Friday, January 18, 2019 Last Updated 52 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 02.14 AM

'ലോകകേരളസഭ' നാളെ തുടങ്ങും : കൈകോര്‍ക്കുന്നു, നാടും പ്രവാസി സമൂഹവും

പ്രവാസത്തിന്റെ വിപുലമായ അനുഭവമുള്ള ജനതയാണു മലയാളികള്‍. പ്രവാസി മലയാളികളുടെ പ്രധാന സവിശേഷത മലയാളിത്തം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിഥി സമൂഹവുമായി ഇഴചേര്‍ന്ന്‌ ജീവിക്കുന്നു എന്നതാണ്‌. അതിഥി സമൂഹത്തിന്റെ താക്കോല്‍ സ്‌ഥാനങ്ങളില്‍ എത്തിച്ചേരാനും പൊതുവികസനത്തിന്‌ ശ്രദ്ധേയ സംഭാവനകള്‍ നല്‍കാനും മലയാളികള്‍ക്കാവുന്നുണ്ട്‌.
കേരളത്തിന്റെ വികസനത്തിനും പ്രവാസികള്‍ എണ്ണപ്പെട്ട സംഭാവനകളാണു നല്‍കുന്നത്‌. കേരളവുമായി ജൈവബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആഗോള പൗരന്മാരായി മാറിയ പ്രവാസി സമൂഹവും കേരള സമൂഹവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്‌തമാക്കുന്നതിന്‌ ഒരു നിയമ, സ്‌ഥാപന വ്യവസ്‌ഥ രൂപീകരിക്കാനാണ്‌ 'ലോകകേരളസഭ' ലക്ഷ്യമിടുന്നത്‌.
ലോകകേരളസഭ

സംസ്‌ഥാന സര്‍ക്കാര്‍ ലോക കേരള സഭയ്‌ക്കു രൂപം നല്‍കുകയാണ്‌. അതിന്റെ പ്രഥമ സമ്മേളനം നാളെയും മറ്റന്നാളും കേരള നിയമസഭയുടെ മെംബേഴ്‌സ്‌ ലോഞ്ചില്‍ ചേരും. രാജ്യത്ത്‌ ആദ്യമായി പ്രവാസികാര്യ വകുപ്പ്‌ രൂപീകരിച്ചത്‌ കേരള സര്‍ക്കാരാണ്‌-1996 ല്‍. ഇതിന്റെ തുടര്‍ച്ചയാണ്‌ ആഗോള മലയാളി കൂട്ടായ്‌മ രൂപീകരിക്കാനുള്ള ലോക കേരള സഭ. വിദേശ രാജ്യങ്ങളിലും ഇതര സംസ്‌ഥാനങ്ങളിലുമുള്ള മലയാളികളെ കേരളവുമായി കണ്ണിചേര്‍ക്കുന്ന പൊതുവേദിയാണിത്‌.
ലക്ഷ്യങ്ങള്‍

ലോകത്താകെയുള്ള മലയാളികളുടെ കൂട്ടായ്‌മ ശക്‌തിപ്പെടുത്തുക, പരസ്‌പര സഹകരണം പ്രോത്സാഹിപ്പിക്കുക.
മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വികസനം.
കേരളത്തിന്റെ സമഗ്ര വികസന പ്രക്രിയയിലേക്ക്‌ പ്രവാസികളുടെ കഴിവും സാങ്കേതിക വൈദഗ്‌ധ്യവും നിക്ഷേപങ്ങളും കണ്ണിചേര്‍ക്കുക.
ലോക കേരള സഭയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിവിധ വിഷയങ്ങള്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരിക.
കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള അറിവ്‌, സാങ്കേതികവിദ്യ, സാധനങ്ങള്‍, സേവനങ്ങള്‍, മൂലധനം, നൈപുണികള്‍ എന്നിവയുടെ ഒഴുക്ക്‌ ഉറപ്പുവരുത്തുക.
കേരളത്തില്‍നിന്നുള്ള സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിദേശത്ത്‌ വിപണി സൃഷ്‌ടിക്കാന്‍ പ്രവാസി മലയാളികളുടെ സഹകരണം തേടുക.
കേരളത്തില്‍നിന്നുള്ള നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഇതര സംസ്‌ഥാനങ്ങളിലും വിദേശത്തും അവസരങ്ങള്‍ ഒരുക്കാനും പുതുതലമുറയ്‌ക്ക്‌ രാജ്യാന്തര തൊഴില്‍ വിപണിയില്‍ എത്തിച്ചേരാനും പ്രവാസി സമൂഹം സഹായം നല്‍കുക.
വിജയകരമായ വികസനമാതൃകകള്‍, ആശയങ്ങള്‍, അറിവുകള്‍, സാങ്കേതികവിദ്യ, മൂലധനം തുടങ്ങിയവ കേരളത്തിലെത്തിക്കുക.
പ്രവാസികളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുക. പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക.
ഘടന

ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ്‌ അംഗങ്ങളും അംഗങ്ങളായിരിക്കും. ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച്‌ 178 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഇവരില്‍ 42 പേര്‍ ഇതര സംസ്‌ഥാനങ്ങളിലെ പ്രവാസികളെയും 100 പേര്‍ വിദേശ മലയാളികളെയും ആറുപേര്‍ പ്രവാസം കഴിഞ്ഞ്‌ തിരിച്ചു വന്നവരെയും പ്രതിനിധീകരിക്കും.
30 പേര്‍ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രമുഖ വ്യക്‌തികള്‍ ആയിരിക്കും. ലോക കേരള സഭ ഒരു സ്‌ഥിരം സഭയാണ്‌. രണ്ട്‌ വര്‍ഷത്തിലൊരിക്കലെങ്കിലും യോഗം ചേരും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്‌ഥാനത്ത്‌ പുതിയ അംഗങ്ങളെ നിയമിക്കും. പ്രവാസി മലയാളികളുടെ സംഘടനാ പ്രതിനിധികളെ സഭയില്‍ ഉള്‍പ്പെടുത്തും.നിയമസഭാ സ്‌പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയം ലോക കേരള സഭയുടെ നടപടികള്‍ നിയന്ത്രിക്കും. സഭാനേതാവ്‌ (മുഖ്യമന്ത്രി) നിര്‍ദേശിക്കുന്ന ഒരു എം.പി, ഒരു എം.എല്‍.എ., ഇതര സംസ്‌ഥാനങ്ങളില്‍നിന്ന്‌ ഒരംഗം, ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്ന്‌ ഒരംഗം എന്നിങ്ങനെയാണ്‌ പ്രസീഡിയത്തിന്റെ ഘടന.
മുഖ്യമന്ത്രിയാണ്‌ ലോക കേരള സഭയുടെ നേതാവ്‌. പ്രതിപക്ഷ നേതാവ്‌ ഉപനേതാവായിരിക്കും. ചീഫ്‌ സെക്രട്ടറി സഭയുടെ സെക്രട്ടറി ജനറല്‍ ആകും. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ വിദേശ മലയാളികളെ സഭയിലേക്കു ക്ഷണിക്കും. വിവിധ വിഷയങ്ങളെ അടിസ്‌ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ സഭയില്‍ നടക്കും. ഇതില്‍ പ്രവാസി സംഭാംഗങ്ങള്‍ക്കൊപ്പം മന്ത്രിമാരും ഉദ്യോഗസ്‌ഥരും പങ്കെടുക്കും.
ലോക ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു പ്രാദേശിക സമൂഹം അതിന്റെ ആഗോള കൂട്ടായ്‌മ രൂപീകരിക്കാന്‍ ഒരു നിയമ, സ്‌ഥാപന വ്യവസ്‌ഥ രൂപീകരിക്കുന്നത്‌. രാജ്യത്തിനും ലോകത്തിനും മാതൃകയായ നിരവധി നിയമനിര്‍മാണങ്ങളും ഭരണ പദ്ധതികളും നടപ്പിലാക്കിയ കേരളം ഇക്കാര്യത്തിലും മാതൃകയാവുകയാണ്‌.

ഡോ.പി.ജെ. വിന്‍സെന്റ്‌

Ads by Google
Thursday 11 Jan 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW