Tuesday, December 18, 2018 Last Updated 18 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.02 AM

സാഹയുടെ പെര്‍ഫെക്‌ട്

uploads/news/2018/01/181806/2.jpg

കേപ്‌ടൗണ്‍: എവേ ടെസ്‌റ്റില്‍ പത്ത്‌ ക്യാച്ചുകളെടുക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പറെന്ന റെക്കോഡ്‌ വൃദ്ധിമാന്‍ സാഹ സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിലാണു സാഹയുടെ റെക്കോഡ്‌ നേട്ടം. മുന്‍ നായകന്‍ എം.എസ്‌. ധോണിയുടെ ഒന്‍പതു പുറത്താക്കലുകളെന്ന റെക്കോഡാണ്‌ സാഹ തിരുത്തിയത്‌. 2014 ലെ മെല്‍ബണ്‍ ടെസ്‌റ്റിലാണു ധോണി ഒന്‍പതു ക്യാച്ചുകളെടുത്തത്‌. ഈ മത്സരത്തോടെ ധോണി ടെസ്‌റ്റിനോടു വിടപറഞ്ഞു. ധോണി എട്ട്‌ ക്യാച്ചുകളും ഒരു സ്‌റ്റമ്പിങും കുറിച്ചിരുന്നു. സാഹ പത്തു പേരെയും ക്യാച്ചെടുത്താണു പുറത്താക്കിയത്‌. 2010 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറിയ സാഹ ഇതുവരെ 32 ടെസ്‌റ്റുകളിലായി 75 ക്യാച്ചുകളും 10 സ്‌റ്റമ്പിങ്ങുകളും കുറിച്ചു. ഇന്ത്യയുടെ മുന്‍ വിക്കറ്റ്‌ കീപ്പര്‍ നയന്‍ മോംഗിയ രണ്ടുവട്ടം ഒരു ടെസ്‌റ്റില്‍ എട്ടു പേരെ പുറത്താക്കി തിളങ്ങിയിട്ടുണ്ട്‌. പാകിസ്‌താന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേയായിരുന്നു മോംഗിയയുടെ പ്രകടനം.
ധോണി പെര്‍ത്ത്‌ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയുടെ എട്ടു പേരെ പുറത്താക്കിയിട്ടുണ്ട്‌. സാഹ ഒന്നാം ഇന്നിങ്‌സില്‍ ഡീന്‍ എല്‍ഗാര്‍, ഹാഷിം ആംല, നായകന്‍ ഫാഫ്‌ ഡു പ്ലെസിസ്‌, ക്വിന്റണ്‍ ഡി കോക്ക്‌, കാഗിസോ റബാഡ എന്നിവരെ പുറത്താക്കിയിരുന്നു. ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിന്റെ പന്തില്‍ റബാഡയെ പുറത്താക്കിയ ക്യാച്ച്‌ സാഹയുടെ പ്രതിഭ വിളിച്ചറിയിക്കുന്നതായി. രണ്ടാം ഇന്നിങ്‌സില്‍ ഡീന്‍ എല്‍ഗാര്‍, ക്വിന്റണ്‍ ഡി കോക്ക്‌, ഫാഫ്‌ ഡു പ്ലെസിസ്‌, കേശവ്‌ മഹാരാജ്‌, മോര്‍ണി മോര്‍ക്കല്‍ എന്നിവരെ സാഹയാണു പിടികൂടിയത്‌. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ്‌ കീപ്പര്‍ ഇംഗ്ലണ്ടിന്റെ ജാക്ക്‌ റസലാണ്‌. 1995 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ജൊഹാനസ്‌ബര്‍ഗ്‌ ടെസ്‌റ്റില്‍ റസല്‍ 11 ക്യാച്ചുകളുമായി റെക്കോഡിട്ടു. ദക്ഷിണാഫ്രിക്കയുടെ തന്നെ എ.ബി.ഡിവിലിയേഴ്‌സ് പാകിസ്‌താനെതിരേ ഇതേ വേദിയില്‍ 11 പേരെ പുറത്താക്കിയിരുന്നു.
ഇംഗ്ലണ്ടിന്റെ ബോബ്‌ ടെയ്‌ലര്‍, ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്‌റ്റ് എന്നിവരും ഒരു ടെസ്‌റ്റില്‍ പത്തു പേരെ പുറത്താക്കിയ വിക്കറ്റ്‌ കീപ്പര്‍മാരാണ്‌. ബോബ്‌ ടെയ്‌ലര്‍ 1980 ല്‍ ഇന്ത്യക്കെതിരേ നടന്ന ബോംബെ ടെസ്‌റ്റിലാണ്‌ 10 പേരെ പുറത്താക്കിയത്‌. ന്യൂസിലന്‍ഡിനെതിരേ 2000 ത്തില്‍ നടന്ന ഹാമില്‍ട്ടണ്‍ ടെസ്‌റ്റിലാണ്‌ ഗില്‍ക്രിസ്‌റ്റ് 10 പേരെ പുറത്താക്കിയത്‌. ഓരോ ഇന്നിങ്‌സിലും അഞ്ചു പേരെ വീതം പുറത്താക്കിയവരാണ്‌ ഗില്‍ക്രിസ്‌റ്റും റസലും സാഹയും എന്ന സവിശേഷതയുമുണ്ട്‌.

Ads by Google
Tuesday 09 Jan 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW