Friday, January 18, 2019 Last Updated 53 Min 23 Sec ago English Edition
Todays E paper
Ads by Google
അഡ്വ. ശിവന്‍ മഠത്തില്‍
Saturday 13 Jan 2018 02.26 AM

നീറിപ്പുകഞ്ഞ്‌ പരമോന്നത നീതിപീഠം : കോടതിയിലെ അപചയം നീക്കാനുള്ള ശുദ്ധിക്രിയ

uploads/news/2018/01/183196/bft1.jpg

ന്യായാധിപരെ സംബന്ധിച്ചിടത്തോളം ആത്മാവില്‍ നീറുന്ന കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല എന്ന ദുരവസ്‌ഥയുണ്ട്‌. അവര്‍ക്കു പ്രതിഷേധിക്കാന്‍ അവസരമില്ല. എല്ലാം ഉള്ളില്‍ തിക്കിക്കൊണ്ടു കഴിയണം. ഏതുരാജ്യത്തും ഏതു നീതിപീഠത്തിന്റെയും കാര്യം ഇതുതന്നെ.
പക്ഷേ, ഏതു ന്യായാധിപനായാലും മനഃസാക്ഷിയാണു പ്രധാനം. കോടതികള്‍ക്കു മുകളിലാണു മനഃസാക്ഷിയെന്ന കോടതി.

"നിനക്കു നിന്റെ മനഃസാക്ഷിയോട്‌ നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു നീതിയാണു നിനക്ക്‌ ലോകത്തോട്‌ ചെയ്യാന്‍ കഴിയുക." ഗ്രീക്ക്‌ മിത്തോളജിയിലെ ചോദ്യം പ്രസക്‌തമാണ്‌. അതിന്റെ ഉത്തമ ഉദാഹരണമായിട്ടുവേണം ജസ്‌റ്റിസ്‌ ചെലമേശ്വറിന്റെയും മറ്റു മൂന്നു ജഡ്‌ജിമാരുടെയും പ്രതികരണത്തെ കാണാന്‍ കഴിയുക. സ്വന്തം മനഃസാക്ഷിക്കോടതിയോട്‌ ഉത്തരം പറയുകയായിരുന്നു ചെലമേശ്വര്‍.

ഇപ്പോള്‍ ഇത്‌ പറഞ്ഞില്ലെങ്കില്‍ കാലംപിന്നിടുമ്പോള്‍ അതെന്നെ വേദനിപ്പിക്കുമെന്നു പറയുമ്പോള്‍ എത്ര നന്മനിറഞ്ഞ മനസിന്റെ ഉടമയാണ്‌ അദ്ദേഹമെന്ന്‌ വ്യക്‌തമാകുന്നു.ചെലമേശ്വര്‍ക്കൊപ്പം പത്രസമ്മേളനം നടത്തിയ മറ്റു രണ്ടുപേര്‍ ഭാവിയില്‍ ചീഫ്‌ ജസ്‌റ്റിസ്‌ ആകേണ്ടവരാണ്‌. അവര്‍ക്ക്‌ ആ പദവിയിലെത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ വേണം. അത്തരം ആശങ്കകള്‍ മാറ്റിവച്ചാണ്‌ ഇന്നലെ അവര്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത്‌. പൊതുസമൂഹത്തിനോടും ഭരണഘടനയോടും ഉത്തരവാദിത്വമുള്ളവരാണ്‌ തങ്ങളെന്ന്‌ അവര്‍ പ്രഖ്യാപിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌.

ഭരണസംവിധാനത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ്‌ ന്യായാധിപര്‍. കോടതിക്കുള്ളില്‍ അനീതി നടക്കുമ്പോള്‍ സഹജീവിയായിട്ടുള്ള ഒരാള്‍ക്ക്‌ നീതി കിട്ടാന്‍ അവര്‍ മറ്റെവിടേക്കു പോകും? കോടതിയില്‍ അനീതി നടക്കുന്നു എന്നാണു ചെലമേശ്വര്‍ വ്യക്‌തമാക്കിയത്‌. യോഗ്യരായ ജഡ്‌ജിമാരെ തെരഞ്ഞെടുക്കേണ്ട കൊളീജിയത്തിലെ നിര്‍ണായക വാക്കുള്ള വ്യക്‌തിയാണ്‌ ചെലമേശ്വര്‍. അയോഗ്യരായവരെ ജഡ്‌ജിമാരാക്കാന്‍ അദ്ദേഹം ഒരുകാലത്തും സമ്മതിക്കുകയില്ല.

യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനു പകരം ചീഫ്‌ ജസ്‌റ്റിസിനു തോന്നിയവരെ തെരഞ്ഞെടുക്കാന്‍ അവകാശമില്ല. ഇതിനു മുന്നില്‍ നിസഹായനായിരുന്നു ജസ്‌റ്റിസ്‌ ചെലമേശ്വര്‍. ഈ സാഹചര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയും. അദ്ദേഹത്തിന്‌ പാര്‍ലമെന്റില്‍ ഇത്‌ ഉന്നയിക്കാന്‍ കഴിയില്ല. ലേഖനമെഴുതാന്‍ കഴിയില്ല. പണിമുടക്കാനാകില്ല. അതുകൊണ്ടാണ്‌ അദ്ദേഹം ഇന്നലെ ജനങ്ങളോട്‌ കാര്യങ്ങള്‍ തുറന്നുപറയാനെത്തിയത്‌.

ജസ്‌റ്റിസ്‌ കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയായി ഉയര്‍ത്തുന്നതിന്‌ ചീഫ്‌ ജസ്‌റ്റിസിന്‌ താല്‍പര്യമില്ലായിരുന്നു എന്നാണ്‌ അറിയുന്നത്‌. എന്നാല്‍, വ്യാഴാഴ്‌ച അദ്ദേഹത്തെ സുപ്രീംകോടതി ജഡ്‌ജിയാക്കി ഉത്തരവ്‌ ഇറങ്ങുകയും ചെയ്‌തു. ഉത്തരാഖണ്ഡിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങളായിരുന്നു അതിനു പിന്നില്‍. എന്നാല്‍, ചെലമേശ്വര്‍, കെ.എം. ജോസഫിനുവേണ്ടി ശക്‌തമായി നിലപാട്‌ എടുത്തുവെന്നാണ്‌ പുറത്തുവരുന്ന വിവരം.

സുപ്രീംകോടതിയുടെ ഭരണനിര്‍വഹണച്ചുമതലയാണ്‌ ചീഫ്‌ ജസ്‌റ്റിസിനുള്ള അധിക അധികാരം. എന്നാല്‍, അദ്ദേഹത്തിനുള്ള അവകാശാധികാരങ്ങള്‍ മറ്റു ജഡ്‌ജിമാര്‍ക്കും ഉണ്ട്‌്. രാഷ്‌ട്രപതിയില്‍ നിന്ന്‌ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കുന്ന എല്ലാ ജഡ്‌ജിമാര്‍ക്കും തുല്യ അവകാശമാണ്‌.

ചീഫ്‌ ജസ്‌റ്റിസിന്‌ ഭരണനിര്‍വഹണച്ചുമതലയും കേസുകള്‍ ഏത്‌ ബെഞ്ച്‌ പരിഗണിക്കണമെന്നും നിര്‍ദേശിക്കേണ്ട ചുമതലയുമാണ്‌ കൂടുതലായി ഉള്ളത്‌. അതുപോലെ ഒരു ജഡ്‌ജി മറ്റൊരാള്‍ക്കു മുന്നിലും പിന്നിലുമല്ല. ഇക്കാര്യത്തില്‍ സുതാര്യതക്കുറവുള്ളതായാണ്‌ ഇപ്പോള്‍ പുറത്തായിട്ടുള്ളത്‌. വിവാദമായ സൊഹ്‌റാബുദ്ദീന്‍ കേസില്‍ ചീഫ്‌ ജസ്‌റ്റിസ്‌ ഇടപെട്ട്‌ ബെഞ്ച്‌ മാറ്റിയത്‌ സുതാര്യമായ കാര്യമല്ല. ഇത്‌ ജുഡീഷ്യറിക്കുമേല്‍ സംശയം ഉളവാക്കുന്നതാണ്‌. ഇത്‌ പരിശോധിക്കപ്പെടണം.

ഇതിനു പരിഹാരമില്ലെങ്കില്‍ ആരുടെ മുന്നില്‍ പറയും? മനസില്‍ സൂക്ഷിച്ചുകൊണ്ടുപോകാന്‍ കഴിയുമോ. എന്നാല്‍, അവര്‍ ചീഫ്‌ ജസ്‌റ്റിസിനെതിരേ യാതൊന്നും പറഞ്ഞിട്ടില്ല എന്നതു സുവ്യക്‌തമാണ്‌. അതു വലിയ കാര്യം തന്നെയാണ്‌. ഇംപീച്ച്‌ ചെയ്യണോ എന്നതിനു പോലും കൃത്യമായ മറുപടിയാണ്‌ ചെലമേശ്വര്‍ പറഞ്ഞത്‌. അതു ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു പക്വമായ മറുപടി.

ജുഡീഷ്യറിയില്‍ കുറേക്കാലമായി സംഭവിച്ചിട്ടുള്ള അപചയം മാറ്റിയെടുക്കാനുള്ള ശ്രമമായിട്ടുവേണം ഇതിനെ കരുതാന്‍. അതിനെ പവിത്രമായ നീതിന്യായ ഇടമായി മാറ്റുകയാണ്‌ ലക്ഷ്യം. എല്ലാവരും ഇതിലേക്കായുള്ള നീക്കമാണ്‌ നടത്തുന്നത്‌. ഇപ്പോള്‍ സമവായമാണ്‌ നടക്കുന്നത്‌. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാതെ മുന്നോട്ടുപോകുന്നതാണ്‌ കാണുന്നത്‌. മാന്യമായ പ്രതിഷേധമാണ്‌ ചെലമേശ്വര്‍ നടത്തിയത്‌. സ്വഭാവം വച്ചുനോക്കുമ്പോള്‍ സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ രാജിവച്ചുപോകുന്ന പ്രകൃതമുള്ളയാളാണ്‌ ജസ്‌റ്റിസ്‌ ചെലമേശ്വര്‍.

എന്നാല്‍, അത്‌ അദ്ദേഹം ഇവിടെ പ്രയോഗിക്കാത്തതിനു കാരണം രാജികൊണ്ട്‌ പരിഹാരമുണ്ടാകില്ല എന്നുറപ്പിച്ചതുകൊണ്ടാണ്‌. കാര്യങ്ങള്‍ വെള്ളിവെളിച്ചത്തില്‍ ശുദ്ധീകരിക്കപ്പെടണം എന്ന വിശ്വാസമാണ്‌ അദ്ദേഹത്തെ നയിക്കുന്നത്‌. അതുകൊണ്ടാകണം പൊതുസമൂഹത്തിനു മുന്നില്‍ വിഷയം ചര്‍ച്ചയ്‌ക്കു വച്ചത്‌. താനൊരു ചരിത്രപരമായ ദൗത്യം നിറവേറ്റുന്നു എന്നാണ്‌ അദ്ദേഹം ഇതേപ്പറ്റി വ്യക്‌തമാക്കുന്നത്‌.

എന്നാല്‍, ഇതൊരു ചരിത്രമുഹൂര്‍ത്തമായി കാണണമെന്നാണ്‌ എന്റെ അഭിപ്രായം. ഭരണഘടനയെ മുറുകെപ്പിടിക്കുന്നതുപോലെ മനുഷ്യത്വത്തിനും മാനവികതയ്‌ക്കും വേണ്ടി നിലകൊള്ളേണ്ടവരാണു ജഡ്‌ജിമാര്‍. ഈ നാലുപേരും അതുതന്നെയാണു ചെയ്‌തത്‌. ന്യായാധിപരെ സംബന്ധിച്ചിടത്തോളം ജനങ്ങളോടും ഭരണഘടനയോടും ബാധ്യതയുണ്ട്‌. അത്‌ മറന്നുപോകുമ്പോള്‍ കാലം ഇത്തരം ചെലമേശ്വര്‍മാരിലൂടെ ശുദ്ധിക്രിയകള്‍ നടത്തും.

** ജസ്‌റ്റിസ്‌ ജസ്‌തി ചെലമേശ്വര്‍

മുന്‍ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മൗവ്യ മണ്ഡലില്‍ 1953 ജനുവരി 23ന്‌ ജനനം. മദ്രാസ്‌ ലയോള കോളജില്‍നിന്ന്‌ ശാസ്‌ത്രബിരുദവും വിശാഖപട്ടണത്തിലെ ആന്ധ്രാസര്‍വകലാശാലയില്‍നിന്ന്‌ നിയമബിരുദവും. 1995ല്‍ മുതിര്‍ന്ന അഭിഭാഷനായി അംഗീകരിക്കപ്പെട്ട ജെ. ചെലമേശ്വര്‍ 1997ല്‍ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി ജഡ്‌ജിയായി. 2007 ഗുവാഹത്തി ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി. 2010ല്‍ കേരളഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി. 2011ല്‍ ആണ്‌ സുപ്രീം കോടതി ജഡ്‌ജിയായി ഉയര്‍ന്നപ്പെടുന്നത്‌.

** ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌

സുപ്രീംകോടതിയിലെ അടുത്ത ചീഫ്‌ജസ്‌റ്റീസാകാന്‍ സാധ്യത കല്‌പിക്കപ്പെടുന്ന വ്യക്‌തി. 1954 നവംബര്‍ 18ന്‌ ജനനം. പ്രാക്‌ടീസ്‌ തുടങ്ങിയത്‌ 1978ല്‍. പ്രധാനമായും ഗുവാഹത്തി ഹൈക്കോടതിയിലായിരുന്നു പ്രാക്‌ടീസ്‌. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്‌ഥിരം ജഡ്‌ജിയായി. 2011ല്‍ പഞ്ചാബ്‌, ഹരിയാന ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി. 2012 ഏപ്രില്‍ 23നാണ്‌ സുപ്രീം കോടതി ജഡ്‌ജിയായി ഉയര്‍ത്തപ്പെടുന്നത്‌.

** ജസ്‌റ്റിസ്‌ മദന്‍ ബി. ലോക്കൂര്‍

ജനനം 1953 ഡിസംബര്‍ 31ന.്‌ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന്‌ നിയമബിരുദ്ധം. 1977ല്‍ അഭിഭാഷനായി എന്‍റോള്‍ ചെയ്‌തു. സുപ്രീം കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്‌ടീസ്‌. 1997ല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി. 1998ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും പ്രവര്‍ത്തിച്ചു. 1999ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സ്‌ഥിരം ജഡ്‌ജായി. 2010ല്‍ ഡല്‍ഹി ഹൈക്കോടതി ആക്‌ടിങ്‌ ചീഫ്‌ ജസ്‌റ്റിസായി പ്രവര്‍ത്തിച്ചു. പിന്നീട്‌ ഗുവാഹത്തി ഹൈക്കോടതിയിലും ആന്ധ്രാപ്രദേശ്‌ ഹൈക്കോടതിയിലും ചീഫ്‌ ജസ്‌റ്റിസായി. 2012 ജൂണിലാണ്‌ സുപ്രീം കോടതി ജഡ്‌ജിയായി ഉയര്‍ന്നപ്പെടുന്നത്‌.

** ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌

മലയാളി. ജനനം 1953 നവംബര്‍ 30ന്‌. തൃക്കാക്കര ഭാരത്‌ മാതാ കോളജ്‌, കാലടി ശ്രീ ശങ്കര കോളജ്‌ എന്നിവിടങ്ങളില്‍ നിന്നു പഠനം. തിരുവനന്തപുരം ലോ അക്കാദമി ലോക കോളജില്‍നിന്ന്‌ നിയമബിരുദം. 1979ല്‍ കേരളഹൈക്കോടതിയില്‍ പ്രാക്‌ടീസ്‌ തുടങ്ങി.
87ല്‍ സര്‍ക്കാര്‍ പ്ലീഡറായി. 94-96 കാലഘട്ടത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലായി. 2000ത്തില്‍ കേരള ഹൈക്കോടതി ജഡ്‌ജിയാക്കി നിയമിച്ചു. രണ്ടുതവണ കേരള ഹൈക്കോടതി ആക്‌ടിങ്‌ ചീഫ്‌ ജസ്‌റ്റിസായി. 2010 മുതല്‍ 2013 വരെ ഹിമാചല്‍പ്രദേശ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി. 2013 മാര്‍ച്ചിലാണു സുപ്രീം കോടതി ജഡ്‌ജിയായി നിയമിതനാകുന്നത്‌. കേരള ജുഡീഷ്യല്‍ അക്കാദമി പ്രസിഡന്റ്‌, കേരള ഹൈക്കോര്‍ട്ട്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ചെയര്‍മാന്‍, കേരളാ സംസ്‌ഥാന ലീഗല്‍ സര്‍വീസസ്‌ അതോറിട്ടി എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Ads by Google
അഡ്വ. ശിവന്‍ മഠത്തില്‍
Saturday 13 Jan 2018 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW