Sunday, July 22, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.39 AM

പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ച്‌ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

uploads/news/2018/01/182850/c8.jpg

നെടുമ്പാശേരി: പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ചു ഒന്നരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അസം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കാണ്‌ (42)പിടിയിലായത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 1.30-ന്‌ നെടുമ്പാശേരി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ പൊയ്‌ക്കാട്ടുശേരി മാണിയംകുളം ഭാഗത്തായിരുന്നു സംഭവം. സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്‌. സാബു ടാക്‌സി ഡ്രൈവറും നീന സ്വകാര്യസ്‌ഥാപനത്തിലെ ജീവനക്കാരിയുമാണ്‌. ഇരുവരും ജോലിക്ക്‌ പോകുമ്പോള്‍ കുഞ്ഞിനെ നീനയുടെ അമ്മ ബീനയാണ്‌ സംരക്ഷിക്കുന്നത്‌. അക്രമി വീടിന്റെ മുന്‍വശത്തെ ഗേറ്റില്‍ അടിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ ബീന മാത്രമേ വീട്ടിലുള്ളൂവെന്നു മനസിലായി. അതോടെ ഇയാള്‍ മുന്‍വശത്തെ വാതില്‍ പുറത്തുനിന്നു അടച്ചുപൂട്ടി അടുക്കള ഭാഗത്തെത്തി. ഈ സമയം ബീന വാതിലടച്ചു അകത്തുനിന്ന്‌ കുറ്റിയിട്ടെങ്കിലും കൈയിലുണ്ടായിരുന്ന വടി ഉപയോഗിച്ച്‌ പൂട്ട്‌ തകര്‍ത്ത്‌ ഇയാള്‍ വീടിനകത്തു കയറുകയായിരുന്നു. തുടര്‍ന്നു ബീനയുടെ കൈയിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമം നടത്തി. എതിര്‍ത്ത ബീനയെ ആക്രമിച്ചു. പിടിവലിക്കിടെ കുഞ്ഞിനെ കിട്ടാതെ വന്നതോടെ അടുക്കളയിലെ പാത്രങ്ങളും വാതിലും അക്രമി തകര്‍ത്തു. ഈ സമയം കുഞ്ഞിനെ എടുത്ത്‌ നിലവിളിച്ചുകൊണ്ട്‌ ബീന അയല്‍വീട്ടിലേക്ക്‌ ഓടി അഭയംതേടുകയായിരുന്നു. ബീനയുടെ സഹോദരന്‍ പൗലോസും അയല്‍വാസികളും സംഭവമറിഞ്ഞ്‌ വീട്ടിലെത്തുകയും അടുക്കളയില്‍നിന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തുകയുമായിരുന്നു. ചെങ്ങമനാട്‌ പോലീസെത്തി പ്രതിയെ കസ്‌റ്റഡിയിലെടുത്തു. ഇയാളുടെ പോക്കറ്റില്‍നിന്ന്‌ പാന്‍കാര്‍ഡ്‌, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌, അസം പോലീസ്‌ റിപ്പോര്‍ട്ട്‌ എന്നിവയടങ്ങിയ പേഴ്‌സ്‌ ലഭിച്ചു. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Friday 12 Jan 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW