കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണൂര്‍ മോഡല്‍ ആവിഷ്കരിക്കുന്ന 'ഈട' എന്ന സിനിമയ്ക്കു കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്. ഇടതുരാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നെന്ന വിമര്‍ശനമുയര്‍ത്തി െസെബര്‍ ലോകത്തും ആക്രമണം. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നു വിവാദത്തിലായ ബോളിവുഡ് സിനിമ 'പദ്മാവതി'യുടെ റിലീസിങ്ങിനു സംരക്ഷണം നല്കുമെന്നു വ്യക്തമാക്കിയ ഡി.െവെ.എഫ്.ഐ. അണികളില്‍നിന്നാണ് ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത 'ഈട'യ്ക്ക് എതിര്‍പ്പുകളേറെയെന്നതാണ് വിചിത്രം.
മുമ്പ് അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തിലിറങ്ങിയ 'ലെഫ്റ്റ് െറെറ്റ് ലെഫ്റ്റി'നും സമാനമായ എതിര്‍പ്പു നേരിടേണ്ടിവന്നിരുന്നു. ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യമുണ്ടെന്നുകാട്ടിയായിരുന്നു 'ലെഫ്റ്റ് െറെറ്റ് ലെഫ്റ്റി'നു വിലക്കെങ്കില്‍ സംഘപരിവാര്‍ വലതുപക്ഷത്തോട് മൃദു സമീപനം സ്വീകരിക്കുന്നെന്ന വിമര്‍ശനമാണ് ''ഈട''യ്ക്കെതിരേ ഉയര്‍ത്തുന്നത്. ആദ്യം മികച്ച സിനിമയെന്നു സി.പി.എം. മുഖപത്രത്തിന്റെ ഓണ്‍െലെനില്‍ ആസ്വാദനക്കുറിപ്പുവന്നതിനുശേഷമാണ് കണ്ണൂരില്‍ ഇവിടെ എന്ന് അര്‍ഥമുള്ള 'ഈട'യ്ക്കെതിരേ സഖാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയത്. അതിഭാവുകത്വമോ വികലമായ ജ്ഞാനമോ മുഴച്ചുനില്‍ക്കാതെ ഈട തുറന്നുവയ്ക്കുന്നത് മറ്റൊരു മുഖമാണ് എന്നായിരുന്നു ആദ്യത്തെ പുകഴ്ത്തല്‍. പാര്‍ട്ടിക്കെതിരേ വിമര്‍ശനത്തിന്റെ സാധ്യതകള്‍ തുറന്നുവയ്ക്കുന്ന ചിത്രം ജനശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയതോടെ ഇതേ മാധ്യമം നിലപാടു മാറ്റി.
യാതൊരു രാഷ്ട്രീയബോധവുമില്ലാത്ത തൂലികയില്‍ നിന്ന് പിറവിയെടുത്ത ചിത്രമെന്നായിരുന്നു പിന്നീടുവന്ന വിമര്‍ശനം. അക്രമരാഷ്ട്രീയത്തിന്റെയും കുടിപ്പകയുടെയും ചോരവീണ കണ്ണൂരിന്റെ വര്‍ത്തമാനത്തോട് പരമാവധി സന്തുലിതത്വം പുലര്‍ത്തിയെന്നാണ് സംവിധായകന് ബി. അജിത്കുമാര്‍ നിലപാട് വ്യക്തമാക്കിയത്. സിനിമയില്‍ രണ്ടു പാര്‍ട്ടിയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഒരുപക്ഷത്തു നിന്ന് സിനിമയ്ക്കെതിരേ ശക്തമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈട കണ്ട് രാജ്നാഥ് സിങ്ങുമാര് കണ്ണൂരില്‍ ഇനിയും വരും
വി.കെ. ജോബിഷ് (അധ്യാപകന്)
എ.കെ.ജിയെ അപമാനിച്ച എം.എല്‍.എയെക്കാള്‍ ഭീകരമായി എ.കെ.ജി. രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച കണ്ണൂരിനെയും അവിടുത്തെ ഇടതുപക്ഷ ജീവിതങ്ങളെയും പ്രതിസ്ഥാനത്താക്കുന്നതാണ് ''ഈട''. ഫെയ്സ്ബുക്ക് കമന്റിനേക്കാള്‍ വലിയ രാഷ്ട്രീയ ഫലമുണ്ടാക്കും ഈ സിനിമ. തലശേരി എന്നാല്‍ തല ശരിയല്ലാത്തവരുടെ നാട് എന്നും കണ്ണൂരെന്നാല്‍ കണ്ണീരെന്നാണെന്നുമുള്ള മധ്യവര്‍ഗ യുക്തികളാല്‍ സമ്പന്നമായ ഭാവന. ദേശീയതലത്തില്‍ കണ്ണൂരിന്റെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ ഭൂമികയെ മുന്നില്വച്ചുകേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള മറ്റൊരു ആയുധം കൂടി. അതാണ് ഈട.
ഒളിച്ചുകടത്തുന്ന നുണ
തേജസ്വസി (കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന് മുന്‍ ചെയര്‍പഴ്സണ്‍)
കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എന്ന ലേബലുമായി ഇമ്മാതിരി പടപ്പുകളും കൊണ്ടിറങ്ങുന്നവര് പക്ഷേ ഒളിച്ചുകടത്തുന്ന നുണകളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നുതോന്നുന്നു. ആദ്യമായി റിയല്‍ കണ്ണൂരിനെ സ്ക്രീനില്‍ കാണിച്ചു എന്ന സ്െറ്റെല്‍ പോസ്റ്റുകളൊക്കെ കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. ''മേലേപ്പറമ്പില്‍ ആണ്‍വീട്ടി''ല്‍ ജഗതി പറയുന്നതുപോലെ ''ഇതെന്റെ കണ്ണൂര്‍ അല്ല... എന്റെ കണ്ണൂര്‍ ഇങ്ങനല്ലാ ...''
സംവിധായകന് കേരളത്തിലെ പ്രേക്ഷകരെ അറിയില്ല
സരിന് ശശി (യുവജന ക്ഷേമബോര്‍ഡ് അംഗം, ഡി.െവെ.എഫ്.ഐ. നേതാവ്)
മിനിമം സിനിമ വിജയിക്കുന്നതിന്റെ രഹസ്യം പോലും അറിയാത്ത സംവിധായകനായിരിക്കും അല്ലെ? കേരളത്തിലെ പ്രേക്ഷകരുടെ രാഷ്ട്രീയം പോലും വശമില്ല, ചെണ്ടുള്ള ചരട് കെട്ടിയ സംഘികള്‍ സിനിമ കണ്ട് വിജയിപ്പിക്കുന്ന കാലം വരട്ടെ അന്നേ ഈട പോലുള്ള ചിത്രങ്ങള്‍ വിജയിക്കൂ.
കക്ഷി രാഷ്ട്രീയത്തിന്റെ ഹിംസ
ശിഹാബുദ്ദീന് പൊയ്ത്തുംകടവ് (എഴുത്തുകാരന്)
മനുഷ്യസ്നേഹത്തിന് കക്ഷിരാഷ്ട്രീയത്തിന്റെ ഹിംസ എങ്ങിനെയാണ് തടസമായിരിക്കുന്നെന്ന് ഈ സിനിമ പറയുന്നു. ഒരുവശത്ത് ഹിന്ദുത്വ പ്രതിനിധീകരിക്കുന്ന വഴി തെറ്റിയ െനെതികതയും മറുവശത്ത് അഖില ലോക തൊഴിലാളികളെയും മനുഷ്യരെയും അഭിസംബോധന ചെയ്യുന്നതിനു പകരം ചെന്ന്യം എന്ന പേരിലുള്ള പാര്‍ട്ടി ഗ്രാമത്തിന്റെ ഗോത്ര വ്യവസ്ഥയിലേക്കും പകയുടെ െനെതിക ഭാവനയിലേക്കും ചുരുങ്ങുന്ന ജനതയും ചേര്‍ന്ന് ആണ്-പെണ് ബന്ധങ്ങളെയും പ്രണയത്തെയും ഞെരുക്കുന്നു. കുടിപ്പകയാല്‍ സ്വയം ബന്ധികളായ അത്രയേറെ വിദ്യാഭ്യാസം, നേടിയിട്ടില്ലാത്ത സാമ്പത്തിക ഭദ്രത നേടിയിട്ടില്ലാത്തവരാണ് ഇരുവിഭാഗത്തെയും ചെറുപ്പക്കാര്‍ എന്നത് ഈ സിനിമയിലെ ശക്തമായ സൂചനയാണ്.
ഈ ചിത്രം നാം കാണേണ്ടതുണ്ട്
ടി.കെ. അനില്‍കുമാര്‍(കണ്ണൂരിലെ അക്രമ രാഷ്ട്രീയ ചര്‍ച്ചയാകുന്ന ചോരപ്പുഴകള്‍ എന്ന നോവലിന്റെ രചയിതാവ്)
അരാഷ്ട്രീയമായ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്ന ഒരു ദേശത്തെ ജനപ്രിയ സിനിമ അഭിസംബോധന ചെയ്യുന്നത് ഇതാദ്യമായല്ല. ശാന്തവും കണ്ണൂരും ഉള്‍പ്പെടെയുള്ള സിനിമകള്‍ മുമ്പേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ അജിത് കുമാറിന്റെ ഈട അതില്‍നിന്ന് ഏറെ വ്യത്യസ്തമാണ്.
പ്രണയമുള്‍പ്പെടെയുള്ള എല്ലാ മാനുഷിക വികാരങ്ങളെയും ഒരു ജനത എങ്ങനെയാണ് പരാജയപ്പെടുത്തുന്നതെന്ന് ഈ സിനിമ അനുഭവപ്പെടുത്തുന്നു. ഈടയില്‍ പ്രണയം കുറ്റകൃത്യത്തെ പ്രതിരോധിക്കുന്നു. അതുകൊണ്ടു തന്നെ പ്രണയത്തിന്റെ രാഷ്ട്രീയം പങ്കുവയ്ക്കുന്ന ഈ ചിത്രം നാം കാണണം. രാഷ്ട്രീയം വിമോചനവും പ്രതിരോധവും പ്രണയവും ആണെന്ന് വിശ്വസിക്കുന്ന ഓരോരുത്തരും ഈ സിനിമയുടെ കൂടെച്ചേര്‍ന്നു നടക്കേണ്ടതുണ്ട്.