തിരുവനന്തപുരം: ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് മുന്‍ പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് നാരായണക്കുറുപ്പ്. കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി. അന്ന് പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത് നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വ. ജനറലിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സിബിഐ അന്വേഷണവും പോലീസുകാര്‍ക്കെതിരായ നടപടിയും ആവശ്യപ്പെട്ട് ശ്രീജിത്ത് കോടതിയെ സമീപിച്ചാല്‍ നിയമസഹായം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.