Tuesday, January 09, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.12 AM

കടം പെരുകുന്നു, കടലില്‍ മീനില്ല; ഓഖിക്കുശേഷം തീരത്തു പട്ടിണി

uploads/news/2018/01/181844/6.jpg

തിരുവനന്തപുരം: ഓഖി ദുരന്തത്തിനു പിന്നാലെ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും മടങ്ങിയതോടെ തീരദേശം വറുതിയുടെ പിടിയില്‍. മത്സ്യബന്ധനത്തിന്‌ ഉപകരണങ്ങളില്ല, തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍മൂലം കടലില്‍ പോകാന്‍ ഉറ്റവര്‍ സമ്മതിക്കുന്നില്ല, എങ്ങനെയും പോയാലോ കടലില്‍ മീനുമില്ല! ദുരിതാശ്വാസ ധനസഹായം മണത്ത്‌ പലിശക്കാരും എത്തിയതോടെ തീരവാസികള്‍ നട്ടംതിരിയുകയാണ്‌.

ദുരന്തവേളയില്‍ സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ തീരപ്രദേശത്തു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്‌തിരുന്നു. എന്നാല്‍, തീരം സാധാരണ നിലയിലായെന്നു കരുതി ഇവര്‍ മടങ്ങിയതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ എരിതീയില്‍നിന്നു വറചട്ടിയിലായി. ഓഖിയുടെ ഫലമായി കടലില്‍ മത്സ്യം കുറഞ്ഞതാണ്‌ ഇപ്പോള്‍ തീരദേശത്തെ ഏറ്റവും വലിയ പ്രതിസന്ധി. ചുഴലിക്കാറ്റ്‌ തീരത്തോടു ചേര്‍ന്ന്‌ കടലിന്റെ അടിത്തട്ടുവരെ ഉഴുതുമറിച്ചു. മത്സ്യങ്ങള്‍ ഉള്‍ക്കടലിലേക്കു കൂട്ടപ്പലായനം ചെയ്‌തു.

തീരത്തു മാലിന്യം വന്‍തോതില്‍ അടിഞ്ഞതും മത്സ്യങ്ങളെ അകറ്റി. സാധാരണയായി ഡിസംബര്‍-ജനുവരിയില്‍ കടല്‍ ഉള്‍വലിയാറുണ്ട്‌. എന്നാല്‍, ഇക്കുറി ജനുവരിയായിട്ടും ആ പ്രതിഭാസമുണ്ടായിട്ടില്ല. തീരക്കടലില്‍ അഗാധമായ ചുഴി രൂപപ്പെടുകയും ചെയ്‌തു. നിലാവെളിച്ചത്തില്‍ കിട്ടേണ്ട മത്സ്യങ്ങള്‍ കൂടുതല്‍ ലഭിക്കേണ്ട സമയമാണിത്‌. തീരക്കടലില്‍ നിലാവത്തു മത്സ്യങ്ങളെക്കണ്ട്‌ വലയിട്ടു പിടിക്കുന്ന ലൈറ്റ്‌ ഫിഷിങ്ങാണ്‌ ഈ സമയത്തു മത്സ്യത്തൊഴിലാളികളുടെ പ്രധാന ആശ്രയം. അയല, കൊഴുചാള, ചെറിയചൂര എന്നിവയാണ്‌ ഇങ്ങനെ സുലഭമായി ലഭിക്കേണ്ടത്‌. എന്നാല്‍, ഇത്തവണ നിലാവത്തു തീരക്കടല്‍ മത്സ്യരഹിതമാണ്‌. ഓഖി കടലില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചു പഠിക്കാന്‍പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറായിട്ടില്ല.

ഓഖിയില്‍ തകര്‍ന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍, അത്‌ എന്നു ലഭിക്കുമെന്നു മത്സ്യത്തൊഴിലാളികള്‍ക്ക്‌ അറിയില്ല. ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ 22 ലക്ഷം രൂപയാണു സര്‍ക്കാര്‍ ധനസഹായം. ഇതില്‍ 20 ലക്ഷം രൂപ ട്രഷറിയില്‍ അഞ്ചുവര്‍ഷത്തേക്കു സ്‌ഥിരനിക്ഷേപമാണ്‌. മുമ്പെടുത്ത വായ്‌പകള്‍ക്കു പലിശ നല്‍കാന്‍ വീണ്ടും കടം വാങ്ങേണ്ട അവസ്‌ഥയിലാണിവര്‍.

Ads by Google
Tuesday 09 Jan 2018 12.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW