ദോഹ :ലോകത്തെ ആദ്യ സമ്പൂർണ ഇസ്ലാമിക രാജ്യമായ സ്പെയിനിനു സംഭവിച്ച വ്യതിയാനങ്ങൾക്ക് സമാനമായ അവസ്ഥയാണ് മുസ്ലിം മതവിഭാഗീയതയുടെ പേരിൽ ഇന്ത്യയിൽ വിവിധ വിഭാഗങ്ങളായി മുസ്ലിം മതസംഘടനകൾ പോരടിക്കുന്നതിലൂടെ ഉണ്ടാവാനിരിക്കുന്നതെന്ന് വയനാട് ജില്ലാ മുസ്ലിം ലീഗിന്റെയും വയനാട് മുസ്ലിം യതീംഖാനയുടെയും വൈസ് പ്രസിഡണ്ടായ പി കെ അബൂബക്കർ സാഹിബ് അഭിപ്രായപ്പെട്ടു. വയനാട് മുസ്ലിം യതീംഖാനയും, കെ എം സി സി വയനാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയാരുന്നുഅദ്ദേഹം.
മുമ്പെങ്ങുമില്ലാത്ത വിധം വളരെ ചെറിയ വിഷയങ്ങളിൽ ഒരേ മതത്തിലെ വിവിധ വിഭാഗങ്ങളായി നിന്ന് നടത്തുന്ന വിവാദങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളും സമുദായ അംഗങ്ങൾ തമ്മിലുള്ള സ്പർദ്ധ വർദ്ധിപ്പിച്ചിട്ടുണ്ട്. ആശയപരമായ വിയോജിപ്പുകൾ നിലനിർത്തികൊണ്ട് തന്നെ യോജിക്കാവുന്ന മേഖലകളിൽ എല്ലാം മുസ്ലിം സമുദായം ഒന്നിക്കണം.
ഇതാണ് മുസ്ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉറച്ച നിലപാടും. കാലാകാലങ്ങളായി ഒത്തോരുമയോടെ സമുദായം നേടിയെടുത്ത നേട്ടങ്ങൾ ഇല്ലാതാവുന്നതിന് കൂടുതൽ സമയം വേണ്ട എന്നദ്ദേഹം ഉണർത്തി. ഡബ്ലു എം ഒ ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് എൻ മൊയ്തീൻ കുട്ടി അദ്ധ്യക്ഷനായ യോഗത്തിൽ കെ എം സി സി ജില്ലാ ജനറൽ സെക്രട്ടറി റഈസ് അലി സ്വാഗതം പറഞ്ഞു. എ വി അബൂബക്കർ ഖാസിമി യോഗം ഉദ്ഘാടനം ചെയ്തു. എ കെ മജീദ് ഹാജി ഉപഹാരം സമർപ്പിച്ചു. ഹമീദ് ഹാജി മരുതൂർ, കെ കെ അബ്ദുറഹ്മാൻ, എം ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. കെ എ ഹബീബ് നന്ദി പറഞ്ഞു.
.
മുഹമ്മദ് ഷഫീക്ക് അറക്കല്‍