Thursday, June 21, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.46 AM

മഞ്ഞുരുക്കാന്‍ അഭിഭാഷകരും

uploads/news/2018/01/183426/d1.jpg

ന്യൂഡല്‍ഹി : രാജ്യത്തെ നീതിനിര്‍വഹണസംവിധാനത്തിന്‌ അസാധാരണപ്രതിസന്ധി ഉയര്‍ത്തിയ സുപ്രീം കോടതി ജഡ്‌ജിമാരുടെ കലാപം രമ്യമായി പരിഹരിക്കാന്‍ തിരക്കിട്ട അനുരഞ്‌ജനനീക്കം.തര്‍ക്കം പരിഹരിക്കാന്‍ രാജ്യത്തെ നിയമസംവിധാനത്തിലെ ഏറ്റവും ഉന്നത സംഘടനകളായ ബാര്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയും സുപ്രീം കോടതി ബാര്‍ അസോസിയേഷനും രംഗത്തെത്തി.
അഭിഭാഷകരുടെ നിയന്ത്രണസമിതിയായ ബാര്‍ കൗണ്‍സില്‍ പ്രശ്‌നപരിഹാരത്തിന്‌ ഏഴംഗ സമിതിയെ നിയോഗിച്ചു. ഇവര്‍ ന്യായാധിപരെ കാണും. സുപ്രീം കോടതി അഭിഭാഷകരുടെ സംഘടനയായ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഇന്നലെ വൈകിട്ട്‌ അടിയന്തരയോഗം ചേര്‍ന്ന്‌ രണ്ടു പ്രമേയങ്ങള്‍ പാസാക്കി. സുപ്രീം കോടതിയുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്നതാണ്‌ പ്രമേയങ്ങളിലൊന്ന്‌.
വാര്‍ത്താ സമ്മേളനം നടത്തി പരസ്യമായി പ്രതിഷേധിച്ച ജഡ്‌ജിമാര്‍ക്കെതിരെ നിയമനടപടികളിലേക്കു നീങ്ങേണ്ടെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. പ്രശ്‌നം കൂടുതല്‍ വഷളാകാനുള്ള സാധ്യത കണക്കിലെടുത്താണിത്‌. ജഡ്‌ജിമാരെ അനുനയിപ്പിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അനുരഞ്‌ജന ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. പ്രശ്‌നങ്ങള്‍ ഉടന്‍ തീരുമെന്ന്‌ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രശ്‌നം ആഭ്യന്തരമാണെന്നും അതു കോടതി തന്നെ പരിഹരിക്കട്ടെ എന്നുമാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌. ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ പ്രതിയായ കേസിലെ ജഡ്‌ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ സുപ്രീംകോടതിയിലെ പൊട്ടിത്തെറിയിലേക്ക്‌ നയിച്ചത്‌ എന്നതിനാല്‍ കരുതലോടെയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. പ്രധാനമന്ത്രിയും നിയമമന്ത്രിയും വിഷയം നോക്കിക്കാണുന്നുണ്ടെന്ന്‌ കേന്ദ്രമന്ത്രി ശ്രീപദ്‌ നായിക്‌ വ്യക്‌തമാക്കി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഇന്നലെ ചീഫ്‌ ജസ്‌റ്റിസിനെ വസതിയിലെത്തി കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
സുപ്രീം കോടതിയുടെ ഭരണനിര്‍വഹണത്തിലും ചീഫ്‌ ജസ്‌റ്റിസിന്റെ ഇടപെടലുകളിലും ക്രമക്കേടുകള്‍ ആരോപിച്ചാണ്‌ മുതിര്‍ന്ന ന്യായാധിപരായ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍, ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ജസ്‌റ്റിസ്‌ മദന്‍ ബി. ലോക്കൂര്‍, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ എന്നിവര്‍ പത്രസമ്മേളനത്തിലൂടെ അസാധാരണ വെളിപ്പെടുത്തല്‍ നടത്തിയത്‌.
ജസ്‌റ്റിസ്‌ ചെലമേശ്വര്‍ അടക്കമുള്ളവര്‍ക്ക്‌ പിന്തുണ നല്‍കി കൂടുതല്‍ അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ്‌ പ്രതിസന്ധിക്ക്‌ എത്രയും പെട്ടെന്ന്‌ പരിഹാരമുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്‌. ഇന്നലെ ജസ്‌റ്റിസ്‌ ചെലമേശ്വര്‍ ഒഴികെയുള്ള മറ്റ്‌ ജഡ്‌ജിമാര്‍ ഡല്‍ഹിക്ക്‌ പുറത്തായതിനാല്‍ നേരിട്ടുള്ള അനുരഞ്‌ജന നീക്കങ്ങളൊന്നും നടന്നില്ല.
ജഡ്‌ജിമാരുടെ പരസ്യപ്രതിഷേധം നിയമസംവിധാനത്തെ പിടിച്ചുലച്ചെന്നും വിഷയം ദ്രുതഗതിയില്‍ ശാന്തമായി പരിഹരിക്കണമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ പറഞ്ഞു. ബാര്‍ കൗണ്‍സില്‍ നിയോഗിച്ച ഏഴംഗ സമിതിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ സുപ്രീം കോടതിയിലെ പകുതിയോളം ന്യായാധിപര്‍ സമ്മതിച്ചിട്ടുണ്ട്‌. ഇവരുമായുള്ള കൂടിക്കാഴ്‌ച ഇന്നു തുടങ്ങും. അതിനുശേഷം സമിതി വിമതസ്വരം ഉയര്‍ത്തിയ ജഡ്‌ജിമാരെ കാണും. ഏറ്റവുമൊടുവില്‍ ചീഫ്‌ ജസ്‌റ്റിസിനെയും.
വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്‌ജിമാരുടെ നടപടി ശരിയായില്ലെന്നാണ്‌ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ വികാസ്‌ സിങ്‌ പറഞ്ഞു. പ്രശ്‌നം ആഭ്യന്തരമായി പരിഹരിക്കണമെന്നും ഫുള്‍ കോര്‍ട്ട്‌ വിളിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ തയാറാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Ads by Google
Sunday 14 Jan 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW