ചെറുതോണി: മലയോരജനതയെ നയിക്കാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനു ദൈവത്തിന്റെ കൈയൊപ്പ്. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പിന്‍ഗാമിയായി അദ്ദേഹത്തെ നിയമിച്ചതിന്റെ ആഹ്ളാദത്തിലാണു വിശ്വാസികള്‍.
വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ഇടുക്കി രൂപതയുടെ മെത്രാനായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ മേയ് മുതല്‍ രൂപതയുടെ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു.
ഒന്നാംക്ലാസ് മുതല്‍ പത്തു വരെ മരിയാപുരം സെന്റ് മേരീസ് സ്കൂളിലാണ് പഠിച്ചിരുന്നത്. 1988 ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്കൂളില്‍ ടോപ്പ്സ്കോര് നേടി. പിന്നീട് വൈദിക സെമിനാരിയില്‍ ചേര്‍ന്നു. കോതമംഗലത്തും വടവാതൂരുമായി പഠനം പൂര്‍ത്തിയാക്കി. 1998 ഡിസംബര്‍ 30 ന് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്നിന്ന് സഹോദരന് ഫാ. മാത്യുവിനൊപ്പം വൈദിക പട്ടം സ്വീകരിച്ചു. നെടുംങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ അസി. വികാരിയായി വൈദിക ജീവതം ആരംഭിച്ചു. തുടര്‍ന്നു വാഴക്കുളം ഇടവകയില്‍ രണ്ടുമാസം വൈദികനായി. ഇതിനുശേഷം ഉപരിപഠനത്തിനായി റോമിലേക്ക് പോയി. ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി തിരിച്ചെത്തി രൂപതയിലെ മതബോധന കമ്മിഷന്റെ രൂപതാ ഡയറക്ടറായും ചാന്‍സിലറായും പ്രവര്‍ത്തിച്ചു. ഇതിനുശേഷം ആലുവ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥികളുടെ പ്രഫസറായി.
പാലാ കടപ്ലാമറ്റത്തു നിന്ന് 45 വര്‍ഷം മുമ്പ മരിയാപുരത്തേക്കു കുടിയേറിയതാണ് അദ്ദേഹത്തിന്റെ കുടുംബം. പിതാവ് വര്ക്കിച്ചന് നാലുവര്‍ഷം മുമ്പ് മരിച്ചു. മാതാവ് മേരി രാമപുരം കുണിഞ്ഞി സ്വദേശിനിയാണ്. വീണു പരുക്കേറ്റതിനെത്തുടര്‍ന്നു കിടപ്പിലായ അമ്മയ്ക്കു മകനെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ. ചെറുപ്പം മുതല്‍ ദൈവ ഭക്തിയിലും അനുസരണയിലുമാണ് വളര്‍ന്നതെന്ന് അമ്മ സന്തോഷത്തോടെ പറഞ്ഞു.