Friday, January 18, 2019 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 01.49 AM

ലാഭക്കൊതിയന്മാര്‍ക്കു വേണ്ടി പ്രകൃതിയെ തുലയ്‌ക്കരുത്‌

uploads/news/2018/01/182248/editorial.jpg

ലോകമെമ്പാടും പരിസ്‌ഥിതി അവബോധം വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ ഇന്ത്യയില്‍നിന്ന്‌ ഇപ്പോള്‍ കേള്‍ക്കുന്ന ഒരു സൂചന ആശങ്കാജനകമാണ്‌. 1980-ലെ വനസംരക്ഷണ നിയമം പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ്‌ സൂചന. നിയമ പരിഷ്‌കരണം യാഥാര്‍ഥ്യമായല്‍ ഇന്ത്യയിലെ വലിയൊരു മേഖലയിലെ വനഭൂമിക്ക്‌ മരണമണി മുഴക്കാന്‍ പോകുന്ന നീക്കമായിരിക്കും അത്‌.

എഴുപതു ശതമാനത്തില്‍ കൂടുതല്‍ വൃക്ഷമേലാപ്പുള്ള പ്രദേശം മാത്രം വനമെന്ന നിര്‍വചനത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 2014-ല്‍ രൂപീകരിച്ച ടി.എസ്‌.ആര്‍. സുബ്രഹ്‌മണ്യന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ്‌ നീക്കം. ഇന്ത്യയിലെ വന-പരിസ്‌ഥിതി നിയമങ്ങളില്‍ കാലോചിത മാറ്റം വരുത്തണം എന്ന ലക്ഷ്യത്തോടെയാണ്‌ മുന്‍ കാബിനറ്റ്‌ സെക്രട്ടറിയായ സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്‌കരിച്ചത്‌. പരിസ്‌ഥിതി സംരക്ഷണ നിയമം (1986), വന സംരക്ഷണ നിയമം (1980), വന്യജീവി സംരക്ഷണ നിയമം (1972), ജലമലിനീകരണ നിയന്ത്രണ നിയമം(1974), വായുമലിനീകരണ നിയന്ത്രണ നിയമം (1981) എന്നിവ സംബന്ധിച്ചു പഠിക്കാനായിരുന്നു നിയമനം. പിന്നീട്‌ 1927-ലെ ഇന്ത്യന്‍ വന നിയമവും കമ്മിറ്റിയുടെ പഠന പരിധിയില്‍ വച്ചു. പാരിസ്‌ഥിതികമായി പ്രാധാന്യമുള്ള പല നിര്‍ദേശങ്ങളും കമ്മിറ്റി മുന്നോട്ടു വച്ചിരുന്നു.

കേന്ദ്രത്തിലും സംസ്‌ഥാനങ്ങളിലും പരിസ്‌ഥിതി മാനേജ്‌മെന്റ്‌ കമ്മിറ്റികള്‍ രൂപീകരിക്കുക, ദേശിയ പരിസ്‌ഥിതി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്യൂട്ട്‌ സ്‌ഥാപിക്കുക, ഐ.എ.എസ്‌. മാതൃകയില്‍ ഇന്ത്യന്‍ എന്‍വയോണ്‍മെന്റ സര്‍വീസ്‌ രൂപീകരിക്കുക, പരിസ്‌ഥിതി പുന:സംഘടനാ ഫണ്ട്‌ തയാറാക്കുക എന്നിവ ശിപാര്‍ശകളില്‍ പെടുന്നു. വ്യാവസായിക പദ്ധതികള്‍ ആരംഭിക്കാന്‍ പരിസ്‌ഥിതി അനുമതി നല്‍കുന്നതിന്‌ ഏകജാലക സംവിധാനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പരിസ്‌ഥിതി സംരക്ഷണത്തിനുള്ള മരണമണിയായാണ്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ കണ്ടത്‌. അതിനേക്കാള്‍ പ്രധാനമായിരുന്നു വനഭൂമിയുടെ നിര്‍വചനം സംബന്ധിച്ച പുതിയ ശിപാര്‍ശ.

70 ശതമാനം വൃക്ഷമേലാപ്പുള്ള സ്‌ഥലം മാത്രം വനഭൂമിയായി കണക്കാക്കിയാല്‍ മതിയെന്നായിരുന്നു കമ്മിറ്റിയുടെ ശിപാര്‍ശ. ഇന്ത്യയിലെ വനഭൂമിയില്‍ വലിയൊരു ഭൂപ്രദേശം ഇല്ലാതാക്കുന്ന ശിപാര്‍ശയാണിതെന്നായിരുന്നു അതിനെതിരേ ഉയര്‍ന്ന വിമര്‍ശനം. ഇതു നടപ്പായാല്‍ ഖനി ലോബിക്ക്‌ സഹായകമാകുമെന്നും വ്യവസായ ഏകജാലകത്തിന്റെ പേരില്‍ വനഭൂമിയാകെ വെളുക്കുമെന്നും പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്‌ കമ്മിറ്റി ശിപാര്‍ശകള്‍ പഠിക്കാന്‍ പാര്‍ലമെന്ററി സമിതിയെ നിയമിച്ചു. അവര്‍ സുബ്രഹ്‌മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അപ്പാടെ തള്ളിക്കളയുകയായിരുന്നു.

തള്ളിക്കളഞ്ഞ റിപ്പോര്‍ട്ടിലെ ശിപാര്‍ശ പൊടിതട്ടിയെടുക്കാന്‍ കേന്ദ്രം നടത്തുന്ന നീക്കത്തെ ആശങ്കയോടെയാണ്‌ പരിസ്‌ഥിതി സ്‌നേഹികളും വനസംരക്ഷണ ഉദ്യോഗസ്‌ഥരും കാണുന്നത്‌. വ്യവസായവത്‌കരണത്തിന്റെ പേരില്‍ വന്‍തോതില്‍ വനം ഇല്ലാതാക്കാനേ ഈ നീക്കം സഹായിക്കൂ. ദേശീയോദ്യാനങ്ങളെ പോലും ഖനന മാഫിയയുടെ ദയാദാക്ഷിണ്യത്തിനു വിടുന്ന നീക്കമാകും ഇത്‌. പല ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലും വന-പരിസ്‌ഥിതി സംരക്ഷണം പരിതാപകരമാണ്‌. അതു കൂടുതല്‍ രൂക്ഷമാക്കാന്‍ ഈ നീക്കം വഴിവയ്‌ക്കും. അതീവ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന പരിസ്‌ഥിതി പ്രാധാന്യമുള്ള ധാരാളം സ്‌ഥലങ്ങള്‍ ഇന്ത്യയിലുണ്ട്‌. വംശനാശം നേരിടുന്ന അനേകം ജീവികളുണ്ട്‌. പരിസ്‌ഥിതിയെ തകര്‍ക്കുന്ന ദുഷ്‌ടശക്‌തികള്‍ക്ക്‌ ഇതൊന്നും ഒരു പ്രാധാന്യമുള്ള ഒരു വിഷയമല്ല. അനേകം നൂറ്റാണ്ടുകള്‍കൊണ്ട്‌ രൂപം പ്രാപിച്ച ഈ അസുലഭസമ്പത്ത്‌ അനേകമനേകം തലമുറകള്‍ക്ക്‌ അനുഭവിക്കാനുള്ളതാണെന്ന ചിന്ത അവര്‍ക്ക്‌ ഒരിക്കലും ഉണ്ടാകില്ല.
അവര്‍ക്ക്‌ ലാഭം കൊയ്യുക, സ്വത്ത്‌ ആര്‍ജിക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളു. അത്തരക്കാര്‍ക്ക്‌ വളംവയ്‌ക്കുന്ന തീരുമാനമായിരിക്കും നിയമഭേദഗതി നടപ്പാക്കിയാല്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്‌. വ്യവസായവികസനത്തിനു വേണ്ടി പരിസ്‌ഥിതിയെ ബലികൊടുക്കാത്ത തീരുമാനം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നാണ്‌ ഏവരും പ്രതീക്ഷിക്കുന്നത്‌.

Ads by Google
Wednesday 10 Jan 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW