Friday, January 18, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 10 Jan 2018 01.47 AM

കല ഗ്രേസ്‌ മാര്‍ക്കിലേക്കുള്ള കുറുക്കുവഴിയല്ല

uploads/news/2018/01/182247/bft1.jpg

സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ സാസ്‌കാരിക തലസ്‌ഥാനത്ത്‌ ഇന്നു തിരശീല വീഴുന്നു. കുട്ടികളുടെ അനവദ്യസുന്ദരങ്ങളായ കലാപ്രകടനങ്ങളുടെ പഞ്ചദിന മഹോത്സവമാണ്‌ അവസാനിക്കുന്നത്‌. കുട്ടികളെ കാണുന്നതു തന്നെ സുകൃതമാണ്‌. അവരുടെ കലാവിഷ്‌കാരങ്ങള്‍ കാണുന്നത്‌ അതിനേക്കാള്‍ സൗഭാഗ്യകരം.

അര നൂറ്റാണ്ടു മുമ്പ്‌ അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ വെങ്കടേശ്വരന്‍ നടത്തിയ ഉത്തരേന്ത്യന്‍ പര്യടനത്തിന്‌ എത്ര നന്ദി പറഞ്ഞാലും തീരില്ല. അന്നു ഡല്‍ഹിയില്‍ നടന്ന സര്‍വകലാശാലാ കലാമേള അദ്ദേഹം നേരിട്ടു കണ്ടപ്പോഴാണല്ലോ സംസ്‌ഥാന യുവജനോത്സവം എന്ന ആശയം നാമ്പിട്ടത്‌. തുടര്‍ന്ന്‌ സംസ്‌ഥാനത്തു സ്‌കൂള്‍കുട്ടികള്‍ക്കായി സമാനമായ കലാമേള സംഘടിപ്പിക്കുകയായിരുന്നു.
അന്ന്‌, 1956-ല്‍ ആദ്യത്തെ സംസ്‌ഥാന സ്‌കൂള്‍ കലാമേള സംഘടിപ്പിക്കുമ്പോള്‍ ആകെ 200 മല്‍സരാര്‍ഥികളാണുണ്ടായിരുന്നത്‌. എല്ലാ മല്‍സരങ്ങളും ഒരു ദിവസത്തിനുള്ളില്‍ കഴിയുകയും ചെയ്‌തു. എന്നാലിന്ന്‌ പതിനായിരത്തിലേറെ മത്സരാര്‍ഥികളും മുന്നൂറില്‍പ്പരം മത്സരയിനങ്ങളുമായി അഞ്ചു ദിവസങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു. ഇളംതലമുറയുടെ ഈ കലാമാമാങ്കം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതി ഇപ്പോഴും സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിനു സ്വന്തം. കലയുടെ തലോടലില്‍ കണ്ണുപൂട്ടി മയങ്ങിയും അവയുടെ സമൃദ്ധിയിലേക്ക്‌ കണ്ണുതുറന്നുണര്‍ന്നും കലാചൈതന്യത്തിന്റെ പകല്‍വെളിച്ചത്തില്‍ വളര്‍ന്നും ദിനരാത്രങ്ങള്‍ അങ്ങനെ പോകും. ഇതിനിടെ വാശിയേറിയ മല്‍സരങ്ങള്‍. ആത്മാര്‍ഥമായ പ്രകടനങ്ങള്‍, ആശയ പ്രകമ്പനങ്ങള്‍... ഇതെല്ലാം ചേരുന്നതാണ്‌ സ്‌കൂള്‍ കലോത്സവം.
രണ്ടു ദശകമായി ടെലിവിഷന്‍ സേവനശൃംഖല വന്‍തോതില്‍ വളരുകയും ധാരാളം ചാനലുകള്‍ ഉദയം ചെയ്യുകയുമുണ്ടായി. കളിയും മേളവുമൊക്കെ ഏവര്‍ക്കും വീട്ടിലിരുന്ന്‌ വിശദമായി ആസ്വദിക്കാമെന്നായി. ടിവിയില്‍ എത്ര ലൈവ്‌ കാണിച്ചാലും തൃശൂരുകാര്‍ക്ക്‌ എല്ലാം നേരില്‍ത്തന്നെ കാണണം.

കലയുടെ തുടിതാളം നെഞ്ചേറ്റിയാലെ സാംസ്‌കാരികനഗരിക്കാര്‍ക്ക്‌ തൃപ്‌തിയാകൂ. സ്വാഭാവികമായും കലോത്സവ നഗരിയെ ഉത്സവനഗരിയാക്കിക്കൊണ്ട്‌ തൃശൂര്‍ജനത മല്‍സരവേദികളിലേക്ക്‌ ഒഴുകിച്ചെന്നു; തൃശൂരിനു നന്ദി. കുട്ടികളും കലയും ഏവര്‍ക്കും ഇഷ്‌ടമാണ്‌. കുട്ടികളുടെ വളര്‍ച്ചയും കലയുടെ സമൃദ്ധിയും മനസ്സില്‍ പ്രതീക്ഷ നിറയ്‌ക്കും. സ്‌കൂള്‍ കലോത്സവത്തിന്‌ ഇത്രയേറെ ജനപ്രീതി ലഭിക്കുന്നത്‌ മറ്റൊന്നും കൊണ്ടല്ല. പക്ഷേ കലയുടെ സൗകുമാര്യം തിങ്ങിവിളങ്ങുമ്പോഴും എവിടെയോ ചില അപസ്വരങ്ങള്‍ മുഴങ്ങിക്കേള്‍ക്കാറില്ലേ. കലയ്‌ക്കു പകരം ഗ്രേസ്‌ മാര്‍ക്കിനോടു പ്രതിപത്തിയുണ്ടാവുമ്പോഴാണ്‌ പ്രശ്‌നങ്ങള്‍ ഉദയം ചെയ്യുന്നത്‌. കലയും ഗ്രേസ്‌ മാര്‍ക്കും എണ്ണയും വെള്ളവും പോലെ പരസ്‌പരവിരുദ്ധങ്ങളാണ്‌. തമ്മില്‍ ചേരാത്ത ഇവയെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കലാപ്രകടനങ്ങളുടെ ആത്യന്തികമായ ചോദനയ്‌ക്കുമേല്‍ കരിനിഴല്‍വീഴുകയാണ്‌. കേവലം ഗ്രേസ്‌ മാര്‍ക്കിലേക്കുള്ള കുറുക്കുവഴിയാകരുത്‌ കലാസപര്യ. ഗ്രേസ്‌ മാര്‍ക്കിനു വേണ്ടി കരസ്‌ഥമാക്കുന്ന കലയ്‌ക്ക്‌ ഒട്ടും ഗ്രേസ്‌ ഉണ്ടാകില്ല.

കല പഠിക്കുന്നതിലൂടെ ആദ്യം ആത്മനിര്‍വൃതി ലഭിക്കണം. ആത്മസംതൃപ്‌തിയോടെ പഠിച്ചത്‌ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കണ്ടിരിക്കുന്നവര്‍ക്ക്‌ ആത്മഹര്‍ഷമുണ്ടാകും. അങ്ങനെ പരസഹസ്രം കാഴ്‌ചക്കാര്‍ക്ക്‌ ആത്മഹര്‍ഷം പകരേണ്ട കുട്ടികള്‍ക്കാണ്‌ ഗ്രേസ്‌ മാര്‍ക്കെന്ന പ്രലോഭനത്തിനു മുന്നില്‍ കാലിടറിപ്പോകുന്നത്‌. കലയുടെ പരിപാവനതയാണ്‌ കുട്ടികള്‍ മനസിലാക്കേണ്ടത്‌. കുട്ടികളില്‍ മത്സരവും മാര്‍ക്കും റാങ്കുമെന്ന ചിന്തകള്‍ കുത്തിനിറയ്‌ക്കാനുള്ള മറ്റൊരു മാര്‍ഗമായി കലാസപര്യയെ താഴ്‌ത്തിക്കെട്ടാതിരിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. കലയുടെ വസന്തകാലം നിലനിര്‍ത്തേണ്ടവരാണ്‌ നമ്മുടെ കുഞ്ഞുങ്ങള്‍. അതിനിടയില്‍ അനാവശ്യമായ പ്രലോഭനങ്ങളും മാര്‍ഗവ്യതിചലനങ്ങളും സൃഷ്‌ടിക്കരുതേ. സംസ്‌ഥാന സ്‌കൂള്‍ കലോത്സവവേദികളെ സജീവമാക്കിയ ഇളമുറക്കാര്‍ക്കെല്ലാം ആജീവനാന്തം കലയുടെ മൊഞ്ചും മിഴിവും പ്രകടിപ്പിക്കാനാകട്ടെ എന്ന്‌ സ്‌നേഹത്തോടെ ആശംസിക്കുന്നു.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 10 Jan 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW