Tuesday, December 11, 2018 Last Updated 43 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.01 AM

കേരള 'ജയില്‍ ഇലവന്‍' റെഡി; ശ്രീലങ്കയുമായി ക്രിക്കറ്റ്‌ കളിക്കാന്‍

uploads/news/2018/01/183450/k9.jpg

തിരുവനന്തപുരം : മഞ്‌ജു വാര്യര്‍ നായികമായ "കരിങ്കുന്നം സിക്‌സസ്‌ " എന്ന സിനിമ ജയില്‍പുള്ളികളുടെ വോളിബോള്‍ ടീം രാജ്യാന്തര വോളിബോള്‍ ടൂര്‍ണമെന്റ്‌ കളിക്കുന്നതാണ്‌ പ്രമേയമാക്കിയത്‌. അതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാവണം വെള്ളിത്തിരയ്‌ക്കുപുറത്ത്‌ തടവുപുള്ളികളുടെ രാജ്യാന്തര ക്രിക്കറ്റ്‌ മത്സരമൊരുക്കി സംസ്‌ഥാനത്തെ ജയില്‍വകുപ്പ്‌ ചരിത്രം സൃഷ്‌ടിക്കുന്നു. അതും കടല്‍ കടന്നെത്തുന്ന ശ്രീലങ്കന്‍ ജയില്‍ വകുപ്പിന്റെ ടീമുമായി ട്വന്റി20 ക്രിക്കറ്റ്‌ മത്സരം കളിച്ച്‌.
ശ്രീലങ്കന്‍ ജയില്‍ വകുപ്പിനു കീഴിലുള്ള ക്രിക്കറ്റ്‌ ടീമുമായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തിലാണ്‌ ജയില്‍പുള്ളികളടങ്ങുന്ന സംസ്‌ഥാന ജയില്‍വകുപ്പിന്റെ ടീം കളിക്കുന്നത്‌. രണ്ടുരാജ്യങ്ങളിലെ ജയില്‍ വകുപ്പുകള്‍ തമ്മിലുള്ള ക്രിക്കറ്റ്‌ മത്സരം നടക്കുന്നത്‌ ചരിത്രത്തില്‍ ആദ്യവും. ഫെബ്രുവരി 28 മുതല്‍ ഒരാഴ്‌ചക്കാലത്തിനിടെ മൂന്നു മത്സരങ്ങളാകും ഇരു ടീമുകളും കളിക്കുക. ജയില്‍ ഡി.ജി.പി: ആര്‍. ശ്രീലേഖയുടെ നേതൃത്വത്തിലാണു കേരളാ ടീം. ടീമിലെ ഏഴുപേര്‍ സംസ്‌ഥാനത്തെ വിവിധ ജയിലുകളിലുള്ള തടവുപുള്ളികളാണ്‌. 20 പേരുടെ ടീമില്‍ ബാക്കി 13 പേരും ജയില്‍ ജീവനക്കാരും. ശ്രീലങ്കന്‍ ജയില്‍ കമ്മിഷണര്‍ ഗാമിനി ജയസിങ്കെയുടെ നേതൃത്വത്തിലെത്തുന്ന ശ്രീലങ്കന്‍ ടീമില്‍ ജയില്‍പുള്ളികളില്ല. 30 അംഗ സംഘമാണ്‌ എത്തുന്നത്‌. 25 പേര്‍ കളിക്കാരും അഞ്ചുപേര്‍ ഉദ്യോഗസ്‌ഥരും. ശ്രീലങ്കയില്‍ ജയില്‍പുള്ളികളുടെ ക്രിക്കറ്റ്‌ ടീമുണ്ടെങ്കിലും ഇന്ത്യയിലേക്ക്‌ കൊണ്ടുവരുമ്പോഴുള്ള സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഒഴിവാക്കുകയായിരുന്നു.
ഇന്ത്യയില്‍ ഇതുവരെ ഒരു ജയിലിലും തടവുകാര്‍ക്കുവേണ്ടി കായിക ടീമുണ്ടാക്കിയിട്ടില്ല. കേരളത്തിലെ ജയില്‍ വകുപ്പാണ്‌ ആദ്യമായി ക്രിക്കറ്റ്‌ ടീം രൂപീകരിക്കുന്നത്‌. തടവുകാരുടെ കല, കായിക, വിദ്യാഭ്യാസപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള ജയില്‍ ഡി.ജി.പി: ആര്‍. ശ്രീലേഖയുടെയും ജയില്‍ ഉദ്യോഗസ്‌ഥരുടേയും ശ്രമങ്ങളുടെ തുടര്‍ച്ചയാണ്‌ ക്രിക്കറ്റ്‌ ടീമും.
ഹാഷിം, കെ.എസ്‌. സുജി, നിഷാദ്‌, സനീഷ്‌, സുബൈര്‍, അബ്‌ഷീര്‍, വേണുക്കുട്ടന്‍ എന്നീ തടവുകാരാണ്‌ ജയില്‍ വകുപ്പിനുവേണ്ടി കളത്തിലിറങ്ങുന്നത്‌. ഹാഷിം, സനീഷ്‌, സുബൈര്‍, അബ്‌ഷീര്‍ എന്നിവര്‍ വിയ്യൂര്‍ ജയിലിലും വേണുക്കുട്ടന്‍ നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലിലും കെ.എസ്‌. സുജി ചീമേന ഓപ്പണ്‍ ജയിലിലുമുള്ള തടവുകാരാണ്‌. ഒന്‍പതു മുതല്‍ 19 വരെ മംഗലപുരത്തെ കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ നടക്കുന്ന പരിശീലത്തില്‍ തടവുകാരെ പങ്കെടുപ്പിക്കുന്നുണ്ട്‌. പരിശീലനത്തിന്‌ നിശ്‌ചിത സമയമുണ്ട്‌. രാവിലെ ഗ്രൗണ്ടിലെത്തിച്ചാല്‍ പരിശീലനശേഷം ഉച്ചയോടെ ജയിലില്‍ എത്തിക്കും.
മത്സരം നടക്കുന്നത്‌ തലസ്‌ഥാനത്തായതിനാല്‍ പരിശീലനത്തിനും, കായക ക്ഷമതാ പരിശോധനയ്‌ക്കുമായി തടവുകാരെ സെന്‍ട്രല്‍ ജയിലില്‍ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിരക്കുകയാണ്‌. ഈമാസം മൂന്നിനായിരുന്നു ജയില്‍ വകുപ്പ്‌ ഓപ്പണ്‍ സെലക്ഷന്‍ നടത്തിയത്‌. സെലക്ഷനില്‍ സൗത്ത്‌, സെന്‍ട്രല്‍, നോര്‍ത്ത്‌ സോണുകളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരും തടവുകാരും പങ്കെടുത്തു. തുമ്പ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജിലെ കെ.സി.എ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ വെച്ച്‌നടന്ന സെലക്ഷനില്‍ 54 പേര്‍ പങ്കെടുത്തു.

എ.എസ്‌. അജയ്‌ദേവ്‌

Ads by Google
Sunday 14 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW