Wednesday, April 24, 2019 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Dr. Shimna Azeez, Dr. Anjit Unni, Dr. Jinesh PS
Saturday 13 Jan 2018 01.04 PM

ജലത്തില്‍ ജനിക്കുന്ന മരണങ്ങള്‍

ആവർത്തിക്കുന്ന ദുരന്തങ്ങൾ കണ്ടിട്ടും നമ്മൾ പഠിക്കാത്തതെന്താണ്‌? ഈയാംപാറ്റകൾ വിളക്കിലേക്ക്‌ പറന്നടുക്കുന്ന പോലെ അമ്മയും കുഞ്ഞും മുന്നൊരുക്കവും കരുതലുമില്ലാത്ത പരീക്ഷണങ്ങളിൽ പിടഞ്ഞു വീഴുന്നതെന്തേ നമ്മൾ കാണാതെ പോകുന്നു? പ്രകൃതിചികിത്സയെന്നവകാശപ്പെട്ട് മാർക്കറ്റ് ചെയ്യുന്ന വിചിത്ര രീതികളും വിടുവായത്തങ്ങളും വേട്ട തുടരുകയാണ്‌. നഷ്‌ടം നഷ്‌ടപ്പെട്ടവർക്ക്‌ മാത്രവും. അപ്പോൾ വാട്ടർ ബർത്ത് പ്രകൃതി ചികിത്സയാണോ?
Water Birth: Facts and Risks

അശാസ്ത്രീയമായ ചികിൽസയുടെയും ആരോഗ്യ പരിചരണ രീതികളുടെയും കെണിയിൽ നാം വീണ്ടും വീണ്ടും ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ദു:ഖകരമാണ്. കഴിഞ്ഞ വർഷം മൂന്നാമത്‌ ഗർഭിണിയായ സ്‌ത്രീയിൽ വാട്ടർ ബർത്ത്‌ പരീക്ഷിച്ചത്‌ മുൻപ്‌ നടന്ന രണ്ട്‌ സിസേറിയനുകൾക്ക്‌ ശേഷം സ്വാഭാവികപ്രസവം എന്ന മോഹനവാഗ്‌ദാനം നൽകിയാണ്‌. കുഞ്ഞ്‌ മരണപ്പെട്ടു, അമ്മ ഗർഭപാത്രവും മൂത്രസഞ്ചിയും തകർന്ന്‌ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള സ്ഥാപനം അടച്ചുപൂട്ടി.

അതേ സ്ഥാപനം ജില്ലയിലെ മറ്റൊരു പ്രധാനപട്ടണമായ മഞ്ചേരിയിൽ തുടങ്ങിയപ്പോൾ ഇരകളായി വീണ്ടും ഗർഭിണികളും കുടുംബങ്ങളുമെത്തി. അതിലൊരു ഗർഭിണി കടുത്ത രക്‌തസ്രാവവും അമിതമായ രക്‌തസമ്മർദവും കൊണ്ട്‌ മരിച്ചു. അവർക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുന്നു. ആവർത്തിക്കുന്ന ദുരന്തങ്ങൾ കണ്ടിട്ടും നമ്മൾ പഠിക്കാത്തതെന്താണ്‌? ഈയാംപാറ്റകൾ വിളക്കിലേക്ക്‌ പറന്നടുക്കുന്ന പോലെ അമ്മയും കുഞ്ഞും മുന്നൊരുക്കവും കരുതലുമില്ലാത്ത പരീക്ഷണങ്ങളിൽ പിടഞ്ഞു വീഴുന്നതെന്തേ നമ്മൾ കാണാതെ പോകുന്നു?

പ്രകൃതിചികിത്സയെന്നവകാശപ്പെട്ട് മാർക്കറ്റ് ചെയ്യുന്ന വിചിത്ര രീതികളും വിടുവായത്തങ്ങളും വേട്ട തുടരുകയാണ്‌. നഷ്‌ടം നഷ്‌ടപ്പെട്ടവർക്ക്‌ മാത്രവും. അപ്പോൾ വാട്ടർ ബർത്ത് പ്രകൃതി ചികിത്സയാണോ? പല പാശ്ചാത്യ രാജ്യങ്ങളിലും മോഡേൺ മെഡിസിൻ ആശുപത്രികളിലും ഇത് ലഭ്യമല്ലേ? അതിലേക്ക് വരാം.

*പ്രസവത്തിന്‌ എന്തിനാണ്‌ ഡോക്‌ടറുടെ കാവൽ?

പ്രസവം ഒരു രോഗമൊന്നുമല്ല ചികിൽസിക്കാൻ എന്നൊക്കെ വാദം കേൾക്കാറുണ്ട്. ശരിയാണ്, പ്രസവം പൂർണമായും ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്‌. ഗർഭം തുടങ്ങും മുതൽ പ്രസവശേഷം മറുപിളള വേർപെടും വരെയും അതിനെ തുടർന്നുമുള്ള സംഭവങ്ങൾ ഒരു ശൃംഖല കണക്ക് മുന്നേറുന്നു. ഇതിലേതെങ്കിലും ഒരു കാര്യം പിഴച്ചാൽ മതി സർവ്വത്ര സങ്കീർണമാകാൻ. ആ സങ്കീർണത ഒഴിവാക്കാനുള്ള മേൽനോട്ടവും മുൻകരുതലുകളുമാണ്‌ പ്രസവപൂർവ്വ പരിചരണവും പ്രസവസമയത്തും തുടർന്നുമുള്ള പരിചരണവുമായി ആധുനിക വൈദ്യശാസ്‌ത്രം ചെയ്‌തു വരുന്നത്‌. ഏത്‌ ചെറിയ അപാകതയും അമ്മയുടേയോ കുഞ്ഞിന്റേയോ രണ്ടു പേരുടേയും തന്നെയോ ജീവൻ അപകടത്തിലാകാം. അത്തരം അത്യാവശ്യഘട്ടങ്ങളിലാണ്‌ സിസേറിയൻ ശസ്‌ത്രക്രിയ പോലുള്ള രീതികളെ ആശ്രയിക്കുന്നത്‌. ഇങ്ങനെയുള്ള ഇടപെടലുകളിലൂടെ പ്രസവസമയത്തെ അപ്രതീക്ഷിതദുരന്തങ്ങൾ തടയുന്നതിൽ ആധുനികവൈദ്യശാസ്‌ത്രം വഹിച്ച പങ്ക്‌ സുവ്യക്‌തമാണ്.

നമ്മുടെ നാട്ടിലെ മാതൃ മരണ നിരക്കും ശിശുമരണനിരക്കും ഒന്നു പരിശോധിച്ചുനോക്കാം. 2001-03 കാലത്ത് കേരളത്തിലെ മാതൃമരണ നിരക്ക് 110 ആയിരുന്നു. 2004-06 കേരളത്തിലെ മാതൃമരണനിരക്ക് 95 ആയിരുന്നു. അതായത്, ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 95 അമ്മമാർ മരണപ്പെടുന്നു. ഈ നിരക്ക് 2013 ആയപ്പോളേക്കും 61 ആയി കുറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇത് വളരെ ഉയർന്നതായിരുന്നു.

1960 കളിൽ ഇന്ത്യയിലെ ശിശു മരണ നിരക്ക് 160 ആയിരുന്നു. അതായത് ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, 160 പേർ മരണപ്പെടുന്നു. ഇന്ത്യയിൽ ഇന്നത് 40-ൽ താഴെ എത്തി നിൽക്കുന്നു. കേരളത്തിലെ ശിശുമരണനിരക്ക് പത്തിലും താഴെയാണ്. ഇതെല്ലാം ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളർച്ചയുടെ ഭാഗം കൂടിയാണ്. വീട്ടിൽ നടന്നിരുന്ന പ്രസവങ്ങൾ കുറഞ്ഞതും, സൗകര്യമുള്ള ആശുപത്രികളിൽ പ്രസവങ്ങൾ കൂടുതൽ നടക്കുന്നതും, പ്രസവത്തിലെ സങ്കീർണ്ണതകൾ കുറയുന്നതും ഇതിന് പ്രധാന കാരണമാണ്.

Water Birth: Facts and Risks

*എന്താണ് വാട്ടർബർത്ത്‌?

ലളിതമായി പറഞ്ഞാൽ ഇളംചൂടുവെള്ളം നിറച്ച ടബ്ബിൽ പ്രസവിക്കുന്നതാണ്‌ വാട്ടർ ബർത്ത്‌. ഗർഭപാത്രത്തിൽ ആംനിയോട്ടിക്‌ ദ്രവത്തിൽ ജനിക്കുന്ന കുഞ്ഞിന്‌ ഈ വെള്ളത്തിലേക്ക്‌ വന്നു വീഴുന്നത്‌ നല്ലതാണെന്നും പ്രസവിക്കുന്ന ഗർഭിണിക്ക്‌ ഈ ജലാന്തരീക്ഷം ആശ്വാസം നൽകുമെന്നും അവർക്ക്‌ അനസ്‌തേഷ്യ, കുഞ്ഞിന്റെ ആഗമനം സുഗമമാക്കാൻ അമ്മയുടെ യോനിയുടെ ഭാഗത്ത്‌ ചെറിയ മുറിവുണ്ടാക്കുന്ന എപ്പിസിയോട്ടമി എന്നിവ ഒഴിവാക്കാൻ സാധിക്കും എന്നുമെല്ലാമാണ്‌ അവകാശപ്പെടുന്ന ഗുണങ്ങൾ.

അമേരിക്കൻ കോളേജ്‌ ഓഫ്‌ ഒബ്‌സ്‌റ്റെട്രീഷ്യൻസ്‌ ആൻഡ്‌ ഗൈനക്കോളജിസ്‌റ്റ്‌സ്‌ ഈ രീതിയെ വിശകലനം ചെയ്യുന്നത്‌ ഇങ്ങനെയാണ്‌- പ്രസവത്തിന്റെ ആദ്യ ഘട്ടത്തിൽ (പ്രസവവേദന തുടങ്ങുന്നത്‌ മുതൽ ഗർഭാശയം പൂർണമായി വികസിക്കുന്നത്‌ വരെ) ഇളംചൂട്‌ വെള്ളം അമ്മക്ക്‌ ആശ്വാസം പകർന്നേക്കാം. എന്നാൽ, ഇത്‌ കൊണ്ട്‌ മാത്രമായി പ്രത്യേകിച്ചൊരു ഗുണം പ്രസവത്തിൽ നിരീക്ഷിക്കാനായിട്ടില്ല. രണ്ടാം ഘട്ടം (ഗർഭാശയം പൂർണ്ണമായി വികസിക്കുന്നത്‌ മുതൽ കുഞ്ഞ്‌ പുറത്ത്‌ വരുന്നത്‌ വരെ) ഇത്തരത്തിൽ ശ്രമിക്കുന്നത്‌ പൂർണമായും പരീക്ഷണാടിസ്‌ഥാനത്തിൽ ആയിരിക്കണം, എന്ത് സങ്കീർണതക്കുള്ള സാധ്യത കണ്ടാലും അടിയന്തരചികിത്സ ലഭ്യമാക്കാനുള്ള മാർഗം തയ്യാറായിരിക്കണം .

ലേബർ റൂമിൽ പ്രസവവേദന തുടങ്ങിയ ശേഷം തുടർച്ചയായി കുഞ്ഞിന്റെ ഹൃദയമിടിപ്പും അമ്മയുടെ ഹൃദയമിടിപ്പും രക്‌തസമ്മർദ്ദവും ഗർഭാശയസങ്കോചവുമെല്ലാം തുടർച്ചയായി അളക്കുന്നുണ്ട്‌. ഏത്‌ സന്ദേഹവും തീർക്കാൻ വർഷങ്ങളോളം വിഷയം മാത്രം പഠിച്ച വിദഗ്‌ധരുണ്ട്‌. ഏത്‌ കാര്യത്തിനും അമേരിക്കയേയും യൂറോപ്പിനേയും പുച്‌ഛിക്കുന്ന പ്രകൃതിചികിത്സകർ വാട്ടർബർത്തിന്റെ കാര്യം വരുമ്പോൾ മാത്രം ഈ രീതിയെ വിദേശരാജ്യങ്ങളിലെ അദ്‌ഭുതപ്രവർത്തിയായി വാനോളമുയർത്തി ജനപ്രീതി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത്‌ തന്നെ വിരോധാഭാസമാണ്‌.

വിദേശരാജ്യങ്ങളിലും അംഗീകൃത സെന്ററുകളിലും ഗർഭിണി പരിപൂർണ്ണ ആരോഗ്യവതിയാണ്‌ എന്നുറപ്പ്‌ വരുത്തിയാണ്‌ വാട്ടർ ബർത്തിന്‌ മുതിരുന്നത്‌. കൂടെ അണുബാധ തടയാനുള്ള കണിശമായ മുൻകരുതലുകളും രക്തസ്രാവമടക്കമുള്ള സങ്കീർണതകളോ ബുദ്ധിമുട്ടുകളോ വന്നാൽ നേരിടാനുള്ള സന്നാഹവും വൈദ്യസഹായവും ഉള്ളയിടത്ത് മാത്രമാണ് പാശ്ചാത്യ രാജ്യങ്ങളിൽ
ജലപ്രസവം നടക്കുന്നത്.

ഇത്തരം കരുതലോ സന്നാഹമോ വൈദ്യസഹായമോ ഇല്ലാതെ പ്രകൃതിയെന്നും സുരക്ഷിതമെന്നും പരസ്യപ്പെടുത്തി അമ്മയേയും കുഞ്ഞിനേയും മരണത്തിന് വിട്ട് കൊടുക്കുന്ന പ്രാകൃതമായ രീതി ഇവിടെ മാത്രമേ കാണാൻ വഴിയുള്ളൂ .
ഇത്തരം സെന്ററുകളുടെ മുഖമുദ്ര തന്നെ ആധുനികവൈദ്യശാസ്‌ത്രത്തിനെതിരെ അകാരണമായ ഭീതി ജനിപ്പിക്കുക എന്നതാണ്‌. അവരുടെ നിലനിൽപ്‌ അതിലായിരിക്കാം, പണയത്തിലാവുന്നത്‌ സാധാരണക്കാരന്റെ ജീവനാണ്‌.

*വാട്ടർബർത്തിനൊരുങ്ങുന്നവരോട്‌,

പൂർണ്ണമായും സുരക്ഷിതമല്ല ഈ വഴി. അറിവുള്ളവർ മേൽനോട്ടം വഹിക്കാതെ പരീക്ഷിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുക പോലുമരുത്‌. വെള്ളത്തിൽ പ്രസവം സംഭവിക്കുമ്പോൾ രക്‌തനഷ്‌ടം എത്രയെന്ന്‌ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്‌. അണുബാധക്കുള്ള സാധ്യത, വെള്ളത്തിന്റെ താപനില അനുചിതമെങ്കിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ തുടങ്ങി പലതും പരിഗണിക്കേണ്ടതുണ്ട്‌.

അതേ സമയം, ഒരു തരത്തിലും പ്രസവം സാധ്യമല്ലാത്ത ഇടുപ്പ്‌ വികാസമില്ലാത്ത അവസ്‌ഥ (cephalo pelvic disproportion) പോലുള്ളവയിൽ പോലും 'വരൂ നമുക്ക്‌ വെള്ളത്തിൽ പ്രസവിക്കാം' എന്ന്‌ പറഞ്ഞതിന്റെ ഫലമാണ്‌ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കുഞ്ഞിന്റെ ജീവൻ. കുഞ്ഞിന്റെ തല പുറത്തേക്ക്‌ വരുന്നത്‌ സുഗമമാക്കാൻ വേണ്ടി ഉണ്ടാക്കുന്ന ചെറിയ മുറിവിനെ ഭീതിപ്പെടുത്തി 'കീറുകയാണ്‌' എന്നൊക്കെ വിവരിക്കുന്നതിലൂടെ അരക്ഷിതത്വം സൃഷ്‌ടിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതേ എപിസിയോടമി ചെയ്യാതിരുന്നാൽ ചിലവർക്കെങ്കിലും അമ്മയുടെ യോനിക്കും മലദ്വാരത്തിനും ഇടയിൽ സാരമായ കീറലുകളും പോറലുകളും വന്ന്‌ ബുദ്ധിമുട്ടുകൾ നേരിടാം. വലിയ കഷ്‌ടപ്പാടുകൾ ഒഴിവാക്കാനുള്ള ഒരു ചെറിയ സൂത്രപ്പണി മാത്രമാണിത്‌. ചെയ്യുന്നതാകട്ടെ, വിദഗ്‌ധരും. അത്യാവശ്യ ഘട്ടങ്ങളിൽ സിസേറിയനിലേക്ക്‌ വഴി മാറാനും അവിടെ സാധ്യതയുണ്ട്‌. എങ്ങനെ നോക്കിയാലും ഗർഭിണിയും കുഞ്ഞും സുരക്ഷിതരാണെന്ന്‌ ചുരുക്കം.

നൽകാവുന്നതിന്റെ പരമാവധി സുരക്ഷയും സംരക്ഷണവും അമ്മയ്ക്കും കുഞ്ഞിനും ഉറപ്പ് വരുത്താൻ നമുക്ക് കഴിയണം.അവരുടെ ജീവൻ പരീക്ഷണ വസ്തുവാക്കരുത് . നിയമപരമായ ലൈസൻസിങ്ങും വ്യവസ്ഥകളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഇല്ലാതെ ആർക്കും എവിടെയും ഏത് രീതിയിലും പ്രസവരക്ഷയും ചികിത്സാ കേന്ദ്രങ്ങളും നടത്താമെന്ന ഭീതിദമായ അവസ്ഥ നമ്മുടെ ഭരണാധികാരികൾ കാണാതിരുന്നു കൂടാ. സാക്ഷരതയിലും സാമൂഹിക പുരോഗതിയിലും മുന്നേറിയ ഒരു നാട്ടിൽ ഈ കാലത്ത് ഇങ്ങനെ എഴുതേണ്ടി വരുന്നത് തന്നെ ദുരന്തമാണ്.

ജനനത്തിൽ തന്നെ ജലസമാധിയൊരുക്കുന്ന ഇതു പോലുളള ദുരന്തങ്ങൾ ഇനി അരങ്ങേറാതിരിക്കട്ടെ.

Water Birth: Facts and Risks

കടപ്പാട്: @ Info Clinic FB Page

(സാധാരണക്കാരെ വഴിതെറ്റിക്കുന്ന രീതിയിൽ അബദ്ധങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഒട്ടനേകം പേജുകൾ ഫേസ്ബുക്കിലും ആരോഗ്യപംക്തികൾ വിവിധ മാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന ഈ കാലത്ത് അത്തരം സന്ദേശങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവരുന്നതിനും ശരിയായ അറിവുകൾക്ക് വേണ്ടിയും ഒരു കൂട്ടം ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്ന് ആരംഭിക്കുന്ന ഒരു ചെറിയ സംരംഭമാണ് ഇൻഫോ ക്ലിനിക്. ഇതും ഒരു ക്ലിനിക് തന്നെ.ചികിൽസയ്ക്ക് പകരം ഇവിടെ ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകൾ (ഇൻഫർമേഷൻ) ലഭിക്കുന്നു .
https://www.facebook.com/infoclinicindia)

Ads by Google
Dr. Shimna Azeez, Dr. Anjit Unni, Dr. Jinesh PS
Saturday 13 Jan 2018 01.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW