Tuesday, January 09, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.08 AM

ലൈംഗികചൂഷണത്തിനെതിരേ കറുത്ത പ്രതിഷേധമണിഞ്ഞ്‌ ഗോള്‍ഡന്‍ ഗ്ലോബ്‌

uploads/news/2018/01/181814/1.jpg

ലോസ്‌ ആഞ്ചലസ്‌്: ഹാര്‍വിവെയ്‌ന്‍സ്‌റ്റെയ്‌ന്‍മാരുടെ ലൈംഗികചൂഷണങ്ങള്‍ക്കെതിരേ ഹോളിവുഡ്‌ കറുപ്പണിഞ്ഞു പ്രതിഷേധിച്ച ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരരാവില്‍ മികച്ച ചിത്രത്തിനടക്കമുള്ള നാലു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി "ത്രീ ബില്‍ബോര്‍ഡ്‌സ്‌ ഔട്ട്‌സൈഡ്‌ എബ്ബിങ്‌, മിസോരി" തിളങ്ങി.
ഹാര്‍വി വെയ്‌ന്‍സെ്‌റ്റയ്‌ന്‍ യുഗം അവസാനത്തിലാണെന്ന സന്ദേശമയുയര്‍ത്തിയാണ്‌ സിനിമാ, ടെലിവിഷന്‍ പ്രതിഭകളെ ആദരിച്ച 75-ാം ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരം ചരിത്രത്തില്‍ ഇടംപിടിച്ചത്‌. നിക്കോള്‍ കിഡ്‌മാനും, ഓപ്ര വിന്‍ഫ്രിയും, ഫ്രാഞ്ചെസ്‌ മക്‌ഡോര്‍മണ്ടും അടക്കമുള്ള പുരസ്‌കാരജേതാക്കള്‍ ലിംഗ, വര്‍ഗ സമത്വം നിലവില്‍ വരേണ്ടതിനെക്കുറിച്ചു പുരസ്‌കാരവേദിയില്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
വെയ്‌ന്‍സ്‌റ്റെയ്‌ന്‍ സംഭവത്തെത്തുടര്‍ന്നുള്ള ചലനങ്ങള്‍ ഹോളിവുഡിലെ അധികാരഘടനയിലെ തന്നെയുള്ള പ്രതലമാറ്റമായാണ്‌ പുരസ്‌കാരമേറ്റുവാങ്ങിയ മക്‌ഡോര്‍മണ്ട്‌ പ്രതികരിച്ചത്‌. ത്രീ ബില്‍ ബോര്‍ഡിലെ അഭിനയത്തിനു ഡ്രാമവിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരമാണ്‌ മക്‌ഡോര്‍മണ്ട്‌ സ്വന്തമാക്കിയത്‌.
ഹോളിവുഡിലെ ശക്‌തനായ നിര്‍മാതാവ്‌ ഹാര്‍വി വെയ്‌ന്‍സ്‌റ്റെയ്‌നെതിരേ ലൈംഗികാതിക്രമണ ആരോപണവുമായി മുന്‍നിര നടിമാര്‍ അടക്കമുള്ള 70 സ്‌ത്രീകള്‍ രംഗത്തുവന്നതോടെയാണ്‌ ലോകസിനിമയെ തന്നെ പിടിച്ചുകുലുക്കിയ ആരോപണമായി മാറിയത്‌. മീ ടു(ഞാനും ഇര) എന്ന സമൂഹമാധ്യമക്യാമ്പയിനു പിന്നാലെ "ടൈംസ്‌ അപ്പ്‌"(സമയമായി) എന്ന ക്യാമ്പയിനും ഹോളിവുഡിലെ വനിതകള്‍ തുടങ്ങിയിരുന്നു. ഹോളിവുഡിലെ പുരുഷന്മാരും സ്‌ത്രീകളും പൂര്‍ണമായ കറുത്തവേഷമണിഞ്ഞു പ്രതിഷേധത്തിന്റെ നിറം കാട്ടി പുരസ്‌കാരരാവിനെത്തിയാണ്‌ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേയുള്ള നിലപാടിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌.
വിനോദവ്യവസായത്തിനുള്ള സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരമായ സെസില്‍ ബി ഡെമില്ലെ ലോകപ്രശസ്‌ത അവതാരകയായ ഓപ്ര വിന്‍ഫ്രിക്കു സമര്‍പ്പിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയാണു വിന്‍ഫ്രി. ടെലിവിഷന്‍ വിഭാഗത്തില്‍ മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ "ദ്‌ മാസ്‌റ്റര്‍ ഓഫ്‌ നണ്‍" എന്ന പരമ്പരയിലൂടെ ഇന്ത്യന്‍ വംശജനായ അസീസ്‌ അന്‍സാരി മികച്ച നടനായി.
മികച്ച സംവിധാനത്തിനുള്ള പട്ടികയില്‍ വനിതകളുടെ ചിത്രം ഉള്‍പ്പെടുത്താതിനു വിമര്‍ശനത്തിനു വിധേയമായ ഗോള്‍ഡന്‍ ഗ്ലോബ്‌ സമിതിയായ ഹോളിവുഡ്‌ ഫോറിന്‍ പ്രസ്‌, ഗ്രേറ്റ ഗെര്‍വിഗിന്റെ "ലേഡി ബോര്‍ഡിന" മ്യൂസിക്കല്‍ കോമഡി വിഭാഗത്തിലെ മികച്ച സിനിമയ്‌ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. ലേഡിബേഡിലൂടെ മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ സായോറിസ്‌ റോണന്‍ മികച്ച നടിയായി.
"ദ്‌ ഡാര്‍ക്കസ്‌റ്റ്‌ അവര്‍" എന്ന ചിത്രത്തില്‍ വിന്‍സ്‌റ്റണ്‍ ചര്‍ച്ചിലിനെ അവതരിപ്പിച്ച ഗാരി ഓള്‍ഡ്‌മാനാണു മികച്ച നടന്‍. "ദ്‌ ഷേപ്പ്‌ ഓഫ്‌ വാട്ടറി"ലൂടെ ഗില്ലെര്‍മോ ടെല്‍ ടൂറോ മികച്ച സംവിധായകനായി. "ഐ ടോനിയ"യിലൂടെ അല്ലിസണ്‍ ജാനി മികച്ച സഹനടിയായി. ഹാസ്യവിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ജെയിംസ്‌ ഫ്രാങ്കോയ്‌ക്കാണ്‌. "കൊക്കൊ"യാണ്‌ മികച്ച ആനിമേഷന്‍ സിനിമ. ഫാത്തിഹ്‌ അകിന്റെ ജര്‍മന്‍ സിനിമ " ഇന്‍ ദ്‌ ഫേഡ്‌" മികച്ച വിദേശഭാഷാ സിനിമയും. എന്നാല്‍ ആറു നാമനിര്‍ദേശങ്ങള്‍ നേടിയ, സ്‌റ്റീവന്‍ സ്‌പീല്‍ബര്‍ഗിന്റെ പൊളിറ്റിക്കല്‍ ഡ്രാമ "ദ്‌ പോസ്‌റ്റ്‌" ഒരു പുരസ്‌കാരത്തിനുപോലും അര്‍ഹമായില്ല.

Ads by Google
Tuesday 09 Jan 2018 12.08 AM
YOU MAY BE INTERESTED
TRENDING NOW