Friday, January 11, 2019 Last Updated 18 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 02.15 AM

ഭൂവുടമകള്‍ അടിമകളല്ല; അവകാശങ്ങള്‍ അറിയണം

uploads/news/2018/01/182569/bft1.jpg

വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച വിവാദങ്ങള്‍ക്ക്‌ അവധിയില്ലാത്ത നാടാണു കേരളം. കൂടംകുളം 400 കെ.വി. പവര്‍ ഹൈവേ, ശബരി റെയില്‍ പാത, ഗെയ്‌ല്‍ പൈപ്പ്‌ലൈന്‍, റെയില്‍ പാത ഇരട്ടിപ്പിക്കല്‍ തുടങ്ങി വന്‍കിടപദ്ധതികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ പലപ്പോഴും സംഘര്‍ഷങ്ങളില്‍ കലാശിക്കുന്നു. പലതും കോടതി കയറുന്നു. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ആലോചനക്കുറവും നടപ്പാക്കേണ്ടവരുടെ കെടുകാര്യസ്‌ഥതയുമാണ്‌ ഇതിനു കാരണം.
ശബരി പാതയ്‌ക്കായുള്ള ആലോചനയ്‌ക്ക്‌ ഏകദേശം 20 വയസായി. പാത കടന്നുപോകുന്ന പ്രദേശം സംബന്ധിച്ചു റെയില്‍വേ തയാറാക്കിയ ഭൂപടം നിരവധി എതിര്‍പ്പുകള്‍ ഏറ്റുവാങ്ങി. ജനവാസകേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആശങ്ക സ്വാഭാവികം. ജനത്തിനോ ജനപ്രതിനിധികള്‍ക്കോ നിര്‍ദിഷ്‌ടപാതയുടെ ദിശയെപ്പറ്റിയോ കടന്നുപോകുന്ന പ്രദേശത്തെപ്പറ്റിയോ യാതൊരു അറിവും നല്‍കിയില്ല. 2013-ല്‍ സംസ്‌ഥാന ഗതാഗതവകുപ്പ്‌ ഇതു സംബന്ധിച്ച ഉത്തരവിറക്കിയെങ്കിലും 2018-ലും തര്‍ക്കപരിഹാരമായിട്ടില്ല. പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ ചര്‍ച്ചാവേദിയില്‍ പദ്ധതി രൂപരേഖ നല്‍കിയാല്‍ പരിഹാരമാകുമോ?
ജീവിതചുറ്റുപാടുകള്‍ നഷ്‌ടപ്പെടുന്നവര്‍ക്കു പ്രശ്‌നങ്ങള്‍ നേരിട്ടവതരിപ്പിക്കാന്‍ കഴിയുന്നതു ഗ്രാമപഞ്ചായത്ത്‌ അംഗം മുതല്‍ എം.പിവരെയുള്ള ജനപ്രതിനിധികളോടു മാത്രമാണ്‌. കുറഞ്ഞപക്ഷം, ജനപ്രതിനിധികളെയെങ്കിലും വിശ്വാസത്തിലെടുക്കാതെ, ഒരു സുപ്രഭാതത്തില്‍ പദ്ധതിയുമായി കടന്നുവരുന്നതാണു പ്രശ്‌നത്തിന്റെ കാതല്‍.
കൂടംകുളത്തുനിന്ന്‌ ഇടമണ്‍ കൊച്ചി 400 കെ.വി. പ്രസരണ ലൈന്‍ നിര്‍മാണം തുടങ്ങിയിട്ടു കാലങ്ങളായി. മൂന്നു സര്‍ക്കാരുകളുടെ കാലത്ത്‌ ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്‌. കുത്തബ്‌ മിനാറിന്റെ പൊക്കത്തിലാണു ലൈന്‍ കടന്നുപോകുന്നതെന്നാണു പദ്ധതി നടപ്പാക്കുന്ന പവര്‍ഗ്രിഡ്‌ കോര്‍പറേഷന്‍ പ്രതിനിധികള്‍ ആദ്യയോഗത്തില്‍ പറഞ്ഞത്‌. പല ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ കുത്തബ്‌ മിനാറിന്റെ പൊക്കം കുറഞ്ഞുവന്നു! ഏറ്റെടുക്കുന്ന ഭൂമി, പ്രതിഫലം എന്നിവ സംബന്ധിച്ചു നിര്‍ദേശങ്ങള്‍ മാറിമറിഞ്ഞു.
ജനങ്ങളോടും ജനപ്രതിനിധികളോടും സത്യം തുറന്നുപറയാതെ പദ്ധതി പൂര്‍ത്തിയാക്കാമെന്ന്‌ അവര്‍ കരുതി. കാര്‍ഷികമേഖല ഒഴിവാക്കി, ജനവാസമില്ലാത്ത പ്രദേശങ്ങളോ ഭൂഗര്‍ഭശൃംഖലയോ പരിഗണിക്കാന്‍ അധികൃതര്‍ തുടക്കം മുതല്‍ വിമുഖത കാട്ടി. കാര്യങ്ങള്‍ ഗോപ്യമായി വച്ചതിനാല്‍ ഒരു വ്യാഴവട്ടമായി പദ്ധതി എങ്ങുമെത്താതെ ത്രിശങ്കുവില്‍ നില്‍ക്കുന്നു. വിഭാവനം ചെയ്‌ത കാലത്തേക്കാള്‍ പദ്ധതിച്ചെലവ്‌ എത്രയോ അധികരിച്ചു.
ഹൈറേഞ്ചിന്റെ കവാടത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരമായി 2008-ല്‍ നിര്‍ദേശിച്ചതാണു കാഞ്ഞിരപ്പള്ളി ബൈപാസ്‌. പദ്ധതി തുടങ്ങിയ ഘട്ടത്തില്‍ അന്നു നിലവിലുണ്ടായിരുന്ന ഭൂമിയേറ്റെടുക്കല്‍ ചട്ടങ്ങള്‍ പ്രകാരം നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ല. വസ്‌തു ഉടമകളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി മുന്നോട്ടുപോയതിനാല്‍ കോടതിയില്‍ കേസായി. അതു തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുത്തു. നടപടിക്രമം പാലിക്കാതെ, ഒരു നാടിന്റെ വികസനപ്രതീക്ഷയെ നിയമയുദ്ധത്തിലേക്കു കൊണ്ടെത്തിച്ചവര്‍ മാപ്പര്‍ഹിക്കുന്നുണ്ടോ?
അന്നു നിലവിലുണ്ടായിരുന്ന ചട്ടങ്ങള്‍പ്രകാരം പദ്ധതി പ്രഖ്യാപനവും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച 4(1) വിജ്‌ഞാപനം പുറപ്പെടുവിക്കണം. അടുത്തഘട്ടമായി ആവശ്യമായ ഭൂമിയുടെ അളവും കടന്നുപോകുന്ന പ്രദേശവും അളന്നുതിട്ടപ്പെടുത്തുന്നതു സംബന്ധിച്ച 6(1) വിജ്‌ഞാപനം പുറപ്പെടുവിക്കണം.
ഇങ്ങനെ അളന്നുതിട്ടപ്പെടുത്തിയ ഭൂമിയിലെ മരങ്ങള്‍, കെട്ടിടങ്ങള്‍, നശിപ്പിക്കപ്പെട്ടേക്കാവുന്ന വസ്‌തുക്കളുടെ കണക്ക്‌ എന്നിവ ഉള്‍പ്പെടുത്തി ജില്ലാ കലക്‌ടര്‍ പ്രാഥമിക വിലനിര്‍ണയം നടത്തുകയും ഓരോ ഇനവും പ്രത്യേകമായി പരിഗണിച്ച്‌ വിശദമായ വിലനിര്‍ണയപ്രസ്‌താവം തയാറാക്കുകയും വേണം. അന്തിമാനുമതിക്കു മുമ്പ്‌, ഭൂമിയേറ്റെടുക്കുന്നതിന്‌ ആവശ്യമായ മുഴുവന്‍ തുകയും ജില്ലാ കലക്‌ടറുടെ പക്കലുണ്ടാകണം.
ഇതാണു നടപടിക്രമമെന്നിരിക്കേ ആദ്യ രണ്ടു വിജ്‌ഞാപനം ഒഴികെ മറ്റൊന്നും കാഞ്ഞിരപ്പള്ളി ബൈപാസിന്റെ കാര്യത്തില്‍ പാലിച്ചില്ല. ഇതിന്റെ പാപഭാരം പിന്നീട്‌ എം.എല്‍.എയായ ഞാനുള്‍പ്പെടെ ഏറ്റെടുക്കേണ്ടിവന്നു.
രാജ്യത്ത്‌ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കാലതാമസവും വിവാദങ്ങളും പതിവായതോടെയാണു 2013-ല്‍ പാര്‍ലമെന്റ്‌ ന്യായവില അവകാശവും ഭൂമി ഏറ്റെടുക്കല്‍ സുതാര്യതയും പുനരധിവാസവും സംബന്ധിച്ച നിയമം പാസാക്കിയത്‌. ഇതിന്റെ ചുവടുപിടിച്ച്‌ 2015-ല്‍ സംസ്‌ഥാനം ചട്ടങ്ങള്‍ രൂപീകരിച്ചു.
പഴയനിയമപ്രകാരം ന്യായവിലയുടെ അടിസ്‌ഥാനത്തിലായിരുന്നു ഭൂമി ഏറ്റെടുത്തിരുന്നതെങ്കില്‍ ഇന്നു വിപണിവിലയ്‌ക്ക്‌ ഏറ്റെടുക്കാന്‍ കഴിയും. മുമ്പു നഗരപ്രദേശങ്ങളിലും റോഡുകളുടെ സമീപത്തും കൂടുതല്‍ വില ലഭിക്കുകയും ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്കു കാര്യമായ വില ലഭിക്കാതിരിക്കുകയും ചെയ്‌തിരുന്നു. പുതിയനിയമപ്രകാരം നഗര-ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക്‌ ഒരുപോലെ ഏറ്റവും മികച്ച വില ലഭിക്കും. ഭൂമി ഏറ്റെടുക്കേണ്ട പ്രദേശത്തെക്കുറിച്ചു വിജ്‌ഞാപനമിറക്കിയശേഷം, ഏറ്റെടുക്കേണ്ട ഭൂമിയോടു സാമ്യമുള്ള ഏറ്റവും വിലകൂടിയ 10 ആധാരങ്ങളിലെ വിലയുടെ ശരാശരി കണ്ടെത്തുന്നു.
വിജ്‌ഞാപനത്തീയതി മുതല്‍ മൂന്നുവര്‍ഷം മുമ്പുള്ള ആധാരമാകും ഇങ്ങനെ പരിഗണിക്കപ്പെടുക. ഉദാഹരണത്തിന്‌, 10 ആധാരങ്ങളിലെ വിലയുടെ ശരാശരി ഒരു സെന്റിനു 10,000 രൂപയാണെങ്കില്‍ മുന്‍നിയമപ്രകാരം സമാശ്വാസത്തുക 30 ശതമാനമടക്കം 13,000 രൂപ എന്നതിനു പകരം നിലവിലെ നിയമപ്രകാരം 100% സമാശ്വാസം ലഭിക്കും. ഇതനുസരിച്ച്‌ പ്രസ്‌തുത ഭൂമിക്കു സെന്റിന്‌ 20,000 രൂപ ഉടമയ്‌ക്കു ലഭിക്കും. മുനിസിപ്പല്‍ പ്രദേശത്തിനു 10 കിലോമീറ്റര്‍ ഉള്ളിലാണെങ്കില്‍ വിലനിര്‍ണയഘടകം 1.2 എന്ന നിരക്കില്‍ വില കണക്കാക്കും.
അതായത്‌ 12000 രൂപയ്‌ക്കൊപ്പം 100% നഷ്‌ടപരിഹാരവും ഉള്‍പ്പെടുത്തി 24,000 രൂപ ലഭിക്കും. മുനിസിപ്പല്‍ അതിര്‍ത്തിയുടെ 30 കിലോമീറ്ററില്‍ അധികമാണെങ്കില്‍ വിലനിര്‍ണയഘടകം 2.0 ആയി പരിഗണിക്കും. അതായത്‌ 20,000 രൂപ നഷ്‌ടപരിഹാരം സഹിതം 40,000 രൂപ സെന്റിനു ലഭിക്കും. ഏറ്റെടുക്കുന്ന ഭൂമിയില്‍ വീടുണ്ടെങ്കില്‍ പൊതുമരാമത്തുവകുപ്പ്‌ കണക്കാക്കുന്ന വിലയുടെ 100% സമാശ്വാസം ലഭിക്കും. 10 ലക്ഷം വിലയിടുന്ന വീടിന്‌ 20 ലക്ഷം രൂപ ലഭിക്കും. പുനരധിവാസത്തിന്റെ ഭാഗമായി വീട്‌ നഷ്‌ടപ്പെടുന്നവര്‍ക്കു പശ്‌ചാത്തലസൗകര്യത്തോടെ കുറഞ്ഞതു മൂന്നു സെന്റ്‌ സ്‌ഥലമെങ്കിലും നല്‍കും. ഇതനുസരിച്ച്‌ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ചതുരശ്ര മീറ്റര്‍ വീടോ അഥവാ രണ്ടരലക്ഷം രൂപയോ ലഭ്യമാക്കണം. വ്യാവസായിക ആവശ്യങ്ങള്‍ക്കാണു ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍, വീട്‌ നഷ്‌ടപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക്‌ അതേ സ്‌ഥാപനത്തില്‍ തൊഴില്‍ നല്‍കണമെന്നും വ്യവസ്‌ഥയുണ്ട്‌.
പുതിയ വീട്‌ നിര്‍മിക്കുന്നതുവരെ പുനരധിവസിക്കപ്പെടുന്നവര്‍ക്ക്‌ ഒരുവര്‍ഷത്തെ വാടകത്തുക സര്‍ക്കാര്‍ നല്‍കണം. സാധനസാമഗ്രികള്‍ പുതിയ വാസസ്‌ഥലത്തേക്കു മാറ്റാന്‍ 50,000 രൂപയും തൊഴുത്ത്‌ ഉള്‍പ്പെടെ പുനര്‍നിര്‍മിക്കാന്‍ 50,000 രൂപയും ലഭിക്കും. ഏറ്റെടുക്കുന്ന ഭൂമിയില്‍ വ്യാപാരസ്‌ഥാപനങ്ങളുണ്ടെങ്കില്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും നഷ്‌ടപരിഹാരം നല്‍കണം. മരങ്ങള്‍ക്ക്‌ അവയുടെ ആയുസ്‌ കണക്കാക്കി കൃഷിവകുപ്പ്‌ തയാറാക്കുന്ന വിലയാണു നല്‍കുന്നത്‌. കാര്‍ഷികേതര ഇനത്തില്‍പ്പെട്ട വൃക്ഷങ്ങള്‍ക്കു വനംവകുപ്പ്‌ തയാറാക്കുന്ന നിരക്കാകും ലഭിക്കുക. ഇതെല്ലാം ചേര്‍ത്ത്‌ ഒന്നിച്ചാകണം നഷ്‌ടപരിഹാരം നല്‍കേണ്ടത്‌.
പ്രത്യേകാവശ്യത്തിനു ഭൂമി ഏറ്റെടുക്കുമ്പോള്‍ പുതിയ നിയമത്തില്‍ സാമൂഹികാഘാതപഠനമാണു വ്യവസ്‌ഥ ചെയ്‌തിട്ടുള്ളത്‌. ഇതിനുള്ള വിദഗ്‌ധസമിതിയില്‍ സാമൂഹികശാസ്‌ത്രജ്‌ഞനും മറ്റു വിദഗ്‌ധരും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, അംഗം എന്നിവരും ഉള്‍പ്പെടും. ഈ സംഘം പ്രദേശത്തെ പാരിസ്‌ഥിതികവും സാമൂഹികവുമായ ആഘാതത്തെക്കുറിച്ചു പഠിക്കുകയും ഭൂമി നഷ്‌ടപ്പെടുന്നവരുമായി ആശയവിനിമയം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്യും. റിപ്പോര്‍ട്ട്‌ സംസ്‌ഥാനതല വിദഗ്‌ധസമിതി പരിശോധിച്ചശേഷം അനുമതി നല്‍കുമ്പോള്‍ രണ്ടു പത്രമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തണം. പരാതികള്‍ സ്വീകരിക്കാന്‍ വീണ്ടും ഒരുമാസം സമയം അനുവദിക്കും. അതിനുശേഷം കരടുവിജ്‌ഞാപനം പുറപ്പെടുവിക്കും. തുടര്‍ന്നു ഡീറ്റയില്‍ഡ്‌ വാല്വേഷന്‍ സ്‌റ്റേറ്റ്‌മെന്റ്‌ പ്രസിദ്ധപ്പെടുത്തും. ഇതിനു മുമ്പ്‌, ഏറ്റെടുക്കുന്ന ഭൂമിയുടെ 30% നഷ്‌ടപരിഹാരത്തുക ഏറ്റെടുക്കുന്ന അധികാരിയുടെ കൈവശമുണ്ടായിരിക്കണം. ഭൂമി ഏറ്റെടുക്കുന്നതിന്‌ മുമ്പ്‌ ഡി.വി.എസ്‌. പ്രകാരം 100% തുകയും പ്രസ്‌തുത അധികാരിയുടെ കൈവശമുണ്ടായിരിക്കണമെന്നു ചട്ടത്തില്‍ വ്യവസ്‌ഥയുണ്ട്‌. അതിനാല്‍ നഷ്‌ടപരിഹാരം ലഭിക്കാന്‍ മുന്‍കാലങ്ങളിലുണ്ടായിരുന്ന കാലതാമസം പൂര്‍ണമായി ഒഴിവാകും. പദ്ധതി ആരംഭിക്കുന്നതിനു മുമ്പുതന്നെ വസ്‌തു ഉടമയ്‌ക്കു മുഴുവന്‍ പണവും ലഭിക്കും. ജില്ലാ കലക്‌ടര്‍ അധ്യക്ഷനായി, സ്‌ഥലമെടുപ്പ്‌ തഹസില്‍ദാര്‍, ഫിനാന്‍സ്‌ ഓഫീസര്‍, ആര്‍.ഡി.ഒ, പഞ്ചായത്ത്‌ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാതലസമിതിയില്‍ ചര്‍ച്ചചെയ്‌ത്‌, ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അംഗീകാരത്തോടെ മെച്ചപ്പെട്ട വില നല്‍കാനും അധികാരമുണ്ട്‌. രാജ്യത്തെ ഒരു കോടതിക്കും ഈ നടപടികള്‍ സ്‌റ്റേ ചെയ്യാന്‍ അധികാരമില്ലെന്നും നിയമം വ്യവസ്‌ഥ ചെയ്യുന്നു. കോടതി വ്യവഹാരങ്ങളിലൂടെ വികസനപ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നത്‌ ഒഴിവാക്കാനാണിത്‌.
നിഷ്‌പക്ഷവും നീതിപൂര്‍വവുമായ ഇത്തരമൊരു നിയമം രാജ്യത്തുണ്ടെന്ന കാര്യം ജനങ്ങളിലെത്തിക്കാന്‍ അധികൃതര്‍ക്കു കഴിയാത്തതാണു ഭൂമി ഏറ്റെടുക്കലിനുള്ള പ്രധാനതടസം. നിയമങ്ങളും ചട്ടങ്ങളും ജനത്തെ ബോധ്യപ്പെടുത്തുന്നതാണു നടപടിക്രമങ്ങളിലെ ആദ്യപടിയെന്നു ഭരണാധികാരികളും ഉദ്യോഗസ്‌ഥവൃന്ദവും തിരിച്ചറിയുന്ന കാലത്തേ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ സുഗമമാകൂ. ഇതു സംബന്ധിച്ച ധാരണ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്കു മാത്രം പോരാ. കാടു മുഴുവന്‍ തങ്ങളുടേതാണെന്നു വനം വകുപ്പും നാടു മുഴുവന്‍ തങ്ങളുടേതാണെന്നു റവന്യൂ വകുപ്പും കരുതുന്ന മാമൂല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്കുവേണ്ടിയാണ്‌. അവര്‍ വികസനത്തിന്‌ എതിരല്ല. അവര്‍ ഉടമകളാണ്‌, അടിമകളല്ലെന്ന്‌ എല്ലാവരും മനസിലാക്കിയാല്‍ മതി.

Ads by Google
Thursday 11 Jan 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW