Thursday, April 25, 2019 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 02.59 PM

ചതിയനെ തിരിച്ചറിഞ്ഞപ്പോള്‍

uploads/news/2018/01/182636/Weeklyanubhavapacha110118.jpg

ജീവിതത്തിനും മരണത്തിനുമിടയില്‍ വളരെ നേര്‍ത്ത ഒരു നൂല്‍പ്പാലമുണ്ട്. അതിലൂടെ കടന്നുപോകാത്തവര്‍ വിരളമാണ്.

ജീവിതം അവസാനിപ്പിക്കുന്നതിനു മുമ്പ് അവസാന ആശ്രയമെന്ന നിലയില്‍ അവര്‍ പലരെയും സമീപിക്കാറുണ്ട്. പ്രതീക്ഷയുടെ ഒരു പുതുനാമ്പെങ്കിലും തളിര്‍ക്കുമെന്ന വിശ്വാസത്തോടെ.

ആ വിശ്വാസം സാധ്യമാകുമ്പോള്‍ അവരുടെ ശേഷിക്കുന്ന ജീവിതത്തിലേക്ക് അത് വെളിച്ചം വീശും. അറിഞ്ഞോ അറിയാതെയോ ഒരു പ്രത്യേകഘട്ടത്തില്‍ മാനസികമായി തകര്‍ന്നുപോയ ഒരു കുടുംബത്തിന്റെ പ്രതീക്ഷയായി, അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുന്ന സന്തോഷം ചില്ലറയല്ല.

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഞാന്‍ പിറ്റേ ദിവസത്തെ കേസൊക്കെ പഠിച്ചുകഴിഞ്ഞു കിടന്നപ്പോള്‍ ഏതാണ്ട് ഒരുമണിയായി. മെല്ലെ ഉറക്കത്തിലേക്ക് വീണപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. അതെടുത്തുനോക്കി. ഒരു ലാന്‍ഡ്‌ഫോണ്‍ നമ്പറാണ്. ഞാന്‍ അതെടുക്കാതെ ഫോണ്‍ താഴെവച്ച് കിടന്നു.

പിന്നെയും പിന്നെയും ബെല്ലടിച്ചുകൊണ്ടിരുന്നപ്പോള്‍ അതെടുത്ത് ഓഫ് ചെയ്തു. എന്നാലും ആരായിരിക്കാം ഈ സമയത്ത് ആവര്‍ത്തിച്ച് വിളിച്ചത്? ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്ത് ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു.

ഒരു വീട്ടമ്മയാണ്. അവര്‍ക്ക് മൂന്നു പെണ്‍മക്കള്‍. ഭര്‍ത്താവിന് ബിസിനസാണ്. സമ്പന്നകുടുംബം. അവരുടെ പ്രശ്‌നം അവര്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞൊപ്പിച്ചു. 'മാഡം, ഞാനും മക്കളും ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്.'

ഞാന്‍ ഞെട്ടി. എന്റെ ഉറക്കം എങ്ങോട്ടോ മാഞ്ഞുപോയി. അസമയത്തുള്ള ഫോണ്‍വിളി ശല്യമായി തോന്നിയെങ്കിലും, അവര്‍ പറയുന്നതു കേള്‍ക്കാമെന്ന് കരുതി. അവരുടെ രണ്ടാമത്തെ മകളുടെ ചിത്രം ആരോ മോര്‍ഫ് ചെയ്ത് നഗ്‌നഫോട്ടോ ആക്കി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്രേ.

ആ വിവരം അവരുടെ ഭര്‍ത്താവ് അറിഞ്ഞാല്‍ സത്യാവസ്ഥയെന്തെന്ന് അറിയാന്‍ ശ്രമിക്കാതെ എല്ലാവരെയും കൊല്ലുമെന്നും, അതിനാല്‍ ആത്മഹത്യക്ക് തയ്യാറായി നില്‍ക്കുകയാണെന്നും, അവസാന പ്രതീക്ഷ എന്ന നിലയില്‍ എന്നെ വിളിച്ചുനോക്കിയതാണെന്നും പറഞ്ഞു.

ഞാനവരോട് ഇപ്പോള്‍ സമാധാനമായി കിടന്നുറങ്ങി, നാളെ എന്നെ വന്നുകണ്ട് സംസാരിക്ക് എന്നു പറഞ്ഞ് ഫോണ്‍ വച്ചു.

പിറ്റേന്ന് തന്നെ മകളുമായിഅവരെന്നെ വന്നു കണ്ടു. ഫോട്ടോസ് അപ്‌ലോഡ് ചെയ്യുന്നയാള്‍ ആ പെണ്‍കുട്ടിയെ ഫോണിലേക്ക് വിളിക്കാറുണ്ട്. പല നമ്പറുകളില്‍ നിന്നാണ് കോള്‍ വന്നിരുന്നത്. അത് കേട്ടതോടെ അവളുടെ കൂടെ എപ്പോഴും നടക്കുന്ന ഒരു കസിനെക്കുറിച്ച് എനിക്ക് സംശയമുണ്ടായി.

സൈബര്‍സെല്‍ മുഖേന നടത്തിയ എന്റെ സ്വകാര്യ അന്വേഷണത്തിനൊടുവില്‍ ആ കസിന്‍ തന്നെ ആണ് വില്ലനെന്നു മനസിലായി. അവനുമായി എടുക്കുന്ന ഫോട്ടോസ് കട്ട്‌ചെയ്ത് മോര്‍ഫ് ചെയ്ത്, അവന്റെ സുഹൃത്തിനെക്കൊണ്ട് നെറ്റില്‍ ഇടുന്നതാണെന്നു തെളിഞ്ഞു.

ഞാന്‍ ഇതൊന്നും അറിയാത്തതു പോലെ ഒരുദിവസം ആ അമ്മയെയും മകളെയും ആ പയ്യനെയും ഒരു ഹോട്ടലിലേക്ക് വിളിപ്പിച്ചു. അവര്‍ വന്നപ്പോള്‍ ഞാന്‍ 'കള്ളനെ പിടിച്ചേ' എന്ന് പറഞ്ഞു. അവന്റെ മുഖം വല്ലാതായി. അതാരാണെന്ന് അറിയാനുള്ള വ്യഗ്രത ആ അമ്മയ്ക്കും മകള്‍ക്കുമുണ്ടായെങ്കിലും ഞാന്‍ പിന്നീട് പറയാമെന്നു പറഞ്ഞ് അവരെ മടക്കിയയച്ചു.

അവര്‍ പോയപ്പോള്‍ ആ പയ്യനോട് പറഞ്ഞു, 'നാണമില്ലേ നിനക്ക്; സ്വന്തം പെങ്ങളെപ്പോലെ കാണേണ്ടവളോട് ഇങ്ങനെയൊക്കെ ചെയ്യാന്‍'. ആദ്യം അവന്‍ ഒന്നുമറിയാത്തപോലെ അഭിനയിച്ചെങ്കിലും ഒടുവില്‍ കുറ്റസമ്മതം നടത്തി.

അവളോടുള്ള ഇഷ്ടം കൊണ്ടാണെന്നും, അവളെ നഷ്ടപ്പെടാതെ ഇരിക്കാന്‍ വേണ്ടിയാണ് അങ്ങനൊക്കെ ചെയ്തതെന്നും പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ പോലീസില്‍ കേസ് കൊടുക്കാന്‍ പോകുന്നെന്ന് പറഞ്ഞപ്പോള്‍ എന്റെ കാലില്‍ വീണ് അവന്‍ മാപ്പിരന്നു.

ഒടുവില്‍ ഇനിയൊരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് ആണയിടീച്ചിട്ട് അവനെ വിട്ടു. എന്നിട്ട് ആ അമ്മയെ വിളിച്ച്, ഇനി അങ്ങനെ ഉണ്ടാവില്ലെന്നും അത് ചെയ്തവന്‍ ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞപ്പോള്‍ അവരും ഹാപ്പിയായി. അവനെപറ്റി ആരോടും പറഞ്ഞില്ല.

പിന്നെ ആ കുട്ടിക്ക് അങ്ങനെയൊരു പ്രശ്‌നം ഉണ്ടായതുമില്ല. കേള്‍ക്കുമ്പോള്‍ ഒരു ചെറിയ കേസാണ്. പക്ഷേ, ഇതിന്റെ വില ഒരിക്കല്‍ ഒരു കുടുംബത്തിലെ നാലുപേരുടെ ജീവന്‍ ആയിരുന്നെന്ന് ചിന്തിക്കുമ്പോള്‍, വിഷം ഗ്ലാസിലൊഴിച്ചുവച്ച് കുടിക്കാനായി പോകുന്നതിനുമുമ്പ് അവരെക്കൊണ്ട് എന്നെ വിളിക്കാന്‍ തോന്നിപ്പിച്ച ദൈവത്തോടല്ലാതെ ആരോടാണ് അവരും ഞാനും നന്ദി പറയുക?

തയ്യാറാക്കിയത്: ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW