Wednesday, July 17, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 03.54 PM

പ്രണയകഥയുമായി ചാര്‍മിനാര്‍

uploads/news/2018/01/182331/CiniLOcTCharminar100118.jpg

മലയാളസിനിമയിലേക്ക് കടന്നുവന്നിട്ടുള്ള പുതിയ തലമുറയിലെ ചെറുപ്പക്കാരില്‍ പലരും ദീര്‍ഘവീക്ഷണത്തോടെ സിനിമയെ വിലയിരുത്തുന്നവരാണ്. ഇന്നലെകളിലെ വിജയകരമായ ഓര്‍മ്മകളില്‍ മാത്രം അഭിരമിച്ച് നടക്കാതെ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് സിനിമയെടുക്കാനുള്ള യുവതലമുറയുടെ പ്രയത്‌നം ശ്ലാഘനീയമാവുകയാണ്.

കഥ പറയുന്ന രീതിയിലും പ്രേക്ഷകനെ ഓരോ ഫ്രെയിമുകളിലൂടെയും ജിജ്ഞാസയുടെ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും പ്രതിഭാധനരായ യുവ ചലച്ചിത്രപ്രവര്‍ത്തകര്‍ സമര്‍പ്പിതമായ മനസ്സുമായി നിലയുറപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

വര്‍ഷങ്ങളോളം അസി. ഡയറക്ടറായി പണിയെടുത്ത് സിനിമയിലേക്ക് വരികയെന്ന രീതിയില്‍നിന്നും വ്യത്യസ്തമായി സിനിമ കണ്ടും വിലയിരുത്തിയും വായിച്ചറിഞ്ഞുമാണ് പുതിയ ചെറുപ്പക്കാര്‍ മലയാളസിനിമയുടെ ഭാഗമാകുന്നത്.

കഥ തേടി അലയുകയെന്ന പഴഞ്ചന്‍ കാഴ്ചപ്പാടുകളെ അവഗണിച്ചുകൊണ്ട് നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് കണ്ണോടിച്ചാല്‍ വൈവിധ്യമാര്‍ന്ന ഒട്ടേറെ കഥകള്‍ ലഭിക്കുമെന്ന തിരിച്ചറിവാണ് പുതിയ സിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ആരുടെയെങ്കിലും ഉപദേശങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ മനസ്സില്‍ തോന്നുന്ന സിനിമ പൂര്‍ണ സ്വാതന്ത്ര്യത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നുവെന്നതും മലയാളസിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമേകുന്നു.

ഇത്തരത്തില്‍ പുതിയ കാഴ്ചപ്പാടിലൂന്നിയ ട്രീറ്റ്‌മെന്റിലൂടെയാണ് ചാര്‍മിനാര്‍ എന്ന സിനിമ പിറവിയെടുക്കുന്നത്. ആരുടെയും കീഴില്‍ അസിസ്റ്റന്റാവാതെ സിനിമയെ ഗൗരവത്തോടെ വിലയിരുത്തുന്ന നവാഗതനായ യുവസംവിധായകന്‍ അജിത്ത് സി. ലോകേഷിന്റെ പ്രഥമ ചിത്രമാണ് ചാര്‍മിനാര്‍.

uploads/news/2018/01/182331/CiniLOcTCharminar100118a.jpg

വര്‍ത്തമാനകാല കേരളീയ സമൂഹത്തില്‍ സൗന്ദര്യശാസ്ത്രപരമായ സവിശേഷതകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. കേരളത്തില്‍ സജീവമാകുന്ന ഫാഷന്‍ ഷോകളുടെ ഉള്ളറകളിലൂടെ കടന്നുപോകുന്ന ചാര്‍മിനാര്‍ വളരെ കളര്‍ഫുള്ളായ പ്രണയകഥയാണ് അനാവരണം ചെയ്യുന്നത്.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ജോയ്‌സ് പാലസിലാണ്് ചാര്‍മിനാറിന്റെ ചിത്രീകരണം നടന്നത്. ഞങ്ങള്‍ ജോയ്‌സ് പാലസിലേക്ക് കടന്നുചെല്ലുമ്പോള്‍ പ്രധാനപ്പെട്ട കോറിഡോറില്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ അശ്വിന്‍ കുമാറിന്റെ വിവിധ ഭാവങ്ങളാണ് സംവിധായകന്‍ ചിത്രീകരിച്ചത്.

ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്ന ചിത്രത്തിലൂടെ വില്ലനായി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ അശ്വിന്‍കുമാര്‍ ഓരോ സീനുകളിലും സംവിധായകന്റെ മനസ്സറിഞ്ഞാണ് അഭിനയിക്കുന്നത്.

പരസ്യചിത്ര രംഗത്ത് സജീവസാന്നിധ്യമായ ചങ്ങാതിമാരുടെ കഥയാണ് ചാര്‍മിനാര്‍ പറയുന്നത്. സേതുവും ആനന്ദും ആത്മസുഹൃത്തുക്കളാണ്. ഫാഷന്‍ ഷോകളിലെ സജീവസാന്നിധ്യമായ ആനന്ദിന് കൊച്ചിയില്‍ ആര്‍ട്ടിക്ക്ട് എന്ന പരസ്യക്കമ്പനിയുണ്ട്. പരസ്യരംഗത്ത് ഉണ്ടാവുന്ന ഓരോ വളര്‍ച്ചയും പഠിക്കാനും വിലയിരുത്താനും ആനന്ദിന് കഴിയുന്നുണ്ട്.

സേതുവിന്റെയും ആനന്ദിന്റെയും പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തിലേക്ക് നന്ദിതയെന്ന പെണ്‍കുട്ടി കടന്നുവരുന്നു. ബാംഗ്ലൂരില്‍ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നന്ദിത ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നു. ഇതോടെ സേതുവിന്റെയും ആനന്ദിന്റെയും ജീവിതം മറ്റൊരു വഴിയിലേക്ക് ദിശമാറുന്നതോടെ ചാര്‍മിനാറിന്റെ കഥ കൂടുതല്‍ ഗൗരവതരമായ തലത്തിലേക്ക് നീങ്ങുന്നു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സേതുവായി അശ്വിന്‍ കുമാറും ആനന്ദായി ഹേമന്ത് മേനോനും വേഷമിടുന്നു. സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുന്ന മോഡലായ നന്ദിതയായി കന്നഡത്തില്‍നിന്നെത്തിയ ഹര്‍ഷിക പൂണിച്ചെ അഭിനയിക്കുന്നത്. ഹോട്ടലിലെ റൂം ബോയിയായി മനോജ് ഗിന്നസ് വേഷമിടുന്നു.

കന്നഡത്തിലെ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാറിന്റെയും പുനിത് ശിവകുമാറിന്റെയും നായികയായി അഭിനയിച്ച മികച്ച അഭിനേത്രിക്കുള്ള കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഹര്‍ഷിക പൂണിച്ചെയുടെ ആദ്യമലയാള ചിത്രമാണിത്. കന്നഡത്തോടൊപ്പം മലയാളത്തിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും ചാര്‍മിനാറിലെ കഥാപാത്രത്തെക്കുറിച്ച് തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും ഹര്‍ഷിക പൂണിച്ചെ സിനിമാമംഗളത്തോടു പറഞ്ഞു.

uploads/news/2018/01/182331/CiniLOcTCharminar100118c.jpg

ഫഹദ് ഫാസില്‍ നായകനായ മണിരത്‌നത്തിന്റെ രചന നിര്‍വഹിച്ചുകൊണ്ട് മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകന്‍ അജിത്ത് സി. ലോകേഷ് ടെലിവിഷന്‍ പരിപാടികളിലാണ് വര്‍ഷങ്ങളായി ശ്രദ്ധ പതിപ്പിക്കുന്നത്.

എന്നും പുതുമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ തന്റെ പ്രഥമചിത്രമായ ചാര്‍മിനാറിനെ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ അജിത്ത് സി. ലോകേഷ് സൂചിപ്പിച്ചു.

ദുബായില്‍ ബിസിനസ്സുകാരനായ സിറാജുദ്ദീനാണ് ചാര്‍മിനാര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നും അതുകൊണ്ടാണ് ചാര്‍മിനാര്‍ നിര്‍മ്മിക്കാന്‍ തയാറായി മുന്നോട്ട് വന്നതെന്നും സിറാജുദ്ദീന്‍ സൂചിപ്പിച്ചു.

സൗത്ത് ഇന്ത്യയിലെ പ്രമുഖ മോഡേണ്‍ ഫാഷന്‍ കൊറിയോ ഗ്രാഫറായ സാലു കൃഷ്ണദാസ് ചാര്‍മിനാറിലൂടെ അഭിനേതാവാകുകയാണ്.

ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- സെവന്‍ ജെ. ഫിലിംസ്, നിര്‍മ്മാണം- സിറാജുദ്ദീന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: അജിത്ത് സി. ലോകേഷ്, ക്യാമറ- ഫൈസല്‍ വി. ഖാലിദ്, എഡിറ്റര്‍- രതീഷ് മോഹന്‍, ഗാനരചന- ജോഫി തരകന്‍, സംഗീതം- ജെസിന്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വര്‍, കല- സുഭാഷ് കരുണ്‍, മേക്കപ്പ്- ഹര്‍ഷാദ് വര്‍ക്കലം പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ഷബീര്‍ മലവെട്ടത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- അയൂബ് ചെറിയ, വസ്ത്രം- സ്‌റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനു ശ്രീധര്‍, അസോസിയേറ്റ് ഡയറക്ടര്‍- ശ്യാം േമോഹന്‍, സഹസംവിധാനം- ശ്രാവണ്‍, ഭരത്ത് സഞ്ജയ്, ഷെറീഫ്- ക്യാമറ അസോസിയേറ്റ്- ഷിബിന്‍, ചീഫ് ആര്‍ട്ട് അസോസിയേറ്റ്- അജിത്ത് അച്യുതന്‍, സ്റ്റില്‍സ്- നവീന്‍ മുരളി.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Wednesday 10 Jan 2018 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW