‍ പ്രണയത്തിന്റെ ഒരു മാജിക്കുണ്ടായിരുന്നു.

പിന്നെ കുഞ്ചാക്കോ ബോബന്‍ ശാലിനി ജോഡിയുടെ പ്രണയവും ഇഷ്ടമാണ്. അവര്‍ അഭിനയിച്ച എല്ലാ പ്രണയ സിനിമകളും എന്റെ ഫേവറേറ്റാണ്.

ഗ്ലാമറസോ?


സര്‍വ്വോപരി പാലക്കാരന്‍ എന്ന സിനിമയിലെ ഒരു ഷോട്ടില്‍ അല്‍പം മോഡേണായിരുന്നു. അത്ര ഗ്ലാമറസൊന്നുമല്ലായിരുന്നു, ആവശ്യത്തിന് ഡ്രസ്സൊക്കെ ഉണ്ടായിരുന്നു. ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ?
uploads/news/2018/01/183776/aparnabalamurali150118b.jpg

മൈ ഹീറോസ്


വിനീത് ശ്രീനിവാസന്‍: പൊതുവേ സൈലന്റായ ആളാണ്. ഞങ്ങളാദ്യമഭിനയിച്ച ഒരു സെക്കന്റ് ക്ലാസ് യാത്രയുടെ കാലത്ത് അധികമൊന്നും സംസാരിച്ചിട്ടില്ല. പിന്നീട് ഒരു മുത്തശ്ശി ഗദയിലേക്ക് എത്തിയപ്പോള്‍ കുറേക്കൂടി ഫ്രണ്ട്ലിയായി. ഒരേസമയം നല്ലൊരു സംവിധായകനും അഭിനേതാവും ഗായകനുമാണ് വിനീതേട്ടന്‍.

ഫഹദ് ഫാസില്‍: എന്റെ ആദ്യ നായകന്‍. ഫഹദുമായി അന്നു മുതല്‍ നല്ല സൗഹൃദമാണ്.

ആസിഫ് അലി: ഞാന്‍ പാടിയ ഏറ്റവും ഹിറ്റായ പാട്ട് സണ്‍ഡേ ഹോളിഡേയിലേതാണ്. അതില്‍ ആസിഫാണ് നായകന്‍. അതിനുശേഷം ഞങ്ങളൊരുമിച്ച് തൃശ്ശിവപേരൂര്‍ ക്ലിപ്തത്തില്‍ അഭിനയിച്ചു. ആസിഫിക്കയുമായി നല്ല സൗഹൃദമുണ്ട്. ഒരു സഹോദരതുല്യമായ സ്നേഹം.

അനൂപ് മേനോന്‍: ആദ്യമായിട്ടാണ് ഇത്രയും സീനിയറായ നടനൊപ്പം അഭിനയിക്കുന്നത്. എനിക്കദ്ദേഹത്തോട് ബഹുമാനമാണ്. സീനിയറായിട്ടുകൂടി അനൂപേട്ടന്‍ വളരെ ഫ്രണ്ട്ലിയായാണ്.

അപൂര്‍വ്വ ഭാഗ്യം


ആസിഫ്, അഷ്‌ക്കര്‍ എന്നീ സഹോദരങ്ങളുടെ നായികയായി അഭിനയിച്ചു. ആസിഫിക്ക 10 വര്‍ഷം മുമ്പ് സിനിമയില്‍ എത്തിയ ആളാണ്. എന്നെ സംബന്ധിച്ച് വളരെ സീനിയര്‍. അഷ്‌ക്കര്‍ ജൂനിയറും. എനിക്ക് മുമ്പും ശേഷവും സിനിമയില്‍ എത്തിയ സഹോദരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. അഷ്‌ക്കറെ നേരത്തേ പരിചയമുണ്ടായിരുന്നു. ആസിഫിക്കയെ സിനിമയില്‍ എത്തിയ ശേഷമാണ് പരിചയപ്പെടുന്നത്. രണ്ടുപേര്‍ക്കൊപ്പമുള്ള അഭിനയവും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു.

ഡ്രീം റോള്‍


ഇതുവരെ ചെയ്തതെല്ലാം ബോള്‍ഡായ കഥാപാത്രങ്ങളാണ്. എങ്കിലും മനസിലുണ്ട് ഒരു കൊച്ചു സ്വപ്നം. ശക്തയായ ഒരു സ്ത്രീയുടെ ജീവചരിത്രം വെള്ളിത്തിരയിലെത്തിക്കണം. അതിനുവേണ്ടി നല്ലൊരു സംവിധായകനും സ്‌ക്രിപ്റ്റും എന്നെ സമീപിക്കട്ടെ.പിന്നെ ഏവര്‍ക്കും എന്റെ പുതുവര്‍ഷ ആശംസകള്‍.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW