തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊലക്കേസിലെ മൂന്നു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 17 വര്‍ഷം കഠിനതടവും ശിക്ഷ. രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായിരുന്ന അടിമാലി പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക തുങ്കൂര്സിറ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), സിറ ഹനുമന്തപുരം സ്വദേശി മധു (രാഗേഷ് ഗൗഡ-26), മധുവിന്റെ സഹോദരന് സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്. മൂവരും 27,500 രൂപ വീതം പിഴയടയ്ക്കണം.
കവര്‍ച്ചയ്ക്ക് 10 വര്‍ഷം കഠിനതടവും തെളിവു നശിപ്പിച്ചതിന് ഏഴു വര്‍ഷം കഠിനതടവും 2,500 രൂപ വീതം പിഴയുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 45 ദിവസം കഠിനതടവ് അനുഭവിക്കണം.
കവര്‍ച്ച, തെളിവു നശിപ്പിക്കല്‍ കേസുകളിലെ ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും. ഈ പത്തു വര്‍ഷത്തിനു ശേഷമാകും കൊലക്കേസിലെ ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയെന്നു തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവി വിധിന്യായത്തില്‍ വ്യക്തമാക്കി. മൂന്നു പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
2015 ഫെബ്രുവരി 12-ന് അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കുഞ്ഞുമുഹമ്മദിനെയും ഐഷയെയും നാച്ചിയെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ സ്വര്‍ണാഭരണങ്ങളും മറ്റും കവര്‍ന്നാണു മുങ്ങിയത്. പിറ്റേന്നു പുലര്‍ച്ചെയാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്.
മൂന്നാം നിലയിലെ 302-ാം നമ്പര്‍ മുറിയില്‍ കൈകാലുകളും വായും ബന്ധിച്ച നിലയിലാണു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. ഐഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങള്‍ ഒന്നാം നിലയിലുള്ള ഹാളിലാണു കിടന്നത്.
19.5 പവന് സ്വര്‍ണാഭരണങ്ങള്‍, റാഡോ വാച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയടക്കം അഞ്ചു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു.
ഇതു പിന്നീടു പോലീസ് കണ്ടെടുത്തു. മൂന്നാര്‍ ഡിവൈ.എസ്.പി: കെ.ബി. പ്രഫുല്ലചന്ദ്രന്, അടിമാലി സി.ഐ: സജി മര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ലോഡ്ജിനു സമീപത്തെ പലചരക്കു വ്യാപാരസ്ഥാപനത്തിലെ സി.സി. ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളും പ്രതികളെ ഓട്ടോറിക്ഷയില്‍ ആലുവയിലെത്തിച്ച ഡ്രൈവറുടെ മൊഴിയും മറ്റുമാണ് പോലീസിനെ പ്രതികളുടെ അരികിലെത്തിച്ചത്.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളാണ് പ്രോസിക്യൂഷന് കോടതിക്കു മുന്നില്‍ നിരത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. സുനില്‍ദത്ത് ഹാജരായി.