Saturday, January 13, 2018 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.07 AM

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ് ഇന്നു മുതല്‍ , ബൗണ്‍സില്‍ പേടി

uploads/news/2018/01/183157/s1.jpg

സെഞ്ചൂറിയന്‍: എരിതീയില്‍ നിന്ന്‌ വറചട്ടിയിലേക്കാണ്‌ ടീം ഇന്ത്യ എത്തിയിരിക്കുന്നത്‌. കേപ്‌ടൗണില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയശതമാനം ഏറ്റവും കൂടുതലുള്ള സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കിലേക്കാണ്‌ ജീവശ്വാസം തേടി ഇന്ത്യയുടെ വരവ്‌.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാം മത്സരത്തിന്‌ ഇന്നു സെഞ്ചൂറിയനില്‍ തുടക്കമാകും. മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ആതിഥേയര്‍ 1-0ന്‌ മുന്നിലാണ്‌.
അതിനാല്‍ തന്നെ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക്‌ ഇവിടെ തോല്‍വി ഒഴിവാക്കിയേ പറ്റൂ. മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1:30ന്‌ ആരംഭിക്കും. സോണി ടെന്‍ ചാനലുകളില്‍ തത്സമയം.
സെഞ്ചൂറിയനില്‍ ഇന്ത്യക്കും മനോഹരമായ ഓര്‍മകളാണുളള്ളത്‌. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ടെസ്‌റ്റ് ജയിച്ച രണ്ടു വേദികളിലൊന്നാണിത്‌. 2003 ക്രിക്കറ്റ്‌ ലോകകപ്പിലെ ഐതിഹാസിക മത്സരത്തില്‍ പാകിസ്‌താനെ കീഴടക്കിയതും ഇവിടെയാണ്‌. എന്നാല്‍ നിലവില്‍ പേസിനെ തുണയ്‌ക്കുന്ന മികച്ച വിക്കറ്റാണിവിടെ ഒരുക്കിയിരിക്കുന്നത്‌ എന്ന വാര്‍ത്ത ടീം ഇന്ത്യക്ക്‌ അത്ര ശുഭകരമല്ല.
ദക്ഷിണാഫ്രിക്കയെ വെല്ലുവിളിക്കാന്‍ ഇന്ത്യക്ക്‌ തക്ക കരുത്തുണ്ട്‌. കേപ്‌ടൗണില്‍ ബൗളര്‍മാര്‍ അതു തെളിയിച്ചതുമാണ്‌. പക്ഷേ മത്സരം ജയിക്കാന്‍ ബാറ്റിങ്‌ നിരയ്‌ക്ക് കെല്‍പില്ലാത്തതാണ്‌ വിനയായത്‌.
ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ മുഖ്യ പേസര്‍ ഡെയ്‌ല്‍ സ്‌റ്റെയ്‌ന്‍ പരുക്കുമൂലം പന്തെറിയാനില്ലാഞ്ഞിട്ടുപോലും ഇന്ത്യന്‍ ബാറ്റിങ്‌ നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.
അതിനാല്‍ തന്നെ രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യയില്‍ അടിമുടി അഴിച്ചുപണി നടത്തിയേക്കും. ആദ്യ ടെസ്‌റ്റില്‍ മോശം പ്രകടനം കാഴ്‌ചവച്ച ഓപ്പണര്‍ ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ എന്നിവര്‍ക്കു പുറത്തിരിക്കേണ്ടി വരും. ആറു ബാറ്റ്‌സ്മാന്മാരും ഒരു ഓള്‍റൗണ്ടറും നാലു ബൗളര്‍മാരുമായി ഇറങ്ങാനാണ്‌ സാധ്യത. ധവാനു പകരം ലോകേഷ്‌ രാഹുലോ പാര്‍ഥിവ്‌ പട്ടേലോ ആയിരിക്കും മുരളി വിജയ്‌ക്കൊപ്പം ഇന്നിങ്‌സ് തുറക്കുക.
ഇടതു-വലത്‌ ബാറ്റിങ്‌ കോമ്പിനേഷന്‍ തന്നെ പിന്തുടരാന്‍ തീരുമാനിച്ചാല്‍ പാര്‍ഥിവിനാണ്‌ സാധ്യത. മധ്യനിരയില്‍ ചേതേശ്വര്‍ പൂജാര, വിരാട്‌ കോഹ്ലി, എന്നിവര്‍ക്കു പിന്നാലെ രോഹിതിനു പകരം അജിന്‍ക്യ രഹാനെയെ ആദ്യ ഇലവനില്‍ ഉര്‍പ്പെടുത്താനും സാധ്യതയുണ്ട്‌.
പേസിനെ തുണയ്‌ക്കുന്ന പിച്ചായതിനാല്‍ നാലു സ്‌പെഷലിസ്‌റ്റ് പേസര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും സ്‌ഥാനം നഷ്‌ടമാകും. പകരം ഇഷാന്ത്‌ ശര്‍മ ഇടംപിടിക്കും. ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത്‌ ബുംറ, മുഹമ്മദ്‌ ഷമി എന്നിവരാകും മറ്റു പേസര്‍മാര്‍. ഓള്‍റൗണ്ടറായി ഹര്‍ദ്ദിക്‌ പാണ്ഡ്യയുമുണ്ടാകും.
ആദ്യ ടെസ്‌റ്റ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഏക മാറ്റം മാത്രമേ പ്രതീക്ഷിക്കുന്നുള്ളു. പരുക്കേറ്റ പേസര്‍ ഡെയ്‌ല്‍ സ്‌റ്റെയ്‌നു പകരം ക്രിസ്‌ മോറിസ്‌, ആന്‍ഡിലെ ഫിലുക്വായോ, ലുംഗി ഗിഡി എന്നിവരില്‍ ഒരാള്‍ ആദ്യ ഇലവനിലെത്തും. സെഞ്ചൂറിയനില്‍ കളിച്ചു പരിചയമുള്ള മോറിസും ഗിഡിയും തമ്മിലാകും സ്‌ഥാനത്തിനായുള്ള മത്സരം.

സാധ്യതാ ടീം:
ഇന്ത്യ- വിരാട്‌ കോഹ്ലി (നായകന്‍), മുരളി വിജയ്‌, ലോകേഷ്‌ രാഹുല്‍/പാര്‍ഥിവ്‌ പട്ടേല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക്‌ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത്‌ ശര്‍മ, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത്‌ ബുംറ.

ദക്ഷിണാഫ്രിക്ക- ഫാഫ്‌ ഡു പ്ലെസിസ്‌ (നായകന്‍), ഡീന്‍ എല്‍ഗാര്‍, എയ്‌ദന്‍ മാര്‍ക്രം, ഹാഷിം ആംല, എ.ബി. ഡിവില്ല്യേഴ്‌സ്, ക്വിന്റണ്‍ ഡി കോക്ക്‌, കേശവ്‌ മഹാരാജ്‌, മോര്‍ണി മോര്‍ക്കല്‍, ക്രിസ്‌ മോറിസ്‌/ആന്‍ഡിലെ ഫെലുകാവോ/ലുംഗി ഗിഡി, വെര്‍നോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ.

Ads by Google
Saturday 13 Jan 2018 02.07 AM
YOU MAY BE INTERESTED
TRENDING NOW