Friday, January 12, 2018 Last Updated 16 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.47 AM

അപകടകരമായ പ്രയാണം അവസാനിക്കണം

വിശുദ്ധ ഇസ്ലാമിന്റെ സന്ദേശം തിരു നബി(സ)യില്‍നിന്ന്‌ ദീന്‍ പഠിച്ച സ്വഹാബികളിലൂടെ എത്തിയ നാടാണ്‌ കേരളം. ഇസ്ലാമിന്റെ തെളിമയായ ജീവിതശൈലി അവരിലൂടെ കേരള ജനത പഠിച്ചു.
ഇസ്ലാമും ഈമാനും ഇഹ്‌സാനും ഉള്‍ക്കൊണ്ട സമ്പൂര്‍ണമായ ദീനുല്‍ ഇസ്ലാമിനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അതിലൂടെ ജനങ്ങള്‍ക്ക്‌ സാധ്യമായി. അവര്‍ക്ക്‌ ശേഷം മഹാന്‍മാരായ ഔലിയാക്കളിലൂടെയും ത്വരീഖത്തിന്റെ മശാഇഖുമാരിലൂടെയും ഈ പാരമ്പര്യം തുടര്‍ന്നുപോന്നു. സദാസമയം അല്ലാഹുവും റസൂലുമായി ബന്ധം സ്‌ഥാപിച്ച ഈ മഹാന്‍മാരിലൂടെ സാധാരണക്കാര്‍ ഈമാനിക മധുനുകര്‍ന്നു. കാലക്രമേണ ഈ പാരമ്പര്യത്തെ വലിച്ചെറിഞ്ഞ്‌ സംഘടനാ ഇസ്ലാമിലേക്ക്‌ കേരളം മാറി.
ഈമാനില്‍നിന്ന്‌ ജനങ്ങളെ അകറ്റാനുള്ള ഇബ്‌ലീസിന്റെ കുതന്ത്രം വിജയിപ്പിക്കാന്‍ ഈ സംഘടനകള്‍ മത്സരിക്കാന്‍ തുടങ്ങി. അതോടെ സമ്പൂര്‍ണ ദീന്‍ സമൂഹത്തിന്‌ നഷ്‌ടമായി. സംഘടനകള്‍ക്ക്‌ ദീനിനേക്കാള്‍ വിലകല്‍പിക്കാന്‍ തുടങ്ങി. അല്ലാഹുവിനെയും റസൂല്‍(സ) തങ്ങളെയും അടുത്തറിയാന്‍ കഴിയാത്ത സംഘടനാ നേതൃത്വം സമൂഹത്തെ പൂര്‍ണമായും ഈമാനിക ശൂന്യതയിലേക്കും ആത്യന്തിക അപകടത്തിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണിന്ന്‌. ഈ അപകടകരമായ പ്രയാണം അവസാനിക്കണം.
പൂര്‍വിക പാരമ്പര്യത്തിലേക്ക്‌ മടങ്ങിപ്പോവണം. അല്ലാഹുവിന്റെ റസൂല്‍ പഠിപ്പിച്ച ഇസ്ലാമും ഈമാനും ഇഹ്‌സാനും ഉള്‍ക്കൊണ്ട സമ്പൂര്‍ണ ദീനിലേക്ക്‌ തിരിച്ചുപോവണം. സദാസമയം ഹൃദയം അല്ലാഹുവും റസൂലുമായി ബന്ധം സ്‌ഥാപിക്കുന്ന അവസ്‌ഥയിലേക്കു മാറണം. സംഘടനകള്‍ക്കും സംഘടനാ നേതാക്കള്‍ക്കും വേണ്ടി സിന്ദാബാദ്‌ വിളിക്കുന്ന സാധാരണക്കാര്‍ ഇനിയെങ്കിലും സത്യം മനസിലാക്കണം.
ലക്ഷങ്ങള്‍ പങ്കെടുത്തു എന്നവകാശപ്പെടുന്ന സമ്മേളനങ്ങള്‍കൊണ്ട്‌ തങ്ങള്‍ക്കെന്ത്‌ നേട്ടമുണ്ടായി എന്നവര്‍ ചിന്തിക്കണം. ഓരോ നിമിഷവും അല്ലാഹുവിനെയും റസൂലിനെയും സ്‌മരിക്കാന്‍ തങ്ങളെ പാകപ്പെടുത്തുന്ന വല്ല മാര്‍ഗവും ഈ സമ്മേളനങ്ങളിലൂടെ ലഭിച്ചോ എന്ന്‌ ഗൗരവത്തോടെ ആലോചിക്കണം.
മരണ സമയം സന്തോഷത്തോടെ പൂര്‍ണ ഈമാനിലായി പുഞ്ചരിച്ച്‌ യാത്രയാവാന്‍ പാകപ്പെടുത്തുന്ന വല്ല നിര്‍ദേശവും തങ്ങള്‍ ആത്മീയ നായകരാണെന്ന്‌ വിശ്വസിക്കുന്ന സംഘടനാ നേതാക്കളില്‍നിന്ന്‌ ലഭിച്ചോ എന്ന്‌ ഹൃദയത്തില്‍ കൈവെച്ച്‌ ചിന്തിക്കണം.
ജനബാഹുല്യംകൊണ്ട്‌ സമ്മേളന വിജയം തീരുമാനിക്കുന്ന നേതാക്കള്‍ തങ്ങളുടെ അനുയായികളുടെ ആഖിറ വിജയത്തിന്‌ ഇതിലൂടെ എന്ത്‌ നല്‍കി എന്ന്‌ ആലോചിക്കുന്നത്‌ നന്ന്‌. സാധാരണക്കാരെ കൂടെ നിര്‍ത്താന്‍ അസത്യങ്ങളും കുതന്ത്രങ്ങളും മെനയുന്നവര്‍ ഖേദിക്കേണ്ടിവരുമെന്ന്‌ ഓര്‍മപ്പെടുത്തുകയാണ്‌. സത്യം സൂര്യപ്രകാശംപോലെ വെളിപ്പെട്ടിരിക്കെ എല്ലാം അറിഞ്ഞിട്ടും ഇനിയും തങ്ങളുടെ നേതാക്കള്‍ പറയുന്നത്‌ മുഴുവന്‍ വിഴുങ്ങി സായൂജ്യമടയുന്ന സാധാരണക്കാരും വലിയ വില നല്‍കേണ്ടിവരുമെന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.

Ads by Google
Friday 12 Jan 2018 01.47 AM
YOU MAY BE INTERESTED
TRENDING NOW