Tuesday, September 18, 2018 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.02 AM

ആഷസില്‍ ഓസീസിനു സമ്പൂര്‍ണ ജയം

uploads/news/2018/01/181807/3.jpg

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ സമ്പൂര്‍ണ ജയം. പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്‌റ്റില്‍ ഇന്നിങ്‌സിനും 123 റണ്ണിനുമാണ്‌ ഓസ്‌ട്രേലിയ ജയിച്ചത്‌.
സ്‌കോര്‍: ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 346, രണ്ടാം ഇന്നിങ്‌സ് 180. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ഏഴിന്‌ 649 ഡിക്ലയേഡ്‌.
വയറിന്‌ അസുഖം ബാധിച്ച ജോ റൂട്ട്‌ ആശുപത്രിയിലായത്‌ ഇംഗ്ലണ്ടിനു തിരിച്ചടിയായി. ആശുപത്രിക്കിടക്കയില്‍നിന്നു ക്രീസിലെത്തിയ റൂട്ടിന്‌ ഉച്ച ഭക്ഷണത്തിനു ശേഷം തുടരാനായില്ല. 167 പന്തില്‍ 58 റണ്ണെടുത്ത ശേഷമാണു റൂട്ട്‌ ഇന്നിങ്‌സ് അവസാനിപ്പിച്ചു മടങ്ങിയത്‌.
39 റണ്‍ മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പാറ്റ്‌ കുമ്മിന്‍സ്‌ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചപ്പോഴും റൂട്ടിന്റെ സാന്നിധ്യം സമനില നേടാമെന്ന പ്രതീക്ഷയുണ്ടാക്കി. ഓഫ്‌ സ്‌പിന്നര്‍ നഥാന്‍ ലിയോണിന്റെ മൂന്നു വിക്കറ്റ്‌ നേട്ടവും ഇംഗ്ലണ്ടിനെ തകര്‍ത്തു. മിച്ചല്‍ സ്‌റ്റാര്‍ക്‌, ജോഷ്‌ ഹാസില്‍വുഡ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.
പാറ്റ്‌ കുമ്മിന്‍സ്‌ മത്സരത്തിലെയും ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ്‌ സ്‌മിത്ത്‌ പരമ്പരയിലെയും താരമായി. ഇംഗ്ലണ്ടിന്റെ അവസാന നാല്‌ വിക്കറ്റ്‌ വീണത്‌ 36 റണ്ണെടുക്കുന്നതിനിടെയാണ്‌.
ജോണി ബെയര്‍സ്‌റ്റോ (38), സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌ (നാല്‌), മാസണ്‍ ക്രെയിന്‍ (രണ്ട്‌) എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി കുമ്മിന്‍സാണ്‌ ടീമിനു ജയം നേടിക്കൊടുത്തത്‌.
ഷോണ്‍ മാര്‍ഷ്‌ (156), മിച്ചല്‍ മാര്‍ഷ്‌ (101) സഹോദരന്‍മാരുടെ സെഞ്ചുറി മികവിലാണ്‌ ഓസീസ്‌ കൂറ്റന്‍ റണ്ണെടുത്തത്‌. ടിം പെയ്‌നും (38) പാറ്റ്‌ കുമ്മിന്‍സും (24) പുറത്താകാതെനിന്നു. ആശുപത്രിക്കിടക്കയില്‍നിന്നു ക്രീസിലെത്തിയ ജോ റൂട്ടിനെ തകര്‍പ്പന്‍ കൈയടിയോടെയാണു കാണികള്‍ എതിരേറ്റത്‌.
പരമ്പര നേട്ടത്തോടെ ഓസീസ്‌ ടെസ്‌റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നു. പരമ്പരയ്‌ക്കു മുമ്പ്‌ അവര്‍ 97 പോയിന്റുമായി അഞ്ചാം സ്‌ഥാനത്തായിരുന്നു. ഇംഗ്ലണ്ട്‌ 105 പോയിന്റുമായി മൂന്നാംസ്‌ഥാനത്തുമായിരുന്നു.
ബ്രിസ്‌ബെനില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ഓസീസ്‌ പത്തു വിക്കറ്റിനും അഡ്‌ലെയ്‌ഡില്‍ നടന്ന രണ്ടാം ടെസ്‌റ്റ് 120 റണ്ണിനുമാണു ജയിച്ചത്‌. പെര്‍ത്ത്‌ ടെസ്‌റ്റില്‍ ഇന്നിങ്‌സിനും 23 റണ്ണിനും ജയം കുറിച്ചു. മെല്‍ബണ്‍ ടെസ്‌റ്റില്‍ സമനില നേടാന്‍ കഴിഞ്ഞതാണു പരമ്പരയിലെ ഇംഗ്ലണ്ടിന്റെ ഏകനേട്ടം. ഇന്ത്യയാണ്‌ നിലവില്‍ ഒന്നാംസ്‌ഥാനത്ത്‌. ദക്ഷിണാഫ്രിക്കയ്‌ക്കാണു പിന്നില്‍.

Ads by Google
Tuesday 09 Jan 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW