Saturday, January 13, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 12.08 PM

ഉദ്യാനങ്ങള്‍ പൂത്തുലഞ്ഞു : ദോഹ ഉംസലാലില്‍ ‘പുഷ്‌പോത്സവ’ത്തിന് തുടക്കമായി

uploads/news/2018/01/183237/gulf130118c.jpg

ദോഹ: ഉംസലാലിന് സമീപത്തെ ശൈത്യകാല അല്‍ മസ്‌റൂഅയില്‍ പുഷ്‌പോത്സവത്തിന് തുടക്കമായി. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പുഷ്‌പോത്സവം നടക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയാണ് പുഷ്‌പോത്സവത്തിലുള്ളത്. വന്‍ ജനക്കൂട്ടത്തെയാണ് പുഷ്‌പോത്സവം ആകര്‍ഷിക്കുന്നത്. അല്‍ മസ്‌റൂഅയില്‍ ഇന്നുവരെ തുടരുന്ന പുഷ്‌പോത്സവം അല്‍ ഖോര്‍ അല്‍ ദഖീറയില്‍ 18 മുതല്‍ 20 വരെയും അല്‍ വക്‌റയില്‍ 25 മുതല്‍ 27 വരെയും അരങ്ങേറും. ഉത്പന്നങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ വ്യത്യാസമാണ് ഈ വര്‍ഷത്തെ പുഷ്‌പോത്സവത്തിലുള്ളതെന്ന് കാര്‍ഷികോത്പാദന കേന്ദ്രങ്ങളുടെ ജനറല്‍ സൂപ്പര്‍വൈസറായ അബ്ദുല്‍ റഹ്മാന്‍ അല്‍ സുലൈത്തിയെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

ഉത്പന്നങ്ങള്‍ ഈ വര്‍ഷം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ വിലയില്‍ എല്ലാവിധ പച്ചക്കറികളും ഈ മാസം വാങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ പുഷ്‌പോത്സവത്തില്‍ ആറ് ഫാമുകളും മൂന്ന് കമ്പനികളുമാണ് പങ്കെടുക്കുന്നത്. അവയോടൊപ്പം പബ്ലിക്ക് പാര്‍ക്‌സ് വിഭാഗവുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മനോഹരമായ പൂക്കള്‍ വിപണിയിലിറക്കുന്നത് പബ്ലിക്ക് പാര്‍ക്ക് വിഭാഗമാണ്. കഴിഞ്ഞ വര്‍ഷം വരെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത വ്യത്യസ്തയിനം പൂക്കള്‍ ഈ വര്‍ഷം അല്‍ വത്ബാത് ഫാം പ്രാദേശികമായി ഉത്പാദിപ്പിക്കുകയുണ്ടായി. ഈ വര്‍ഷം നിരവധി പ്രാദേശിക ഫാമുകളുടെ തങ്ങളുടെ സംഭാവനകള്‍ നല്കിയിട്ടുണ്ട്.

വ്യത്യസ്തയിനം പൂക്കളും അലങ്കാരച്ചെടികളും ഈ വര്‍ഷം വലിയ അളവിലാണ് പുഷ്‌പോത്സവത്തിന് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അല്‍ സുലൈത്തി കൂട്ടിച്ചേര്‍ത്തു. ഖിറതോന ഫാം, അല്‍ സഫ്‌വ ഫാം, സാംറാട്ട് ഖതാഫാത്ത് നഴ്‌സറി, ഗ്ലോബല്‍ ഫാം ഫോര്‍ അഗ്രികള്‍ച്ചറല്‍ സപ്ലൈസ്, അല്‍ സുലൈതീന്‍ അഗ്രികള്‍ച്ചറല്‍ ആന്റ് ഇന്റസ്ട്രിയല്‍ കോംപ്ലക്‌സ് തുടങ്ങിയവയാണ് ഈ വര്‍ഷത്തെ പുഷ്‌പോത്സവത്തില്‍ പങ്കെടുക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. പഴങ്ങളും പച്ചക്കറികളും വിളവെടുത്ത ഉടന്‍ ഉത്പാദകരിലേക്ക് എത്തിക്കാമെന്നതാണ് പ്രാദേശിക ഉത്പാദനത്തിന്റെ ഏറ്റവും വലിയ ഗുണം. അതുകൊണ്ടുതന്നെ പുഷ്‌പോത്സവത്തിന് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കക്കിരി, കാബേജ്, പച്ചമുളക്, കാപ്‌സിക്കം, തക്കാളി, വഴുതന, കയ്പ, മത്തങ്ങ, പയര്‍, ബ്രൊക്കോളി, പച്ച ഉള്ളി, വിവിധയിനം ഇലകളും സസ്യങ്ങളും ഉള്‍പ്പെടെയുള്ളവയാണ് പ്രാദേശികമായി ഉത്പാദിപ്പിച്ച് പുഷ്‌പോത്സവത്തിന് എത്തിയിരിക്കുന്നത്. ഏഴ് മുതല്‍ എട്ട് കിലോഗ്രാം വരെയുള്ള ഒരു പെട്ടി കക്കിരിക്ക് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 37 റിയാല്‍ ഈടാക്കുമ്പോള്‍ പുഷ്‌പോത്സവത്തിന് 20 റിയാല്‍ മാത്രമാണ് വിലവരുന്നതെന്ന് ഇവിടുത്തെ ഒരു കച്ചവടക്കാരനായ സുബൈര്‍ പറഞ്ഞു.

അല്‍ഖോറിലേയും അല്‍ ശമാലിലേയും ഫാമുകളില്‍ ഉത്പാദിപ്പിച്ചവയാണ്. ദിനാന്ത്യത്തില്‍ പരമാവധി പഴങ്ങളും പച്ചക്കറികളും വില്‍പ്പന നടത്താന്‍ വ്യാപാരികള്‍ താത്പര്യം കാണിക്കുന്നതിനാല്‍ അവയുടെ വില വീണ്ടും താഴേക്ക് പോകുകയാണ് ചെയ്യുക. ശൈത്യകാലമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് രാവും പകലും ഒരുപോലെ പുഷ്‌പോത്സവത്തിന് എത്തിച്ചേരാനാവുമെന്ന പ്രത്യേകതയുമുണ്ട്.


മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Saturday 13 Jan 2018 12.08 PM
YOU MAY BE INTERESTED
TRENDING NOW