Saturday, December 08, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.12 AM

'അമൃത്‌ ' വേണ്ടാതെ കേരളം

uploads/news/2018/01/181841/3.jpg

തിരുവനന്തപുരം: നഗരങ്ങളുടെ സമഗ്രവികസനത്തിനു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച "അമൃത്‌" പദ്ധതിയോടു കേരളം മുഖംതിരിക്കുന്നു. നഗരങ്ങളില്‍ അടിസ്‌ഥാന സേവനങ്ങളും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പാക്കാനായി കേന്ദ്രം ആദ്യഘട്ടമായി അനുവദിച്ചത്‌ 215 കോടി രൂപ. കേരളം ചെലവഴിച്ചത്‌ വെറും ആറു കോടി!
നടത്തിപ്പില്‍ പുരോഗതിയില്ലെങ്കില്‍ തുടര്‍ന്നു പണം കിട്ടില്ലെന്നിരിക്കെ ഇപ്പോഴത്തെ അനാസ്‌ഥയ്‌ക്ക്‌ വലിയ വില കൊടുക്കേണ്ടിവരും.
നഗരപ്രദേശങ്ങളുടെ ആധുനികീകരണത്തിനുള്ള പദ്ധതിയാണ്‌ "അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ്‌ അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍" എന്ന അമൃത്‌ പദ്ധതി. വീടുകളില്‍ കുടിവെള്ളലഭ്യത, മലിനജല നിര്‍മാര്‍ജനം, സുഗമമായ നഗരഗതാഗതം തുടങ്ങി വാഹനപാര്‍ക്കിങ്‌ സ്‌ഥലം, പൂന്തോട്ടങ്ങള്‍, കുട്ടികള്‍ക്കായുള്ള വിനോദകേന്ദ്രങ്ങള്‍ വരെ ഒരുക്കുന്ന പദ്ധതിയിലേക്ക്‌ സംസ്‌ഥാനത്തെ ഒന്‍പതു നഗരങ്ങളാണു തെരഞ്ഞെടുക്കപ്പെട്ടത്‌.
2015- സെപ്‌റ്റംബറിലാണ്‌ പദ്ധതിക്കു തുടക്കമിട്ടത്‌. ചെലവിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 30 ശതമാനം സംസ്‌ഥാന സര്‍ക്കാരും 20 ശതമാനം അതത്‌ തദ്ദേശ സ്‌ഥാപനവും വഹിക്കണം.
തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ, കോഴിക്കോട്‌, കൊല്ലം, പാലക്കാട്‌, തൃശൂര്‍, കണ്ണൂര്‍, ഗുരുവായൂര്‍ നഗരങ്ങളിലായി ആദ്യഘട്ടത്തില്‍ 2,357 കോടി രൂപയുടെ 379 പദ്ധതികള്‍ കേന്ദ്ര നഗരവികസന മന്ത്രാലയം അംഗീകരിച്ചു. ഇതില്‍ 40 ശതമാനവും ജലവിതരണ പദ്ധതികളാണ്‌. 51 എണ്ണത്തിനു സാങ്കേതികാനുമതി നല്‍കിക്കൊണ്ടാണ്‌ 215 കോടി രൂപ അനുവദിച്ചത്‌. ആദ്യ വര്‍ഷത്തെ പദ്ധതിത്തുകയുടെ 25 ശതമാനം പ്രവൃത്തികള്‍ ആരംഭിച്ചാല്‍മാത്രമേ മൂന്നാം വര്‍ഷത്തെ വിഹിതം ലഭിക്കൂ എന്നതിനാല്‍ പദ്ധതി നടത്തിപ്പ്‌ തടസപ്പെട്ടേക്കും.
കേന്ദ്രം 379 പദ്ധതികള്‍ അംഗീകരിച്ചെങ്കിലും 255 എണ്ണത്തിനു മാത്രമേ വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ (ഡി.പി.ആര്‍) സമര്‍പ്പിച്ചുള്ളൂ. മൂന്നു വര്‍ഷമായിട്ടും 124 പദ്ധതികളുടെ ഡി.പി.ആര്‍. തയാറാക്കിയിട്ടില്ല. അമൃത്‌ പദ്ധതിയുടെ സംസ്‌ഥാന മിഷന്‍ ഡി.പി.ആര്‍. അംഗീകരിച്ചതിനു ശേഷം സര്‍ക്കാരില്‍നിന്നു ഭരണാനുമതി വാങ്ങണം. സാങ്കേതികാനുമതിയും നേടി ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയാക്കിയാലേ നിര്‍മാണജോലി തുടങ്ങാനാകൂ.
അമൃതിന്റെ ആദ്യവര്‍ഷത്തേക്ക്‌ കേരളം സമര്‍പ്പിച്ചത്‌ 589 കോടി രൂപയുടെ പദ്ധതിയാണ്‌. രണ്ടാം വര്‍ഷമായ 2016-17ലേക്ക്‌ 796.04 കോടിയുടെയും 2017-18 വര്‍ഷത്തിലേക്ക്‌ 973.64 കോടി രൂപയുടെയും പദ്ധതികള്‍ സമര്‍പ്പിച്ചു. ആദ്യ രണ്ടു വര്‍ഷത്തെ മൊത്തം തുകയായ 1385 കോടിയുടെ 20 ശതമാനമായ 277 കോടിയില്‍നിന്നാണ്‌ ആദ്യഘട്ടമായി 215 കോടി രൂപ അനുവദിച്ചത്‌. ആദ്യവര്‍ഷത്തെ തുകയുടെ 25 ശതമാനത്തിന്റെ (ഏകദേശം 150 കോടി രൂപ) പ്രവൃത്തികള്‍ ആരംഭിച്ചാല്‍ മാത്രമേ മൂന്നാം വര്‍ഷ പദ്ധതികള്‍ക്കുള്ള ഫണ്ട്‌ ലഭിക്കൂ. 2020 സെപ്‌റ്റംബര്‍ വരെയാണ്‌ അമൃതിന്റെ കാലാവധി. 124 പദ്ധതികള്‍ക്ക്‌ അതിനിടയില്‍ ഡി.പി.ആര്‍. തയാറാക്കണം, 334 പദ്ധതികള്‍ക്ക്‌ സാങ്കേതികാനുമതി ലഭിക്കണം. പിന്നെ ടെന്‍ഡറും കഴിഞ്ഞേ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയൂ.

Ads by Google
Tuesday 09 Jan 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW