Monday, December 17, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.35 AM

കിക്കോഫ്‌ ടു മിലാന്‍ : ഒരു ഗ്രാമത്തിന്റെ സമാനതയില്ലാത്ത ഫുട്‌ബോള്‍ പ്രണയം

uploads/news/2018/01/183393/sun1.jpg

എ. സി.മിലാന്‍ ഒരു ലോക പ്രശസ്‌ത ഫുട്‌ബോള്‍ ക്ലബാണ്‌. എന്നാല്‍ ഇനി പറയുന്ന മിലാന്‍ ലോകമറിയുന്ന മറ്റൊരു മിലാനായി മാറുന്നതിനുള്ള കഠിന പരിശ്രമത്തിലും.ഇത്‌ വായിക്കാന്‍ ഫുട്‌ബോള്‍ അറിയണമെന്നില്ല. കാരണം ഇത്‌ യഥാര്‍ഥ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ ചരിത്രമാണ്‌.
കിക്കോഫ്‌ കൗണ്ട്‌ ഡൗണ്‍
സമയം 6.25 പി.എം.
റിപ്പോര്‍ട്ടിംഗ്‌
ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ മത്സരത്തിന്‌ 2014 ല്‍ മുംബൈയില്‍ തുടക്കം കുറിച്ച സമയം. കേരളത്തില്‍ എറണാകുളം ജില്ലയിലെ പല്ലാരിമംഗലം എന്ന ഫുട്‌ബോള്‍ പ്രേമികളുടെ പഞ്ചായത്തിനും ഒരാഗ്രഹം. നാട്ടില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ മത്സരത്തെ ഐ.എസ്‌.എല്‍.മാതൃകയിലേക്ക്‌ മാറ്റണം. കേട്ടാല്‍ അത്യാഗ്രഹം. ഫൂട്‌ബോള്‍ പരിശീലന രംഗത്തും ഉപപ്രവര്‍ത്തനങ്ങളിലും നാടിന്റെ നാമമായ മിലാന്‍ ഫുട്‌ബോള്‍ ക്ലബ്‌ ആ ആഗ്രഹത്തെ നെഞ്ചേറ്റി.ഒടുവില്‍ വരവേറ്റു.
6.30 പി.എം.-വാം അപ്‌
ആ വരവേല്‍പ്പില്‍ കാര്യങ്ങള്‍ക്ക്‌ ചൂടുപിടിച്ചു. പഞ്ചായത്തിലെ അടിവാട്‌, പുലിക്കുന്നേപ്പടി, കൂറ്റംവേലി, ഈട്ടിപ്പാറ,പല്ലാരിമംഗലം തുടങ്ങിയിടങ്ങളിലെ മറ്റ്‌ ക്ലബുകളും സഹകരണം വാഗ്‌ദാനം ചെയ്‌തു. പൗരപ്രമുഖരും വിവിധ ക്ലബ്‌ ഭാരവാഹികളും ഒത്തുചേര്‍ന്നു. കാര്യങ്ങള്‍ വീണ്ടും ഉഷാറായി. 2011 ല്‍ നാട്ടില്‍ ഫുട്‌ബോള്‍ അക്കാദമിക്ക്‌ തുടക്കം കുറിച്ച മിലാന്‍ തന്നെ മത്സരത്തിന്റെ നായകത്വമേറ്റു.
6.45. പി.എം.-വാം അപ്‌ കഴിഞ്ഞ്‌ മടക്കം
ചൂടുപിടിച്ചത്‌ തണുത്താല്‍ കാര്യങ്ങള്‍ കുഴയുമെന്നറിഞ്ഞ മിലാന്‍ അടങ്ങിയിരുന്നില്ല.മത്സരം പൊടിപാറണമെങ്കില്‍ ഏറെ സഞ്ചരിക്കണം. ക്ലബിലെ 18 വയസ്‌ മുതല്‍ 60 വയസ്‌ വരെയുള്ളവര്‍ ഒരേ പ്രായത്തിലും ഒരേ മനസിലുമായി നീങ്ങി. അങ്ങിനെ കേരള ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയായി. 2014 അവസാനം ഐ.എസ്‌.എല്‍.മാതൃകയില്‍ മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങളായി.
6.50 പി.എം.-ലൈന്‍ അപ്‌
വേഗവും കരുത്തും തന്ത്രങ്ങളുമെല്ലാമറിയാന്‍ കളത്തിലിറങ്ങണം. അതിന്‌ മുമ്പ്‌ വീണ്ടും ഒരണിചേരല്‍. നാട്ടിലെ രാഷ്‌ട്രീയ, സാമൂഹ്യ, വ്യാപാരവ്യവസായ, വിദ്യാഭ്യാസ പ്രവാസ മേഖലകളില്‍ നിന്നെല്ലാം മിലാന്‌ മുന്നിലും പിന്നിലും വശങ്ങളിലും നൂറുകണക്കിന്‌ പേര്‍ അണി നിരന്നു. ഡി.വൈ.എഫ്‌.ഐ, യൂത്ത്‌ കോണ്‍ഗ്രസ്‌, സി.പി.ഐ, യൂത്ത്‌ ലീഗ്‌, എസ്‌.ഡി.പി.ഐ, പ്രവാസി ലീഗ്‌ തുടങ്ങിയവരൊക്കെ പിന്നണിയാളുകളായി.നാടിന്റെ ഫുട്‌ബോള്‍ പനി രക്‌തത്തില്‍ അലിഞ്ഞവര്‍ക്ക്‌ അതിന്‌ മേലെ എന്ത്‌ രാഷ്‌്ട്രീയം.മത്സരം ആരംഭിച്ച്‌ നാലാം സീസണിലും ഇവരെല്ലാം സജീവം.
6.52 പി.എം.-ഗ്രൗണ്ട്‌ മാര്‍ച്ച്‌
സെവന്‍സ്‌ ഫുട്‌ബോളിനായി നീഗ്രോ കുട്ടന്‍മാരെ രംഗത്തിറക്കി കളി ഉഷാറാക്കിയിരുന്ന സംഭവം വേണ്ടെന്ന്‌ ആദ്യമെ തീരുമാനമെടുത്തിരുന്നു. പഞ്ചായത്തിലെയും ആവശ്യമെങ്കില്‍ കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെയും കളിക്കാര്‍ മാത്രം മതിയെന്ന്‌ തീരുമാനം. വിപ്ലവകരമായ തീരുമാനത്തില്‍ പലരും ആദ്യമൊന്നമ്പരന്നെങ്കിലും ഫുട്‌ബോളിനെ ജീവവായു പോലെ കൊണ്ടുനടക്കുന്ന പല്ലാരിമംഗലത്തിന്റെ മക്കളെ മിലാന്‌ അറിയാമായിരുന്നു.അതുകൊണ്ടുതന്നെ ഐ.എസ്‌.എല്‍. മാതൃകയില്‍ പത്ത്‌ ടീമുകളെന്നും അവയിലെ ഒരോ ടീമിലും എട്ട്‌ കളിക്കാര്‍ പല്ലാരിമംഗലം പഞ്ചായത്തില്‍ നിന്നുള്ളവരെന്നും മാര്‍ക്വി താരങ്ങളാകാന്‍ താലൂക്കിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അഞ്ച്‌ പേരെന്നും നിബന്ധന വച്ചു. മാര്‍ക്വി താരങ്ങളില്‍ മൂന്ന്‌ പേര്‍ക്ക്‌ മാത്രമായിരിക്കും കളിക്കാന്‍ അവസരം നല്‍കേണ്ടതെന്നും തീരുമാനമായി.മറ്റ്‌ നിയമങ്ങളെല്ലാം ഐ.എസ്‌.എല്‍.മാതൃകയില്‍ തന്നെ.

6.53 പി.എം.-ഗസ്‌റ്റ് ഓഫ്‌ ഓണര്‍
ആരെയും ആദരിച്ചേ മതിയാകു.കളിക്കാരെ വെറുതെയല്ല ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്‌ എടുക്കുന്നത്‌.ലേലം വിളിയിലൂടെയാണ്‌.അതുതന്നെ ഇവിടെയും. അതിനായി പത്ത്‌ ടീമുകളില്‍ ഒമ്പതും ഫ്രാഞ്ചൈസി അടിസ്‌ഥാനത്തില്‍ നല്‍കി.ഫ്രാഞ്ചൈസികള്‍ക്ക്‌ പഞ്ചായത്തില്‍ നിന്നുള്ള ടീം അംഗങ്ങളെ 15000 രൂപ വരെ വില നല്‍കി ഒരു സീസണിലേക്ക്‌ സ്വന്തമാക്കാം.അങ്ങിനെ നാട്ടിലെ ഫുട്‌ബോളര്‍ക്കും വിലയായി. ഐ ലീഗിലെ പൈലാന്‍ ആരോസ്‌ എന്ന പോലെ പത്താം ടീമായി മിലാന്റെ തന്നെ അക്കാദമിയിലെ 16 വയസില്‍ താഴെയുള്ളവരുടെ ടീമുമെത്തി.
6.55 പി.എം.-
ദേശീയഗാനം
ഇതൊന്നും ഒരു സെവന്‍സ്‌ ഗ്രൗണ്ടിലും ഉള്ളതല്ല.പക്ഷെ എല്ലാ മത്സരത്തിന്‌ മുമ്പും ഗ്രൗണ്ടില്‍ ദേശീയഗാനം മുഴങ്ങും.മിലാന്‍ എല്ലാം പട്ടാളച്ചിട്ടയോടെ ചെയ്യുന്നു. 26 ദിവസം നീളുന്ന മത്സരത്തെ അതേ വീര്യത്തോടെ ഉള്‍ക്കൊണ്ട്‌ മിലാന്റെ 85 അംഗങ്ങളും ദിവസവും മത്സരവേദിയായ പഞ്ചായത്തിന്റെ ഫ്‌ളഡ്‌ലിറ്റ്‌ സ്‌റ്റേഡിയത്തിലെത്തുന്നു. കടും നീല ടീ ഷര്‍ട്ടില്‍ വലതുവശത്ത്‌ സ്വന്തം പേരും ഇടത്‌ മിലാനെന്ന അപരനാമവും എല്ലാവര്‍ക്കുമുണ്ട്‌. പക്ഷെ പരസ്യമാക്കാത്ത ഒരു രഹസ്യം ഇവര്‍ക്കൊപ്പമുണ്ട്‌.ഫുട്‌ബോള്‍ ലഹരിക്കിടയിലും മറ്റുള്ളവന്റെ വേദന മറക്കാത്ത മനസ്‌. അതറിഞ്ഞ്‌ ഓരോ വര്‍ഷവും ലക്ഷങ്ങളുടെ സഹായം ചെയ്യുന്ന സുമനസുകള്‍.ദേശീയത ഇവരിലാണ്‌.
6.57 പി.എം.-ടോസ്‌
കളിക്ക്‌ ടോസ്‌ ആവശ്യമാണെങ്കിലും മിലാന്‌ അതാവശ്യമില്ല.ഇവിടെ ആരാദ്യം എന്ന ചോദ്യമില്ല.വര്‍ഷാദ്യം തുടങ്ങുന്ന മത്സരത്തിനായി നാല്‌ മാസം മുമ്പേ തുടങ്ങുന്ന ഒരുക്കങ്ങള്‍.നവംബറിലാണ്‌ ലേലം. പിന്നീട്‌ സ്‌പോണ്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനായി ഓട്ടം.ഇതിനിടെ അക്കാദമിയിലെ അണ്ടര്‍ 10,12,14,16 കുട്ടികള്‍ക്കായുള്ള പരിശീലനം.മത്സരം നിയന്ത്രിക്കാനെത്തുന്ന റഫറിമാര്‍ക്കായി വരെ പ്രത്യേകം ക്ലാസുകള്‍.പരിശീലകര്‍ക്കും ക്ലാസുകളുണ്ട്‌. ഇപ്രകാരം പരിശീലന ക്ലാസുകളില്‍ പങ്കെടുത്തവരെ മാത്രമെ ടീമിനൊപ്പം പരിശീലകരായി അനുവദിക്കു. ടീമുകള്‍ക്ക്‌ പരിശീലകര്‍ നിര്‍ബന്ധമാണ്‌. കളിക്കളത്തിലെ അച്ചടക്കം എടുത്തുപറയേണ്ടതുണ്ട്‌. മഞ്ഞകാര്‍ഡിന്‌ 100 രൂപയും ചുവപ്പിന്‌ 200 രൂപയും ഫൈന്‍ നല്‍കണം. സമയക്രമം പാലിക്കാതിരിക്കുക എന്നത്‌ ടീമിന്റെ വലിയ അയോഗ്യതയായി കണക്കാക്കുന്നു.
7.00 പി.എം.കിക്കോഫ്‌
ഒരു പഞ്ചായത്തില്‍ നിന്ന്‌ ഒരേ സമയം 90 കളിക്കാരുണ്ടാവുക എന്ന അത്ഭുതം ഇവിടെ സംഭവിക്കുകയാണ്‌. മിലാന്‍ അക്കാദമിയുടെ ചുണക്കുട്ടന്‍മാരൊക്കെ പുതുവേദികള്‍ കണ്ടെത്തി നാളെയുടെ താരങ്ങളാകനുള്ള ഒരുക്കത്തിലാണ്‌.ഓരോ വര്‍ഷവും അമ്പത്‌ ശതമാനത്തിനടുത്ത്‌ പുതിയ കളിക്കാര്‍ ഓരോ ടീമിലും എത്തുന്നു എന്നറിയുമ്പോഴാണ്‌ നാളെ പല്ലാരിമംഗലം നല്‍കാന്‍ പോകുന്ന വലിയ സമ്മാനങ്ങളുടെ വില അറിയാനാവു. ഇപ്പോഴത്തെ പ്രസിഡന്റ്‌ബിന്നി കെ.ജോസ്‌ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സര്‍ട്ടിഫൈഡ്‌ കോച്ചാണ്‌.സെക്രട്ടറിയായ അസിം അലിയും ട്രഷററായ അഷ്‌റഫ്‌ ഉള്‍ അമീനും ഇടവും വലവുമുണ്ട്‌. മറ്റ്‌ ഭാരവാഹികളും.മിലാനില്‍ യാതൊന്നിനും വലുപ്പചെറുപ്പമില്ല.കൂലിപ്പണിക്കാര്‍,കോളജ്‌ അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍,ബിസിനസുകാര്‍,വിദ്യാര്‍ഥികള്‍,കൃഷിക്കാര്‍ തുടങ്ങിയവരെല്ലാം മിലാന്റെ അംഗബലത്തിന്റെ ഭാഗമാണ്‌. 1999 ല്‍ മിലാന്‍ ആര്‍ട്‌സ് ആന്റ്‌ സ്‌പോര്‍ട്‌സ് ക്ലബായാണ്‌ തുടങ്ങിയതെങ്കിലും പിന്നീടത്‌ 2010 ല്‍ മിലാന്‍ ഫുട്‌ബോള്‍ ക്ലബായി മാറുകയായിരുന്നു.

സോണി നെല്ലിയാനി

Ads by Google
Sunday 14 Jan 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW