Friday, January 12, 2018 Last Updated 8 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.52 AM

മാളികപ്പുറത്തമ്മയ്‌ക്ക് അയ്യപ്പന്റെ മാതൃഭാവമെന്നു പന്തളം കൊട്ടാരം , വിശ്വാസത്തിനു കൊട്ടാരത്തിന്റെ പുതിയ ഭാഷ്യം

uploads/news/2018/01/182878/bft1.jpg

മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ട്‌ നൂറ്റാണ്ടുകളായുള്ള വിശ്വാസത്തെ ചോദ്യംചെയ്യുന്ന നിലപാടുമായി പന്തളം കൊട്ടാരം. മാളികപ്പുറത്തമ്മ സാക്ഷാല്‍ മധുരമീനാക്ഷിയാണെന്നും ശബരിമലയിലെ ദേവീചൈതന്യത്തിന്‌ അയ്യപ്പസ്വാമിയുടെ മാതൃഭാവമാണെന്നുമാണ്‌ ആധികാരികമെന്ന്‌ അവകാശപ്പെടുന്ന പുതിയ ഭാഷ്യം.
അയ്യപ്പനെ വിവാഹം കഴിക്കാനായി മാളികപ്പുറത്തമ്മ കാത്തിരിക്കുന്നുവെന്നത്‌ വെറും കെട്ടുകഥയാണെന്നും പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ്‌ ശശികുമാരവര്‍മ്മ പറഞ്ഞു. പാരമ്പര്യവിശ്വാസത്തിനു തികച്ചും വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണിത്‌. ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികസ്‌ഥാനം വഹിക്കുന്ന താഴമണ്‍മഠവും ഭക്‌തരും പുലര്‍ത്തിവരുന്ന വിശ്വാസത്തെ താളിയോലക്കെട്ടുകളുടെയും ആധികാരിക ഗ്രന്ഥങ്ങളുടെയും അടിസ്‌ഥാനത്തിലാണ്‌ കൊട്ടാരം ഭരണസമിതി തിരുത്തുന്നത്‌.

പന്തളം കൊട്ടാരം പറയുന്നത്‌

പന്തളരാജാക്കന്മാരുടെ പരദേവതയാണ്‌ മധുരമീനാക്ഷി. ഈ ദേവീഭാവം തന്നെയാണു മാളികപ്പുറത്തമ്മയ്‌ക്കുള്ളത്‌. മഹിഷീനിഗ്രഹത്തിനു ശേഷം മണികണ്‌ഠനു മുന്നില്‍ പ്രത്യക്ഷയായത്‌ മധുരമീനാക്ഷിയാണ്‌. മണികണ്‌ഠനു മാതൃതുല്യയായതിനാലാണ്‌ ശബരിമല ധര്‍മ്മശാസ്‌താ വിഗ്രഹത്തില്‍ വിലയംപ്രാപിച്ച അയ്യപ്പസ്വാമിക്കു തൊട്ടരികില്‍ മാളികപ്പുറത്തമ്മയായി വസിക്കാന്‍ മധുരമീനാക്ഷി തയാറായത്‌. ഇക്കാര്യം സമര്‍ഥിക്കുന്ന താളിയോലകള്‍ പന്തളം കൊട്ടാരത്തിലുണ്ട്‌. കുറനള്ളൂര്‍ നാരായണപിള്ള രചിച്ച "ഭൂതനാഥ സര്‍വസ്വം" എന്ന കൃതിയിലും പൂഞ്ഞാര്‍ കൊട്ടാരത്തിലെ ശ്രീരാമവര്‍മ്മരാജ രചിച്ച "ശബരിമല ശ്രീ അയ്യപ്പന്‍" എന്ന കൃതിയിലും ഇക്കാര്യം വ്യക്‌തമാക്കുന്നുണ്ട്‌.
മണികണ്‌ഠന്‍ മഹിഷീനിഗ്രഹത്തിനായി പുറപ്പെട്ടത്‌ 16-ാം വയസിലാണ്‌. ബാലഭാവത്തില്‍ മഹിഷിയെ നേരിടുന്ന മണികണ്‌ഠന്‌ ഒരിക്കലും മഹിഷീനിഗ്രഹത്തിനു ശേഷം കാണപ്പെട്ട ദേവീഭാവത്തെ ഭാര്യയുടെയോ കാമുകിയുടെയോ സ്‌ഥാനത്തു കാണാന്‍കഴിയില്ല. ഇതിനു വിപരീതമായി പ്രചരിച്ച വിശ്വാസത്തിന്റെ അടിസ്‌ഥാനം വ്യക്‌തമല്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

ഉത്രം മഹോത്സവവും മനുഷ്യസൃഷ്‌ടി

ശബരിമലയില്‍ അനാദികാലം മുതലുള്ളത്‌ മകരവിളക്ക്‌ മഹോത്സവം മാത്രമാണ്‌. ഉത്രം മഹോത്സവം പിന്നീടുണ്ടായതാണ്‌. മകരവിളക്കിനു ശേഷം അഞ്ചുനാള്‍ മാത്രമാണ്‌ ശബരിമലയില്‍ ഉത്സവം നടന്നിരുന്നത്‌. ശരംകുത്തിയിലേക്കുള്ള മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത്‌ അയ്യപ്പസ്വാമിയെ വിവാഹം കഴിക്കാന്‍ ദേവി കാത്തിരിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കാനായി പിന്നീടുണ്ടാക്കിയ ആചാരം മാത്രമാണ്‌.
മണികണ്‌ഠന്‍ ആലപ്പുഴ ജില്ലയിലെ മുഹമ്മയിലുള്ള ചീരപ്പന്‍ചിറയില്‍ ആയുധാഭ്യാസത്തിനായി പോയെന്നതു സത്യമാണ്‌. എന്നാല്‍, ഗുരുപുത്രിയുമായി മണികണ്‌ഠന്‌ അടുപ്പമുണ്ടായിരുന്നുവെന്നും ഗുരുപുത്രി സമ്മാനിച്ച വളകള്‍ തിരുവാഭരണശേഖരത്തിലുണ്ടെന്നുമുള്ള വിശ്വാസം തെറ്റാണ്‌. ഇതും ചിലരുടെ സൃഷ്‌ടിയാണെന്നും ശശികുമാര വര്‍മ്മ വ്യക്‌തമാക്കി.

തന്ത്രിയുടെ അഭിപ്രായം

പാരമ്പര്യ വിശ്വാസത്തെ സാധൂകരിക്കുന്ന നിലപാടാണ്‌ താഴമണ്‍ തന്ത്രികുടുംബത്തിന്റേത്‌. അയ്യപ്പസ്വാമിയെ വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന ദേവിയാണു മാളികപ്പുറത്തമ്മയെന്ന്‌ ശബരിമലയിലെ ഇപ്പോഴത്തെ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ പറയുന്നു. തന്നെ വേള്‍ക്കണമെന്നു മഹിഷീനിഗ്രഹത്തിനു ശേഷം പ്രത്യക്ഷയായ ദേവീഭാവം ആവശ്യപ്പെട്ടപ്പോള്‍ കന്നി അയ്യപ്പന്മാരില്ലാത്ത വര്‍ഷം വരികയാണെങ്കില്‍ അന്നു വിവാഹം കഴിക്കാമെന്നായിരുന്നു മണികണ്‌ഠന്റെ മറുപടി. ശബരിമലയില്‍ തന്റെ വാമഭാഗത്തു വസിക്കാന്‍ മണികണ്‌ഠന്‍ മാളികപ്പുറത്തമ്മയെ അനുവദിക്കുകയും ചെയ്‌തു. മകരവിളക്കിനുശേഷം ശരംകുത്തിയിലേക്കുള്ള മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത്‌ ഇത്‌ വ്യക്‌തമാക്കുന്നു. കന്നിഅയ്യപ്പന്മാര്‍ കൊണ്ടുവരുന്ന ശരം, ശരംകുത്തി ആലില്‍ നിക്ഷേപിക്കണമെന്നാണ്‌ ആചാരം. ഇവിടെ ശരങ്ങളില്ലാത്ത കാലം ശബരിമലയില്‍ ഉണ്ടാകാറില്ലെന്നും തന്ത്രി പറയുന്നു.

അംഗീകരിക്കാതെ ഹിന്ദു ഐക്യവേദി

പുരാതന ഗ്രന്ഥങ്ങളിലുള്ള കാര്യമാണു പറയുന്നതെങ്കില്‍ അതിത്രയും കാലം പറയാതിരുന്നതിന്റെയും ഇപ്പോള്‍ പറയുന്നതിന്റെയും കാരണം വ്യക്‌തമല്ലെന്ന്‌ ഹിന്ദു ഐക്യവേദി സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ. ഹരിദാസ്‌ മംഗളത്തോടു പറഞ്ഞു.
ശബരിമലയില്‍ എല്ലാ സ്‌ത്രീകളുടെയും പ്രവേശനത്തിനു കളമൊരുക്കാനുള്ള ചിലരുടെ തന്ത്രമാണ്‌ ഇതിനുപിന്നിലെന്ന്‌ ഹിന്ദു ഐക്യവേദി പത്തനംതിട്ട ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.പി. സോമന്‍ ആരോപിച്ചു. അയ്യപ്പസ്വാമിയുടെ സ്‌ഥായീഭാവം ബ്രഹ്‌മചര്യമാണെന്ന വിശ്വാസത്തിന്റെ അടിത്തറയിലാണ്‌ വിവാഹം കഴിക്കാതെ മാളികപ്പുറത്തമ്മയെ എക്കാലവും കാത്തിരിക്കാന്‍ നിര്‍ബന്ധിതയാക്കുന്നു എന്ന വിശ്വാസം നിലനില്‍ക്കുന്നത്‌. മാളികപ്പുറത്തമ്മ എന്ന സങ്കല്‍പ്പം അതല്ലെന്നു വരുത്താനും ഈ സങ്കല്‍പ്പത്തെ തകര്‍ക്കാനും വേണ്ടിയാണ്‌ സി.പി.എം. അനുഭാവിയും മുന്‍മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയുമായിരുന്ന ശശികുമാര വര്‍മ്മയുടെ വെളിപ്പെടുത്തലെന്നും കെ.പി. സോമന്‍ പറഞ്ഞു.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Friday 12 Jan 2018 01.52 AM
YOU MAY BE INTERESTED
TRENDING NOW