തൃശൂര്‍: കലയ്ക്കുവേണ്ടി സംഘടനാപ്രവര്ത്തനംപോലും വേണ്ടെന്നുവച്ച അനീഷിനു ലഭിച്ചത് നേട്ടങ്ങളുടെ കാലം. കലോത്സവവേദികളില്‍ നിറസാന്നിധ്യമായ ഗുരു, അരങ്ങില്‍ നടന്, പിന്നണിയില്‍ മുഖത്തെഴുത്തുകാരന്, കലാസംവിധായകന്‍. വിശേഷങ്ങള്‍ ഏറെയുണ്ട് ഈ മുന്‍ എസ്.എഫ്.ഐക്കാരന്. അതൊന്നുമല്ല, ഇത്തവണത്തെ വിശേഷം. അമലനഗര്‍ സ്വദേശിയായ അനീഷ് രവീന്ദ്രനെന്ന ഗുരുവിന്റെ 35 ശിഷ്യരാണു ഇന്നു റീജിയണല്‍ തിയേറ്ററില്‍ നടക്കുന്ന മൈം ആക്ട് മത്സരത്തില്‍ മൗനംകൊണ്ട് പോരാടുന്നത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 35 ശിഷ്യര്‍. അവരെത്തുന്നതാകട്ടെ അഞ്ചു ജില്ലകളിലെ ഒന്നാംസ്ഥാനവുമായി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലാ ടീമുകളാണ് ഈ ഗുരുവിന്റെ ശിക്ഷണത്തില്‍ മൂകാഭിനയത്തിന്റെ പുതിയ അരങ്ങുണര്‍ത്തുന്നത്. അഞ്ചു സംഘങ്ങളുമായി ഒരു പരിശീലനെത്തുന്നുവെന്ന ചരിത്രവും ഇതോടെ തൃശൂര്‍ കലോത്സവത്തിന്റേതാകും.17 വര്‍ഷമായി കലാപ്രവര്ത്തനരംഗത്തുള്ള അനീഷ് ഏത് ജില്ല എ ഗ്രേഡ് നേടിയാലും തനിക്കുള്ള അംഗീകാരമാണെന്നാണു പറയുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷവും ഒന്നാംസ്ഥാനം നേടിയ മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂള്‍ ഇത്തവണയും തൃശൂരിനെ പ്രതിനിധീകരിക്കുന്നുണ്ട്. അത്രമാത്രം. തന്റെ ശിഷ്യരെ ആണെന്നും പെണ്ണെന്നും വേര്‍തിരിച്ചിട്ടില്ല. അവര്‍ ആര്‍ട്ടിസ്റ്റുകളാണ്. അതുകൊണ്ട് ഓരോ ടീമിലും അവരെ മിക്സ് ചെയ്തിരിക്കുകയാണ്. നാടകമാണ് യഥാര്‍ഥത്തില്‍ തന്റെ അടിസ്ഥാനം. മൈം എന്നതും തിയേറ്ററാണ്. അവിടെ നമുക്ക് പറയാനാവാത്തതെല്ലാം മൂകമായിത്തന്നെ വിശദീകരിക്കാനാവും. സംസാരിക്കുമ്പോള്‍ വായടച്ചുകളയുന്ന ഭരണകൂടത്തിനെതിരായ ആവിഷ്കാരമായും ഇതിനെ വായിച്ചെടുക്കാനാവും. സമകാലികമായ വിഷയങ്ങളാണു താന്‍ മൈമിനായി തെരഞ്ഞെടുക്കുന്നതെന്നും അനീഷ് പറഞ്ഞു.
ജീവിതവും കുടുംബബന്ധങ്ങളും വെല്ലുവിളിയായപ്പോള്‍ തുടക്കത്തില്‍ തന്നെ ഡ്രാമാസ്കൂള്‍ വിദ്യാര്‍ഥിയെന്ന വേഷം അഴിച്ചുവച്ച് കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാരനായി. എന്നാല്‍ കല വന്നു കാമുകിയെപ്പോലെ വിളിച്ചപ്പോള്‍ ഏതാനും മാസത്തിനുള്ളില്‍ അവിടവും വിട്ടു. മൂന്നാം€ാസു മുതല്‍ ജവഹര്‍ ബാലഭവനില്‍ വിദ്യാര്‍ഥിയായ അനീഷിനെക്കാത്തു കലാലോകമുണ്ടായിരുന്നു പുറത്ത്. കേരളവര്‍മ്മയിലും ചാലക്കുടി ഐ.ടി.ഐയിലും പഠിച്ചശേഷമാണ് നാടകം തലയ്ക്കുപിടിച്ച അനീഷ് ഡ്രാമാസ്കൂളില്‍ ചേര്‍ന്നത്. പഠനം തുടര്‍ന്നില്ലെങ്കിലും കലാജീവിതം തെരഞ്ഞെടുത്തു. എസ്.എഫ്.ഐ. ഭാരവാഹിത്വവും ഇല്ലാതായതോടെ മറ്റൊന്നും ആലോചിച്ചില്ല. 15 വര്‍ഷമായി മൈം പരിശീലനത്തിലാണു ശ്രദ്ധ.
ഇതിനിടെ നാടകം- ജി. ശങ്കരപ്പിള്ള, എ. ശാന്തകുമാര്‍ തുടങ്ങിയവരുടെ കൃതികളെ ആസ്പദമാക്കി സ്കൂളുകള്‍ക്കും മറ്റുമായി ഒട്ടേറെ നാടകങ്ങള്‍ ചെയ്തു. കാര്‍ഷികസര്‍വകലാശാല, വെറ്ററിനറി സര്‍വകലാശാല, പോളിടെക്നിക് കലോത്സവങ്ങളിലും ഒട്ടേറ വിജയങ്ങള്‍ നേടി. 2010ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒല്ലൂര്‍ സെന്റ് റാഫേല്‍ സ്കൂളിലൂടെ നാടകത്തിനു ഒന്നാംസ്ഥാനവും നേടി. നാടകം, മോണോ ആക്ട്, മൈം തുടങ്ങിയവയില്‍ പരിശീലനം തുടരുന്ന അനീഷിനു പിന്തുണയുമായി ഭാര്യ ശ്രുതിയും സഹോദരന് അബിന്‍ രവീന്ദ്രനുമുണ്ട്. പാര്‍ഥസാരഥി, ദേവനാരായണന് എന്നിവരാണ് മക്കള്‍.