Saturday, January 13, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.06 AM

സഞ്‌ജുവിന്റെ ബാറ്റിങ്‌ മികവില്‍ കേരളത്തിന്‌ ആശ്വാസ ജയം

വിശാഖപട്ടണം: വെടിക്കെട്ടു ബാറ്റിങ്ങുമായി സഞ്‌ജു സാംസണ്‍ തിളങ്ങിയപ്പോള്‍ സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിക്കായുള്ള ട്വന്റി 20 ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‌ ആശ്വാസ ജയം.
ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ നേരത്തെ പുറത്തായ കേരളം ഇന്നലെ നടന്ന മത്സരത്തില്‍ ഗോവയെ ഒമ്പതു വിക്കറ്റിനാണ്‌ തോല്‍പിച്ചത്‌. ആദ്യം ബാറ്റു ചെയ്‌ത ഗോവ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 138 റണ്‍സാണ്‌ നേടിയത്‌. തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം നാലോവറും ഒരു പന്തും ബാക്കിനില്‍ക്കെ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.
44 പന്തില്‍ 64 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഓപ്പണര്‍ സഞ്‌ജുവിന്റെ ബാറ്റിങ്ങാണ്‌ കേരളത്തിന്‌ അനായാസ ജയം സമ്മാനിച്ചത്‌. നാലു വീതം ബൗണ്ടറികളും സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സഞ്‌ജുവിന്റെ ഇന്നിംഗ്‌സ്.
ഒന്നാം വിക്കറ്റില്‍ വെടിക്കെട്ട്‌ ബാറ്റിങ്‌ കാഴ്‌ചവച്ച വിഷ്‌ണു വിനോദിനൊപ്പം(19 പന്തില്‍ 34) ഒന്നാം വിക്കറ്റില്‍ 45 റണ്‍സിന്റെയും പിരിയാത്ത രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ അരുണ്‍ കാര്‍ത്തിക്കിനൊപ്പം(പുറത്താകാതെ 37) 94 റണ്‍സിന്റെയും കൂട്ടുകെട്ടുകളാണ്‌ സഞ്‌ജു പടുത്തത്‌.
നേരത്തെ ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റുചെയ്‌ത ഗോവയ്‌ക്കായി 38 റണ്‍സെടുത്ത കീനന്‍ വാസാണ്‌ ടോപ്‌സ്കോററായത്‌. കേരളത്തിനുവേണ്ടി ആസിഫ്‌, അഭിഷേക്‌ മോഹന്‍ എന്നിവര്‍ മൂന്നു വിക്കറ്റ്‌ വീതം വീഴ്‌ത്തി.
ദക്ഷിണമേഖലാ ഗ്രൂപ്പില്‍ ആദ്യ മൂന്നു മല്‍സരങ്ങളും കേരളം തോറ്റിരുന്നു. ഹൈദരാബാദ്‌, ആന്ധ്ര, തമിഴ്‌നാട്‌ എന്നീ ടീമുകളോടാണ്‌ കേരളം തോല്‍വി വഴങ്ങിയത്‌. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ കേരളം ഞായറാഴ്‌ച കരുത്തരായ കര്‍ണാടകയെ നേരിടും.

Ads by Google
Saturday 13 Jan 2018 02.06 AM
YOU MAY BE INTERESTED
TRENDING NOW