Sunday, December 09, 2018 Last Updated 21 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 01.17 PM

ഖത്തറിനെതിരെ ഉപരോധം : സാങ്കേതിക മിഷന്‍ റിപ്പോര്‍ട്ടില്‍ സൗദിക്ക് കനത്ത വിമര്‍ശനം

uploads/news/2018/01/181997/gulf090118d.jpg

ദോഹ:ഉപരോധത്തിന്‍റെ പ്രത്യഘാതങ്ങള്‍ മനുഷ്യാവകാശലംഘനമാണെന്നഅഭിപ്രായം ലോകമനസാക്ഷിക്ക് മുന്‍പിലുയരവെ സൗദിസഖ്യത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഒ.എച്ച്.സി.എച്ച്.ആറിന്റെ സാങ്കേതിക മിഷന്റെ റിപ്പോര്‍ട്ട്. ഖത്തറിന് മേല്‍ സൗദി സഖ്യം തീവ്രവാദ ബന്ധം ആരോപിച്ച്

അടിച്ചേല്‍പ്പിച്ച ഉപരോധ നടപടികള്‍ ബലാത്കാരപരവും ഏകപക്ഷീയവുമാണെന്നാണ് ഒ.എച്ച്.സി.എച്ച്.ആറിന്റെ സാങ്കേതിക മിഷന്‍ റിപ്പോര്‍ട്ട്ചൂണ്ടികാണിക്കുന്നത് ദോഹയില്‍ എന്‍.എച്ച്.ആര്‍.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി (എന്‍.എച്ച്.ആര്‍.സി)യാണ് ഗള്‍ഫ് ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ഒ.എച്ച്.സി.എച്ച്.ആറിന്റെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്ത് വിട്ടത്. അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യം, കുടുംബ സംഗമം, സാമ്പത്തിക അവകാശം, സ്വത്ത്, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച നിരവധി ലംഘനങ്ങളാണ് പൗരന്മാര്‍ക്ക് നേരിടേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഉപരോധത്തിന്റെ പ്രത്യാഘാതം സംബന്ധിച്ച് ഒ.എച്ച്.സി.എച്ച്.ആറിന്റെ പ്രതിനിധികള്‍ ദോഹയിലെത്തി പൗരന്മാരുമായി നടത്തിയ കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള അന്വേഷണങ്ങളുടെ വിശദമായ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇരുപതോളം സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ നിന്നുള്ള രേഖകളും ഉപരോധത്തിന് ഇരയായവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും എന്‍.എച്ച്.ആര്‍.സിക്ക് ലഭിച്ച പരാതികളും സംബന്ധിച്ച വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഉപരോധത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സഹായകമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലംഘനങ്ങളുടെ രത്‌നചുരുക്കമാണ് റിപ്പോര്‍ട്ടിലുള്ളത്. ലംഘനങ്ങളുടെ മുഴുവന്‍ വിശദാംശങ്ങളും ഒ.എച്ച്.സി.എച്ച്.ആറിന് കൈമാറിയിട്ടുണ്ട്.

ഇവ യു.എന്‍ സ്‌പെഷ്യല്‍ റാപ്പോര്‍ട്ടേഴ്‌സിനും നല്‍കും. അനുചിതവും വിവേചനപരവുമായ നടപടികളാണ് സൗദി സഖ്യത്തില്‍ നിന്നുണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഖത്തറിനെതിരേ സൗദി സഖ്യമെടുത്ത നടപടികള്‍ക്ക് നിയമപരമായ സാധുതയില്ലാത്തിനാല്‍ നടപടികള്‍ തികച്ചും സ്വേച്ഛാപരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉപരോധത്തെ തുടര്‍ന്ന് ഗണ്യമായ സാമ്പത്തിക നഷ്ടം രാജ്യത്തിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക യുദ്ധമാണ് ഖത്തറിനെതിരേ സൗദി സഖ്യം യഥാര്‍ഥത്തില്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

അതേസമയം ഉപരോധം ഏര്‍പ്പെടുത്തിയ സൗദി അറേബ്യേ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കെതിരേ ഖത്തര്‍ ഒരു തരത്തിലുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി സഖ്യങ്ങളുമായി ആശയവിനിമയം നടത്തേണ്ടതിന്റെ അനിവാര്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്‍.എച്ച്.ആര്‍.സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധത്തെ അതിജീവിക്കാന്‍ സ്വീകരിച്ച നടപടികളെ റിപ്പോര്‍ട്ടില്‍ പ്രശംസിച്ചിട്ടുമുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.എന്‍. മനുഷ്യാവകാശ ഹൈ കമ്മീഷണറുടെ ഓഫീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതായും എന്‍.എച്ച്.ആര്‍.സി ചെയര്‍മാന്‍ ഡോ.അലിബിന്‍ സുമൈഖ് അല്‍മാരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വ്യക്തികളുടെ മേല്‍ സൗദി സഖ്യം സ്വീകരിച്ച സ്വേഛാപരമായ നടപടികളുടെ സങ്കീര്‍ണ പ്രത്യാഘാതങ്ങള്‍, ജനങ്ങള്‍ക്കുണ്ടായ മാനസിക പ്രത്യാഘാതങ്ങള്‍, അപകീര്‍ത്തിപരമായ മാധ്യമ പ്രചരണം, രാജ്യത്തിനും ഭരണനേതൃത്വത്തിനും ജനങ്ങള്‍ക്കുമെതിരെയുള്ള കുപ്രചാരണങ്ങള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം കേസുകളും ഇനിയും പരിഹരിക്കാത്തതിനാല്‍ പൗരന്മാര്‍ക്ക് ദീര്‍ഘകാലം ഇവയുടെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.




മുഹമ്മദ് ഷഫീക്ക് അറക്കല്‍

Ads by Google
Tuesday 09 Jan 2018 01.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW