Tuesday, January 09, 2018 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.02 AM

റയാലിനു സമനിലക്കുരുക്ക്‌

മാഡ്രിഡ്‌: സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗില്‍ കരുത്തനായ റയാല്‍ മാഡ്രിഡിന്‌ വീണ്ടും സമനിലക്കുരുക്ക്‌. കെല്‍റ്റ വിഗോയ്‌ക്കെതിരേ 2-2 നാണ്‌ റയാല്‍ സമനില വഴങ്ങിയത്‌. ജയത്തിന്റെ വക്കില്‍ നിന്നാണു റയാല്‍ സമനില വഴങ്ങിയത്‌.
കെല്‍റ്റയുടെ തട്ടകമായ ബലാഡോസ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയാലിനു വേണ്ടി ഗാരേത്‌ ബെയ്‌ലാണു രണ്ടു ഗോളുമടിച്ചത്‌. ഡാനിയേല്‍ വാസ്‌, മാക്‌സി ഗോമസ്‌ എന്നിവര്‍ കെല്‍റ്റയ്‌ക്കു വേണ്ടിയും ഗോളടിച്ചു. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട്‌ 3-0 ത്തിനു തോറ്റതും ഗീറോണയോടു തോറ്റതും റയാല്‍ കോച്ച്‌ സിനദിന്‍ സിദാനു തലവേദനയായി. അത്‌ലറ്റിക്കോ മാഡ്രിഡ്‌, അത്‌ലറ്റികോ ബില്‍ബാവോ ക്ലബുകള്‍ക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങിയതും സിദാനു തിരിച്ചടിയായി.
ഇന്നലെ റയാല്‍ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ്‌ ഒരേ സമയം വില്ലനും നായകനുമായി. 72-ാം മിനിട്ടില്‍ ഇയാഗോ അസ്‌പാസിനെ ഫൗള്‍ ചെയ്‌ത നവാസ്‌ പെനാല്‍റ്റി വഴങ്ങി. അസ്‌പാസിന്റെ സ്‌പോട്ട്‌ കിക്ക്‌ തടുത്ത്‌ നവാസ്‌ തെറ്റിനു പരിഹാരം കണ്ടു. റയാലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ഷോട്ടുകള്‍ ഇന്നലെ ലക്ഷ്യം കണ്ടില്ല. ഡാനി കാര്‍വാജല്‍, കാരിം ബെന്‍സൈമ, സെര്‍ജിയോ റാമോസ്‌ എന്നിവരെ കൂടാതെയാണു റയാല്‍ കെല്‍റ്റയെ നേരിടാനെത്തിയത്‌. 17 കളികളില്‍നിന്ന്‌ 32 പോയിന്റ്‌ നേടിയ റയാല്‍ നാലാംസ്‌ഥാനത്തു തുടരുകയാണ്‌. 18 കളികളില്‍നിന്നു 48 പോയിന്റ്‌ നേടിയ ബാഴ്‌സലോണയാണ്‌ ഒന്നാമത്‌. രണ്ടാംസ്‌ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ്‌ 18 കളികളില്‍നിന്നു 39 പോയിന്റും മൂന്നാമതുള്ള വലന്‍സിയ 18 കളികളില്‍നിന്നു 37 പോയിന്റും നേടി. ബാഴ്‌സലോണ ഇന്നലെ നടന്ന മത്സരത്തില്‍ ലാവന്റെയെ 3-0 ത്തിനു തോല്‍പ്പിച്ച്‌ ഒന്നാംസ്‌ഥാനം നിലനിര്‍ത്തിയിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസി, ലൂയിസ്‌ സുവാരസ്‌, പൗലീഞ്ഞോ എന്നിവര്‍ ഗോളടിച്ചു. ഈ മത്സരത്തോടെ മെസി ലീഗില്‍ 400 കളികള്‍ പൂര്‍ത്തിയാക്കി.

Ads by Google
Tuesday 09 Jan 2018 12.02 AM
YOU MAY BE INTERESTED
TRENDING NOW