Thursday, January 11, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 01.02 PM

എ.കെ.ജി വിവാദം രാഷ്ട്രീയമായി നിലനിര്‍ത്താന്‍ സി.പി.എം; കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധം ആരോപിച്ച് പ്രചരണം ശക്തമാക്കും

uploads/news/2018/01/182623/cpm.jpg

തിരുവനന്തപുരം: വി.ടി. ബലറാം പടച്ചുവിട്ട എ.കെ.ജി വിവാദം ഫലപ്രദമായി ഉപയോഗിക്കാന്‍ സി.പി.എം നീക്കം. തല്‍ക്കാലം വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല, ഇതിനെ കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധത്തിന്റെ ഭാഗമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ട്. കഴിഞ്ഞദിവസം ബലറാമിനെതിരെ കൈയേറ്റശ്രമം ഉണ്ടായതൊഴിച്ചാല്‍ ഈ വിവാദം വളരെ ഗുണകരമായിയെന്ന വിലയിരുത്തലാണ് പാര്‍ട്ടിയിലുള്ളത്.

നിലവില്‍ പാര്‍ട്ടിയില്‍ എടുത്തുകാട്ടാന്‍ കഴിയുന്ന ഒരു നേതാവിന്റെ കുറവ് സി.പി.എം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വി.ടി. ബലറാം എ.കെ.ജിയെ അപഹസിച്ചുകൊണ്ട് നടത്തിയ പരാമര്‍ശത്തില്‍ നടക്കുന്ന വിവാദം തങ്ങള്‍ക്ക് വളരെ ഗുണകരമായി മാറുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഇപ്പോഴും പാര്‍ട്ടിക്കാര്‍ക്കിടയില്‍ മാത്രമല്ല, നിഷ്പക്ഷമതികളിലും എതിര്‍വിഭാഗങ്ങളിലും പെട്ടവരിലും പോലും എ.കെ.ജി എന്ന നേതാവിനെക്കുറിച്ച് വലിയ മതിപ്പാണുള്ളത്. അതുകൊണ്ടുതന്നെ സാമൂഹികമാദ്ധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങളില്‍ കൂടുതലും ഇടപെടുന്നത് നിഷ്പക്ഷരുമാണ്. ഈ അവസരം മുതലെടുത്ത് വീണ്ടും എ.കെ.ജിയെ പ്രതികാത്മകമായി നിലനിര്‍ത്തി നേതൃദാരിദ്ര്യം പരിഹരിക്കാനുള്ള ശ്രമമാണ് പാര്‍ട്ടിക്കുളളില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി കവലകള്‍ തോറും പാവങ്ങളുടെ പടത്തലവന്‍ എന്ന തലക്കെട്ടോടെ എ.കെ.ജിയുടെ പടമുള്‍പ്പെടുന്ന വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. അതോടൊപ്പം തന്നെ എ.കെ.ജിയുടെ കാലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമായി പ്രചരിപ്പിക്കാനും സി.പി.എം പാവങ്ങളുടെ പാര്‍ട്ടിയാണെന്ന് സ്ഥാപിച്ചെടുക്കാനുമുളള നീക്കമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ബലറാം മാപ്പുപറഞ്ഞ് തലയൂരാത്തത് സി.പി.എമ്മിനെ വല്ലാതെ സന്തോഷിപ്പിക്കുന്നുമുണ്ട്. ഈ വിവാദം തുടര്‍ന്നുകൊണ്ടുപോകാനാണ് സി.പി.എമ്മിന് ആഗ്രഹം.

അതുപോലെത്തന്നെ ഇതിനെ കോണ്‍ഗ്രസിനെതിരെ ശക്തമായ ആയുധമാക്കാനാണ് നീക്കവും. നെഹ്രുകുടുംബത്തേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനേയും പരസ്യമായി അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അപമാനിച്ച മണിശങ്കര്‍ അയ്യര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്ത് കോണ്‍ഗ്രസ് പ്രതിച്ഛായ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ ജവഹര്‍ലാല്‍ നെഹ്രുപോലും കാതോര്‍ക്കുമായിരുന്ന ഏ.കെ.ജിയെ അപമാനിച്ചവര്‍ക്കെതിരെ നടപടിയില്ലെന്ന ആരോപണമാണ് സി.പി.എം ഉയര്‍ത്തുന്നത്. ഇത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ഭാഗമാണെന്ന പ്രചരണം സി.പി.എം. ആരംഭിക്കും. ഇതോടെ ബലറാമിനെ സംരക്ഷിച്ചുനിര്‍ത്തുന്ന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാമെന്നാണ് അവരുടെ വിലയിരുത്തല്‍. ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നും അവര്‍ കണക്കുകൂട്ടന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ ചര്‍ച്ച ആ വഴിയ്ക്കായിരിക്കും തിരിയുക.

എം.ആര്‍ കൃഷ്ണന്‍

Ads by Google
Ads by Google
TRENDING NOW