Friday, January 18, 2019 Last Updated 57 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 11.54 PM

കുറ്റിപ്പുറത്തെ കുഴിബോംബ്‌: സത്യം തെളിയണം

uploads/news/2018/01/181791/1.jpg

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത്‌ കുഴിബോംബുകള്‍ കണ്ടെടുത്തത്‌ ഏറെ ഗൗരവത്തോടെ കാണേണ്ട സംഗതിയാണ്‌. കുഴിബോംബിന്റെ പിന്നിലെന്താണെന്ന്‌ ഇനിയും വ്യക്‌തമാകാനിരിക്കുന്നതേയുള്ളു. അവ സ്‌ഫോടക വസ്‌തുക്കള്‍ ഉള്ളതാണോ എന്ന്‌ വിശദപരിശോധനയ്‌ക്കു ശേഷമേ അറിയാന്‍ സാധിക്കൂ. എങ്കിലും ഇത്‌ നിരുപദ്രവകരമായി പരിഗണിക്കാനാവില്ല.
കഴിഞ്ഞ അഞ്ചാം തീയതിയാണ്‌ കുറ്റിപ്പുറം പാലത്തിനു സമീപം അഞ്ചു കുഴിബോംബുകള്‍ കണ്ടെത്തിയത്‌. ഡയറക്‌ഷണല്‍ ലാന്‍ഡ്‌ മൈന്‍ എന്നറിയപ്പെടുന്ന ബോംബുകളാണവ. അമേരിക്കന്‍ നിര്‍മിതമായ കേ്ലമോര്‍ ഇനത്തില്‍ പെട്ട ഈ കുഴിബോംബുകള്‍ സൈന്യം ഉപയോഗിക്കുന്നവയാണ്‌. യാദൃച്‌ഛികമായി ബോംബ്‌ കണ്ടയാള്‍ ഫോട്ടോയെടുക്കവേ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. അതീവ വിനാശകാരിയാണ്‌ ഈ ഇനത്തില്‍ പെട്ട ബോംബുകള്‍. ശത്രുവിനെ കെണിയില്‍ പെടുത്താനായി മണ്ണില്‍ കുഴിച്ചിടുന്ന ഈ ബോംബുകള്‍ മണ്ണിനു മുകളില്‍ സമ്മര്‍ദ്ദമുണ്ടായാല്‍ പൊട്ടിത്തെറിക്കും. അന്‍പതു മീറ്ററോളം ചുറ്റളവില്‍ നാശംവിതയ്‌ക്കുകയും ചെയ്യും. നാല്‍പതു കിലോ ഭാരമുള്ള മനുഷ്യനോ മൃഗമോ വാഹനമോ മുകളിലൂടെ പോയാല്‍ പൊട്ടുന്ന ബോംബാണ്‌ ഇവ.
ഡിറ്റണേറ്ററും റിമോട്ട്‌ കണ്‍ട്രോളും ഒന്നും കണ്ടെത്താത്തതിനാല്‍ സ്‌ഫോടന സാധ്യതയില്ലെന്നതാണ്‌ പ്രാഥമിക നിഗമനം. ബോംബിന്റെ സ്‌ഫോടന ശേഷി സംബന്ധിച്ച്‌ പരിശോധന നടക്കുന്നതേയുള്ളു. 1990-ല്‍ നിര്‍മിച്ച ബോംബിന്റെ കാലാവധി കഴിഞ്ഞതാണ്‌. എന്നാല്‍, രണ്ടാം ലോകയുദ്ധകാലത്ത്‌ നിക്ഷേപിക്കപ്പെട്ട ബോംബുകള്‍ ഇപ്പോഴും പല വിദേശരാജ്യങ്ങളിലും പൊട്ടുന്നുണ്ട്‌ എന്നതിനാല്‍, കുറ്റിപ്പുറത്ത്‌ കണ്ടെത്തിയ ബോംബിന്റെ കാലാവധി കഴിഞ്ഞുവെന്നത്‌ ആശ്വസിക്കാന്‍ വകനല്‍കുന്നതല്ല.
ബോംബ്‌ എത്തിയതിനെച്ചൊല്ലി നിഗമനങ്ങള്‍ പലതാണ്‌. ഉപയോഗം കഴിഞ്ഞ ബോംബ്‌ സ്‌ഫോടകവസ്‌തു നീക്കിയ ശേഷം ഇരുമ്പ്‌ വിലയ്‌ക്ക്‌ വിറ്റതാകാം. ബോംബിന്റെ മാവോയിസ്‌റ്റ്‌ ബന്ധം അന്വേഷിക്കുന്നുമുണ്ട്‌. തങ്ങളുടെ സ്വാധീന മേഖലകളില്‍ പട്ടാള ക്യാമ്പുകള്‍ ആക്രമിക്കുന്ന മാവോയിസ്‌റ്റുകള്‍ അവിടെ നിന്നു കവര്‍ന്നതാകാം ഇതെന്നാണ്‌ മറ്റൊരു നിഗമനം. വനത്തോടു ചേര്‍ന്ന ചില സ്‌ഥലങ്ങളില്‍ കൃഷി നശിപ്പിക്കാന്‍ വരുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കുഴിബോംബ്‌ വയ്‌ക്കുന്ന പതിവുണ്ടെന്ന്‌ ഇതോടനുബന്ധിച്ച്‌ പറഞ്ഞു കേള്‍ക്കുന്നു. അതു ശരിയെങ്കില്‍ ഏറെ ഗൗരവതരമാണ്‌.
ഏറെ ജനസാന്ദ്രതയുള്ള സ്‌ഥലത്ത്‌ ബോംബ്‌ കുഴിച്ചിട്ടതും സംശയാസ്‌പദമാണ്‌. തത്‌കാലത്തേക്ക്‌ ഒളിപ്പിച്ചതാണെങ്കില്‍ പോലും ഇങ്ങനെയുള്ള നീക്കങ്ങള്‍ കേരളത്തില്‍ നടക്കുന്നുവെന്നത്‌ സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധപതിയേണ്ട കാര്യമാണ്‌. ഏറെ തിരക്കുള്ള കുറ്റിപ്പുറം പാലത്തിനടുത്ത്‌ ബോംബ്‌ കുഴിച്ചിട്ടത്‌ ഒരുപക്ഷേ, എവിടെ വേണമെങ്കിലും ബോംബ്‌ എത്തിക്കാന്‍ സാധിക്കുമെന്ന സൂചന നല്‍കാന്‍ ആരെങ്കിലും ചെയ്‌തതാകാന്‍ പോലും സാധ്യതയുണ്ട്‌.
സാഹചര്യം ഇതായിരിക്കെ ബോംബിന്റെ പിന്നിലെ രഹസ്യമെന്താണെന്ന്‌ അധികാരികള്‍ വൈകാതെ കണ്ടെത്തണം. അതു ജനങ്ങളെ അറിയിക്കുകയും വേണം. കാരണം, സാമൂഹ്യമാധ്യമങ്ങള്‍ വഴി പലതരം ഊഹാപോഹങ്ങള്‍ ഈ ബോംബിനെ ചൊല്ലി തത്‌പരകക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ഉത്തരവാദിത്വബോധം തെല്ലുമില്ലാത്ത ഇത്തരക്കാര്‍ പടച്ചുവിടുന്ന സംശയമുനകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി അത്യാവശ്യമാണ്‌.

Ads by Google
Monday 08 Jan 2018 11.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW