ന്യൂഡല്‍ഹി : ഇന്ത്യ ഹിന്ദുരാഷ്ര്ടമാവുമ്പോള് ഹിന്ദു സംസ്കാരം ഉള്‍ക്കൊണ്ട് ജീവിക്കുന്ന മുസ്ലീംകള്‍ക്ക് മാത്രമേ രാജ്യത്ത് താമസിക്കാന്‍ കഴിയുകയുള്ളൂ എന്ന ഭീഷണിയുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എ സുരേന്ദ്ര സിംഗ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ ഹിന്ദുരാഷ്ര്ടമായിത്തീരുമ്പോള് നമ്മുടെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുസ്ലിംകള്ക്ക് മാത്രമാണ് ഇവിടെ ജീവിക്കാന്‍ കഴിയുക. അല്ലാത്തവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ അഭയംപ്രാപിക്കാമെന്നും സുരേന്ദ്രസിംഗ് പറഞ്ഞു. രാജ്യത്ത് വളരെകുറച്ച് മുസ്ലിംകള് മാത്രമാണ് രാജ്യസ്നേഹികളായിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
അവതാരപുരുഷനെന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ച സുരേന്ദ്രസിങ് 2024-ല്‍ ഇന്ത്യ ഹിന്ദുരാഷ്ര്ടമായി മാറുമെന്നും അഭിപ്രായപ്പെട്ടു. 2025-ല്‍ ആര്‍എസ്എസ് നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി 2024 ല്‍ ഇന്ത്യ ഹിന്ദുരാഷ്ര്ടമായി മാറും. ഇന്ത്യ അന്താരാഷ്ര്ട ശക്തിയായി മാറുന്നതില്‍ മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നമ്മള് നന്ദി പറയണം. 2024 ല്‍ ഇന്ത്യ ഹിന്ദുരാഷ്ര്ടമാകുന്നതോടു കൂടി ഇന്ത്യ വിശ്വഗുരു ആയിമാറുമെന്നും അദ്ദേഹം പറയുന്നു.